
ഹൂസ്റ്റൺ: ഫോമാ കൺവെൻഷനിൽ 'മിസ് ഫോമാ' കിരീടം ചൂടിക്കൊണ്ട് ശ്രദ്ധാകേന്ദ്രമായി മാറുകയാണ് കോട്ടയം അയർക്കുന്നത്ത് വേരുകളുള്ള റിയാന ഡാനിഷ്. പുണ്ടകാനയിൽ നടന്ന മുൻ ഫോമാ അന്താരാഷ്ട്ര കൺവെൻഷനിലും 'മിസ് ഫോമാ' കിരീടം നേടിയ റയാന, നൃത്ത-സംഗീത മത്സരങ്ങളിലെ സ്റ്റാർ പുരസ്കാരങ്ങളും കരസ്ഥമാക്കി കലാതിലകമായും ശ്രദ്ധ നേടിയിരുന്നു.
കാലിഫോർണിയയിലെ സാൻ ഹോസെയിൽ താമസിക്കുന്ന 15 വയസ്സുകാരിയായ റിയാന, പീഡ്മോണ്ട് ഹിൽസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. അമേരിക്കയിൽ ജനിച്ചുവളർന്നെങ്കിലും ഇന്ത്യൻ പൈതൃകത്തെയും മലയാളഭാഷയെയും കേരളത്തിന്റെ സംസ്കാരത്തെയും അഭിമാനത്തോടെ ചേർത്തുപിടിക്കുന്ന പുതിയ തലമുറയുടെ ശ്രദ്ധേയ പ്രതിനിധിയാണ് ഈ കൗമാരക്കാരി.

നാലാം വയസ്സുമുതൽ കർണാടക സംഗീതവും ഭരതനാട്യവും അഭ്യസിക്കുന്ന റിയാനയ്ക്ക് ഈ കലാരൂപങ്ങൾ അച്ചടക്കവും സമർപ്പണബോധവും സ്വന്തം സംസ്കാരത്തോടുള്ള ആഴത്തിലുള്ള ആദരവും പകർന്നുനൽകി. തായ്ക്വാണ്ടോയിൽ റെഡ് ബെൽറ്റ് നേടിയിട്ടുള്ള ഈ മിടുക്കി, ആത്മവിശ്വാസവും പ്രതിസന്ധികളെ ധൈര്യത്തോടെ നേരിടാനുള്ള കരുത്തും പരിശീലനത്തിലൂടെ സ്വായത്തമാക്കി.
കലാരംഗത്ത് നിരവധി നേട്ടങ്ങൾ റിയാനയെ തേടിയെത്തിയിട്ടുണ്ട്. 2018 മുതൽ ഷിക്കാഗോ, കാൻകുൻ, പുണ്ട കാന ഫോമാ കൺവെൻഷനുകളിലായി തുടർച്ചയായി മൂന്ന് തവണ ഫോമാ കലാതിലകം പട്ടം നേടിയ റിയാന, സ്വന്തം സംഘടനയായ മങ്ക (Malayalee Association of Northern California) സംഘടിപ്പിക്കുന്ന കലാമത്സരങ്ങളിൽ തുടർച്ചയായി പത്ത് വർഷം 'മങ്ക സ്റ്റാർ' (കലാതിലകം) ബഹുമതിയും സ്വന്തമാക്കി. ഈ വിജയങ്ങൾക്കൊക്കെയും കുടുംബത്തിന്റെയും അധ്യാപകരുടെയും സമൂഹത്തിന്റെയും പിന്തുണയാണ് കരുത്തായതെന്ന് റിയാന പറയുന്നു.
സംഗീതമാണ് റിയാനയുടെ ഏറ്റവും വലിയ അഭിനിവേശം. സരിഗമ മ്യൂസിക്കിലൂടെ പുറത്തിറക്കിയ രണ്ട് സംഗീത ആൽബങ്ങൾ യൂട്യൂബിൽ ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിയിട്ടുണ്ട്. 123 മ്യൂസിക്കിലൂടെ രണ്ട് ആൽബങ്ങൾകൂടി പുറത്തിറക്കിയിട്ടുണ്ട്. സ്പോട്ടിഫൈ, ആപ്പിൾ മ്യൂസിക്, ആമസോൺ മ്യൂസിക് തുടങ്ങി പ്രമുഖ സംഗീത സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലൂടെ റിയാനയുടെ ഗാനങ്ങൾ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരിലേക്ക് എത്തിച്ചേരുന്നുണ്ട്.
സിലിക്കൺ വാലിയിൽ താമസിക്കുന്ന ഡാനിഷ് തോമസിന്റെയും ഷെറിൻ ഡാനിഷിന്റെയും മകളാണ് റിയാന. പിതാവ് ഡാനിഷ് തോമസ് ഗോൾഡൻ റീജിയനിൽ നിന്ന് ഫോമാ നാഷണൽ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്. 2024-26 കാലയളവിൽ ഫോമാ കൾച്ചറൽ കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ച അദ്ദേഹം കാൻകുൻ കൺവെൻഷനിൽ 'ഫോമാ മലയാളി മന്നൻ' പട്ടവും നേടിയിട്ടുണ്ട്. നിലവിൽ ഗൂഗിളിൽ മാനേജർ ഓഫ് ടെക്നിക്കൽ പ്രോഗ്രാം മാനേജേഴ്സായി ജോലി ചെയ്യുന്നു. മാതാവ് ഷെറിൻ ഡാനിഷ്, വെക്സ് (WEX) കമ്പനിയിൽ ലീഡ് റിക്രൂട്ടറാണ്. എട്ടുവയസ്സുകാരനായ സഹോദരൻ റയൻ ഡാനിഷ് പുണ്ട കാന കൺവെൻഷനിൽ കലാപ്രതിഭ ബഹുമതി നേടിയിട്ടുണ്ട്.

ഫോമാ കൾച്ചറൽ കമ്മിറ്റി ചെയർമാനായിരുന്ന ഡാനിഷ് തോമസ് കുടുംബത്തിൽ മലയാളഭാഷയ്ക്കും പൈതൃകത്തിനും നൽകിയ പ്രാധാന്യമാണ് റയാനയുടെ വ്യക്തിത്വ രൂപീകരണത്തിന് അടിത്തറയായത്. വീട്ടിൽ മലയാളം മാത്രം സംസാരിക്കുക, മലയാള സിനിമകളും സംഗീതവും സാഹിത്യവും കുട്ടികൾക്ക് പരിചയപ്പെടുത്തുക, ചെറുപ്പം മുതൽ കലാപഠനത്തിന് പ്രോത്സാഹനം നൽകുക തുടങ്ങിയ കുടുംബാന്തരീക്ഷമാണ് റയാനയെ സ്വന്തം വേരുകളോട് ചേർത്തുനിർത്തിയത്.
അയർക്കുന്നം സ്വദേശിയായ ഡാനിഷ് തോമസിന്റെ പിതാവ് പരേതനായ തോമസ് മുരിങ്ങയിൽ (തോമാച്ചൻ) മുൻ അയർക്കുന്നം പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായിരുന്നു. അമേരിക്കയിൽ വളരുന്ന കൊച്ചുമകൾ മലയാളം സംസാരിക്കുന്നതും കേരളത്തിന്റെ സംസ്കാരം ലോകവേദിയിൽ അഭിമാനത്തോടെ അവതരിപ്പിക്കുന്നതും കുടുംബത്തിനും നാടിനും വലിയ സന്തോഷമാണ്.
റയാനയുടെ കാഴ്ചപ്പാടിൽ ഈ പേജന്റ് ഒരു കിരീടം നേടാനുള്ള വേദി മാത്രമല്ല; സ്വയം വിശ്വസിക്കാനും, ഓരോ അവസരവും പഠനത്തിനും വളർച്ചയ്ക്കുമായി പ്രയോജനപ്പെടുത്താനും, ആത്മവിശ്വാസത്തോടെയും കരുണയോടെയും സ്വന്തം സ്വപ്നങ്ങൾ പിന്തുടരാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കാനുമുള്ള ഒരു യാത്രയാണ്. സൗന്ദര്യവും കലാപ്രതിഭയും സംസ്കാരബോധവും ഒരുമിച്ച് ചേർന്ന യുവതാരമായി റിയാനഡാനിഷ് ഇന്ന് അമേരിക്കൻ മലയാളി സമൂഹത്തിന്റെയും സ്വന്തം നാടായ കോട്ടയത്തിന്റെയും അഭിമാനമായി മാറിയിരിക്കുകയാണ്.
see also
ഫോമാ വനിതാ പ്രതിനിധികൾ: അക്ഷരമാല ക്രമത്തിൽ മാറ്റം വേണം
ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി പി.റ്റി. തോമസ്
ഫോമായുടെ വൈസ് പ്രസിഡഡന്റ്സാമുവല്‍ മത്തായി; വിജയക്കൊടിയേറ്റത്തിലെ നിറ സാന്നിധ്യം (എ.എസ് ശ്രീകുമാര്‍)
സേവനപാരമ്പര്യമുള്ള സംഘാടകന്‍; ഫോമായുടെ ജനറല്‍ സെക്രട്ടറിയായി പോള്‍ പി ജോസ് (എ.എസ് ശ്രീകുമാര്‍)
അമേരിക്കന്‍ മലയാളികളുടെ വിശ്വാസവിധി; ഫോമായുടെ അമരക്കാരനായി ബിജു തോണിക്കടവില്‍ (എ.എസ് ശ്രീകുമാര്‍)
ഫോമാ ഇലക്ഷന്: ടീം വോയ്സിന് വന്‍ വിജയം; തോണിക്കടവിലിന് അഭിമാന നിമിഷം (ചിത്രങ്ങള്‍)
ഫോമാ ഇലക്ഷന്: ടീം വോയ്സിന് വന്‍ വിജയം; തോണിക്കടവിലിന് അഭിമാന നിമിഷം (ചിത്രങ്ങള്‍)
സ്വപ്ന പദ്ധതികളുടെ കരുത്തുമായി വിജയ രഥത്തിലേറിയ ടീം വോയ്സ് ഓഫ് ഫോമായുടെ സ്വപ്നം (എ.എസ് ശ്രീകുമാര്‍)
മലയാളി സമൂഹത്തെ വിശ്വാസത്തിലെടുത്ത് 'ടീം വോയിസ് ഓഫ് ഫോമാ' വിജയ രഥത്തില്‍ (എ.എസ് ശ്രീകുമാര്‍ )
ബിജു തോണിക്കടവിൽ ഫോമാ പ്രസിഡന്റ്; പാനലിനു വൻ വിജയം; വിജയികളും വോട്ടും
ഫോമയുടെ സേവനം വടക്കൻ ജില്ലകളിലും വ്യാപിപ്പിക്കണം: വി.ടി. ബൽറാം എം.എൽ.എ
വർണാഭമായ ഘോഷയാത്രയോടെ ഫോമാ കൺവൻഷനു ഹ്യൂസ്റ്റനിൽ ഉജ്വല തുടക്കം
ഫോമ അന്തര്‍ദേശീയ കണ്വന്ഷന്: കൂടുതല്‍ ചിത്രങ്ങള്‍
സംഘടനാ വളർച്ചയുടെ ചരിത്രം പുതിയ നേതൃത്വത്തിന് പ്രചോദനമാകട്ടെ: ഷാജി എഡ്വേർഡ്