
രാവിലെ അലാറത്തിൻ്റെ ശബ്ദം കേട്ട് ചാടിയെണീറ്റ. അലാറം നിർത്തി, ഇന്ന് ജോലിക്ക് പോകണ്ടല്ലോ എന്ന ആശ്വാസത്തിൽ വീണ്ടും ഒന്ന് തിരിഞ്ഞുകിടക്കാമെന്ന് കരുതിയ നിമിഷം... ജോലിക്ക് പോകാനൊരുങ്ങുന്ന പ്രിയതമന്റെ കമന്റ്.
"കരോൾ സംഘം വീട്ടിലെത്തുന്നത് നാളെയാണെന്ന് നീ മറന്നുപോയോ?"
കേട്ട പാതി, കേൾക്കാത്ത പാതി... ഞാൻ ചാടിയെണീറ്റു. "എൻ്റെ കർത്താവേ... ഇന്ന് പണി പാളിയേനെ! ഞാൻ അങ്ങ് മറന്നു."
ഈ വർഷം വികാരിയച്ചൻ പുൽക്കൂട് മത്സരവും വച്ചിരിക്കുന്നു. ഡ്യൂട്ടി തിരക്കിൽ പുൽക്കൂടിന്റെ പകുതി പണിയേ കഴിഞ്ഞുള്ളു. അതിനിടയിലാണ് മക്കൾക്ക് ഇന്ന് മുതൽ രണ്ടാഴ്ചത്തെ ക്രിസ്മസ് അവധിയും തുടങ്ങിയത്. അവരെയും വേഗം വിളിച്ചെഴുന്നേല്പിച്ചു. ഓരോ പ്രോട്ടീൻ ബാറും കൈയ്യിൽ കൊടുത്തു. സമയം കളയാതെ കാര്യപരിപാടിയിലേക്ക് ചാടിയിറങ്ങി.
ട്രീയുടെ ചുമതല ഇളയവനേൽപ്പിച്ചു. പുൽക്കൂടിന്റെ പാലം ഉണ്ടാക്കാൻ മൂത്തമോളെയും ചുറ്റുപാടിനായി മുളപ്പിച്ച കടുക് തൈകൾ നട്ടു തീർക്കാമെന്ന് ഞാനും.
വേഗത്തിൽ ഓരോന്നായി ചെയ്തു നീങ്ങുമ്പോൾ...
എപ്പോഴോ, എങ്ങനെയോ, എനിക്ക് പോലും അറിയാതെ എൻ്റെ മനസ് നിറംപിടിച്ച കുട്ടിക്കാലത്തിലേക്ക് ഊളിയിട്ടിറങ്ങി.
ഡിസംബർ മാസത്തെ കോടമഞ്ഞു വീഴുന്ന ക്രിസ്മസ് അവധിക്കാലം... മധ്യവേനലവധിക്കാലത്തേക്കാൾ അടിച്ചുപൊളിക്കാൻ പറ്റിയ സമയമുണ്ടോ?
എവിടെ നോക്കിയാലും ദീപപ്രഭ ചൊരിയുന്ന നക്ഷത്രങ്ങളും ബൾബുമാലകളും. സമ്മാനപ്പൊതികൾ. ഒളിപ്പിച്ചിരിയ്ക്കുന്ന ക്രിസ്മസ് ട്രീകൾ. തിരുപ്പിറവി ആലേഖനം ചെയ്ത പുൽക്കൂടുകൾ. കരോൾഗാനങ്ങളാൽ മുഖരിതമായ അന്തരീക്ഷം... എങ്ങും ആഹ്ലാദത്തിൻ്റെ അലയടികൾ.
വില്ലനായ ക്രിസ്മസ് പരീക്ഷ കഴിഞ്ഞപാടെ പാഠപുസ്തകങ്ങൾ വലിച്ചെറിഞ്ഞ് തൊടിയിലേക്കൊരു ഓട്ടം. പുൽക്കൂടിനായി ഉണ്ണീശോപുല്ല് പഠിക്കാനുള്ള ആവേശത്തിൽ പലപ്പോഴും കുഞ്ഞാങ്ങളെ പാതിവഴിയിൽ മറന്നു
തിരിച്ചു വീട്ടിലെത്തുമ്പോൾ മമ്മിയുടെ ശകാരശബ്ദം കേൾക്കുമ്പോഴാണ് സ്ഥലകാലബോധം ഉദിക്കുക.
പിന്നെ ഞാനൊന്നുമറിഞ്ഞില്ലേയെന്ന മട്ടിൽ മച്ചിൻ്റെ മുകളിലേക്ക് കയറി. അവിടുത്തെ സ്ഥിരം അന്തേവാസികളായ മൂഷികപ്പടയെ പേടിച്ചിട്ടും ധൈര്യം സംഭരിച്ചു, പുൽക്കൂട്ടിലേക്കുള്ള രൂപങ്ങൾ താഴെ വീഴാതെ,
ഉള്ളിലെ ഭയം പുറത്തുകാണിക്കാതെ, ഗോവണിപ്പടികൾ ഇറങ്ങിവരുമ്പോൾ യുദ്ധം ജയിച്ചു വരുന്ന ഭാവം!
