Image

നൈജൽ (കഥാ സമാഹാരം) - മാലിനി (പുസ്തക പരിചയം - ബാജി ഓടംവേലി)

Published on 15 August, 2024
നൈജൽ (കഥാ സമാഹാരം) - മാലിനി (പുസ്തക പരിചയം - ബാജി ഓടംവേലി)

മാലിനി എന്ന തൂലികാനാമത്തിൽ എഴുതുന്ന നിർമ്മല ജോസഫ് തടത്തിൻ്റെ 'നൈജൽ' എന്ന കഥാ സമാഹാരത്തെ പരിചയപ്പെടുത്തുന്നതിൽ സന്തോഷമുണ്ട്. കോട്ടയം ജില്ലയിലെ വയലാക്കാരി നിർമ്മല മലയാള കഥാലോകത്ത് പുതുമുഖമല്ല. കഴിഞ്ഞ പത്തു നാലപതു വർഷമായി ന്യൂയോർക്കിൽ താമസിക്കുന്ന നിർമ്മലയുടെ മുന്നാമത്തെ കഥാ സമാഹാരമാണിത്. ഇതിനു മുൻപ് 'പാപനാശിനിയുടെ തീരത്ത് പ്രാർത്ഥനയോടെ' 'നീയും ഞാനും പിന്നെ നമ്മളും' എന്നീ കഥാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വളരെ ലളിതമായ കഥാ തന്തുവിനെ പല കൈവഴികളിലൂടെ, ആധികാരികമായ വിശദാംശങ്ങളിലൂടെ വികസിപ്പിച്ചെടുക്കുന്ന മാന്ത്രികവിദ്യ മാലിനിക്ക് വശമുണ്ട്. നാം കേട്ടു മറന്ന പലതും കഥകളിലൂടെ, കഥയുടെ വിശദാംശങ്ങളിലൂടെ നമ്മെ അനുഭവിപ്പിക്കുന്നു. എഴുത്തുകാരി സ്വന്തമായി ഒരു ശൈലി രൂപപ്പെടുത്തി അതിൽ ഉറച്ചു നിൽക്കുന്നു. സാധാരണ ജീവിത പരിസരങ്ങളിൽ നിന്നും കണ്ടെടുക്കുന്ന കഥകളിൽ അസാധാരണമായ ജീവിത ദർശനം നമുക്ക് വായിച്ചെടുക്കുവാനാകും.
 ഇതിലെ ചില കഥകളിലൂടെയൊന്ന് ഓട്ടപ്രദഷണം നടത്താമെന്ന് വിചാരിക്കുന്നു. പുസ്തകത്തിൻ്റെ പേരുള്ള 'നൈജൽ' എന്ന കഥയിൽ നിന്ന് തുടങ്ങാം. ന്യൂസിലൻഡിലെ മാനാ ദ്വീപിൽ, ഹൃദയമിടിക്കാത്ത, മിഴികൾ അനങ്ങാത്ത, ചുണ്ടുകൾ തുറക്കാത്ത, ചിറകുകൾ ചലിക്കാത്ത ഒരു കോൺക്രീറ്റ് പക്ഷിക്കുവേണ്ടി തൻ്റെ  ജീവിതം സമർപ്പിച്ച നൈജൽ എന്ന ഏകാകിയായ ആൺപക്ഷിയുടെ മരണം അറിഞ്ഞ്, ബാംഗ്ളൂരിൽ ജീവിക്കുന്ന സ്‌ക്കോട്ട്‌ലഡുകാരനായ ഡേവിഡ് എന്ന മനുഷ്യൻ്റെ ജീവിതം പറയുകയാണ്. അമൂല്യമായ ഒന്നിനെ പ്രണയിച്ച്, പ്രണയത്തെ സ്വതന്ത്രമാക്കി അതിനെ ആഘോഷമാക്കിയ ഡേവിഡിൻ്റെ കഥയാണ് നൈജൽ. അന്ന് ബാംഗ്ളൂരിൽ ഉണ്ടായിരുന്ന ബ്രിട്ടീഷ് പട്ടാളത്തിലേക്ക് സോഷ്യൽ വർക്കറായി വന്ന റുത്ത് എന്ന സുന്ദരിയായിരുന്നു ഡേവിഡിൻ്റെ പ്രണയിനി. റുത്തിന് തൻ്റെ ജന്മദേശമായ ഇംഗ്ലണ്ടിലേക്ക് തിരിച്ചു പോയേ മതിയാകുമായിരുന്നുള്ളൂ. ഡേവിഡിന് തൻ്റെ മമ്മ ഉറങ്ങുന്ന ബാംഗ്ളൂരിലെ കുഴിമാടം വിട്ട് എങ്ങോട്ടും പോകുവാനാകുമായിരുന്നില്ല. ചില സ്നേഹങ്ങൾ അങ്ങനെയാണ്, തുടച്ചു കളയാനോ ഇറക്കി വെയ്‌ക്കനോ കഴിയില്ല. ശ്വാസത്തിലും ജീവനിലും ലയിച്ചതങ്ങനെ ഒരു വിശ്വാസമായി എന്നും കൂടെയുണ്ടാകും. അതു കൊണ്ടാകും ഇന്നും അവിവാഹിതാനായി ആ പ്രണയിത്തിൻ്റെ ഓർമ്മയിൽ ഡേവിഡ് തൻ്റെ ജീവിതം ആഘോഷിക്കുന്നത്. 

