
ഡിസംബറിലെ തണുത്ത പ്രഭാതങ്ങളിൽ മഞ്ഞുമൂടിയ ആൽപ്സ് പർവ്വത നിരകൾ , ദീപാലംകൃതമായ തെരുവുകളിൽ പൈൻ മരങ്ങളുടെ അനവധി ക്രിസ്റ്മസ് ട്രീകൾ ,നിറയെ സമ്മാനങ്ങളുമായി എത്തുന്ന ക്രിസ്മസ് അപ്പൂപ്പൻ, പാതിരാവിൽ തിരുപ്പിറവി അറിയിച്ചു പള്ളികളിൽ നിന്നും മുഴങ്ങുന്ന മണിനാദങ്ങൾ . വായിച്ചും കേട്ടും കണ്ടും അറിഞ്ഞ .നിലായുടെ ക്രിസ്മസ് ഓർമ്മകൾ ഇവയൊക്കെയാണ്.
നിലാ, ആരാണവൾക്കു ആ പേരിട്ടത് എന്ന് അവൾക്കു കൃത്യമായി അറിയില്ല. ആ പേര് ചൊല്ലി ആദ്യം അവളെ വിളിച്ചത് സിസ്റ്റർ ഏയ്ഞ്ചൽ ആണ്. ഏയ്ഞ്ചൽ, പേരുപോലെ തന്നെ മാലാഖയുടെ മുഖം ഉള്ളവൾ.
ബൊളീവിയയിൽ നിന്നും അഭയാർത്ഥി ആയി സ്വപ്നഭൂമിയിലേക്കു കുടിയേറുമ്പോൾ നിലായ്ക്ക് സ്വന്തമായുണ്ടായിരുന്നത് ആ പേര് മാത്രം ആയിരുന്നു.
“നിലാ, നിന്റെ പേരിന്റെ അർഥം എന്താണെന്നറിയുമോ നിനക്ക്?” അവളോട് ആദ്യമായി അത് ചോദിച്ചത് , അന്ന് കട അടയ്ക്കുന്നതിന് മുൻപ്, വിറ്റുവരവുകൾ എഴുതി കണക്കുകൾ കൃത്യമാക്കുന്നതിന്റെ തിരക്കിൽ ഗംഗയാണ്.തറ തുടച്ചതിനുശേഷം മോപ്പ് വൃത്തിയാക്കി തിരിച്ചുവെയ്ക്കുവായിരുന്നു നിലാ അപ്പോൾ. അതിനു മറുപടി പറയാതെ അവൾ വേഗം കടയ്ക്കു വെളിയിലേക്കിറങ്ങി. വെളിയിൽ പെട്രോൾ അടിക്കുവാൻ വേണ്ടി ഒന്ന് രണ്ടു വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു.”നിലാ , നില്ക്കു ' ഞാനും ഇറങ്ങുകയായി. " അതുപറഞ്ഞുകൊണ്ടു ഗംഗ അവളുടെ പിന്നാലെ ഇറങ്ങി. ആകാശത്തു ഉദിച്ചുനിൽക്കുന്ന പൂര്ണചന്ദ്രന്റെ പുഞ്ചിരി നിലാവെളിച്ചമായി അപ്പോൾ നിലായുടെ മുഖത്തു പതിക്കുന്നുണ്ടായിരുന്നു.
“ നോക്ക് , നീ ആകാശത്തേക്ക്. അവിടെ പ്രകാശം പരത്തി നിൽക്കുന്നത് കണ്ടില്ലേ? നിലാ, നിന്നെപ്പോലെതന്നെ.നിന്റെ പേരിന്റെ അർഥം”.
രാത്രിയിലെ ഇരുളിനെ അകറ്റുന്ന നിലാവെളിച്ചം. ആ വെളിച്ചത്തിനു പകലത്തെ സൂര്യന്റെ വെളിച്ചത്തിന്റെ കഠിനത ഇല്ല. ഒന്ന് ചുട്ടുപൊള്ളിക്കുന്നതെങ്കിൽ മറ്റേതു കുളിർമ പകരുന്നത്..
അവൾ വെറുതെ ഓർത്തു
മഞ്ഞുവീണ ആൽപ്സ് പർവ്വത നിരകളിലെ പൈൻ മരങ്ങളുടെ ഇടയിൽ കൂടി നടക്കുകയാണ് നിലാ. അവളുടെ കൈ പിടിച്ചു ചാർളിയും ഉണ്ട്. അവനോടൊപ്പം ഉള്ള ഓരോ നിമിഷവും അവൾ ഏറെ ആസ്വദിക്കുകയാണ്. അത് ക്രിസ്തുമസിലെ ഒരു തണുത്ത പ്രഭാതം ആണ്. ചുറ്റും വീശിയടിക്കുന്ന ചെറുകാറ്റ് കൊണ്ടുവരുന്ന തണുപ്പിനെ പ്രതിരോധിക്കുവാൻ അവൾ അവനോടു കൂടുതൽ ചേർന്ന് നടന്നു. തന്റെ വലംകൈ കൊണ്ട് അവൻ അവളെ തന്നിലേക്ക് ചേർത്തുപിടിച്ചു.അങ്ങുദൂരെ പള്ളിയിൽ നിന്നുയരുന്ന മണിനാദങ്ങൾ. പൈൻ മരങ്ങളിൽ തൂങ്ങിയാടുന്ന നക്ഷത്ര വിളക്കുകൾ.മഞ്ഞുകണങ്ങൾ പറ്റിച്ചേർന്നു മനോഹരമായ പൈൻ മരങ്ങൾ. അകലെ എവിടെയോ കുട്ടികൾ സാന്റാ ക്ലോസ് എന്നാർത്തുവിളിക്കുന്നതു കേൾക്കുന്നു. പെട്ടെന്ന് ഒരു വലിയ മഞ്ഞുകട്ട അവർക്കു നേരെ വന്നു. ഒന്നൊഴിഞ്ഞുമാറാൻ സമയം കിട്ടുന്നതിനുമുന്പേ ആ മഞ്ഞുകട്ട ചാർളിയെ ഇടിച്ചുതെറിപ്പിച്ചു. അവളെ ചുറ്റിയിരുന്ന കൈകൾ മുറുകെപ്പിടിക്കാനുള്ള അവളുടെ ശ്രമം വൃഥാവിലായി. പർവ്വതനിരയുടെ അടിവാരത്തേക്കു ആ മഞ്ഞുകട്ട ചാര്‍ലിയെയും കൊണ്ട് കുതിച്ചുപാഞ്ഞ. “ചാർളി.”. സകല ശക്തിയുമെടുത്തു നിലാ അലറിവിളിച്ചു..
നിലായ്ക്ക് ശ്വാസം നിലച്ചതുപോലെ. പെട്ടെന്ന് അവിടമാകെ ഒരു വലിയ പ്രകാശം പരന്നു. നിലാ കണ്ണ് രണ്ടു കൈ കൊണ്ടും മുറുക്കെ തിരുമ്മി. ചാർളി.. എവിടെ ചാർളി..
“എന്താണവിടെ ? ആരാണ് ബഹളം വെയ്ക്കുന്നത്”?
“ഓ സ്വപ്നം കണ്ടു നിലവിളിച്ചതാണെന്നു തോന്നുന്നു”. ശബ്ദം കേട്ടുവന്ന ജയിൽ ഗാർഡ് , കൂടെയുള്ള ആളോട് പറഞ്ഞു.
“സമയം പാതിരാത്രി ആയി.ബഹളം വെയ്ക്കരുത്”. ആംഗലേയ ഭാഷയിൽ പറഞ്ഞിട്ട് , അവർ അവിടെനിന്നും മുൻപോട്ടു നടന്നു.
ജയിലിന്റെ ഇരുമ്പഴിയിൽ പിടിച്ചു നിലാ സ്ഥലകാലബോധം ഇല്ലാതെ നിന്നു. താനെവിടെയാണ്? ചാർളി? അവൻ വന്നില്ലേ.. ഈ ക്രിസ്മസ് രാവിൽ അവൻ ഇവിടെ തന്റെ അടുത്ത് എത്തും എന്ന് പറഞ്ഞതല്ലേ?
ക്രിസ്മസ് അടുത്തതിനാൽ, ഗംഗക്കും നിലായ്ക്കും ഏറെ തിരക്കുള്ള ദിവസങ്ങൾ ആയിരുന്നു. തന്റെ പേരിന്റെ അർഥം പറഞ്ഞതിനുശേഷം , നിലായും ഗംഗയും തങ്ങളുടെ ജീവിത പ്രാരാബ്ധങ്ങൾ പരസ്പരം പങ്കുവെച്ചു. രണ്ടുപേരും ഏറെക്കുറെ തുല്യ ദുഖിതർ. മതിയായ രേഖകൾ ഇല്ലാതെ സ്വപ്നഭൂമിയിൽ ജീവിതം പടുത്തുയർത്തുവാൻ ശ്രമിക്കുന്നവർ. രോഗിയായ മകന്റെ ചികിത്സ , ഒപ്പം തളർന്നു വീണ ഭർത്താവിന് ഒരു കൈത്താങ്ങു. ഗംഗയുടെ ജീവിതത ലക്ഷ്യം. സ്വപ്നഭൂമിയിലേക്കു പോയ , ചാർളിയെ അന്വേഷിച്ചാണ് നിലായും ഇവിടേയ്ക്ക് വന്നത്. ചാർളി. നിലായുടെ ജീവിതത്തിനു ഇത്തിരി വർണം വാരിവിതറിയിട്ടു , സ്വപ്നഭൂമിയിൽ നിന്നും പ്രിയപ്പെട്ടവൾക്കു നിധിയും ആയി വരുവാൻ വേണ്ടി പോയിട്ട് മാസങ്ങൾ കഴിഞ്ഞു. പ്രിയപ്പെട്ടവന്റെ ഒരു വിവരവും ലഭിക്കാതായപ്പോൾ നിലായും അവനുപിന്നാലെ യാത്ര തിരിച്ചു. എങ്ങനെയൊക്കെയോ ഈ അതിർത്തി പട്ടണത്തിൽ എത്തി. ആകെയുണ്ടായിരുന്ന കൊച്ചുകൊച്ചു സമ്പാദ്യങ്ങളെല്ലാം വിറ്റുപെറുക്കി, സ്വന്തം പേര് മാത്രം കൈമുതലായി എത്തിച്ചേർന്നവർ. തങ്ങൾ രണ്ടുപേരും ഒരേ തൂവൽ പക്ഷികൾ ആണെന്ന് അവർക്കുതോന്നി.
വല്ലപ്പോഴും വീണുകിട്ടുന്ന അവധിദിനങ്ങളിൽ ഗംഗ ചാർളിയെ തേടിയുള്ള അലച്ചിലിൽ നിലാ യ്ക്ക് കൂട്ടായി.. അങ്ങനെയുള്ള ഒരു യാത്രയിൽ രണ്ടുപേരും പോലീസിന്റെ കണ്മുൻപിൽ പെട്ടു. വിസയോ താമസരേഖകളോ കാണിക്കാനാവാതെ രണ്ടുപേരും...
നിലായുടെ കണ്ണിൽ നിന്നും അടർന്നുവീണ കണ്ണുനീർ , ആ ജയിൽ തറയിൽ വീണു ചിന്നിച്ചിതറി.. ഗംഗ.. അവൾ എവിടെയാണാവോ?... ഇനി ഒരു പക്ഷെ ചാർളിയും ഇതുപോലെ ഏതെങ്കിലും നാല് ചുവരുകൾക്കുള്ളിൽ...
ആ ക്രിസ്മസ് രാവിൽ ഉണ്ണീശോയെ വരവേൽക്കാൻ ആയിരമായിരം പുൽക്കൂടുകൾ, പല രൂപത്തിലും ഭാവത്തിലും ഉള്ള അനേകം കൂടുകൾ ആ പ്രദേശം ഒട്ടാകെ നിർമ്മിക്കപ്പെട്ടിരുന്നു.എന്നാൽ അന്ന് രാവിൽ എല്ലാ പുൽക്കൂടുകളും ശൂന്യമായിരുന്നു.. ഈസ്റ്റർ ദിനത്തിലെ ശൂന്യമായ കല്ലറ പോലെ...അപ്പോഴും ആൽപ്സ് പർവ്വത നിരകളിൽ മഞ്ഞു പൊഴിയുന്നുണ്ടായിരുന്നു.
Read More: https://www.emalayalee.com/writer/207
കൃസ്തുമസ് രചനകൾ
പ്രത്യാശയാണ് ജീവിതം (ജോര്‍ജ് തുമ്പയില്‍)
അമേരിക്കയിലെ ആദ്യത്തെ കൃസ്തുമസ്സും മൂന്നാമത്തെ മോനും (കൃസ്തുമസ് രചനകൾ: തോമസ്ക്കുട്ടി, പരിയാരം)
ക്രിസ്തുമസ് ദിനാഘോഷങ്ങളും പ്രതീക്ഷയുണർത്തുന്ന പുതുവത്സര പിറവിയും! (ഫിലിപ്പ് മാരേട്ട്)
‘A THRILL OF HOPE’ AND LIGHT– FOR OUR LIFE IN DARKNESS (Rev. Dr. John T. Mathew)
പുണ്യജന്മം (സരോജ വർഗ്ഗീസ്, ഫ്ലോറിഡ)
'മറ്റേ ജ്ഞാനി' - ഒരു ക്രിസ്തുമസ്സ് കഥ (സ്വതന്ത്ര തര്‍ജ്ജമ, സംഗ്രഹം: സുധീര്‍ പണിക്കവീട്ടില്‍)
പോയിൻസെറ്റിയ - വിശുദ്ധ രാത്രിയുടെ പൂക്കൾ (വാൽക്കണ്ണാടി - കോരസൺ)
ഉണ്ണി പിറക്കുമ്പോള്‍(കവിത :ജോയി പാറപ്പള്ളില്‍ )