
ഡാലസിൽ വെച്ച് നടന്ന ലാനയുടെ (ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) ദ്വൈവാർഷിക സമ്മേളനത്തിൽ വെച്ചാണ് ഷാജു ജോണിൻ്റെ 'കോർമ്പൽ' എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്യപ്പെട്ടത്. കവി സെബാസ്റ്റിനാണ് ഈ പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തതും മുഖവുര എഴുതിയിരിക്കുന്നതും.
ഇത് ഷാജു ജോണിന്റെ രണ്ടാമത്തെ പുസ്തകമാണ്. ആദ്യ പുസ്തകം 2022 ൽ ഗ്രീൻ ബുക്ക്സ് പ്രസിദ്ധീകരിച്ച മോറിസ് മൈനർ എന്ന കഥാ സമാഹാരമാണ്. ആ പുസ്തകത്തിലെ ജീവിത സ്പർശിയായ പത്തു കഥകളേക്കുറിച്ച് വായനക്കാർക്കും നിരൂപകർക്കും മികവുറ്റ കഥകളെന്ന നല്ല അഭിപ്രായമാണുള്ളത്.
കോർമ്പൽ എന്ന് പറഞ്ഞാൽ - കോർത്തുണ്ടാക്കിയത് എന്നാണ് അർത്ഥം. കോർമ്പൽ കുത്തുക എന്നാണ് പൊതുവെ പറയാറുള്ളത്. മാലപോലെ കോർക്കുക എന്ന് വിശദീകരിക്കാം. പ്ലാസ്റ്റിക് കാലത്തിനു മുൻപു ചുണ്ടയിടാൻ പോകുമ്പോൾ തെങ്ങോലയുടെ ഈർക്കിലിയിൽ മീൻ പിടിച്ച് കോർമ്പൽ കോർത്ത ഓർമ്മ ചിലർക്കെങ്കിലും ഉണ്ടാകും. കവിയുടെ ഉള്ളിൽ ഉരുവായ വിചാരങ്ങളും വികാരങ്ങളും നീർ മുറ്റിയ കാർമേഘമായ് വിങ്ങി വിങ്ങി നിൽക്കാതെ മഴയായ് പെയ്തിരിക്കുന്നു.
'ഒരു നല്ല കവിത കടലാസിൽ പ്രകാശം പരത്തും, നിങ്ങൾ പുസ്തകം വായിച്ചടച്ച് അലമാരയിൽ വച്ചിട്ടേറെ നേരം കഴിഞ്ഞും, ഏകാന്തമായ അഃന്തകാരത്തിലും അതിന്റെ തിളക്കം കാണാനാകും' എന്നാണ് നോർവീജിയൻ കവിയും പരിഭാഷകനുമായിരുന്ന ഉലാവ് എച്ച്. ഹേഗ് പറഞ്ഞിരിക്കുന്നത്. ഈ പുസ്തകത്തിലെ കവിതകളും എന്നും തിളങ്ങി നിൽക്കാൻ കരുത്തുള്ളവയാണ്.
സമകാല മലയാള കവിതയുടെ ഊർജ്ജസ്വലത ഉറ്റു നിൽക്കുന്ന കവിതകളെന്ന് ഈ കവിതകളെ വിളിക്കാം. പുതു മലയാള കവിതയുടെ ഒരു പ്രത്യേകത അത് അതാത് കാലവുമായി ചേർന്ന് നിൽക്കുന്നു എന്നതാണ്. വിഷയങ്ങളിലെ സൂക്ക്ഷമ അംശങ്ങളോടു ചേർന്നാണ് ഷാജുവിൻ്റെ കവിതയും നിൽക്കുന്നത്. കവി തന്റെ രചനയിലൂടെ എത്തിപ്പിടിക്കാൻ ശ്രമിക്കുന്നത് പുതിയ അർത്ഥ തലങ്ങളാണ്.
ഈ പുസ്തകത്തിലെ കോർമ്പൽ എന്ന കവിതയിൽ പ്രേമം , പ്രണയം, സ്നേഹം തുടങ്ങിയ ഇരകളോക്കെ കൊളുത്തി മീൻ പിടിക്കാൻ ശ്രമിച്ചെങ്കിലും ഒരു മീനും ചൂണ്ടയിൽ കൊത്തിയില്ലെന്നും. പിന്നെ കാമം, മോഹം, ക്രോധം തുടങ്ങിയ ഇരയെ കൊളുത്തിയപ്പോൾ കുറേയധിയകം മീനുകൾ കിട്ടിയെന്നും. അതിക്കെ കോർത്ത് ആ കോർമ്പലുമായി വീട്ടിലെത്തിയായപ്പോൾ വീട്ടുകാരി യാണ് കണ്ടെത്തുന്നത് അതൊന്നും മീനല്ലെന്നും, അതൊക്കെ വേഷം മാറിയ പാമ്പുകളാണെന്നും. കുടുംബ പശ്ചാത്തലത്തിലുള്ള ഒരു പ്രധാന വിഷയം ചൂണ്ടയിലിട്ട് കോർമ്പലിൽ കോർത്ത് വളരെ രസകരമായി ഈ കവിതയിൽ പറഞ്ഞിരിക്കുന്നു.
മഴയും പുഴയും, മഴവില്ലിൻ്റെ കുപ്പായവും, ഇലഞ്ഞിമരത്തണലും, മരമുത്തശ്ശിയും, ഇലപൊഴിയും കാലവുമൊക്കെ കവിതകളിൽ നിറഞ്ഞു നിൽക്കുന്നു. പറയാത്ത പ്രണയവും, പ്രണയ സങ്കീർത്തനവും, ഇടറിയ ഇടവഴികളും, പ്രണയം@60യും അങ്ങനെ കവിതകളിലൊക്കെ പ്രണയം തുളുമ്പി നിക്കുന്നുണ്ട്. അമ്മയേയും ലൂക്കോച്ചനേയും വേട്ടക്കാരനേയുമൊക്കെ കവിതകളായി നമുക്ക് വായിക്കാം.
ഈ പ്രപഞ്ചം മുഴുവൻ കവിതയാൽ എഴുതപ്പെട്ടിരിക്കുന്നു എന്ന വിശ്വാസം ഈ കവിക്കുണ്ട്. ആ വിശ്വാസമാണ്`ഈ സമാഹാരത്തിലെ ഓരോ കവിതയും. കോർമ്പലിലെ കവിതകളെ മികവുറ്റതാക്കുന്നത് ആ ആത്മബലം തന്നെയാണ്. അങ്ങനെയുള്ള ഓരോ കവിതയും നാം വായിച്ച് തന്നെ അറിയേണ്ടിയിരിക്കുന്നു
ഇവിടെ കവി നിറങ്ങൾക്ക് നാവുകൾ സൃഷ്ടിക്കുന്നു. കൈകൾക്ക് ഒച്ച വെക്കാനാകുമെന്ന് തെളിയിക്കുന്നു. വിരലുകൾക്ക് പാടാൻ കഴിയുമെന്ന് സമർത്ഥിക്കുന്നു. പാതകൾക്ക് അവയുടെ ഭാഷയുണ്ടെന്ന് വെളിവാക്കുന്നു. മരങ്ങൾ കൈ കൊട്ടാറുണ്ടെന്നും, പർവ്വതങ്ങൾ കുഞ്ഞാടുകളെപ്പോലെ തുള്ളിച്ചാടാറുണ്ടെന്നും സ്ഥാപിക്കുന്നു. ഏറ്റവും മനുഷ്യത്വപരമായ സ്വയം പ്രകാശനമാണ് ഈ കവിതകൾ.
ബുദ്ധിയുടെ യഥാർത്ഥ ലക്ഷണം അറിവല്ല, ഭാവനയാണെന്ന് ഐൻസ്റ്റിൽ പറഞ്ഞു വെച്ചിട്ടുണ്ട്. ഈ കവിതകൾ എഴുതപ്പെട്ടിരിക്കുന്നത് - ഭാവനയുടെ അപാരതകളിൽ നിന്നാണ്, ഓർമ്മകളിൽ നിന്നാണ്, സ്നേഹത്തിൽ നിന്നാണ്, സമൂഹത്തിലേക്ക് തുറന്നിരിക്കുന്ന മുണ്ണാം കണ്ണുകളിൽ നിന്നാണ്, പ്രണയത്തിൽ നിന്നാണ്. 25 കവിതകളുടെ 72 പേജുള്ള ഈ സമാഹാരം പുലിറ്റ്സർ ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 200 രുപയാണ് ഈ പുസ്തകത്തിന്റെ വില.
ഷാജു ജോൺ
എറണാകുളം ജില്ലയിലെ തിരുവാണിയൂരിലാണ് ജനനം. ഇന്ത്യൻ പോസ്റ്റ്ൽ ഡിപ്പാർട്ട്മെൻ്റിൽ നിന്ന് ഇരുപത് വർഷത്തെ സേവനത്തിനു ശേഷം സ്വമേധയാ വിരമിച്ച് 2005 ൽ അമേരിക്കയിലേക്ക് കുടിയേറി. 2012 വരെ സൗത്ത് കരോലിനയുടെ തലസ്ഥാനമായ കൊളംബിയയിൽ ആയിരുന്നു താമസം. തുടർന്ന് ടെക്സാസിലെ ഡാലസിലേക്ക് സ്ഥലം മാറുകയും കുടുംബസമേതം ഇവിടെ താമസിക്കുകയും ചെയ്യുന്നു. അമേരിക്കൻ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ട് ബിസ്സിനസ്സ് ചെയ്യുന്നു. കേരള ലിറ്റററി സൊസൈറ്റിയുടെ (കെ. എൽ. എസ്) പ്രസിഡൻ്റായും ലാനയുടെ (ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) പ്രോഗ്രാം കോഡിനേറ്ററായും പ്രവർത്തിക്കുന്നു. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും കഥ, കവിത, ഓർമ്മക്കുറിപ്പുകൾ, യാത്രാവിവരങ്ങൾ തുടങ്ങിയവ എഴുതാറുണ്ട്. . ആ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള 'മോറിസ് മൈനർ' എന്ന കഥയ്ക്കായ് 2021 ലെ മിഷിഗൺ മിലൻ പുരസ്കാരം ലഭിച്ചത്. ഭാര്യ :- അൽഫോൻസ മക്കൾ:- അനീഷ, അലൻ.