Image

പുസ്തക പരിചയം - 31: ജീവിക്കാന്‍ മറന്നുപോയവര്‍ (നോവല്‍) -ജോണ്‍ ഇളമത .

ബാജി ഓടംവേലി, ഡാലസ് Published on 27 August, 2026
പുസ്തക പരിചയം - 31: ജീവിക്കാന്‍ മറന്നുപോയവര്‍ (നോവല്‍) -ജോണ്‍ ഇളമത .

ശ്രദ്ധേയനായ മലയാളി എഴുത്തുകാരനാണ് ജോണ്‍ ഇളമത. കാനഡയില്‍ താമസിച്ചുകൊണ്ടാണ് ഇദ്ദേഹം മലയാളത്തില്‍ മികവുറ്റ കൃതികള്‍ സമ്മാനിക്കുന്നത്. 'ജീവിക്കാന്‍ മറന്നുപോയവര്‍' എന്ന ഈ നോവല്‍ പൂര്‍ണ്ണമായും കനേഡിയന്‍ പശ്ചാത്തലാണ് രചിക്കപ്പെട്ടിരിക്കുന്നതെങ്കിലും മധ്യതിരുവിതാംകൂറിലെ ചില കുടുംബങ്ങളുടെ കാനഡയിലെ ജീവിതമാണ് പറഞ്ഞിരിക്കുന്നത്. മനുഷ്യാവസ്ഥയുടെ ദാരുണതകളും നിസ്സഹായതയുമാണ് ഈ നോവലിന്റെ ആന്തരികശ്രുതി. മനുഷ്യബന്ധങ്ങളും അതിന്റെ സങ്കീര്‍ണ്ണതകളുമൊക്കെയാണ് കഥാഗതിയെ നിയന്ത്രിക്കുന്നത്. 


കേരളത്തില്‍ നിന്ന് അതിജീവനത്തിനായി വടക്കേ അമേരിക്കയിലെ കാനഡയിലേക്ക് കുടിയേറിയ ഒരുപറ്റം മലയാളികളുടെ ജീവിതത്തെ ആധാരമാക്കിയ രചനയാണിത്. അവരുടെ ആദ്യകാല കുടിയേറ്റത്തിനിടയില്‍ നേരിടേണ്ടി വന്ന നിരവധിയായ ജീവിത സംഘര്‍ഷങ്ങളെ വളരെ വ്യക്തമായി ചിത്രീകരിക്കുന്നു. 
വളരെയധികം യാഥാര്‍ത്ഥ്യ ബോധത്തോടെ നടത്തിയ ഈ രചനയുടെ സംഭവപരമ്പരകള്‍ ആകാംക്ഷാജനകമാണ്. സ്വദേശത്തും, കുടിയേറിയ പുതിയ ദേശത്തും നേരിട്ട, ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന, അവരുടെ സുഖ ദുഃഖങ്ങളും വ്യഥകളും സത്യസന്ധമായി ഈ നോവലില്‍ ഉടനീളം പ്രതിഫലിക്കുന്നു.


എല്ലാ മനുഷ്യരും സ്‌നേഹം തന്നെയാണ് തേടുന്നത്. ആ തേടലില്‍ ചിലപ്പോള്‍ വെളിച്ചം കടന്നു വന്നേക്കാം. ചിലപ്പോഴോ ഇരുട്ടില്‍ തപ്പി സ്‌നേഹം കിട്ടാതെ ഒടുങ്ങുകയും ചെയ്യും. പണത്തോടുള്ള ആര്‍ത്തി മനുഷ്യരുടെ തകര്‍ച്ചയ്ക്ക് മാത്രമേ കാരണമാവൂ എന്ന് ഈ നോവല്‍ കാര്യകാരണ സഹിതം പറയുന്നു.  


