
ഷിക്കാഗോ: അമേരിക്കയിലെ സീറോ മലബാർ സഭ ഇനി കുടിയേറ്റ സമൂഹത്തിന്റെ സഭ എന്നതിലുപരി പുതിയ സുവിശേഷവത്കരണത്തിന് നേതൃത്വം നൽകുന്ന മിഷണറി സഭയായി വളരണമെന്നും, അതിന് യുവതലമുറയെ സഭയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും ഷിക്കാഗോയിൽ നടന്ന രജതജൂബിലി കൺവെൻഷനിലെ പാനൽ ചർച്ചയിൽ അഭിപ്രായപ്പെട്ടു.
'ഈസ്റ്റേൺ കാത്തലിക് ചർച്ചസ് : ഇന്റഗ്രേറ്റീങ് ജനറേഷൻസ് ആൻഡ് എംബറേസിങ് എ മിഷനറി ഫ്യുച്ചർ' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ വിവിധ രൂപതകളിലെ വൈദികരും സഭാനേതാക്കളും പങ്കെടുത്തു. കിഴക്കൻ കത്തോലിക്കാ സഭകളുടെ അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട്, അമേരിക്കയിലെ സീറോ മലബാർ സഭയുടെ ഭാവിദിശയെക്കുറിച്ചാണ് ചർച്ച പ്രധാനമായും കേന്ദ്രീകരിച്ചത്.
മെൽകൈറ്റ് സഭയുടെ ചരിത്രം ഉദാഹരിച്ച് സംസാരിച്ച ബിഷപ്പ് ഏൾ ഫെണാണ്ടസ് , കുടിയേറ്റ സമൂഹങ്ങൾ നേരിടുന്ന രണ്ട് പ്രധാന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി. ഒന്നാമത്തേത്, ഭാഷയിലും സംസ്കാരത്തിലും മാത്രം ഒതുങ്ങി 'സാംസ്കാരിക ക്ലബ്ബ്' ആയി മാറുന്ന പ്രവണതയും, രണ്ടാമത്തേത് സ്വന്തം ആത്മീയ പാരമ്പര്യം നഷ്ടപ്പെടുത്തി മുഖ്യധാരയിൽ ലയിച്ചുപോകുന്ന അവസ്ഥയുമാണ്. ഈ രണ്ടിനും ഇടയിലുള്ള മാർഗം തലമുറകളുടെയും സംസ്കാരങ്ങളുടെയും സമന്വയമാണെന്ന് അദേഹം ചൂണ്ടിക്കാട്ടി.

അമേരിക്കയിലെ സീറോ മലബാർ രൂപത ഇന്ന് വളർച്ചയുടെ പുതിയ ഘട്ടത്തിലാണെന്നും, ഇനി വിശ്വാസം സംരക്ഷിക്കുക മാത്രമല്ല, അത് സമൂഹവുമായി പങ്കുവയ്ക്കുകയും വേണമെന്നും പ്രഭാഷകർ പറഞ്ഞു. "നമ്മുടെ മൂന്നാം തലമുറ ഇനി വെറും മലയാളികളല്ല; അവർ സീറോ മലബാർ പാരമ്പര്യം അഭിമാനത്തോടെ വഹിക്കുന്ന ഇന്ത്യൻ-അമേരിക്കക്കാരാണ്" എന്ന നിരീക്ഷണവും ചർച്ചയിൽ ശ്രദ്ധേയമായി.
മലയാളവും ഇംഗ്ലീഷും തമ്മിലുള്ള ഭാഷാ വ്യത്യാസം, തലമുറകളിലെ ആശയവിനിമയക്കുറവ്, യുവജനങ്ങളുടെ മാറിയ ജീവിതരീതികൾ എന്നിവ സഭയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളികളാണെന്ന് ചർച്ചയിൽ അഭിപ്രായപ്പെട്ടു. എന്നാൽ വിശ്വാസം മാറ്റേണ്ടതില്ലെങ്കിലും, വിശ്വാസപഠനത്തിന്റെ രീതികളും സമീപനങ്ങളും കാലാനുസൃതമായി നവീകരിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
യുവജനങ്ങൾക്ക് സഭയിൽ കൂടുതൽ നേതൃത്വാവസരങ്ങൾ നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഒരു തലമുറ മറ്റൊന്നിനെ മാറ്റിസ്ഥാപിക്കുന്നതല്ല സഭയുടെ ഭാവിയെന്നും, തലമുറകൾ ഒരുമിച്ച് പ്രവർത്തിക്കുന്ന മാതൃകയാണ് വളർത്തിയെടുക്കേണ്ടതെന്നും അവർ പറഞ്ഞു.

