Image

ഷിക്കാഗോയിൽ മാരിവില്ലിറങ്ങി; ഘോഷയാത്ര അപൂർവ മനോഹരമായി

Published on 11 July, 2026
ഷിക്കാഗോയിൽ മാരിവില്ലിറങ്ങി; ഘോഷയാത്ര  അപൂർവ മനോഹരമായി

ഷിക്കാഗോ: സീറോ മലബാർ കൺവൻഷനിൽ മാരിവില്ലിന്റെ സപ്തവർണങ്ങളും ഇതൾ വിരിഞ്ഞ ഘോഷയാത്ര അപൂർവ അനുഭവമായി. ഇത് സീറോ മലബാർ രൂപതയ്ക്ക് മാത്രം കഴിയുന്ന മാജിക്ക് എന്ന നിസംശയം പറയാം .

കൺവൻഷന്റെ രണ്ടാം ദിനമായ വെള്ളിയാഴ്ച വിശാലമായ മക്കോർമിക്ക് സെന്റർ നാനാ വർണങ്ങളിലുള്ള മുത്തുക്കുടകളും അലങ്കാരങ്ങളും കൊണ്ട്  ഇടനാഴികൾ വർണപ്രപഞ്ചമാക്കി.  വ്യത്യസ്ത നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ച സ്ത്രീ പുരുഷന്മാർ. അവർക്കിടയിൽ വിശുദ്ധരുടെ വേഷമിട്ടവർ. താടിയും മുടിയുമായി തോമ്മാശ്ലീഹാമാർ (അവരുടെ താടിയും മുടിയും കനത്തപ്പോൾ അന്ന് ബാര്ബര്മാർ  ഇല്ലായിരുന്നുവെന്ന് തോന്നിപ്പിച്ചു!)

മഞ്ഞപ്രഭാപൂരം  ചൊരിഞ്ഞ് സ്വർണകുരിശുകളുടെ നിര. അതൊരു അപൂർവ കാഴ്ചയായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ പൊൻകുരിശു   തോമ്മാച്ചൻമാർ വേഷം മാറി പോറ്റി  ആയും  റായി ആയും  ശബരിമലയിലും  അയോധ്യയിലുമൊക്കെ കറങ്ങുന്ന കാലമാണ്! പക്ഷെ ഇത് അമേരിക്കയാണല്ലോ.

മിക്കവാറുമെല്ലാ പള്ളികളിൽ നിന്നും ടാബ്ലോകളും മറ്റുമായി വിശ്വാസികൾ എത്തി. കൂടുതൽ പള്ളികളും സെന്റ് തോമസിന്റെയും  അൽഫോൻസാമ്മയുടെയും പേരിൽ. മദർ  തെരേസയ്ക്കും സെന്റ് ജോണ് പോൾ  രണ്ടാമനും പള്ളിയുണ്ട്.
 

ചിക്കാഗോയിൽ നിന്നുള്ള വൻ പ്രാതിനിധ്യം ഒഴിച്ചാൽ അടുത്ത സ്ഥാനം ന്യു യോർക്ക് ബെത്ത് പേജ് പള്ളിക്കാണെന്നു തോന്നുന്നു. 125 പേർ  എത്തി. തൊട്ട് പിന്നിൽ ന്യു ജേഴ്‌സി സോമര്സെറ് പള്ളിയിൽ നിന്നുള്ളവർ.

പ്രാർത്ഥനയും പാട്ടും നൃത്തവുമായി ഘോഷയാത്ര കൊഴുത്തു. പഴയ കണക്കിൽ ഘോഷയാത്ര ഹാളിലെത്താൻ ഒന്നര മണിക്കൂറോളമെടുത്തു. അതിനർത്ഥം പങ്കെടുത്തവർ 3500-ൽ പരമെന്ന സംഘാടകരുടെ അവകാശം ശരി  വയ്ക്കുന്നതായിരുന്നു. ഒരുപാട് റൂം ബുക്ക് ചെയ്തിട്ട് രണ്ടായിരത്തിൽ താഴെ ആളുകളെ വന്നുള്ളു എന്നും മറ്റും  ചില ദോഷൈക ദൃക്കുകൾ സോഷ്യൽ മീഡിയയിൽ എഴുതി പിടിപ്പിച്ചത് പച്ച നുണ. മാർ ജേക്കബ് അങ്ങാടിയത്തിനു വലിയ പ്രാധാന്യം കിട്ടിയെങ്കിൽ അത് അദ്ദേഹം അർഹിക്കുന്നതുമായിരുന്നു.

പറയാൻ  കുറ്റവും കുറവുമുണ്ട്. അത് കണ്വൻഷനു ശേഷം പറയാൻ ബാക്കി വയ്ക്കുന്നു.

സീറോ മലബാർ വിശ്വാസ പാരമ്പര്യവും തനിമയും അതിമനോഹരമായി അണിയിച്ചൊരുക്കിയ റാലിയിൽ പങ്കെടുത്ത മികച്ച ഇടവകകൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ പ്രഖ്യാപിച്ചു:
ഒന്നാം സ്ഥാനം: റവ. ഫാ. സിബി സെബാസ്റ്റ്യൻ, അസിസ്റ്റന്റ് വികാരി റവ. ഫാ. ക്രിസ്റ്റിൻ പുതിയകുന്നേൽ എന്നിവർ നേതൃത്വം നൽകുന്ന ഗാർലൻഡ് സെന്റ് തോമസ് ഫൊറോന ചർച്ച് കരസ്ഥമാക്കി.
രണ്ടാം സ്ഥാനം: റവ. ഫാ. സെബാസ്റ്റ്യൻ വലിയപറമ്പിൽ, അസിസ്റ്റന്റ് വികാരി റവ. ഫാ. ജോർജ് പാറയിൽ എന്നിവർ നേതൃത്വം നൽകുന്ന ഹൂസ്റ്റൺ സെന്റ് മേരീസ് ഫൊറോന ചർച്ച് നേടി.
മൂന്നാം സ്ഥാനം: വികാരി റവ.  ഫാ. ജോൺസ്റ്റി തച്ചാറയുടെ നേതൃത്വത്തിൽ അണിനിരന്ന ലോങ് ഐലൻഡ് സെന്റ് മേരീസ് ചർച്ച് (ന്യൂയോർക്ക്) സ്വന്തമാക്കി.
നാലാം സ്ഥാനം: റവ. ഫാ. റൂബൻ ജോസഫ് താന്നിക്കൽ വികാരിയായി നേതൃത്വം നൽകുന്ന അറ്റ്ലാന്റ സെന്റ് അൽഫോൻസ ഫൊറോന ചർച്ച് നേടി.

രണ്ടാം ദിനത്തിൽ പല വേദികളിലായി പല സമ്മേളനങ്ങളാണ് അരങ്ങേറിയത്. ശ്രദ്ധേയമായ ഒന്ന് അമേരിക്കയിലെ മുഖ്യധാരയിൽ ബിഷപ്പാകുന്ന (കൊളംബസ്, ഒഹായോ)  ആദ്യ ഇന്ത്യാക്കാരനായ റവ, ഡോ . ഏൾ ഫെണാണ്ടസിന്റെ പ്രസംഗവും അതേത്തുടർന്ന് നടന്ന സംവാദവുമാണ്.

എന്നും കുടിയേറ്റക്കാർ വരുമെന്ന് കരുതരുതെന്നും അതിനാൽ സഭ മുഖ്യധാരയോടൊപ്പം മുന്നേറണമെന്നും അദ്ദേഹം ചില സമൂഹങ്ങളുടെ അനുഭവം ചൂണ്ടിക്കാട്ടി പറഞ്ഞു. മൂന്നാമത്തെ തലമുറയാകുമ്പോൾ കുടിയേറ്റക്കാരുടെ മക്കൾക്ക് കേരള ബന്ധം തന്നെ കമ്മി ആയിരിക്കും.

അമേരിക്കയിലെ സീറോ മലബാർ രൂപത ഒരു മിഷനറി സഭ ആണെന്ന് മേജർ ആഴ്ച്ച ബിഷപ്പ് പറഞ്ഞത് അദ്ദേഹം ശരിവച്ചു. വിശ്വാസപ്രഘോഷണം ആകണം നമ്മുടെ ലക്‌ഷ്യം. അദ്ദേഹം തന്റെ  വ്യക്തിഗത അനുഭവങ്ങളും വിവരിച്ചു (അന്യത്ര കാണുക)

സംവാദത്തിൽ പങ്കെടുത്തവർ യുവതലമുറയുടെ ചിന്താഗതികളും ഭാഷ പോലും വ്യത്യസ്തമാകുന്നതായി ചൂണ്ടിക്കാട്ടി. അവരെ സഭാകാര്യങ്ങളിൽ തല്പരരാക്കി നിർത്തുക എന്നതാണ് പ്രധാനം.

ഉച്ചക്ക് ശേഷം മേജർ ആർച്ച് ബിഷപ്പ് മാർ  തട്ടിൽ വി. കുർബാന അർപ്പിച്ചു. എല്ലാ ദിവസവും രാവിലെയും കുർബാനയും കുമ്പസാരവുമുണ്ട്.  

മൂന്നാം  ദിവസമായ ശനിയാഴ്ച നിരവധി പ്രോഗ്രാമുകളാണുള്ളത്. പലതും പല  ഹാളുകളിൽ ഒരേ സമയത്തു നടക്കുന്നു എന്ന വിഷമതയുമുണ്ട്.

ചില പരിപാടികൾ ഇവ. വേദി ഏതെന്ന് പ്രോഗ്രാം ലിസ്റ്റിൽ നോക്കുക:


നാളെ രാവിലെ 8 മുതൽ 8:45 വരെ പ്രസിദ്ധ  ധ്യാന ഗുരു ഫാ. സേവിയർ ഖാൻ വട്ടായിലിന്റെ പ്രഭാഷണം: വാക്ക് ബൈ ഫെയ്ത്ത്, നോട്ട്  ബൈ സൈറ്റ്. (മാരിയറ്റ്)  

8 മുതൽ 8:45 വരെ വിമൻസ് ഫോറം: മാരിയറ്റ്

9 മുതൽ 10:15 വരെ കർദിനാൾ മാർ കൂവക്കാട് അർപ്പിക്കുന്ന വി. കുർബാന: കൺവൻഷൻ വേദി

10:30 മുതൽ 12:10 വരെ പാനൽ ഡിസ്കഷൻ: ഇമ്മിഗ്രന്റ്‌സ് റ്റു  ഇൻഫ്ളുവൻസേഴ്സ്: കൺവൻഷൻ സെന്റർ

12: 15 മുതൽ 12:30 വരെ മാർഗം കളി: കൺവൻഷൻ സെന്റർ

1:30 മുതൽ 4:30 വരെ: കോളജ് അഡ്മിഷൻ: മക്കോർമിക്ക് പ്ളേസ് വെസ്റ്റ്

2:30 മുതൽ 3:20 വരെ: എസ്.എം.സി.സി മീറ്റ്: മാർ ആൻഡ്രൂസ് താഴത്ത് പങ്കെടുക്കുന്നു.

2:30 മുതൽ 3:30 വരെ വിവാഹ ജീവിതത്തെപ്പറ്റി ഫാ. ജോസഫ് പുത്തൻപുരക്കൽ

2:30 മുതൽ 3:20 വരെ സാമ്പത്തിക കാര്യങ്ങളെപ്പറ്റി ചർച്ച ആന്റണി സക്കറിയയും ജിബി പാറക്കലും നയിക്കുന്നു.

2:30 മുതൽ 3:20 വരെ: സിനിമ ആൻഡ് ഫെയ്ത്ത്: നടൻ ജയറാം പങ്കെടുക്കുന്നു.

3: 35 മുതൽ  4:25 വരെ: ഏജിങ് വിത്ത് ഗ്രേസ്: മാർ റാഫേൽ തട്ടിൽ (മാരിയറ്റ്)

4:30-5:30 വേൾഡ് കപ്പ് ഫുട്‌ബോൾ

6: 15 ഗാലാ ബാങ്ക്‌വറ്റ്  

7:30 മുതൽ 9:30 വരെ: സമാപന സമ്മേളനം

7:30 മുതൽ 11:30 വരെ റിവർ ക്രൂസ്

9.00 മുതൽ 11:30 വരെ ഗാല ഡി.ജെ. നൈറ്റ്
9:30 മുതൽ കലാപരിപാടികൾ 

see also

ആത്‌മീയ പ്രഭ ചൊരിഞ്ഞ് സിറോ മലബാർ രൂപത രജത ജൂബിലി കൺവെൻഷൻ ആരംഭിച്ചു  

വിശ്വാസ ദീപ്തിയിൽ ചിക്കാഗോ; സീറോ മലബാർ രൂപതയുടെ രജതജൂബിലി കൺവെൻഷന് ഭക്തിനിർഭരമായ തുടക്കം  

ഇനിയും വിസ്മയങ്ങൾ ഉണ്ടാവും: ആർച്ച് ബിഷപ്പ് മാർ തോമസ് തറയില്‍  

സീറോ മലബാർ രൂപത സ്വന്തം കാലിൽ ഉറച്ചു നിൽക്കാൻ കരുത്ത് നേടി: ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്  

കിഴക്കും പടിഞ്ഞാറും രണ്ടു ശ്വാസകോശം പോലെ: കർദിനാൾ മാർ ജോർജ് കൂവക്കാട്  

ജെറുസലേം വീണ്ടും: കാണികളെ വിസ്മയിപ്പിച്ച് സാംസ്കാരിക ദൃശ്യവിരുന്ന്  

എല്ലാം ഗുരുക്കന്മാരുടെ അനുഗ്രഹം: ജയറാം; ഇലഞ്ഞിത്തറ മേളം ഗംഭീരം   

സീറോ മലബാർ രൂപത രജത ജൂബിലി കൺവെൻഷൻ (കൂടുതല്‍ ചിത്രങ്ങള്‍)  

ഷിക്കാഗോയിൽ മാരിവില്ലിറങ്ങി; ഘോഷയാത്ര  അപൂർവ മനോഹരമായി
ഷിക്കാഗോയിൽ മാരിവില്ലിറങ്ങി; ഘോഷയാത്ര  അപൂർവ മനോഹരമായി
ഷിക്കാഗോയിൽ മാരിവില്ലിറങ്ങി; ഘോഷയാത്ര  അപൂർവ മനോഹരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക