Image

പരന്ത്രീസ് കുഴൽ (നോവൽ) അഭിനാഷ് തുണ്ടുമണ്ണിൽ (പുസ്തക പരിചയം : ബാജി ഓടംവേലി, ഡാലസ്)

Published on 25 August, 2026
പരന്ത്രീസ് കുഴൽ (നോവൽ) അഭിനാഷ് തുണ്ടുമണ്ണിൽ   (പുസ്തക പരിചയം : ബാജി ഓടംവേലി, ഡാലസ്)

മലയാളത്തിലെ യുവനോവലിസ്റ്റുകളിൽ ശ്രദ്ധേയനായ ഒരു എഴുത്തുകാരനാണ് അഭിനാഷ് തുണ്ടുമണ്ണിൽ. ചരിത്രത്തെയും വ്യക്തികളെയും നോവലിന്റെ ക്യാൻവാസിലേക്കു പകർത്തുകയെന്ന ശ്രമകരമായ ഉദ്യമം വളരെ മികവോടെ നിർവ്വഹിച്ചിരിക്കുന്നു. 

മുച്ചിലോട്ട് മാധവൻ എന്ന സ്വാതന്ത്ര്യസമര സേനാനിയുടെ ജീവിതകഥ പറയുന്ന ഈ നോവലിന് 2026-ലെ രാഷ്ട്ര രത്ന സാഹിത്യ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ചരിത്രപരമായ സംഭവങ്ങളെയും വ്യക്തിജീവിതങ്ങളെയും ആസ്പദമാക്കി അദ്ദേഹം രചിച്ച കൃതികൾ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 
കാലത്തിന്റെ കുത്തൊഴുക്കിൽ ബോധപൂർവ്വമോ അല്ലാതെയോ വിസ്മരിക്കപ്പെട്ടുപോയ നിരവധി രക്തസാക്ഷികളിൽ ഒരാളാണ് മുച്ചിലോട്ട് മാധവൻ. ഒടുങ്ങാത്ത സമരവീര്യവുമായി ഹിറ്റ്ലറിൻറെ നാസിപ്പടയ്ക്കെതിരെ മാധവൻ ഫ്രാൻസിൽ നടത്തിയ പോരാട്ടം ചരിത്രത്തിലെ സമാനതകളില്ലാത്ത ഏടുകളിലൊന്നാണ്. 
ഹിറ്റ്ലറിൻറെ സൈന്യം വധശിക്ഷ നൽകിയ ഏക ഇൻഡ്യാക്കാരനായ മലയാളിയാണ് മുച്ചിലോട്ട് മാധവൻ.  പ്രണയത്തിനും സ്വപ്നങ്ങൾക്കുമിടയ്ക്ക് പോരാട്ടങ്ങൾ നടത്തുവാൻ മറക്കാതിരുന്ന ഇദ്ദേഹത്തിൻ്റെ കഥ ഓരോ മലയാളിയും നിശ്ചയമായും അറിഞ്ഞിരിക്കണം. 