'യൂദായുടെ അമ്മ' എന്ന മറ്റൊരു കഥയിൽ, മുപ്പതു വെള്ളിക്കാശിനായി യേശുദേവനെ ചുംബനത്തിലൂടെ ഒറ്റിക്കൊടുത്ത തൻ്റെ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവനായ യൂദാസിനെ നമുക്കറിയാം. തനിക്കായ് വിധിക്കപ്പെട്ട തിരുവെഴുത്ത് പൂർത്തിയാക്കി അവനൊരു മരച്ചില്ലയിൽ അഭയം തേടിയെങ്കിലും അവൻ്റെ അമ്മ ആ പൊള്ളലിൽ, ആ വേവിലൂടെ ഭ്രാന്തിയെപ്പോലെ ഓടുകയാണ്. തൻ്റെ മകനെയോർത്തുള്ള ആ അമ്മയുടെ നിലവിളികൾ, നിശ്വാസങ്ങൾ, നെഞ്ചിടിപ്പുകൾ, പ്രാർത്ഥനകൾ ഏല്ലാം നമുക്ക് 'യൂദായുടെ അമ്മ' എന്ന കഥയിൽ കേൾക്കാം. ആ നെഞ്ചിൽ ആളിപ്പടർന്ന അഗ്നിയുടെ ചൂടിൽ പൊള്ളാതിരിക്കാൻ ദൈവത്തിനുമാകുമായിരുന്നില്ല. കഥ വായിക്കുന്ന ഓരോരുത്തർക്കും യൂദായുടെ അമ്മയുടെ മനോവേദന തൊട്ടറിയാനാകും.

മറ്റൊരു കഥ തുടങ്ങുന്നത്, ഹെയിൽ മേരി .. ഫുൾ ഓഫ് ഗ്രേസ്... ഗ്രാമ്മാ.. ഡെഡിക്കേറ്റഡ് റ്റു യുവർ ബൂബ്സ്... ഹെയിൽ മേരി... പ്രേ ഫോർ മൈ ഗ്രാമ്മാ... എന്ന കൊച്ചു മകൻ്റെ നേഴ്സറി പാട്ടുപോലെയുള്ള പ്രാർത്ഥനയോടെയാണ്. ഗ്രാമ്മായും കൊച്ചുമകനും തമ്മിലുള്ള സംഭാഷണത്തിൽ നർമ്മം ഉണ്ടെങ്കിലും, ഗ്രാമ്മാ ഓർത്തെടുക്കുന്ന കഥയിൽ, സ്‌ക്കൂൾ കുട്ടികൾ അവളെ ഒറ്റമുലച്ചി എന്ന് വിളിച്ച് കളിയാക്കുന്നതും, ഗ്രാമ്മാ പിന്നീടവർക്ക് പ്രിയപ്പെട്ടവളാകുന്നതും വായിച്ചു കഴിയുമ്പോൾ കണ്ണിൽ കണ്ണീരു പൊടിയാതിരിക്കില്ല. ശാന്തതയോടെ യാഥാർത്ഥ്യ ബോധത്തോടെ  സ്തനാർബുദത്തെ നേരിട്ട ശാന്തി ചേച്ചിയുടെ കഥ 'ഒറ്റമുലച്ചി' എന്ന കഥയിൽ പറഞ്ഞിരിക്കുന്നു. കഥ വായിക്കുമ്പോൾ സഹതാപത്തോടെ സ്നേഹത്തോടെ നാം ഓർക്കുന്ന ഒരു ഒറ്റമുലച്ചി മനസ്സിൽ ഓടിയെത്താതിരിക്കില്ല. എല്ലാവരും പേടിയോടെ കാണുന്ന സ്തനാർബുധത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലും അതിനെ എങ്ങനെ നേരിടനം എന്ന ബോധവൽക്കരണവുമാണ് ഈ കഥ. 



