Image

ഫിത്ർ സകാത്ത് (കഥാസമാഹാരം) എസ്. അനിലാൽ (പുസ്തക പരിചയം - 32: ബാജി ഓടംവേലി, ഡാലസ്)

Published on 28 August, 2026
 ഫിത്ർ സകാത്ത് (കഥാസമാഹാരം) എസ്. അനിലാൽ (പുസ്തക പരിചയം - 32: ബാജി ഓടംവേലി, ഡാലസ്)

മലയാളം കേട്ടിട്ടില്ലാത്ത പുതിയ കഥകൾ പറയാൻ എന്നും ശ്രദ്ധിക്കുന്ന ആളാണ് എസ്. അനിലാൽ. കേരളവും ഇതര സംസ്ഥാനങ്ങളും വിദേശരാജ്യങ്ങളും തുടങ്ങി ഈരേഴ് പതിനാല് ലോകങ്ങളിലും അരങ്ങേറുന്ന ആധുനിക ജീവിതത്തിൻ്റെ അത്യന്ത്യം സത്യസന്ധമായ അവസ്ഥ ഈ കഥകളിൽ കണ്ടെത്താനാവും. ജീവിതത്തെ കാലദേശാതീതമായ മനുഷ്യഭാഗധേയവുമായി കൂട്ടിച്ചേർക്കുന്നതിൽ എസ്. അനിലാൽ വിജയിച്ചിരിക്കുന്നു.

എഴുത്തിൻ്റെ ആഴംതൊടാൻ ഭാഷയെ കരുതലോടെ അണച്ചുപിടിച്ചാണ് അനിലാൽ കഥാ ഭൂമികയിലൂടെ സഞ്ചരിക്കുന്നത്. പച്ചയായ മനുഷ്യരുടെ തീഷ്ണമായ ജീവിതങ്ങളെയും അവരുടെ ദേശങ്ങളെയും കഥയിലേക്ക് പറിച്ചു നടുമ്പോൾ എഴുത്തുകാരൻ സൂക്ഷിക്കേണ്ട സാമൂഹിക ചരിത്രബോധം ഈ എഴുത്തുകാരനെ വായിക്കാൻ നമ്മെ പ്രേരിപ്പിക്കും. 
തനിക്ക് ഏതു കഥയുടെയും ജ്യോതിർബിന്ദു പച്ചയായ ജീവിതമാണ്. വൈകുന്നേരങ്ങളിൽ പാർക്കിൽ കണ്ടിരുന്ന ഒറ്റയാനായ ഒരസാധാരണ മനുഷ്യനെയും പിന്നീട് അവിടെയെത്തിയ ഒരു തെരുവു സ്ത്രിയേയും ബന്ധപ്പെടുത്തി എഴുതിയ കഥയാണ് ഫിത്ർ സകാത്ത്.

കാണുമ്പോൾ മുഖം തരാതെ മാറി അകലുമായിരുന്ന അയാളെക്കുറിച്ചു മറ്റൊരാൾ നൽകിയ വിവരങ്ങളാണ് എങ്ങനെയും അയാളെ പരിചയപ്പെടാൻ പ്രേരിപ്പിച്ചത്. ഒന്നു  വെളിപ്പെട്ടു കിട്ടിയാൽ ഇടമുറിയാതെ ഇംഗ്ളീഷിലും ഹിന്ദിയിലും സംസാരിച്ചിരുന്ന അയാൾ അലോസരപ്പെടുത്തുന്ന ചോദ്യങ്ങളെ തടയിട്ടിരുന്നത് "ഇൻഷാ അള്ളാ" എന്ന രണ്ടു വാക്കുകൾ കൊണ്ടായിരുന്നു.
പലായനത്തിൻ്റെ അതിനിശിതമായ വേദന ഫിത്ർ സകാത്ത് സഹൃദയരിലേക്ക് സംക്രമിപ്പിക്കുന്നു. മറ്റുള്ളവരെപ്പോലെ മുഖ്യകഥാപാത്രമായ അമൻ എന്ന യുവാവിനെയും സർഗോഥയെന്ന പാകിസ്ഥാൻ പട്ടണത്തിൽ നിന്ന് നാടുവിട്ട് ഓടാൻ പ്രേരിപ്പിച്ചത് അക്കാലത്തെ രാഷ്ട്രീയകാരണങ്ങളായിരുന്നു. യൂറോപ്പിലേക്ക് ഓറഞ്ച് കടത്തുന്ന ട്രക്കിൻ്റെ ഡ്രൈവറുമായുള്ള വാപ്പയുടെ ചങ്ങാത്തം സ്വിറ്റ്സ്സർലണ്ടിലെത്തിച്ചു, അവിടുന്ന് കുടിയേറാൻ കൂടുതൽ എളുപ്പമുള്ള സ്പെയിനിലേക്ക് പോയി, അവസാനം അമേരിക്കയിൽ ചെന്നടിഞ്ഞു.