മുച്ചിലോട്ട് മാധവനേക്കുറിച്ച് അധികം വിവരങ്ങൾ ലഭ്യമല്ലാതിരുന്നിട്ടും, ശ്രമകരമായ നിരവധി ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് ഈ ജീവിതകഥ ചരിത്ര നോവലായി  തയ്യാറാക്കിയിരിക്കുന്നത്.
മുതലിയാർപേട്ട്‌, തവലക്കുപ്പം, കുറുമ്പപേട്ട്‌, ഇയ്യാങ്കുട്ടിപാളയം, വില്യാനല്ലൂർ തുടങ്ങിയ പ്രദേശങ്ങളിൽ കൂടിയാണ്‌ കഥ വികസിക്കുന്നത്‌. ഫ്രഞ്ച് പോണ്ടിച്ചേരി, ബ്രിട്ടീഷ് ഇന്ത്യയേക്കാൾ ശാന്തമാണെന്ന് തോന്നിപ്പിക്കുമെങ്കിലും അത് ഉൾക്കടലിനുള്ളിലെ ചൂടുപോലെയായിരുന്നു.
അന്ന് മാഹി ഫ്രാൻസിന്റെ അധീനതയിലായിരുന്നു. സവന, ഗേബെലെ, റോഡിയർ എന്നീ മൂന്ന് മില്ലുകളായിരുന്നു കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നത്‌. റോഡിയർ ബ്രിട്ടൻ്റെയും സവന, ഗേബെല എന്നിവ ഫ്രാൻസിന്റെയും അധീനതയിലായിരുന്നു. മില്ലിലെ ജീവനക്കാർ മനുഷ്യരാണെന്ന ഭാവമേ കമ്പനിക്കാർക്കില്ലായിരുന്നു. അക്ഷരാർത്ഥത്തിൽ അടിമത്വം തന്നെയായിരുന്നു അവിടെ നടന്നിരുന്നത്. 
എന്നാൽ അപ്പോഴും ജാതീയത പ്രധാനവിഷയമായിരുന്നു. വാണിയൻ വിഭാഗവും, ദളിതരും, ക്രിസ്ത്യാനികളും തമ്മിൽ ഇടയ്ക്കിടെ സംഘർഷം ഉണ്ടാകുമായിരുന്നതിനാൽ യൂണിയൻ പ്രവർത്തനവും സ്വാതന്ത്ര്യസമരവും പലപ്പോഴും ഫലപ്രദമായില്ല. എന്നിരുന്നാലും പരാജയം സമ്മതിക്കാതെ തൊഴിലാളികളെ സംഘടിപ്പിക്കാനും യൂണിയൻ ആരംഭിക്കുവാനും വി. സുബ്ബയ്യയും മാധവനും അഹോരാത്രം പരിശ്രമിച്ചതിനാലാണ്‌ തൊഴിലാളികളിൽ നിന്നും പ്രതികരണ ശേഷി ഉണ്ടായി തുടങ്ങിയത്‌. 
ഫ്രാൻസിലുണ്ടാകുന്ന ഏതൊരു തിരയിളക്കവും പോണ്ടിച്ചേരിയുടെ തീരത്താവും ഒടുക്കം ആർത്തലയ്ക്കുക. 1936 ൽ ലിയോ ബ്ളം ഫ്രാൻസിലെ പൊതു തെരഞ്ഞെടുപ്പിൽ വിജയിച്ച് പുതിയ സർക്കാരുണ്ടാക്കിയത് ഫ്രഞ്ച് പോണ്ടിച്ചേരിയിലും സമരക്കാരിലും വളരെ ആവേശമുണ്ടാക്കി.

"ഇന്ന് ഞങ്ങളുടെ കൈകളിൽ ചങ്ങലയുണ്ട്
നാളെ ഞങ്ങളുടെ കൈകളിൽ ഭരണം ഉണ്ട്
ഇന്ന് ഞങ്ങളുടെ കുടിലുകളിൽ പട്ടിണിയുണ്ട്
നാളെ ഞങ്ങളുടെ കുടിലുകളിൽ നാലുകൂട്ടം കറിയുണ്ട്"
എന്നാണ് സമരത്തിൽ അവർ പാടിയത്. തൊഴിലാളികളൊക്കെ ആ പാട്ട് ആവേശത്തോടെ ഏറ്റുപാടി. 
"തോക്കുണ്ടെങ്കിൽ തോക്കിനോട്
ലാത്തിയുണ്ടെങ്കിൽ ലാത്തിയോട്
ശിരസ് ഞങ്ങൾ കുനിക്കില്ല
വിരിഞ്ഞ മാറും കൈമുഷ്ടിയും
കമ്പനിയുടെ ദാനമല്ല"

എന്നാണ് തോക്കുമായി നിൽക്കുന്ന പോലീസുകാരുടെ മുന്നിൽ തൊഴിലാളികൾ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചത്.
1936 ഒക്ടോബറിൽ നെഹ്റു പോണ്ടിച്ചേരിയിൽ നേരിട്ടെത്തി ഒടിയൻസലൈ മൈതാനത്ത്‌ പ്രസംഗിക്കുകയും മിൽ തൊഴിലാളികളുടെ പ്രശ്നപരിഹാരത്തിനായി ഗവർണ്ണറേയും മേയർ ഡേവിഡിനെയും കാണുകയും ചർച്ച നടത്തുകയും ചെയ്യുന്നുണ്ട്‌. കൂടാതെ നെഹ്രു ഫ്രഞ്ച്‌ ഭാഷയിൽ തൊഴിലാളികളുടെ പ്രശ്നപരിഹാരത്തിനായി എഴുതിയ കത്തുമായിട്ടാണ്‌ വി. സുബ്ബയ്യാ 1937 മാർച്ച്‌ മാസം ഫ്രാൻസിലെത്തുന്നത്‌. അവിടെ നിന്നും ഫ്രഞ്ച്‌ സർക്കാർ തൊഴിലാളികൾ ആവശ്യപ്പെടുന്ന വിഷയങ്ങളിൽ അനുകൂലമായിട്ടാണ്‌ പ്രതികരിച്ചത്‌. 
നെഹ്റുവിൻ്റെ ഇടപെടൽ തൊഴിലാളികളെ ഒന്നിച്ച്‌ നിർത്തുവാൻ ഇടയാക്കിയെങ്കിലും ജാതിയ ചേരിതിരിവ്‌ പിന്നെയും ഉടലെടുക്കുകയും രണ്ട്‌ കലാപങ്ങൾക്ക്‌ ആ നാട് സാക്ഷ്യം വഹിക്കുകയും ചെയ്തു. 
ഗാന്ധിജിയുടെ പോണ്ടിച്ചേരി സന്ദർശനവും പ്രധാനമായിരുന്നു. ആ സന്ദർശനത്തിൽ മുച്ചിലോട്ട്‌ മാധവൻ ഗാന്ധിജിയുമായി അടുക്കുകയും, അക്ഷരം നിഷേധിച്ച വിഭാഗങ്ങൾക്ക്‌ അക്ഷരാഭ്യാസം നടത്തുക എന്ന ഭാരിച്ചതും വെല്ലുവിളി നിറഞ്ഞതുമായ ചുമതല ഏറ്റെടുക്കുകയും ചെയ്തു. ഈ വിഷയങ്ങൾ ഒന്നും തന്നെ ഭാവനയിൽ രൂപീകരിച്ചതല്ല, ചരിത്രാന്വേഷണത്തിലൂടെ കണ്ടെത്തിയ വസ്തുതകളാണ്‌. 

ഫ്രഞ്ചുകാരിയായ സുന്ദരിയായ പാവക്കുട്ടിയേപ്പോലുള്ള ഗിസെലെ മോളറ്റായിരുന്നു മാധവന്റെ കാമുകി. ഗിസെലെ പഠനത്തോടൊപ്പം ജോലി ചെയ്തിരുന്ന കഫേ ഡി ഫ്ളോറിൽ വെച്ചാണ് പരിചയപ്പെടുന്നത്. മാധവൻ അവിടെ ഇഷ്ടപ്പെട്ട ഡികാഫ് കുടിക്കാനും പുസ്തകം വായിക്കാനും വന്നിരുന്നു. പുസ്തകവായനയാണ് ഇരുവരേയും തമ്മിൽ അടുപ്പിച്ചത്. 
കഫേ ഡി. ഫ്ളോറിലാണ് സ്ഥിരമായി സാഹിത്യ രാഷ്ട്രീയ ചർച്ചകൾക്ക് ചിന്തകരും എഴുത്തുകാരും കൂടിയിരുന്നത്. സാഹിത്യവും രാഷ്ട്രീയവും ഒന്നിച്ച് സഞ്ചരിക്കേണ്ട രണ്ട് ചക്രങ്ങളായാണ് അവർ കണ്ടിരുന്നത്. എന്നാൽ മതം എതിർ ദിശയിലും. ഈ രണ്ടിലും പെടുത്താൻ കഴിയില്ല, അങ്ങനെ ഉൾപ്പെടുത്തിയാൽ രണ്ടും വികലമായി മാറും.
മാധവൻ നാസി സൈന്യത്തിനെതിരെ പോരാട്ടം നടത്തുമ്പോഴും മാധവന്‌ പൂർണ്ണ പിന്തുണയുമായി ഗിസെലെ ഉണ്ടായിരുന്നു. നാസി സൈന്യത്തിനെതിരെയുള്ള ലഘുലേഖ മാധവന്റെ നിർദ്ദേശപ്രകാരം ഒളിപ്പിക്കുമ്പോഴാണ്‌ ഗിസെലെ പിടിക്കപ്പെടുന്നതും പിന്നീട്‌ മാധവന്റെ വധത്തിന്‌ ശേഷം ഗിസെലെ ഓഷ്വിറ്റ്സ്‌ ക്യാമ്പിലേക്ക്‌ മാറ്റുന്നതും. അങ്ങനെ അവരുടെ ജീവിതവും പ്രണയവും എല്ലാം ഹോമിക്കപ്പെട്ടെങ്കിലും പിന്നീട്‌ അവരെ ആരും ഓർത്തില്ല എന്നതാണ്‌ ഒരു ദുഃഖസത്യം.

മാധവനെ കഴുവേറ്റും മുൻപുള്ള അവസാന ആഗ്രഹമായി പറഞ്ഞത്. "എൻ്റ ആദ്യത്തെയും അവസാനത്തെയും ആഗ്രഹം രണ്ടു കാര്യങ്ങളേയുള്ളൂ, ഹിറ്റ്ലർ വംശവെറി അവസാനിപ്പിച്ച് കീഴ്പ്പെടുത്തി വെച്ചിരിക്കുന്ന രാജ്യങ്ങളെ സ്വതന്ത്രമാക്കുക. എന്നെ എൻ്റെ രാജ്യത്തിൻ്റെ സ്വാതന്ത്യ പ്രക്ഷോഭത്തിലേക്ക് സ്വതന്ത്രമായി വിടുക" എന്നായിരുന്നു. രണ്ടും സാധ്യമല്ലെന്ന് പറയേണ്ടതില്ലല്ലോ. 

"എനിക്കൊന്ന് ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കണം" എന്ന് ആഗ്രഹം പറഞ്ഞു. അതിനും അനുവാദമില്ലെന്ന് പറഞ്ഞു. "അതെ അതു തന്നെയാണ് കേൾക്കേണ്ടത്" എന്നു പറഞ്ഞ്, മാധവൻ വംശ വെറിയനായ നാസി ഓഫീസറുടെ ആജ്ഞ നിക്ഷേധിച്ച് 
"ഇങ്ക്വിലാബ് സിന്ദാബാദ്, ഇങ്കിലാബ് സിന്ദാബാദ്..... സ്വാതന്ത്രം സാഹോദര്യം ജനാധിപത്യം സിന്ദാബാദ്.. ഇങ്കിലാബ് സിന്ദാബാദ്..... " എന്ന മുഖ്യാവാക്യം വിളിച്ചു കൊണ്ടിരിക്കുമ്പോളാണ് മനുഷ്യസ്നേഹിയായ മാധവൻ്റെ കഴുത്തിൽ കുരുക്ക് മുറുകിയത്.
വസന്തം എല്ലായിടത്തും മനോഹരമാണെങ്കിലും എല്ലാവർക്കും ഒരുപോലെ ആസ്വാദ്യകരമാവില്ല. വസന്തം വരുന്നതും പോകുന്നതും ചിലർ അറിഞ്ഞെന്നുവരില്ല. എങ്കിലും പൂക്കൾ വിരിയുന്ന ഋതുവായ വസന്തം സന്തോഷത്തിന്റെയും ഊർജ്ജത്തിന്റെയും പ്രതീകമായി വന്നുകൊണ്ടേയിരിക്കും.   
 'ഇന്ത്യൻ സപാറ്റ' എന്ന് അറിയപ്പെടുന്ന മാധവൻ്റെ ജീവിതം പറയുന്ന ഈ ഗ്രന്ഥം സീരിയസ്സായ വായനക്കാർക്ക് വളരെ ഇഷ്ടപ്പെടും എന്ന കാര്യത്തിൽ സംശയമില്ല. സാഹിത്യ പ്രവർത്തക സഹകരണസംഘം ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.13 അദ്ധ്യായങ്ങളിലായി 216 പേജുള്ള ഈ പുസ്തകത്തിൻ്റെ വില 320 രൂപയാണ്. നാഷണൽ ബുക്ക്സ്റ്റാൾ പുസ്തകം വിതരണം ചെയ്യുന്നു.

അഭിനാഷ് തുണ്ടുമണ്ണിൽ

പത്തനംതിട്ടയിലെ പൂവത്തൂരിൽ ടി. വി. ജേക്കബിൻ്റെയും മേരി ജേക്കബിൻ്റെയും മകനായി ജനനം. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം, ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും എം. എസ്. ഡബ്ളിയു, മാർട്ടിൻ ലൂഥർ ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിൽ നിന്നും എം. ഫിൽ എന്നിവ നേടി. ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ നിന്നും മോഡേൺ മാസ്റ്റർ പീസ് ഓഫ് വേൾഡ് ലിറ്ററേച്ചറിൽ പഠനം പൂർത്തീകരിച്ചു.
കരിമണ്ണിൻ്റെ കാലൊച്ച, S21 പ്രിസൺ, അടിമക്കപ്പൽ, പരന്ത്രീസ് കുഴൽ എന്നീ നോവലുകൾ ഉൾപ്പെടെ എട്ടു പുസ്തകങ്ങളുടെ രചയിതാവാണ്. കളിമണ്ണിൻ്റെ കാലൊച്ച, ലിബ്ബർട്ടി ബെൽ, ചക്രക്കസേര, നൂറുമേനി തളിർത്ത മുന്തിരിവള്ളി എന്നിവയാണ് മറ്റു പുസ്തകങ്ങൾ.
രാഷ്ട്ര രത്ന സാഹിത്യ പുരസ്കാരം, മഹാകവി വെണ്ണിക്കുളം സ്മാരക സാഹിത്യപുരസ്കാരം, സി. കെ. കൊച്ചുകോശി സ്മാരക സാഹിത്യ പുരസ്കാരം, ഗാന്ധിസേവാ യുവപ്രതിഭാ പുരസ്‌കാരം, ഫൊക്കാന സാഹിത്യ പൂസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
കുടുബമായി അമേരിക്കയിലെ പെൻസിൽവാനിയയിൽ താമസിക്കുന്നു.  
ഭാര്യ :- നീതു, മക്കൾ :- ജോനഥൻ, കേലബ്
email :- abhinashthundumannil@gmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക