
ഷിക്കാഗോ: അമേരിക്കയിലെ സീറോ മലബാർ സഭ സ്വന്തം വിശ്വാസപാരമ്പര്യം സംരക്ഷിക്കുന്നതിൽ ഒതുങ്ങാതെ, പുതിയ സുവിശേഷവത്കരണത്തിന് (New Evangelization) നേതൃത്വം നൽകേണ്ട സമയമാണിതെന്ന് ഒഹയോയിലെ കൊളംബസ് രൂപതാധ്യക്ഷൻ ബിഷപ്പ് എർൾ കെ. ഫെർണാണ്ടസ് പറഞ്ഞു. ഷിക്കാഗോയിൽ നടന്ന അമേരിക്കയിലെ സീറോ മലബാർ രൂപതയുടെ രജതജൂബിലി കൺവെൻഷനിൽ 'റിഫ്ലെക്ഷൻസ് ഓൺ സിറോ-മലബാർ ഐഡന്റിറ്റി ആൻഡ് ദി കോൾ ടു ന്യൂ ഇവാഞ്ചലൈസേഷൻ ഇൻ ദി അമേരിക്കൻ ചർച്ച്' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അമേരിക്കയിലെ മുഖ്യധാര രൂപതയുടെ ബിഷപ്പായി നിയമിതനായ ആദ്യ ഇന്ത്യൻ വംശജനായ ബിഷപ്പ് എർൾ ഫെർണാണ്ടസ്, സ്വന്തം കുടുംബത്തിന്റെ കുടിയേറ്റാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടാണ് പ്രഭാഷണം ആരംഭിച്ചത്. അമേരിക്കയിലെത്തിയ ആദ്യകാലത്ത് അമേരിക്കയിൽ സഭയും പാരസ്പര്യവും മാത്രമാണ് നമ്മുടെ ആശ്രയം എന്ന് മാതാപിതാക്കൾ പഠിപ്പിച്ചതാണ് ജീവിതത്തിന്റെ അടിത്തറയായതെന്ന് അദ്ദേഹം പറഞ്ഞു. മക്കളുടെ വിദ്യാഭ്യാസം, സൗഹൃദങ്ങൾ, വിശ്വാസജീവിതം എന്നീ മൂന്ന് മേഖലകളിലും മാതാപിതാക്കൾ കാണിച്ച ജാഗ്രതയാണ് കുടുംബത്തിന്റെ വിജയരഹസ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സഹോദരർ ഡോക്ട്രമാരായപ്പോൾ താൻ മെഡിക്കൽ പഠനം ഉപേക്ഷിച്ച് ദൈവവിളി സ്വീകരിച്ച് വൈദികനായ ജീവിതയാത്ര വിവരിച്ച അദ്ദേഹം, സഭയോടും മാതാപിതാക്കളോടും ദൈവത്തോടുമുള്ള നന്ദിയാണ് തന്റെ പൗരോഹിത്യത്തിന്റെയും ശുശ്രൂഷയുടെയും പ്രചോദനമെന്ന് പറഞ്ഞു. അമേരിക്കയിലെ സീറോ മലബാർ സമൂഹം ഇന്ന് വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുകയാണ് . മലയാളം സംസാരിക്കുന്ന ആദ്യ തലമുറയും പ്രധാനമായും ഇംഗ്ലീഷ് സംസാരിക്കുന്ന പുതിയ തലമുറയും തമ്മിലുള്ള ഭാഷാപരവും സാംസ്കാരികവുമായ അന്തരം സഭ ഗൗരവമായി പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
"സീറോ മലബാർ സഭ ഏകസ്വഭാവമുള്ള സമൂഹമല്ല; വൈവിധ്യമാണ് നമ്മുടെ യാഥാർഥ്യം. അമേരിക്കയിൽ ജനിച്ച് വളരുന്ന യുവതലമുറയുടെ ജീവിതാനുഭവങ്ങളും ആവശ്യങ്ങളും മനസ്സിലാക്കി സഭ മുന്നോട്ടുപോകണം," അദ്ദേഹം പറഞ്ഞു.