ആയിരത്തിതൊള്ളായിരത്തി എഴുപതുകളിലാണ് അമേരിക്കന്‍ വന്‍കരയിലേക്ക് മലയാളികളുടെ കൂട്ടമായ കുടിയേറ്റം ആരംഭിച്ചത്. ആദ്യകാലങ്ങളില്‍ ഇവിടെ എത്തിയവരുടെ കണ്ണീരിന്റെ നനവിലേക്കും, അവരുടെ കഠിനാധ്വാനത്തിന്റെ തീവ്രതയിലേക്കും ഈ നോവല്‍ ഇറങ്ങിച്ചെല്ലുന്നു. അവരില്‍ ഒട്ടേറെപ്പേര്‍, സ്വപ്നങ്ങള്‍ കണ്ണീരില്‍ കുതിര്‍ത്ത് കടന്നുപോയവരും ഇവിടെ ഇച്ഛാഭംഗത്തോടെ ശേഷിക്കുന്നവരുമാണ്. ഇവരെപ്പറ്റിയുള്ള ഒരു നേര്‍ക്കാഴ്ചയാണിത്. 


ആറ് മലയാളി നേഴ്സുമാര്‍ ഒരുമിച്ച് കപ്പലില്‍ കാനഡയില്‍ എത്തി, അവരിലൂടെയാണ് കഥ മുന്നേറുന്നത്. ആദ്യം അമേരിക്കന്‍ മണ്ണില്‍ കാലുകുത്തിയ നേഴ്‌സുമാര്‍ നിശ്ശ്ബ്ദമായി കരഞ്ഞിട്ടുണ്ട്. അതിശൈത്യവും അപരിചിതമായ സംസ്‌കാരവും അവരെ തളര്‍ത്തിയില്ല. അവരുടെ കണ്ണുനീരിന്റെ ഉപ്പ് ഇനിയും ഉണങ്ങിയിട്ടില്ല. എങ്കിലും ശമ്പളം കിട്ടിയ ഡോളര്‍ രൂപയിലേക്ക് മാറ്റിയപ്പോള്‍ നാടും വീടുമൊക്കെ പുരോഗമിച്ചതുകൊണ്ട് നേഴ്‌സിങ്ങ് എന്ന തൊഴിലിന്റെ മാഹാത്മ്യം വര്‍ദ്ധിച്ചു. 

ഇവിടെ ആദ്യമെത്തിയ വിദ്യാസമ്പന്നര്‍, ഇവിടെ ജീവിക്കാന്‍ മറന്നു എന്ന ഈ നോവലിലൂടെ പറയുന്ന സത്യം നമ്മെ അമ്പരിപ്പിച്ചേക്കാം. ഇംഗ്‌ളീഷ് സാഹിത്യത്തില്‍ എം. എ. ബിരുദമുള്ള സണ്ണി കാനഡയില്‍ എത്തുന്നത് അന്നക്കുട്ടി എന്ന നേഴ്‌സിന്റെ ഭര്‍ത്താവായിട്ടാണ്. അവര്‍ക്ക് രണ്ട് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും ഉണ്ടായി.   
തന്റെ ഇംഗ്‌ളിഷിലെ ബിരുദാനന്തരബിരുദം കൊണ്ട് വലിയ കാര്യമില്ലെന്ന് മനസ്സിലാക്കിയ സണ്ണി ആശാരിപ്പണി, കൊല്ലപ്പണി, പ്‌ളംബിങ്ങ്, ഇലക്ട്രിക് വയറിംഗ്, പ്‌ളാനിങ്ങ്, ആര്‍കിടെക്റ്റ്  തുടങ്ങി കുറേ ജോലികള്‍ ചെയ്തുപഠിച്ചു. കാനഡയില്‍ സണ്ണി ചെറിയ കോണ്ട്‌റാക്റ്റുകള്‍ എടുത്ത് ചെയ്യുകയും റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് കടക്കുകയും ചെയ്തു. ലാഭക്കൊതി വന്നപ്പോള്‍ പണത്തിന്റെ പിന്നാലെ ഓടി. അതോടെ കുടുംബ ജീവിതം തകര്‍ന്നു. അവസാനം അവര്‍ ഇരുവരും പിരിഞ്ഞു. 

അന്നക്കുട്ടി നാട്ടില്‍ നിന്നും മറ്റൊരു ചെറുപ്പക്കാരനെ ഭര്‍ത്താവായി കൊണ്ടുവന്നു. അധികം താമസിക്കാതെ അവന്‍ അന്നക്കുട്ടിയെ ചതിച്ച് എങ്ങോട്ടോ പോയി. കാന്‍സര്‍ ബാധിച്ചാണ് അന്നക്കുട്ടിയുടെ ജീവിതം അവസാനിക്കുന്നത്. സമ്പത്തിലൂടെ ജീവിതം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുമെങ്കിലും അതിനുവേണ്ടിയുള്ള ഓട്ടത്തില്‍ ജീവിക്കാന്‍ മറന്നു പോയി. 

പിന്നീട് സണ്ണിയുടെ ജീവിതത്തിലേക്ക് ചിന്നമ്മ കടന്നുവരുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് സണ്ണിയെ സമ്പന്നനാക്കി. ചിന്നമ്മയുടെ പിന്‍ബലമാണ് സണ്ണിക്ക് കരുത്തായത്. പക്ഷേ ശാന്തി മാത്രം അയാള്‍ക്ക് കിട്ടിയില്ല. സണ്ണിയ്ക്ക് ചിന്നമ്മയില്‍ മക്കളും ഉണ്ടായിരുന്നില്ല.


സണ്ണിയുടെ മൂത്തമകള്‍ ലെസ്ബിയന്‍ വിവാഹത്തിലേക്ക് നിങ്ങുന്നതിലൂടെ പരമ്പരാഗത മൂല്യസങ്കല്പങ്ങള്‍ തകിടം മറിയുന്നു. മകനാകട്ടെ കുത്തഴിഞ്ഞ ജീവിതം നയിച്ചു നാശത്തിലേക്ക് പോകുന്നു. 
യൗവനത്തില്‍ന്റെയും ചോരത്തിളപ്പിന്റെയും തിളപ്പില്‍ ഓടുമ്പോള്‍ രോഗവും വാര്‍ദ്ധക്യവും മരണവും കാത്തിരിപ്പുണ്ടെന്ന് മനുഷ്യന്‍ ഓര്‍ക്കാറില്ല. തികച്ചും മനുഷ്യ കേന്ദ്രീകൃതമാണ് ഈ നോവല്‍. മറ്റുള്ളവരെ സഹായിക്കുന്നതു നല്ല പ്രവര്‍ത്തി തന്നെ. പക്ഷേ ചതിക്കുഴികളില്‍ വീഴാതെ നമ്മള്‍ ജാഗരൂകരായിരിക്കണം. അതുപോലെ ഓരോരുത്തരും സ്വയം ജീവിക്കണം. ജീവിക്കാന്‍ മറന്നു പോകരുത് എന്ന സന്ദേശവും ദുഃഖ പര്യവസായി ആയ ഈ നോവലില്‍ ജോണ്‍ ഇളമത വരച്ചു കാട്ടുന്നു. 


ഇദ്ദേഹത്തിന്റെ ചരിത്ര നോവലുകളും ഏറെ പ്രശസ്തമാണ്. മലയാളത്തില്‍ ആധുനികതയുടെ ഭാഗമായാണ് ഇളമതയുടെ കൃതികള്‍ അടയാളപ്പെടുത്തിയിരിക്കുന്നതെന്ന് പി. സുരേന്ദ്രന്‍ അവതാരികയില്‍ പറഞ്ഞിരിക്കുനു. കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ച 148 പേജുകളിലായി മുപ്പത്തിയൊന്ന് അദ്ധ്യായങ്ങളുള്ള ഈ നോവലിന്റെ വില 260 രൂപയാണ്. 


ജോണ്‍ ഇളമത (ഓന്‍ടാറിയൊ, കാനഡ)
1944 ഫെബ്രുവരിയില്‍ പത്തനംതിട്ട ജില്ലയിലെ കടപ്ര മാന്നാറില്‍ ജനനം. 1973 മുതല്‍ 1984 വരെ ജര്‍മ്മനിയില്‍. 1984 ല്‍ കാനഡയിലേക്ക് കുടിയേറി. ഹൈസ്‌ക്കൂള്‍ വിദ്യാഭാസകാലം മുതലെ എഴുതിയിരുന്നു. ജര്‍മ്മനിയിലും സാഹിത്യ പ്രവര്‍ത്തങ്ങളില്‍ സജീവമായിരുന്നു. ജര്‍മ്മനിയിലെ 'എന്റെ ലോകം' എന്ന ആനുകാലിക പ്രസിദ്ധീകരണത്തില്‍ പതിവായി എഴുതിയിരുന്നു.

ഇപ്പോള്‍ കാനഡയില്‍ സാഹിത്യപ്രവര്‍ത്തനങ്ങള്‍ തുടരുന്നു. അവിടെയുള്ള ഭാഷാസ്‌നേഹികളെയെല്ലാം ചേര്‍ത്ത് സഹൃദയവേദി എന്ന സംഘടന രൂപീകരിച്ചു. ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) യുടെ സെക്രട്ടറിയായും പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫൊക്കാനയുടെ സാഹിത്യ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. നിരവധി അവാര്‍ഡുകള്‍ ഇദ്ദേഹത്തെ തേടിയെത്തി.  


തൊലിക്കട്ടി, എനിവെ യുവര്‍ വൈഫ് ഈസ് നൈസ്, അച്ചായന്‍ അമേരിക്കയില്‍ എന്നീ ഹാസ്യചിത്രീകരണങ്ങളും, അഷ്ടപഞ്ചമി യോഗം, ബന്ധനങ്ങള്‍ എന്നീ നാടകങ്ങളും, സ്വയംവരം എന്ന കഥാസമാഹാരവും, മന്നാപൊഴിയുന്ന മണ്ണില്‍, മനസ്സറിയാതെ, മനസ്സിന്റെ മന്ത്രങ്ങള്‍, മോശ, സോദോം ഗോമോറ, നെന്മാണിക്യം, ബുദ്ധന്‍, സോക്രട്ടീസ് ഒരു നോവല്‍, മാര്‍ക്കോപോളോ, മേപ്പിള്‍മരങ്ങളില്‍ മഞ്ഞു വീഴുമ്പോള്‍, കഥപറയുന്ന കല്ലുകള്‍, ഫ്‌ളൂ, മരണമില്ലാത്തവരുടെ താഴ്വര, ബുദ്ധന്‍ (ഇംഗ്‌ളീഷ്), ദി ജേര്‍ണി (ഇംഗ്‌ളീഷ്) എന്നീ നോവലുകളും പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ :- ആനിമ്മ, മക്കള്‍ :- ജിനോ, ജിക്കു  
email :-  elamathail@gmail.com
 

Join WhatsApp News
പോൾ ഡി പനക്കൽ 2026-08-27 15:45:05
പുസ്തക പരിചയത്തിനു നന്ദി. വടക്കേ അമേരിക്കൻ മലയാളി സമൂഹഘടകത്തിലെ യഥാതദമായ കഥാതന്തു. കേരളത്തിലെ മധ്യവിഭാഗത്തിലും അതിനു താഴെയുമുള്ള കുടുംബങ്ങളിൽ നിന്ന് നഴ്സിങ്ങിൽ ഡിപ്ലോമയും ഏതാനും വര്ഷങ്ങളിലെ ജോലി പരിചയവും നേടി വിഭാവനം ചെയ്ത സ്വപ്ന ജീവിതത്തിലേക്ക് പറന്നുപൊങ്ങിയ അനേകായിരം നഴ്സുമാർ തങ്ങളുടെ ജീവിതത്തിലെ കുറച്ചു ഭാഗമെങ്കിലും ഈ നോവലിൽ പ്രതിഫലിക്കുന്നത് കാണുമെന്ന് തീർച്ച. ജർമനിയിലും കാനഡയിലുമായി ഒരു നഴ്സിന്റെ ജീവിതം അനുഭവിക്കുകയും നിരീക്ഷിക്കുകയും ചെയ്ത ഇളമതയുടെ നോവലിൽ സ്വതസിദ്ധമായ സരസശൈലിയും അഗാധമായ ഗൗരവവും കാണുമെന്നതിന് സംശയമില്ല. വായിക്കാൻ കാത്തിരിക്കുന്നു.
തോമസ് പുരയിടം 2026-08-27 16:11:33
മേൽപ്പറഞ്ഞ പുസ്തകത്തെ ഒക്കെ അനേക പ്രാവശ്യം മുൻപ് ഇവിടെ പരിചയപ്പെടുത്തി കഴിഞ്ഞു. അധികമായാൽ അമൃതം വിഷം എന്ന് കേട്ടിട്ടില്ലേ. ആവർത്തന വിരസത അനുഭവപ്പെടുന്നു. പുസ്തകം എഴുത്തുകാരന്റെ സമ്മർദ്ദത്തിനു വഴങ്ങി പോലും വീണ്ടും വീണ്ടും അതേ പുസ്തകത്തെ പരിചയപ്പെടുത്തുന്നതിൽ യാതൊരു അർത്ഥവുമില്ല. ഇനിയും ഒരുപക്ഷേ ഇതേ പുസ്തകത്തെ തന്നെ പരിചയപ്പെടുത്തി വീണ്ടും ആറുമാസം കഴിഞ്ഞ് വന്നേക്കാം. പിന്നെ പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നതോടൊപ്പം തന്നെ ഒരല്പം നിരൂപണവും വിമർശനവും ആകാം.
Rejice നെടുങ്ങാ ഡ പ്പളളി®️ 2026-08-27 17:07:24
💥🔥വാസ്തവത്തിൽ അമേരിക്കയിലെ മലയാളഎഴുത്തിനെ വാർദ്ധക്യം ബാധിച്ചു തുടങ്ങിയിട്ട് നാളേറെയായല്ലോ. അതൊരു അനിവാര്യതയുമാണ്. പക്ഷേ വാസ്തവങ്ങളെ അംഗീകരിക്കാൻ വൃദ്ധർക്ക് ഊന്നു വടി പോലും സഹായകമാവില്ല എന്നതാണ് വസ്തുത.അതിജീവനത്തിന് സഹായിക്കാത്ത ഒന്നും ജീവിച്ചിരിക്കില്ലല്ലോ. കേരളത്തിൽ പോലും മലയാളത്തിനു പ്രസക്തി ഇല്ലാ. ആരാണ് ഇന്നത്തെ കാലത്ത് കേരളത്തിൽ മലയാളം ഐചഛീകമായി പഠിക്കുന്നത് ??? ആരുമില്ല, വല്ല അട്ടപ്പാടിയിലോ, ഇടുക്കിയിലോ കുടുങ്ങിക്കിടക്കുന്ന മണ്ടൻ പിള്ളാർ മാത്രം. അമൃതാനന്ദമയി പോലും ഇംഗ്ലീഷ് വാക്കുകൾ ആണ് കൂടുതലും ഉപയോഗിക്കുന്നത് , എന്തിനേറേ , പൂക്കീ മുഖ്യമന്ത്രിയുടെ ദിവസവുമുള്ള വാർത്താ സമ്മേളനവും ഇപ്പോൾ മലയാളത്തിൽ അല്ലാതായിപ്പോകുന്നു . ഈ പ്രതിഭാസം ഇളമതയ്ക്കും അമേരിക്കയിലെ മലയാള സാഹിത്യലോകത്തും മാത്രം സംഭവിക്കുന്നതല്ല. RN ആയ ഇളമത ഇത്ര വരെയൊക്കെ പിടിച്ചു നിന്നല്ലോ, ആനിമ്മ ആദ്യമേ യാത്രയായെങ്കിലും..... Rejice
ടോം ജോസ് 2026-08-27 18:00:51
ഇവിടെ ചിലർ നല്ല നല്ല പുസ്തകങ്ങൾ എഴുതിയിട്ട് അതൊന്നും ആരും തന്നെ ഒന്ന് പരിചയപ്പെടുത്താനോ നിരൂപിക്കാനോ തുനിഞ്ഞിട്ടില്ല. അത് എന്തുകൊണ്ടാണ്?. എന്നാൽ മേൽപ്പറഞ്ഞ മാതിരി ചിലരുടെ പുസ്തകം മാത്രം പലവട്ടം ആവർത്തിച്ച് ആവർത്തിച്ച് പരിചയപ്പെടുത്തുന്നു. ഇതൊക്കെ കാണുമ്പോൾ എഴുത്തുകാരുടെ ഇടയിൽ തന്നെ ഒരുതരം തിരിച്ചുവേദം ഡിസ്ക്രിമിനേഷൻ കാണുന്നുണ്ട്. ചിലരെയും ചില കൃതികളെയും പൊക്കി പല പ്രാവശ്യം തലയിൽ വയ്ക്കുന്നു.
ബാജി ഓടംവേലി, ഡാലസ് 2026-08-27 21:36:39
കഴിഞ്ഞ കുറേ മാസങ്ങളായി അമേരിക്കയിലെ 31 എഴുത്തുകാരുടെ 31 പുസ്‌തകങ്ങളാണ് ഇവിടെ പരിചയപ്പെടുത്തിയത് ആരുടെയെങ്കിലും പുസ്തകം പരിചയപ്പെടുത്തണമെങ്കിൽ എൻ്റെ വാട്ട്സ്അപ്പ് നമ്പരിൽ 915 613 6566 വിളിച്ചാൽ അഡ്രസ് അയച്ചു തരം. ആരോടും പ്രത്യേക മമതയൊ അയിത്തമോ ഇല്ല. എല്ലാവരോടു സ്‌നേഹം മാത്രം. സസ്‌നേഹം ബാജി ഓടംവേലി
മനയിൽ സുകുമാരക്കുറുപ്പ് 2026-08-28 00:17:00
ബാജി ഓടംവേലി സാർ ഞാൻ എഴുതിയ പുസ്തകം ഒരു രണ്ടു മൂന്നു പേർ പരിചയപ്പെടുത്തിയതാണ്. വീണ്ടും പരിചയപ്പെടുത്തണമെങ്കിൽ എന്താണ് കണ്ടീഷൻ?. അതിനെ കാശു വല്ലതും ഞാൻ അയച്ചു തരണോ?. ? സംഗതി ഫ്രീയാണോ എന്നാണ് എൻറെ ചോദ്യം?. എൻറെ പുസ്തകം എഴുതിക്കാൻ തന്നെ ഞാൻ നാട്ടിലെ എന്റെ ഒരു ശിങ്കിടിക്ക് കാശ് കൊടുത്താണ് എഴുതിച്ചത്. അങ്ങനെ എന്റെ പോക്കറ്റിലെ കുറച്ച് കാശ് പോയിക്കിട്ടി. എൻറെ പുസ്തകം ഒരുത്തൻ പരിചയപ്പെടുത്തിയത്, ഒരു 90% ഗ്രേറ്റ് എന്നും പറഞ്ഞായിരുന്നു. പക്ഷേ അവൻ ഒരു 10% എൻറെ കൃതിക്ക് ഗുട്ടൻസ് പോര ഏകാഗ്രത പോര, കഥയില്ല, ഒന്നുകൂടെ ശ്രദ്ധിച്ചു എഴുതണം എന്നൊക്കെ പറഞ്ഞ് വിമർശിച്ചിരുന്നു. അതെനിക്ക് ഒട്ടും പിടിച്ചില്ല. ഞാനവനെ കാശു കൊടുത്തത് 100% നല്ലത് എന്ന് എഴുതാൻ വേണ്ടിയായിരുന്നു. ഇവിടെ പലരും അങ്ങോട്ടും ഇങ്ങോട്ടും ചൊറിഞ്ഞു പോകുന്നതല്ലേ കണ്ടിരിക്കുന്നത്. അവൻ പിന്നെ 90% പൊക്കിയെങ്കിലും ആ 10 ശതമാനം എന്നെ താഴ്ത്തിക്കെട്ടിയതിനാൽ അവനോട് ഞാൻ ഇപ്പോൾ തീരെ മിണ്ടാറില്ല. സാഹിത്യം വളരണമെങ്കിൽ അത്തരക്കാരനെ കയ്യിൽ നമ്മുടെ പുസ്തകങ്ങൾ കൊടുക്കരുത്. 100% നമ്മളെ പൊക്കുന്നു എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ കാശുകൊടുത്ത് നമ്മുടെ പുസ്തകങ്ങളെ പറ്റി പരിചയപ്പെടുത്താൻ ശ്രമിക്കാവൂ എന്നാണ് എൻറെ ഒരു ഉപദേശം. ഏതായാലും ഓടംവേലി സാറിൻറെ മഹാമനസ്കതയെ ഞാൻ മാനിക്കുന്നു സല്യൂട്ട് ചെയ്യുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക