
പെൻസിൽവാനിയ: കൽഹാരി റിസോർട്ടിലെ ഫൊക്കാന അന്തർദേശീയ കൺവെൻഷൻ വേദിയിൽ ഫൊക്കാനയുടെ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച മഹത് വ്യക്തിത്വങ്ങൾക്ക് പ്രണാമം അർപ്പിച്ചു കൊണ്ട് ശ്രദ്ധേയമായ അനുസ്മരണ സമ്മേളനം സംഘട്ടിപ്പിച്ചു. മലയാള ഭാഷയ്ക്കും സംസ്കാരത്തിനും ഫൊക്കാന പ്രസ്ഥാനത്തിനും ജീവിതം സമർപ്പിച്ചവരുടെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ച ധന്യമായ ചടങ്ങിന് ഫൊക്കാന നേതാവ് പ്രവീൺ തോമസ് അധ്യക്ഷത വഹിച്ചു.

ഫൊക്കാനയുടെ സ്ഥാപക നേതാവും ദീർഘവീക്ഷണമുള്ള സംഘാടകനുമായ ഡോ. എം. അനിരുദ്ധൻ, പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച ടി. എസ്. ചാക്കോ, സാമൂഹിക പ്രതിബദ്ധതയുടെ ശബ്ദമായിരുന്ന മാധ്യമപ്രവർത്തകൻ ഫ്രാൻസിസ് തടത്തിൽ എന്നിവരുടെ ജീവിതസേവനങ്ങളാണ് സമ്മേളനത്തിൽ ആദരപൂർവം അനുസ്മരിക്കപ്പെട്ടത്.
വടക്കേ അമേരിക്കൻ മലയാളി സമൂഹത്തിന് ദിശാബോധം നൽകിയ ഡോ. എം. അനിരുദ്ധൻ ആത്മാർത്ഥ സേവനത്തിന്റെ മാതൃകയാണെന്ന് പ്രവീൺ തോമസ് അനുസ്മരിച്ചു. 'ഭാഷയ്ക്ക് ഒരു ഡോളർ' പോലുള്ള അർത്ഥപൂർണ്ണമായ പദ്ധതികളിലൂടെ മാതൃഭാഷയുടെ സംരക്ഷണത്തിനായി അക്ഷീണം പ്രവർത്തിച്ച നേതാവായിരുന്നു ടി. എസ്. ചാക്കോയെന്നും പ്രവാസി ജീവിതത്തിന്റെ സ്പന്ദനങ്ങൾ ലോകത്തോട് പങ്കുവെച്ച സത്യസന്ധനായ മാധ്യമപ്രവർത്തകനായിരുന്നു ഫ്രാൻസിസ് തടത്തിലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അവർ വിതച്ച മൂല്യങ്ങളും ദർശനങ്ങളും വരുംതലമുറകൾക്ക് എന്നും വഴികാട്ടിയായി നിലകൊള്ളും.

ഈ മഹത് വ്യക്തിത്വങ്ങളുടെ അമരസ്മരണകൾക്ക് മുന്നിൽ സദസ്സ് എഴുന്നേറ്റുനിന്ന് ആദരവോടെ പ്രണാമമർപ്പിച്ചു. തുടർന്ന് വേദിയിൽ സംസാരിച്ച ഡോ. എം. അനിരുദ്ധന്റെ മകൻ, 1983 മുതൽ തങ്ങളുടെ കുടുംബത്തിന് ഫൊക്കാനയുമായുള്ള ആത്മബന്ധം അനുസ്മരിക്കുകയും പിതാവിന്റെ ഓർമ്മകളെ ആദരിച്ച പ്രസിഡന്റ് സജിമോൻ ആന്റണിക്കും ദേശീയ നേതൃത്വത്തിനും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഭാവിയിലും പ്രസ്ഥാനത്തിന്റെ എല്ലാ നന്മകൾക്കും കുടുംബത്തിന്റെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.

വ്യക്തികൾ കാലത്തിന്റെ തിരശ്ശീലയ്ക്ക് പിന്നിലേക്ക് മാറിയാലും, അവർ ഉയർത്തിപ്പിടിച്ച ആശയങ്ങളും മൂല്യങ്ങളും സമൂഹത്തിന്റെ ഹൃദയത്തിൽ അക്ഷയദീപമായി തെളിഞ്ഞുനിൽക്കുമെന്ന സന്ദേശമാണ് കൽഹാരിയിലെ ഈ അനുസ്മരണച്ചടങ്ങ് ഏവർക്കും സമ്മാനിച്ചത്.
ഫൊക്കാന: ഫിലിപ്പോസ് ഫിലിപ്പിനും പാനലിനും തകർപ്പൻ വിജയം
മാതൃനാടിന്റെ വികസനത്തിന് പ്രവാസികൾ ഊർജ്ജം പകരണം: ഫൊക്കാന കൺവൻഷനിൽ ആവേശമായി ചീഫ് വിപ്പിന്റെ വാക്കുകൾ
ഫൊക്കാന കണ്‍വന്‍ഷനെ ഇളക്കിമറിച്ച് ഘോഷയാത്ര (ചിത്രങ്ങള്‍)
അശ്രാന്ത പരിശ്രമങ്ങളുടെ സാഫല്യമെന്ന് കൽഹാരി കൺവൻഷനെ വിശേഷിപ്പിച്ച് ആൽബർട്ട് ആന്റണി
പ്രവാസി സാംസ്കാരിക പൈതൃകത്തിന്റെ അമരക്കാർക്ക് പ്രണാമം: അനുസ്മരണ സമ്മേളനവുമായി ഫൊക്കാന
സ്നേഹത്തിന്റെയും ആത്മീയതയുടെയും മംഗളാരംഭം: കൽഹാരി സമ്മേളനത്തെ ആശീർവദിച്ച് ബിഷപ്പ് ജോയ് ആലപ്പാട്ട്
കൽഹാരിയിൽ പെയ്തിറങ്ങിയ സേവനത്തിന്റെ അമൃതവർഷം: പുതിയ ഉയരങ്ങളിലേക്ക് ഫൊക്കാന