മാതാപിതാക്കൾ മക്കളോട് ജാഗ്രത പുലർത്തണമെങ്കിലും അത് അമിതനിയന്ത്രണമായി മാറരുതെന്നും, സ്വാതന്ത്ര്യം ഉത്തരവാദിത്വത്തോടെ ഉപയോഗിക്കാൻ അവരെ പരിശീലിപ്പിക്കുകയാണ് സഭയുടെയും കുടുംബത്തിന്റെയും കടമയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വൈദികരും സമർപ്പിതരും അമേരിക്കൻ സമൂഹത്തിന്റെ ഭാഷയും സംസ്കാരവും മനസ്സിലാക്കി ശുശ്രൂഷ നടത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊളംബസ് രൂപതയിൽ പുതിയ മിഷണറി വൈദികർക്കായി ഭാഷാപരിശീലനവും സംസ്കാരപരിചയവും ഉൾപ്പെടുന്ന പ്രത്യേക പരിശീലന പരിപാടികൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സഭയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കും സ്ത്രീകൾക്കും കൂടുതൽ പങ്കാളിത്തം ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് ബിഷപ്പ് എർൾ ഫെർണാണ്ടസ് പറഞ്ഞു. യുവജനങ്ങൾ 'നാളത്തെ സഭ' മാത്രമല്ല, 'ഇന്നത്തെ സഭ' കൂടിയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അവരുടെ കഴിവുകളും നേതൃത്വവും സുവിശേഷവത്കരണത്തിനായി സഭ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.അമേരിക്കൻ സമൂഹത്തിലെ മതനിരപേക്ഷതയും സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനവും ക്രൈസ്തവ വിശ്വാസത്തിന് വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പുതിയ സുവിശേഷവത്കരണം കൂടുതൽ ആവേശത്തോടെയും പുതിയ മാർഗങ്ങളിലൂടെയും പുതിയ ഭാഷയിലൂടെയും നടപ്പാക്കണമെന്ന വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ആഹ്വാനം ഇന്നും പ്രസക്തമാണെന്ന് പറഞ്ഞു. സീറോ മലബാർ സഭയുടെ ആരാധനക്രമവും ആത്മീയ പാരമ്പര്യവും ആഗോള കത്തോലിക്കാ സഭയ്ക്ക് വലിയ സമ്പത്താണ്. കിഴക്കൻ സഭകളുടെ ആത്മീയ പൈതൃകം സംരക്ഷിക്കുകയും അതിലൂടെ അമേരിക്കൻ സഭയെ സമ്പന്നമാക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം സീറോ മലബാർ സഭയ്ക്കുണ്ട് .

"നാം കുടിയേറ്റക്കാരായിരിക്കാം; എന്നാൽ അതോടൊപ്പം മിഷണറിമാരുമാണ്. ക്രിസ്തുവിനെ നമുക്കുമാത്രമായി സൂക്ഷിക്കാനാവില്ല. നമ്മുടെ വിശ്വാസം അമേരിക്കൻ സമൂഹവുമായി പങ്കുവെക്കണം," -അദ്ദേഹം അഭിപ്രായപ്പെട്ടു.
രജതജൂബിലി ആഘോഷങ്ങൾ കഴിഞ്ഞ 25 വർഷത്തെ ഓർമ്മകൾ മാത്രമല്ല, വരുംകാല ദൗത്യത്തിനുള്ള ഒരുക്കവുമാണെന്ന് പറഞ്ഞ ബിഷപ്പ് , സീറോ മലബാർ സഭ സ്നേഹം കൊണ്ട് ജീവൻ നൽകിയ ദൗത്യം സ്നേഹത്തിലൂടെ ലോകത്തിലേക്ക് എത്തിക്കണമെന്നും വിശ്വാസികളോട് ആഹ്വാനം ചെയ്തു.
see also
സീറോ മലബാർ സഭ പുതിയ സുവിശേഷവത്കരണത്തിന് നേതൃത്വം നൽകണം: കൊളംബസ് ബിഷപ്പ് എർൾ ഫെർണാണ്ടസ്
ജിബി പാറക്കൽ: ബിസിനസ് വിജയങ്ങളും നിശബ്ദമായ സേവന പ്രവർത്തനങ്ങളും
സീനിയർ ലിവിങ് സ്ഥാപനം ട്രാവൻകൂർ ഫൗണ്ടേഷൻ പ്രതിനിധികൾ ഷിക്കാഗോ സീറോ മലബാർ കൺവൻഷനിൽ
ഷിക്കാഗോയിൽ മാരിവില്ലിറങ്ങി; ഘോഷയാത്ര അപൂർവ മനോഹരമായി
ആത്മീയ പ്രഭ ചൊരിഞ്ഞ് സിറോ മലബാർ രൂപത രജത ജൂബിലി കൺവെൻഷൻ ആരംഭിച്ചു
വിശ്വാസ ദീപ്തിയിൽ ചിക്കാഗോ; സീറോ മലബാർ രൂപതയുടെ രജതജൂബിലി കൺവെൻഷന് ഭക്തിനിർഭരമായ തുടക്കം
ഇനിയും വിസ്മയങ്ങൾ ഉണ്ടാവും: ആർച്ച് ബിഷപ്പ് മാർ തോമസ് തറയില്
സീറോ മലബാർ രൂപത സ്വന്തം കാലിൽ ഉറച്ചു നിൽക്കാൻ കരുത്ത് നേടി: ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്
കിഴക്കും പടിഞ്ഞാറും രണ്ടു ശ്വാസകോശം പോലെ: കർദിനാൾ മാർ ജോർജ് കൂവക്കാട്
ജെറുസലേം വീണ്ടും: കാണികളെ വിസ്മയിപ്പിച്ച് സാംസ്കാരിക ദൃശ്യവിരുന്ന്
എല്ലാം ഗുരുക്കന്മാരുടെ അനുഗ്രഹം: ജയറാം; ഇലഞ്ഞിത്തറ മേളം ഗംഭീരം