അമേരിക്കയിലെ സീറോ മലബാർ സഭയ്ക്ക് ഏകദേശം 10,000 കാറ്റക്കിസം വിദ്യാർഥികളുള്ളത് വലിയ പ്രതീക്ഷ നൽകുന്ന കാര്യമാണെങ്കിലും, ഈ കുട്ടികളിൽ സഭയോടുള്ള ആത്മബന്ധം വളർത്തിയെടുക്കാൻ കഴിയാതെ പോയാൽ ഭാവിയിൽ സഭയ്ക്ക് തിരിച്ചടിയാകുമെന്നും ചർച്ചയിൽ മുന്നറിയിപ്പ് നൽകി. പുതിയ കുടിയേറ്റക്കാരെ മാത്രം ആശ്രയിച്ച് സഭയുടെ വളർച്ച തുടരാനാകില്ലെന്നും, അമേരിക്കയിൽ ജനിച്ച് വളരുന്ന യുവതലമുറയെ സഭയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.
"നാം കുടിയേറ്റക്കാരല്ല, മിഷണറിമാരാണ്" എന്ന ആശയം പാനൽ ചർച്ചയുടെ പ്രധാന സന്ദേശമായി ഉയർന്നു. സീറോ മലബാർ സഭയുടെ ദൗത്യം കേരളത്തിൽ നിന്ന് വന്ന വിശ്വാസികളെ ഒരുമിപ്പിക്കുന്നതിൽ ഒതുങ്ങരുതെന്നും, അമേരിക്കൻ സമൂഹത്തിലേക്ക് സുവിശേഷം എത്തിക്കുന്ന മിഷണറി ദൗത്യം ഏറ്റെടുക്കണമെന്നും പ്രഭാഷകർ ആഹ്വാനം ചെയ്തു. സഭ നിലനിൽക്കാൻ മാത്രമല്ല, വളർന്ന് ഫലവത്താകാനാണ് ശ്രമിക്കേണ്ടതെന്നും അവർ പറഞ്ഞു.
യുവജനങ്ങൾ സഭയുടെ "നാളത്തെ പ്രതീക്ഷ" മാത്രമല്ല, ഇന്നത്തെ നേതൃത്വം കൂടിയാണെന്ന് ചർച്ചയിൽ ആവർത്തിച്ച് ചൂണ്ടിക്കാട്ടി. എല്ലാ പ്രായക്കാരെയും കേൾക്കുന്ന, എല്ലാവർക്കും ഇടം നൽകുന്ന വിശ്വാസസമൂഹം രൂപപ്പെടുത്തുമ്പോഴാണ് സഭയുടെ ഭാവി സുരക്ഷിതമാകുകയെന്നും, സ്നേഹത്തിലും കൂട്ടായ്മയിലുമാണ് യഥാർഥ സഭാജീവിതം വളരുന്നതെന്നും പാനൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു.
see also
സീറോ മലബാർ സഭ പുതിയ സുവിശേഷവത്കരണത്തിന് നേതൃത്വം നൽകണം: കൊളംബസ് ബിഷപ്പ് എർൾ ഫെർണാണ്ടസ്
ജിബി പാറക്കൽ: ബിസിനസ് വിജയങ്ങളും നിശബ്ദമായ സേവന പ്രവർത്തനങ്ങളും
സീനിയർ ലിവിങ് സ്ഥാപനം ട്രാവൻകൂർ ഫൗണ്ടേഷൻ പ്രതിനിധികൾ ഷിക്കാഗോ സീറോ മലബാർ കൺവൻഷനിൽ
ഷിക്കാഗോയിൽ മാരിവില്ലിറങ്ങി; ഘോഷയാത്ര അപൂർവ മനോഹരമായി
ആത്മീയ പ്രഭ ചൊരിഞ്ഞ് സിറോ മലബാർ രൂപത രജത ജൂബിലി കൺവെൻഷൻ ആരംഭിച്ചു
വിശ്വാസ ദീപ്തിയിൽ ചിക്കാഗോ; സീറോ മലബാർ രൂപതയുടെ രജതജൂബിലി കൺവെൻഷന് ഭക്തിനിർഭരമായ തുടക്കം
ഇനിയും വിസ്മയങ്ങൾ ഉണ്ടാവും: ആർച്ച് ബിഷപ്പ് മാർ തോമസ് തറയില്
സീറോ മലബാർ രൂപത സ്വന്തം കാലിൽ ഉറച്ചു നിൽക്കാൻ കരുത്ത് നേടി: ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്
കിഴക്കും പടിഞ്ഞാറും രണ്ടു ശ്വാസകോശം പോലെ: കർദിനാൾ മാർ ജോർജ് കൂവക്കാട്
ജെറുസലേം വീണ്ടും: കാണികളെ വിസ്മയിപ്പിച്ച് സാംസ്കാരിക ദൃശ്യവിരുന്ന്
എല്ലാം ഗുരുക്കന്മാരുടെ അനുഗ്രഹം: ജയറാം; ഇലഞ്ഞിത്തറ മേളം ഗംഭീരം