'സ്വാന്തനം', 'സംശയം', 'അന്തിത്തിരി', 'മഴയെക്കാത്ത്', 'തനിയേ' തുടങ്ങിയ ഒന്നര പേജിലൊതുങ്ങുന്ന ഈ സമാഹാരത്തിലുള്ള കുറേ കഥകൾ, കവിത തുളുമ്പുന്നതും വീണ്ടും വീണ്ടും വായിച്ച് ധ്യാനിക്കുവാൻ പ്രേരിപ്പിക്കുന്നതുമാണ്.
'തലയോട്ടിയുടെ താഴ്വാരം' എന്ന കഥയിൽ, യുദ്ധഭൂമിയിൽ കൈവിട്ടു പോയ മക്കളെ തേടി യുദ്ധക്കെടുതികളുടെ ഭീകരതയിലൂടെ, തീക്കൂനകൾ തീർത്ത അവശിഷ്ടങ്ങൾക്കരികേ പൊള്ളുന്ന മനസ്സുമായി അവൾ നടക്കുകയാണ്. യുദ്ധത്തിൻ്റെ ഭീകരതയൊക്കെ അവളുടെ കണ്ണുകളിലൂടെ നമുക്ക് കാണുവാനാകും.  വാക്കുകളില്ലാതെ അവൾ അലറി കരഞ്ഞു. "നിർത്തുക ഈ യുദ്ധം നിർത്തുക, ഇത് സ്വാർത്ഥതയാണ്, ഇത് ചതിയാണ്, ഇത് കബളിപ്പിക്കലാണ്." വാക്കുകളില്ലാത്തവളുടെ വാക്കാകാൻ 'തലയോട്ടിയുടെ താഴ്വാരം' എന്ന കഥയിലൂടെ കഥാകാരിക്കാകുന്നുണ്ട്. ഈ യുദ്ധങ്ങളോക്കെ നിരത്ഥകമാണ്, ഒരു യുദ്ധത്തിലും ആരും ജയിക്കുന്നില്ല, ഓരോ യുദ്ധങ്ങളിലൂടെയും മനുഷ്യൻ തോറ്റുപോവുകയാണ് എന്ന ഇന്നിൻ്റെ രാഷ്ട്രീയം പറയുന്ന കഥ.

മറ്റൊരു കഥയിൽ "നീയീ ഗ്രാമത്തിൻ്റെ കഥ എഴുതണം. നിനക്കല്ലെങ്കിൽ പിന്നെ ആർക്കാണതു കഴിയുക?"  എന്നു പറയുന്ന കഥാനായിക ദേവി തൻ്റെ ഗ്രാമത്തിൻ്റെ കഥ മകൾ മീരയ്‌ക്ക്  പറഞ്ഞു കൊടുത്തു. അവളാ കഥ എഴുതി, നന്മ നിറഞ്ഞ ഗ്രാമത്തിൻ്റെ കഥ. വികസനം, പരിഷ്‌കാരം, ശാസ്ത്ര - സാങ്കേതിക പുരോഗതി ഇതിലൂടെയൊക്കെ ലോകം കുതിച്ചുയർന്നപ്പോൾ അവയ്‌ക്കൊപ്പം പിടിച്ചു നിൽക്കാനാകാതെ തകർന്ന് തറ പറ്റിയ മൺപാത്രങ്ങൾ ഉണ്ടാക്കിയിരുന്ന കുശവന്മാരുടെ കഥ. കച്ചവടക്കാരും വീട്ടമ്മമാരും അലൂമിനിയത്തിൻ്റെയും സ്റ്റീലിൻ്റെയും മറ്റ് പുതുമയുള്ള പാത്രങ്ങളുടെയും പിന്നാലെ പോയപ്പോൾ തകന്നടിഞ്ഞ കുറേ മനുഷ്യരുടെ കഥ. കുംഭാരക്കുടിയിലെ വിശപ്പിനും പട്ടിണിക്കും അറുതി വരുത്താൻ അവർ കണ്ടെത്തിയ വഴിയുടെ കഥ. കുബാരക്കുടിയിലെ കുട്ടികൾക്ക് നാണക്കേടും കൂക്കുവിളിയും കാരണം പഠനം ഉപേക്ഷിക്കേണ്ടി വന്ന കഥ. ഉച്ചസൂര്യനേപ്പോലെ ഗ്രാമത്തിൽ വന്ന ദിനകരൻ അവരുടെ ദുഃർഗ്ഗതിയ്‌ക്ക് അറുതി വരുത്തി. പരമ്പരാഗത കുലത്തൊഴിലിൻ്റെ പുതു വഴികളിലൂടെ ഇടറിയ കാലുകൾക്ക് ശക്തികൊടുത്ത് അവരെ മുന്നോട്ടു നയിച്ച് അവരുടെ തലവര മാറ്റുന്ന കഥയാണ് 'നന്മ നിറഞ്ഞ വേശ്യാ ഗ്രാമം' സത്യത്തിൽ അങ്ങനെ ഒരു ഗ്രാമം ഉണ്ടായിരുന്നു. ആ ഗ്രാമത്തിൻ്റെ രക്ഷയ്‌ക്കായിട്ട് ഒരു രക്ഷകൻ - ദിനകരൻ വന്നിരുന്നു. 
ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്ന മറ്റു പല സമൂഹങ്ങളുമുണ്ട്. ഔട്ട് ഡേറ്റഡായി പോയവർ. കാലത്തിൻ്റെ കുതിപ്പിൽ പിടിച്ചു നിൽക്കാനാവാതെ പിൻ തള്ളപ്പെട്ടു പോയവർ. അവരെ കണ്ടെത്തുവാനായി മനഃപൂർവ്വമായ ശൃമം ഉണ്ടാകേണ്ടിയിരിക്കുന്നു. അവരെ കൈ പിടിച്ചു നടത്തുവാനായി ഒരു സൂര്യ കിരണമാകുവാനായി ഈ കഥ വായിക്കുന്ന ഒരായിരം പേർ ഉണരും എന്നാണ് എൻ്റെ പ്രത്യാശ. 
2024 മാർച്ചിൽ ബുക്സ് ഓഫ് പോളിഫണിയാണ് ഈ പുസ്തകം പബ്ളിഷ് ചെയ്തിരിക്കുന്നത്. 144 പേജിലായി 20 കഥകളും ഒരു ഓർമ്മക്കുറിപ്പും ഉള്ള നൈജൽ എന്ന ഈ പുസ്തകം നാഷണൽ ബുക്ക് സ്റ്റാൾ 300 രൂപയ്‌ക്ക് വിതരണം ചെയ്യുന്നു.

ബാജി ഓടംവേലി
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി സ്വദേശി. കോഴഞ്ചേരി സെൻ്റ് തോമസ് ഹൈസ്‌ക്കൂൾ, സെൻ്റ് തോമസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ബോംബെ, ഡൽഹി എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഇരുപത്തി ഒന്ന് വർഷം ബഹ്റൈനിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു, ഇപ്പോൾ ഡാലസിൽ താമസിക്കുന്നു. ബാജിയുടെ 25 കഥകൾ, മരുപ്പൊട്ടൽ (നോവൽ) എന്നിവ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പവിഴമഴ (കവിത), മണൽ മർമ്മരം (കവിത), മണക്കാട് പൂക്കുമ്പോൾ (കഥ) എന്നീ പുസ്തകങ്ങളുടെ എഡിറ്ററായിരുന്നു. 4 പി. എം ന്യൂസ് പേപ്പറിൽ 'കഥയാകാതെ പോയത്' എന്ന കോളം തൂടർച്ചയായി അഞ്ചുവർഷത്തോളം ചെയ്തു. 'കാമലസ്' എന്ന ഷോർട്ട് ഫിലിമിൻ്റെ രചനയും സംവിധാനവും നിർവ്വഹിച്ചു. ദല-കൊച്ചുബാവ കഥാ പുരസ്‌കാരം, സ്പന്ദനം സാഹിത്യ പുരസ്‌കാരം, ഗാന്ധി സേവാ സമാജ് നോവൽ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
ഭാര്യ :- മിനി വറുഗീസ്, മക്കൾ :- ഡാൻ കോശി, ദയ അന്ന
ഇമെയിൽ :- bajikzy@yahoo.com


 

Join WhatsApp News
Rajeevan Asokan 2024-12-06 20:08:37
Nice read. Vaayikkkan prerippiykkunna introduction. Best wishes to the book writer as well as the introducer (cum-writer).
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക