
പെൻസിൽവേനിയ: ലോകമെമ്പാടുമുള്ള മലയാളികൾ എവിടെയായിരുന്നാലും മാതൃഭാഷയെ ഹൃദയത്തോട് ചേർത്ത് സംരക്ഷിക്കണമെന്ന് പ്രമുഖ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ ആഹ്വാനം ചെയ്തു. കലഹരിയിൽ നടക്കുന്ന ഫൊക്കാന കൺവൻഷനിലെ സാഹിത്യസമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാള ഭാഷയുടെ മഹത്വം, സാഹിത്യസമ്പത്ത്, പൗരാണികമായ സാംസ്കാരിക പൈതൃകം, പ്രവാസി മലയാളികളുടെ ഭാഷാപരമായ ഉത്തരവാദിത്വം എന്നിവയെ ആസ്പദമാക്കിയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രഭാഷണം. കേരളം മലയാളിയുടെ പൗരാണികതയും സംസ്കാരവും ആഴത്തിൽ വേരൂന്നിയ ഭൂപ്രദേശമാണെന്നും അതുകൊണ്ടുതന്നെ മലയാളിയുടെ സ്വഭാവത്തിനും ഭാഷയ്ക്കും സവിശേഷമായ മാറ്റുകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ സ്വന്തം ഭാഷയോടുള്ള സമീപനത്തിൽ മലയാളികൾക്ക് ചില വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. മലയാള ലിപിക്ക് പകരം റോമൻ ലിപിയുടെ അമിത ഉപയോഗവും എണ്ണലുകളിൽ 'ഒമ്പത്' എന്ന വാക്കിന്റെ പ്രയോഗം ഉൾപ്പെടെയുള്ള അക്കങ്ങളുടെ ഉച്ചാരണത്തിലെ പിഴവുകളും ഇതിന് ഉദാഹരണമാണ്. വലിയ ഭാഷാ ചരിത്രകാരന്മാർ പോലും ഇത്തരം കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടില്ലെന്ന് നിരീക്ഷിച്ച അദ്ദേഹം, തൊട്ടടുത്ത ഭാഷയായ തമിഴിൽ ഇത്തരം തെറ്റുകൾ കാണുന്നില്ലെന്നും കൂട്ടിച്ചേർത്തു.
താനൊരു കടുത്ത ഭാഷാസ്നേഹിയാണെന്ന് സ്വയം വിശേഷിപ്പിച്ച അടൂർ, സിനിമയിലെ തന്റെ അനുഭവവും പങ്കുവെച്ചു. ആദ്യ സിനിമ മുതൽ അവസാനത്തേത് വരെ ഒരു ചിത്രത്തിലും മലയാളത്തിന് പകരം മറ്റൊരു ഭാഷയിലെ പേരുകളോ ക്രെഡിറ്റുകളോ നൽകിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ലോകത്തിലെ മഹത്തായ സാഹിത്യസൃഷ്ടികൾക്ക് തുല്യമായ കൃതികൾ സമ്മാനിച്ച ഭാഷയാണ് മലയാളം. ലിയോ ടോൾസ്റ്റോയിയുടെ 'How Much Land Does a Man Need?', രവീന്ദ്രനാഥ ടാഗോറിന്റെ 'കാബൂളിവാല' തുടങ്ങിയ ലോകപ്രശസ്ത കഥകൾക്ക് ഒപ്പം നിൽക്കുന്നവയാണ് തകഴി ശിവശങ്കരപ്പിള്ളയുടെ 'വെള്ളപ്പൊക്കത്തിൽ', പൊൻകുന്നം വർക്കിയുടെ 'ശബ്ദിക്കുന്ന കലപ്പ' തുടങ്ങിയ മലയാള കഥകൾ. മനുഷ്യജീവിതത്തിന്റെ ആഴങ്ങൾ സ്പർശിക്കുന്ന ഇത്തരം സൃഷ്ടികൾ മലയാളത്തിന്റെ വലിയ സമ്പത്താണ്.
കേവലം ഒരു ഭാഷ എന്നതിലുപരി ആയിരക്കണക്കിന് വർഷങ്ങളുടെ പാരമ്പര്യമുള്ള സാംസ്കാരിക പൈതൃകമാണ് മലയാളം. കൂടിയാട്ടം പോലുള്ള രണ്ടായിരം വർഷത്തിലേറെ പഴക്കമുള്ള കലാരൂപങ്ങൾ ഇന്നും തനിമയോടെ നിലനിൽക്കുന്നത് കേരളത്തിന്റെ അപൂർവ സാംസ്കാരിക സമ്പത്താണ്.

മനുഷ്യത്വത്തിലും പരസ്പര സ്നേഹത്തിലും മലയാളി ലോകത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു കുഞ്ഞിന്റെ ചികിത്സയ്ക്കായി ദിവസങ്ങൾക്കകം കോടിക്കണക്കിന് രൂപ സമാഹരിച്ച സംഭവം ചൂണ്ടിക്കാട്ടി, മലയാളിയുടെ കരുണയും സഹാനുഭൂതിയും അപൂർവമാണെന്ന് മുൻ ഗവർണർ തന്നോട് പറഞ്ഞ അനുഭവവും അടൂർ ഓർത്തെടുത്തു.
നേരത്തെ സ്കൂളുകളിൽ മലയാളം സംസാരിച്ചാൽ പിഴ ചുമത്തുന്ന രീതിയുണ്ടായിരുന്നെങ്കിൽ ഇന്ന് സ്കൂളുകളിൽ മലയാള പഠനം നിർബന്ധമാക്കിയത് സ്വാഗതാർഹമാണ്. ലോകത്തിന്റെ ഏത് ഭാഗത്തേക്ക് പോയാലും മലയാളം നമ്മോടൊപ്പം സഞ്ചരിക്കണം. ഒന്നിലധികം ഭാഷകൾ പഠിക്കുന്ന കുട്ടികൾ പഠനത്തിലും തൊഴിലിലും കൂടുതൽ മികവ് പുലർത്തുന്നുവെന്ന പഠനങ്ങൾ തെളിയിക്കുന്നത് മാതൃഭാഷ അറിവിന് ഒരിക്കലും തടസ്സമാകില്ലെന്നാണ്.

ഡൽഹിയിലും മറ്റുമുള്ള തമിഴ് സമൂഹം വീട്ടിൽ തമിഴ് മാത്രം സംസാരിച്ച് തലമുറകളിലേക്ക് ഭാഷ കൈമാറുമ്പോൾ, മലയാളികൾ വേഗത്തിൽ സ്വന്തം ഭാഷ മറക്കാൻ ശ്രമിക്കുന്നത് ഖേദകരമാണ്. സർക്കാരിന്റെ 'മലയാളം മിഷൻ' പോലുള്ള പദ്ധതികൾ മികച്ച സംഭാവനകൾ നൽകുന്നുണ്ടെങ്കിലും വിദേശരാജ്യങ്ങളിലെ പുതുതലമുറയ്ക്ക് മാതൃഭാഷ പഠിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. ഭാവിയിൽ ഇത്തരം സാഹിത്യസമ്മേളനങ്ങളിലേക്ക് ഭാഷയെക്കുറിച്ചുള്ള ചർച്ചകൾ കേൾക്കാൻ കൂടുതൽ പ്രവാസികൾ എത്തുമാറാകട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
ഫൊക്കാന: ഫിലിപ്പോസ് ഫിലിപ്പിനും പാനലിനും തകർപ്പൻ വിജയം
മാതൃനാടിന്റെ വികസനത്തിന് പ്രവാസികൾ ഊർജ്ജം പകരണം: ഫൊക്കാന കൺവൻഷനിൽ ആവേശമായി ചീഫ് വിപ്പിന്റെ വാക്കുകൾ
ഫൊക്കാന കണ്‍വന്‍ഷനെ ഇളക്കിമറിച്ച് ഘോഷയാത്ര (ചിത്രങ്ങള്‍)
അശ്രാന്ത പരിശ്രമങ്ങളുടെ സാഫല്യമെന്ന് കൽഹാരി കൺവൻഷനെ വിശേഷിപ്പിച്ച് ആൽബർട്ട് ആന്റണി
പ്രവാസി സാംസ്കാരിക പൈതൃകത്തിന്റെ അമരക്കാർക്ക് പ്രണാമം: അനുസ്മരണ സമ്മേളനവുമായി ഫൊക്കാന
സ്നേഹത്തിന്റെയും ആത്മീയതയുടെയും മംഗളാരംഭം: കൽഹാരി സമ്മേളനത്തെ ആശീർവദിച്ച് ബിഷപ്പ് ജോയ് ആലപ്പാട്ട്
കൽഹാരിയിൽ പെയ്തിറങ്ങിയ സേവനത്തിന്റെ അമൃതവർഷം: പുതിയ ഉയരങ്ങളിലേക്ക് ഫൊക്കാന