
സഹോദരനോ സഹോദരിയോ സ്പോൺസർ ചെയ്തു ഇവിടെ വന്ന അനേകരെപോലെ ഞാനും ചേട്ടന്റെ സഹായത്താൽ അമേരിക്കയിൽ എത്തി. ഡൽഹിയിൽ ഭാര്യ ഏലിക്കുട്ടിയും രണ്ടു മക്കളുമായി കഴിയുമ്പോഴാണ് അമേരിക്കയിലേക്കുള്ള വിസ കിട്ടുന്നത്. നേരത്തെ ഇവിടെ എത്തിച്ചേർന്ന ജോസച്ചായനും കുടുംബവും ഉണ്ട്. എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ അവർ കാത്ത് നിന്നിരുന്നു. കൃസ്തുമസ് സമയമായതുകൊണ്ട് ഭൂമിയിൽ നക്ഷത്രങ്ങൾ ഇറങ്ങി വന്നപോലെ വെളിച്ചവും ഭംഗിയും. ജോസച്ചായന്റെ മുഖത്തും നല്ല പ്രകാശമുണ്ടായിരുന്നു. പക്ഷെ ചേട്ടത്തിയുടെ മുഖത്ത് ബൾബിന്റെ ഫൂസ് പോയ പോലെ ഇരുട്ട്.
കർത്താവിന്റെ ജന്മദിനത്തിന് മുന്നേ തന്നെ അമേരിക്കയിൽ എത്തി ആ ആഘോഷങ്ങളിൽ പങ്കുകൊള്ളാൻ കഴിഞ്ഞല്ലോ എന്ന സന്തോഷം. ചേട്ടത്തിയും ഏലിക്കുട്ടിയും ഒരു ചിരി കൈമാറിയതല്ലാതെ മിണ്ടാട്ടം ഇല്ല. ചേട്ടൻ വിശേഷങ്ങൾ ഒക്കെ ചോദിക്കുന്നുണ്ട്. അവരുടെ മക്കൾക്ക് പതിമൂന്നു വയസ്സിനു മേലെ ആയതുകൊണ്ട് വീട്ടിൽ തനിയെ വിട്ടു വന്നിരിക്കയാണ്. ഞാൻ എടുത്ത് നടന്ന കുട്ടികൾ. എനിക്ക് അവരെയൊക്കെ കാണാൻ തിരക്കായി. അപ്പോൾ ചേട്ടൻ എന്റെ മനസ്സ് വായിച്ചപ്പോലെ “തോമസ് കുട്ട്യേ പിള്ളേരൊക്കെ മലയാളം മറന്നു. നിനക്ക് അവരോട് ഇംഗളീഷിൽ സംസാരിക്കേണ്ടി വരും. ഇപ്പോൾ അടുത്ത് നാട്ടിൽ പോയപ്പോൾ വല്യമ്മച്ചിയുമായി അവർ ആംഗ്യഭാഷയിൽ സംസാരിച്ചതുകൊണ്ട് നിനക്ക് കഥകളി അറിയാമെങ്കിൽ രക്ഷപ്പെട്ടു.” കുഞ്ഞങ്ങളോട് സംസാരിക്കാനുള്ള ഇംഗളീഷ് അച്ചായനറിയും ചേട്ടാ എന്ന് ഏലിക്കുട്ടിയുടെ കമന്റ് ചേട്ടത്തിയെ അസ്വസ്ഥയാക്കി.
ചേട്ടന്റെ കാഡിലാക്ക് കാർ ഡ്രൈവ് വെയിലേക്ക് കയറുമ്പോൾ വീട്ടിൽ നിന്നും ഇംഗളീഷ് മ്യുസിക്ക് പൊടിപൊടിക്കുന്ന ശബ്ദം കേൾക്കാം. നല്ല മനോഹരമായ വീട്. വീടിനകത്ത് കൃസ്തുമസ് ട്രീയും അതിനു ചുവട്ടിൽ സമ്മാനപൊതികളുമുണ്ട്. ഒരു പുൽക്കൂടും ഒരുക്കിയിട്ടുണ്ട്. ചേട്ടൻ കുട്ടികളെ വിളിച്ചു അവർ വന്നു അമേരിക്കൻ സ്റ്റയിലിൽ ഒരു ഹായ് പറഞ്ഞുപോയി. ഞങ്ങൾ എല്ലാവരും ഡൽഹിയിൽ ആയിരുന്നപ്പോൾ ആ പൊടികുഞ്ഞുങ്ങൾക്ക് എന്തൊരു സ്നേഹമായിരുന്നു. അമേരിക്കയെന്ന മായിക ലോകത്തിൽ സ്നേഹം ഇല്ലേ.
ചേട്ടത്തി എല്ലാവർക്കും ചായയും അമേരിക്കയിലെ ചില സ്‌നാക്‌സും തന്നു. ചായ കുടിക്കുമ്പോൾ ജോസച്ചായൻ പറഞ്ഞു തോമസ് കുട്ട്യേ ഇവിടെ ചിന്നമ്മയുടെ (ചേട്ടത്തി) ആങ്ങളയും ഭാര്യയും താമസിക്കുന്നുണ്ട്. അതുകൊണ്ട് ഇവിടെ നിങ്ങൾക്ക് താമസിക്കാൻ സൗകര്യമില്ല. ഞാൻ നിങ്ങൾക്ക് ഒരു അപാർട്മെന്റ് വാടകക്ക് എടുത്തിട്ടുണ്ട്. ഇവിടെ അടുത്ത്ആണ്. നമുക്ക് അങ്ങോട്ട് പോകാം പെട്ടിയൊക്കെ കാറിൽ തന്നെ ഇരുന്നോട്ടെ എന്ന് പറഞ്ഞതിന്റെ ഗുട്ടൻസ് പിടി കിട്ടി.
പെട്ടിയിൽനിന്നും അമ്മച്ചി നിങ്ങൾക്കും മക്കൾക്കും കൊടുത്തയച്ച സാധനങ്ങൾ എടുക്കേണ്ടെ. അതൊക്കെ അപ്പാർട്മെന്റിൽ ചെന്ന് സാവധാനം മതി. ജോസ് അച്ചായൻ ഒന്നും മിണ്ടിയില്ല. അങ്ങനെ അപ്പാർട്മെന്റിൽ എന്നെയും എലിക്കുട്ടിയെയും കൊണ്ടുചെന്നാക്കി ജോസ് അച്ചായൻ മടങ്ങാൻ നേരത്ത് എന്നോട് രഹസ്യമായി പറഞ്ഞു. ഡാ.. ചിന്നമ്മക്ക് നിങ്ങളുടെ വരവ് ഇഷ്ടമായില്ല. ഈ തണുപ്പൊക്കെ കഴിഞ്ഞിട്ട് വന്നാൽ മതിയായിരുന്നു എന്നാണ് അവൾ പറയുന്നത്. അത് സാരമില്ല. നിനക്ക് എല്ലാ സൗകര്യവും ഇവിടെയുണ്ട്. രാത്രി കഴിക്കാൻ ഭക്ഷണം ചിന്നമ്മ തന്നു വിട്ടിട്ടുണ്ട്. നീ ഡൽഹിയിൽ താമസിച്ചതുകൊണ്ട് അപ്പാർട്മെന്റിലെ താമസം ഒരു പുത്തരിയല്ലല്ലോ. ഞാൻ പോട്ടെ.
ജോസച്ചായൻ പോയിക്കഴിഞ്ഞപ്പോഴാണ് തണുപ്പ് അനുഭവപ്പെടുന്നത്. ചൂട് വെള്ളത്തിൽ കുളിച്ചാൽ സുഖമാകുമെന്നു കരുതി. രണ്ടുപേരും കുളിച്ച്. വിശപ്പുണ്ടായിരുന്നതുകൊണ്ട് ഭക്ഷണവും കഴിച്ച്. കിടക്കയിൽ പുതപ്പൊക്കെ വച്ചിട്ടുണ്ട്. പക്ഷെ തണുപ്പ് അസഹ്യം. ജന്നൽ കർട്ടൻ നീക്കി പുറത്തേക്ക് നോക്കുമ്പോൾ ഭയങ്കര കാറ്റ് അടിക്കുന്നത് കാണാം. ഇലപൊഴിഞ്ഞ മരങ്ങൾ ഞങ്ങൾക്കും തണുപ്പാണെന്നു പറയുംപോലെ നിൽക്കുന്നു. ഏലിക്കുട്ടി "അച്ചായാ എന്നെ കെട്ടിപിടിക്കു " എന്ന് വിറച്ചുകൊണ്ട് പറഞ്ഞു. അവൾക്ക് നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ട്. മുറിയിൽ ഹീറ്റ് ഉണ്ടെന്നും അത് കൂട്ടിയും കുറച്ചും വയ്ക്കാമെന്നും ഞങ്ങൾക്കറിയില്ലായിരുന്നു. ജോസച്ചായനെ വിളിക്കാൻ ഫോണും ഇല്ല. അദ്ദേഹം രാവിലെ വരാമെന്നു പറഞ്ഞതും പ്രതീക്ഷിച്ചു ഞങ്ങൾ പുതപ്പിനടിയിൽ കയറി. കല്യാണം കഴിഞ്ഞകാലത്ത് വയനാട്ടിലുള്ള അമ്മായിയുടെ വീട്ടിൽ പോയ ഓർമ്മ. ഏലിക്കുട്ടി ചേർന്ന് ചേർന്ന് കിടക്കയാണ്. അച്ചായാ,, ഗബ്രിയേൽ മാലാഖ മാതാവിനോട് പറഞ്ഞപോലെ എന്നോടും പറയുമോ?. എനിക്ക് തണുപ്പ് സഹിക്കുന്നില്ല. അതൊരു ഗർഭത്തിന്റെ വരവ് സൂചിപ്പിക്കുന്നല്ലോ ഏലിക്കുട്ട്യേ എന്ന് പറഞ്ഞപ്പോൾ അവൾ വീണ്ടും കെട്ടിപിടിച്ചു. അവൾ ചെവിയിൽ പറഞ്ഞു മോനാണെങ്കിൽ ഈശോ എന്ന് പേരിടണം.
രാവിലെ ജോസച്ചായൻ പ്രാതലും കൊണ്ടുവന്നപ്പോൾ വിലക്കപ്പെട്ട പഴം തിന്നു ദൈവത്തെ കാണാതെ ഒളിച്ച് നിന്ന ആദവും ഹവ്വയും പോലെ ഞങ്ങൾക്ക് സങ്കോചം ഉണ്ടായി. പ്രാതൽ കഴിക്കുമ്പോൾ ജോസച്ചായൻ എന്താണ്ടാ ഇതിനകത്ത് ഇത്ര തണുപ്പ് എന്ന് ചോദിച്ചു തെർമോസ്റ്റാറ്റും റേഡിയേറ്ററും ചെക്ക് ചെയ്തു അതൊക്കെ കൂട്ടി വച്ച്. ശ് ശ് എന്ന ഒരു ശബ്ദം വന്നു. കുറച്ചുനേരം കൊണ്ട് മുറി നല്ല ചൂടായി. ജോസച്ചായനോട് ഞാൻ പറഞ്ഞു ഇന്നലെ ഞങ്ങൾ തണുത്ത് വിറച്ച് കിടന്നു. അതുകൊണ്ട് അമേരിക്കയിലെ ആദ്യരാത്രി ഒരിക്കലും മറക്കില്ല.
കൃസ്തുമസ്സ് ജോസച്ചായന്റെ വീട്ടിൽ വച്ച് കേമമാക്കി. അടുത്ത ദിവസം മുതൽ ജോലി അന്വേഷണം തുടങ്ങി. വേഗം ജോലി കണ്ടുപിടിക്കണമെന്ന ചേട്ടത്തിയുടെ കൽപ്പന. അപ്പാർട്മെന്റിന് വാടക കൊടുക്കേണ്ടേ.എന്തോ ഗുരുത്വം പോലെ വീടിനടുത്തുള്ള ഒരാളുടെ ശുപാർശയിൽ ഒരു കമ്പനിയിൽ ജോലി കിട്ടി. മാസം ഒന്ന് തികയുന്നേയുള്ളു. ഏലിക്കുട്ടിക്ക് ഛർദി. മാലാഖ സ്വകാര്യം പറഞ്ഞത് ശരിയാകുന്നു. ചേട്ടത്തി അതുകേട്ട് പൊട്ടിത്തെറിച്ച്. രണ്ടു മക്കൾ ഉണ്ടല്ലോ. ഇവിടെ വന്നു ഒന്ന് സെറ്റിൽ ചെയ്തിട്ട് പോരായിരുന്നോ. ഞങ്ങൾ മറുപടി പറഞ്ഞില്ല. അമേരിക്കയിൽ വന്ന ആദ്യത്തെ രാത്രി ഒരു ആദ്യരാത്രിപോലെ എന്നും ഓർമ്മകളിൽ പൂ വിരിയിച്ച് നിന്നു. ഏലിക്കുട്ടിയുടെ ആഗ്രഹം പോലെ അവൾ ആൺകുട്ടിയെ പ്രസവിച്ചു. അവനു ഞങ്ങൾ ഈശോ എന്ന് പേരിട്ടു. ഇപ്പോൾ നാൽപ്പതു വയസ്സ് തികഞ്ഞ അവനെ നോക്കി വാർദ്ധക്യത്തിലേക്ക് കാലൂന്നുന്ന ഞങ്ങൾ മനസ്‌സുകൊണ്ട് കർത്താവിനെ സ്തുതിക്കുന്നു. എല്ലാ വർഷവും കൃസ്തുമസ് വരുമ്പോൾ സുഖമുള്ള ഓർമ്മകളുടെ തണുത്ത കാറ്റ് വീശുന്നു.
എല്ലാവര്ക്കും നന്മനിറഞ്ഞ കൃസ്തുമസ് ആശംസകൾ നേരുന്നു.
കൃസ്തുമസ് രചനകൾ
ക്രിസ്തുമസ് ദിനാഘോഷങ്ങളും പ്രതീക്ഷയുണർത്തുന്ന പുതുവത്സര പിറവിയും! (ഫിലിപ്പ് മാരേട്ട്)
‘A THRILL OF HOPE’ AND LIGHT– FOR OUR LIFE IN DARKNESS (Rev. Dr. John T. Mathew)
പുണ്യജന്മം (സരോജ വർഗ്ഗീസ്, ഫ്ലോറിഡ)
'മറ്റേ ജ്ഞാനി' - ഒരു ക്രിസ്തുമസ്സ് കഥ (സ്വതന്ത്ര തര്‍ജ്ജമ, സംഗ്രഹം: സുധീര്‍ പണിക്കവീട്ടില്‍)
പോയിൻസെറ്റിയ - വിശുദ്ധ രാത്രിയുടെ പൂക്കൾ (വാൽക്കണ്ണാടി - കോരസൺ)
ഉണ്ണി പിറക്കുമ്പോള്‍(കവിത :ജോയി പാറപ്പള്ളില്‍ )
പ്രത്യാശയാണ് ജീവിതം (ജോര്‍ജ് തുമ്പയില്‍) -https://www.emalayalee.com/news/359454