പലായനത്തിൻ്റെ, പച്ചക്ക് പറഞ്ഞാൽ അഭയാർത്ഥത്വത്തിൻ്റെ ഗതികെട്ട ലോകത്തെയാണ് അമൻ എന്ന കഥാപാത്രം അടയാളപ്പെടുത്തുന്നത്. അവസാനം പലായനത്തിൻ്റെ ഗതികെട്ട അവസ്ഥയിലും അമൻ മനുഷ്യാന്തസ്സ് ഉയർത്തിപ്പിടിക്കുന്നു. നോമ്പ് മുറിക്കുന്ന ദിവസം പള്ളിയിൽ പോയി നിസ്ക്കരിക്കുന്നതിനു മുമ്പ് മുൻവർഷങ്ങളിൽ മറന്നുപോയ ഫിത്ർ സകാത്ത് ചെയ്യണമെന്ന് അയാൾ ആഗ്രഹിക്കുന്നു. അതിനുവേണ്ടി സാമാന്യം വലിയൊരു നോട്ടുകെട്ട് പുറത്തെടുക്കുന്നു. പരമദയനീയമായ അവസ്ഥയിലും നന്മയുടെ നറുമണം പൊഴിക്കാൻ ഈ കഥാപാത്രത്തിനാകുന്നുണ്ട്.
'കുടിയിറക്കപ്പെട്ടവൾ' എന്ന കഥയിൽ അഫ്ഗാനിസ്ഥാനിൽ നശിച്ചടിയേണ്ടിയിരുന്ന ഒരു വല്ല്യുമ്മയുടെയും മകളുടെയും ഉയർത്തെഴുന്നേൽപ്പാണ് പ്രമേയം. "നമ്മൾ എങ്ങനെ ജീവിക്കണമെന്ന് മറ്റുള്ളവർ എന്തിനാണ് നിർബ്ബന്ധം പിടിക്കുന്നത്?"  കഥയിലെ വല്ല്യുമ്മ നിഷ്കളങ്കമായി ചോദിക്കുന്നുണ്ട്. കാലദേശാതീതമായി അധിനിവേശ ശക്തികളോട് മനുഷ്യാവകാശബോധം നിരന്തരം ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യമാണിത്. അമേരിക്കൻസേനയുടെ പിന്മാറ്റ സമയത്ത് യു. എസ്സിനെ പിന്തുണച്ചവരെ രക്ഷപെടുത്തുന്നതിൻ്റെ ഭാഗമായാണ് വല്ല്യുമ്മയും മകൾ മുനാവിറയും അഫ്ഗാനിസ്ഥാനിൽ നിന്ന് പുറത്തു കടക്കുന്നത്. അവരുടെ  സങ്കടങ്ങൾ, വേദനകൾ, വിഷമങ്ങൾ, പ്രത്യാശകൾ എല്ലാം തന്നെ വായനക്കരൻ്റേതുകൂടിയായി പരിണമിക്കുന്നു.  