ഒരാഴ്ച മുമ്പേ തന്നെ കടുകും നെല്ലും തിനയും മുളപ്പിക്കാൻ വച്ചിട്ടുണ്ടാകും. പുൽക്കൂടിന്റെ ചുറ്റും പ്രകൃത്യാലുള്ള പച്ചപ്പുണ്ടാകാനായി. പരുത്തിപോലെ മേഘങ്ങൾ ഉണ്ടാക്കാൻ മമ്മി പഴയ തലയണ പൊളിച്ചെടുത്ത പഞ്ഞി തരും.അതിന്റെ മൃദുത്വം ഇന്നും ഓർമ്മയിൽ.
നക്ഷത്രമിടാൻ പപ്പയെ നേരത്തെ തന്നെ "സോപ്പടിച്ചിരിക്കും". രൂപകൽപ്പനയുടെ ഗുരു മമ്മിത്തന്നെ.
വിശപ്പും ദാഹവുമൊക്കെ തൃണവൽഗണിച്ച് പുൽക്കൂട് പൂർത്തിയാകുമ്പോൾ അങ്ങകലെയുള്ള മലവശത്തുകൂടി ഒഴുകിവരുന്ന അരുവിക്കരയിൽ ഒരു അതിമനോഹരമായ ലോകം പിറന്നിരിക്കും.
ബൾബുമാലകൾ മിന്നിച്ചിമ്മുന്നത് കണ്ണിമചിമ്മാതെ നോക്കി നിൽക്കുമ്പോൾ അടുക്കളയിൽ നിന്ന് മമ്മിയുടെ വിളി:
"പിള്ളേരെ... കഴിഞ്ഞില്ലേ ഇതുവരെ? ചോറ് ആറിപ്പോകും!"
നോമ്പായതിനാൽ മത്സ്യമാംസമൊന്നും വീട്ടിൽ കയറില്ല.
നോമ്പുവിടലിന് കൂട്ടാൻ പോകുന്ന കോഴിക്കറിയും പോത്തിറച്ചിയും മനസ്സിൽ ധ്യാനിച്ച് കഴിച്ചെന്നു വരുത്തി എഴുന്നേൽക്കും.
കുടുംബപ്രാർത്ഥന കഴിഞ്ഞാലുടൻ കോലായിൽ ചെന്നിരിപ്പ്, കരോൾ സംഘത്തെ കാത്ത്. തലയിണ വച്ച് വീർപ്പിച്ച വയറും, പഞ്ഞിപോലത്തെ താടിയും, തൊപ്പിയും, ബലൂൺ കെട്ടിയ വടിയുമായി ആടിക്കളിക്കുന്ന ക്രിസ്മസ് അപ്പൂപ്പൻ ഇല്ലാതെ എന്താഘോഷം!
പാതിരാക്കുർബാനയ്ക്ക് നേരമാകുമ്പോൾ, മമ്മി ഇന്നിവച്ച പുത്തനുടുപ്പുമിട്ട് കണ്ണാടിക്ക് മുൻപിൽ കുറേനേരം ആ സൗന്ദര്യം ആസ്വദിച്ചിട്ടേ ഓട്ടം.
വികാരിയച്ചന്റെ പ്രസംഗ സമയത്ത് മുൻദിവസത്തെ അലച്ചിലിൻ്റെ ക്ഷീണത്തിൽ നിദ്രാദേവി ഒന്ന് തലോടാതിരിക്കില്ല.
ഉണ്ണീശോയെ തീ കായ്ക്കാൻ കൊണ്ടുപോകുന്ന കൂട്ടത്തിൽ ഞാനും മുന്നിൽ കയറിപ്പറ്റും. കാണാനും പറ്റും, ഓസിൽ ചൂടും കിട്ടും.
കുർബാന കഴിഞ്ഞുള്ള കേക്ക് മുറിക്കൽ. ക്രിസ്മസ് ട്രീയിൽ നിന്ന് സമ്മാനപ്പൊതികൾ. കരോൾ പാട്ടുകൾ. മത്സരിച്ചുള്ള പടക്കം പൊട്ടിക്കൽ.എല്ലാം ചേർന്നൊരു മേള.
വീട്ടിലെത്തിയാൽ കലാശക്കൊട്ട്, ചൂട് കള്ളപ്പം ഉണ്ടാക്കാൻ മമ്മിയോടുള്ള വാശി. ആദ്യത്തെ അപ്പം നേടാൻ ആങ്ങളമാരോടുള്ള ഗുസ്തി. " മൂന്ന് അപ്പം റെഡിയായാൽ മതി!" എന്ന മമ്മിയുടെ ഡയലോഗ്. അടിപൊളി ബീഫ് കറിയും എല്ലും കപ്പയും... ഹാ! ഓർക്കുമ്പോൾ തന്നെ നാക്കിൽ വെള്ളമൂറും.
മത്താപ്പൂവും കുടച്ചക്രവും കത്തിച്ച് കിടക്കുമ്പോഴേക്കും മേഘപാളികൾക്കിടയിൽ നിന്ന് പ്രഭാതസൂര്യൻ സുസ്മേരവദനനായി എത്തിനോക്കും:
"മമ്മീ... ഈ പാലം എവിടെയാ വയ്ക്കേണ്ടത്?" മൂത്ത മോളുടെ വിളിയാണ് ഓർമ്മച്ചെപ്പിലെ കുളിരാർന്ന ഗതകാലത്തിൽ നിന്ന് എന്നെ ഉണർത്തിയത്.
ഒരിക്കലും തിരിച്ചു കിട്ടില്ലാത്ത ആ ചേലുള്ള കുട്ടിക്കാലത്തിലേക്ക് ഒരിക്കൽകൂടെ തിരിച്ചു നടക്കാൻ മനസ് അറിയാതെ കൊതിച്ചു.
ഈ ഓർമ്മച്ചെപ്പ് അണയാത്ത കെടാവിളക്കുപോലെ ഒരു പുരുഷായുസ്സ് മുഴുവൻ കത്തിജ്വലിക്കട്ടെ എന്ന് ആഗ്രഹിക്കുമ്പോഴും ക്രിസ്മസ് ട്രീയുടെ കീഴിൽ ഒളിപ്പിച്ച സമ്മാനപ്പൊതികളിൽ മാത്രംകണ്ണും നട്ടിരിക്കുന്ന പുതുതലമുറയ്ക്ക് ഇത്തരം ഓർമ്മകൾ നഷ്ടപ്പെടുന്നുവെന്ന ഒരു ചെറുവേദന മാത്രം ബാക്കി.
ഇന്നത്തെ കുട്ടികൾക്ക് ക്രിസ്മസ് ഒരു ദിവസത്തെ ആഘോഷമാണ്. പക്ഷേ ഞങ്ങൾക്ക് അത് ഒരു കാലഘട്ടമായിരുന്നു.. കാത്തിരിപ്പിൻ്റെയും പങ്കിടലിൻ്റെയും ഒരുമയുടെയും. ട്രീയുടെ കീഴിലെ സമ്മാനങ്ങളെക്കാൾ, ആ ട്രി ചുറ്റി കൂടി നിന്ന മനുഷ്യബന്ധങ്ങളായിരുന്നു യഥാർത്ഥ സമ്മാനം. ഓർമ്മകൾ പെട്ടിയിൽ സൂക്ഷിക്കാൻ പറ്റില്ലെങ്കിലും, അവ പറയാതെ പോയാൽ മങ്ങിപ്പോകും. അതുകൊണ്ട് തന്നെയാവാം, ഈ ഓർമ്മച്ചെപ്പ് തുറന്ന് തുറന്ന് നോക്കാൻ മനസ് വീണ്ടും വീണ്ടും കൊതിക്കുന്നത്.
കൃസ്തുമസ് രചനകൾ
പ്രത്യാശയുടെ വെളിച്ചം (ഡോ. ആനി പോള്‍)
നിലാ (ക്രിസ്തുമസ് രചനകള്‍: ജെസി ജിജി)
ക്രിസ്തുമസ്സും സാന്റാക്ലോസ്സും (സരോജ വര്‍ഗീസ്)
പ്രത്യാശയാണ് ജീവിതം (ജോര്‍ജ് തുമ്പയില്‍)
അമേരിക്കയിലെ ആദ്യത്തെ കൃസ്തുമസ്സും മൂന്നാമത്തെ മോനും (കൃസ്തുമസ് രചനകൾ: തോമസ്ക്കുട്ടി, പരിയാരം)
ക്രിസ്തുമസ് ദിനാഘോഷങ്ങളും പ്രതീക്ഷയുണർത്തുന്ന പുതുവത്സര പിറവിയും! (ഫിലിപ്പ് മാരേട്ട്)
‘A THRILL OF HOPE’ AND LIGHT– FOR OUR LIFE IN DARKNESS (Rev. Dr. John T. Mathew)
പുണ്യജന്മം (സരോജ വർഗ്ഗീസ്, ഫ്ലോറിഡ)
'മറ്റേ ജ്ഞാനി' - ഒരു ക്രിസ്തുമസ്സ് കഥ (സ്വതന്ത്ര തര്‍ജ്ജമ, സംഗ്രഹം: സുധീര്‍ പണിക്കവീട്ടില്‍)
പോയിൻസെറ്റിയ - വിശുദ്ധ രാത്രിയുടെ പൂക്കൾ (വാൽക്കണ്ണാടി - കോരസൺ)