ജാരസംസർഗ്ഗങ്ങൾ ദാമ്പത്യത്തിൽ വരുത്തുന്ന വിനാശങ്ങൾ നാട്ടിൻപുറത്തിൻ്റെ പശ്ചാത്തലത്തിൽ 'ദുഷ്ടവ്രണം' എന്ന കഥയിൽ അതിശക്തമായി അവതരിപ്പിച്ചിരിക്കുന്നു. ദുർബ്ബലനായ അച്ഛൻ്റെ കൺമുമ്പിൽവെച്ച് അമ്മ മറ്റൊരു പുരുഷന് വഴങ്ങുന്നതിന് സാക്ഷിയാകേണ്ടിവന്ന മകൻ്റെ സ്മരണകൾ ഇവിടെ കഥയെ ചലിപ്പിക്കുന്നു. "സാമദ്രോഹീ, ചെറ്റേ നീയിതിന് അനുഭവിക്കും" എന്ന ആ അച്ഛൻ്റെ ഉച്ചത്തിലുള്ള ശപിക്കൽ, ആ ഇളംമനസ്സ് വളർന്ന് ഒത്തമനുഷ്യനായിട്ടും മനസ്സിൽ ദുഷ്ടവ്രണമായി അവശേഷിച്ചു.   അത്യപരാധത്തിന് ശിക്ഷയേറ്റുവാങ്ങും മുൻപ് കുറ്റവാളിയുടെ സുഖമരണമാണ് ഈ കഥയെ കേവലമൊരു ജാരക്കഥയിൽ നിന്നും ധർമ്മാധർമ്മ സന്നിഗ്ധതയുടെ മികച്ച ആഖ്യാനമായി ഉയർത്തുന്നത്.  
ഏകദേശം കാൽനൂറ്റാണ്ടു മുൻപ് പതിവായി മുംബൈ വിക്ടോറിയ ടെർമിനസ് റെയിൽവേ സ്റ്റേഷനിൽ കണ്ടിരുന്ന തെരുവ് പ്രണയജോടികൾ വർഷങ്ങൾക്ക് ശേഷം അവിടെയുണ്ടായ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ 'വിക്ടോറിയ മിസ്സിംഗ്' എന്ന കഥാപാത്രങ്ങളായി പരിണമിച്ചിരിക്കുന്നു.

സോഫി, വംശാവലി, രാവണൻ കോട്ട, ഓർമ്മശരീരം തുടങ്ങിയ കഥകളിൽ കേരളത്തിനകത്തും കേരളത്തിനു പുറത്തും ഉള്ള ജീവിതാനുഭവങ്ങൾ സംലയിക്കുന്നു. ഹാപ്പി ഫ്ളവർ, വിചിത്രവീര്യൻ, ചിക്കുമല തുടങ്ങിയ മികച്ച കഥകളും ഈ സമാഹരാത്തിലുണ്ട്.

എഴുത്ത് വെറുമൊരു സ്വപ്നസഞ്ചാരമോ ഭാവനയുടെ ചിറകുകൾ വിരിച്ചു പറക്കലോ അല്ല മറിച്ച് ഭൂമിയിലെ ഏതുതരം മനുഷ്യരുടെയും വേദനയും ഒറ്റപ്പെടലും ഇരയാക്കപ്പെടലും തന്നേയും മുറിവേൽപ്പിക്കുന്നു എന്ന ഹൃദയപ്പിടച്ചിലുകൾ ഈ കഥകളിൽ കാണാം. അതുകൊണ്ടുതന്നെ കാലഹരണപ്പെടാത്ത അഖ്യാനവും ഭാഷയുമായി ഈ എഴുത്തുകാരൻ നമുക്കൊപ്പം നിൽക്കുന്നു എന്ന് പ്രസാധക കുറിപ്പിൽ എഴുത്തുകാരൻ അർഷാദ് ബത്തേരി പറയുന്നു.

അർഷാദ് ബത്തേരിയുടെ പ്രസാധകക്കുറിപ്പ് ആമുഖമായി ചേർത്തിട്ടുണ്ട്. കെ. പി, രാമനുണ്ണിയാണ് അവതാരിക എഴുതിയിരിക്കുന്നത്. പതിനൊന്ന് കഥകളുടേ ഈ സമാഹാരം ബാഷോ ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 122 പേജുകളുള്ള പുസ്ത്കത്തിൻ്റെ വില 190 രൂപയാണ്.

എസ്. അനിലാൽ

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര സ്വദേശി, ചിക്കാഗോയിൽ സ്ഥിരതാമസം. എഞ്ചിനീയറിംഗ്, ബിസിനസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം. മുംബൈ NYSS കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ അധ്യാപകനായി തുടക്കം. NOKIA Networks ന്റെ മൊബൈൽ നെറ്റ് വർക്കിംഗ് വിഭാഗത്തിൽ ഇരുപത്തിയഞ്ചു വർഷക്കാലം സീനിയർ എഞ്ചിനീയർ. 
ആനുകാലികങ്ങളിൽ കഥ, യാത്രാക്കുറിപ്പ്, അനുഭവം/ഓർമ്മ തൂടങ്ങിയവ എഴുതുന്നു. വിവിധ സാഹിത്യ സാംസ്‌കാരിക സംഘടനകളിൽ സജീവമാണ്. ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ പ്രസിഡൻ്റായിരുന്നു (2022-23). ‘ഫിത്ർ സകാത്ത്’ നു ലഭിച്ച 2024-ലെ  ഫൊക്കാന കാരൂർ നീലകണ്ഠപ്പിള്ള പുരസ്‌കാരമുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ. 
പ്ളാക്ക് (2011), സബ്രീന (2020), ഫിത്ർ സകാത്ത് (2024) - കഥാസമാഹാരങ്ങൾ, ലേഡി ലിബർട്ടി (യാത്രാവിവരണം), എല്ലിസ് ഐലൻ്റിൽ നിന്ന്, ക്രിസ്തുമസ് നോട്ടങ്ങൾ (ആന്തോളജികൾ) എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങൾ.
email :- anilals1@gmail.com

Read More:

നൈജൽ (കഥാ സമാഹാരം) - മാലിനി (പുസ്തക പരിചയം - ബാജി ഓടംവേലി)

https://www.emalayalee.com/vartha/321443

ഒരു പിരിയൻ ഗോവണി (ആത്മകഥ) - മനോ ജേക്കബ്  (പുസ്തക പരിചയം - ബാജി ഓടംവേലി, ഡാലസ് )

https://www.emalayalee.com/vartha/330247

ഭൂമിയിൽ നിഷ്‌കളങ്കതയ്‌ക്കു മാത്രമായി ഒരിടമില്ല (കഥാ സമാഹാരം: കെ. വി. പ്രവീൺ (കഥാകാരൻ) - പുസ്തക പരിചയം:- ബാജി ഓടംവേലി

https://www.emalayalee.com/news/338037

നിധി (കഥാസമാഹാരം - സാംജീവ്) (തയ്യാറാക്കിയത് - ബാജി ഓടംവേലി, ഡാലസ്)

https://www.emalayalee.com/news/368598

 മുൻപേ നടന്നവർ (അവതാരിക, കഥ, കവിത, ലേഖനം) ജെ. മാത്യൂസ് (പുസ്തക പരിചയം - 25- ബാജി ഓടംവേലി, ഡാലസ്)

https://www.emalayalee.com/post/378442

റെയില്‍ ചക്രങ്ങള്‍ (കഥാസമാഹാരം)- ബാബു പാറയ്ക്കല്‍ ( തയ്യാറാക്കിയത്- ബാജി ഓടംവേലി, ഡാലസ് )

https://www.emalayalee.com/news/377147

കാറ്റു വീശുന്നിടം (കവിത) സന്തോഷ് പാല - പുസ്തക പരിചയം: ബാജി ഓടംവേലി, ഡാലസ്)

https://www.emalayalee.com/post/378751

പരന്ത്രീസ് കുഴൽ (നോവൽ) അഭിനാഷ് തുണ്ടുമണ്ണിൽ   (പുസ്തക പരിചയം : ബാജി ഓടംവേലി, ഡാലസ്)

https://www.emalayalee.com/vartha/378804

പുസ്തക പരിചയം - 31: ജീവിക്കാന്‍ മറന്നുപോയവര്‍ (നോവല്‍) -ജോണ്‍ ഇളമത .

https://www.emalayalee.com/post/378987

https://www.emalayalee.com/post/356361

https://www.emalayalee.com/post/374251

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക