EMALAYALEE SPECIAL

നക്ഷത്രങ്ങൾക്കരികിലൂടെ ... (അമേരിക്കൻ കുടിയേറ്റ കുറിപ്പുകൾ - 11: ഷാജു ജോൺ)

Published

on

ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന വിമാനത്തിലിരുന്ന് അമേരിക്കയിലെ ഹ്യൂസ്റ്റണിലേക്കുള്ള ആ  ദീർഘമായ  യാത്രയെ കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നു  .........!   പതിനൊന്നു മണിക്കൂറിൽ കൂടുതൽ സമയം പറക്കണമായിരുന്നു .  ഒരു  ദിവസത്തിന്റെ പകുതിയോളം ഉള്ള  യാത്ര.......  എട്ടുമണിക്കൂർ എടുത്ത  ദോഹ- ലണ്ടൻ  യാത്ര കഴിഞ്ഞു അല്പസമയം മാത്രമേ ഞങ്ങൾ നിലത്തിറങ്ങിയുള്ളൂ , അവിടെയും  ഓട്ടമായിരുന്നു, അന്തരീക്ഷത്തിലെ  ശുദ്ധവായു പോലും ശരിയായ രീതിയിൽ ശ്വസിച്ചിട്ടില്ല  ........  വീണ്ടും  മറ്റൊരു  പകുതി ദിവസത്തെ യാത്ര ...എല്ലാവരും ഏറെക്കുറെ തളർന്നു കഴിഞിരുന്നു .... മധുവിധുവിന്റെ മോടി മങ്ങിയതുപോലെ ഞങ്ങൾ അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലൂടെ പറന്നു കൊണ്ടിരുന്നു.

ഇതിനിടയിൽ , അഞ്ചോ ആറോ സിനിമകൾ കണ്ടു..........., സിനിമകൾ  തന്നെ കണ്ണുകൾക്ക്  വലിയൊരു  ബോറടിയായി മാറി..പിന്നെ ഉറക്കവും , അവിടെയും  ഉണ്ടല്ലോ പരിധികൾ ..! ..എത്രനേരമാണ് വെറുതെയിരുന്ന് ഉറങ്ങുവാൻ കഴിയുക. ഏതെങ്കിലും ബുക്ക്  വായിക്കാം എന്ന് കരുതിയാൽ അതൊന്നും കൊണ്ടുവന്നിട്ടുമില്ല. ലണ്ടനിലെ കസ്റ്റംസ് ഓഫീസർ എടുത്തുകളഞ്ഞ  അമ്മയുടെ 'വിശേഷപ്പെട്ട സമ്മാനങ്ങൾ' കൊണ്ട് പെട്ടികൾ നിറഞ്ഞിരുന്നതിനാൽ  ഒരു ബുക്ക് പോലും കൊണ്ടുവരുവാൻ കഴിഞ്ഞില്ല.

ഇടയ്ക്കിടെ രുചികരമായ  പല തരം  വിഭവങ്ങളുമായി എയർ ഹോസ്റ്റസുമാർ വട്ടമിട്ടു നടന്നിരുന്നു ....കുട്ടികൾക്ക് അവർ  സ്വാദിഷ്ടമായ ചോക്ലേറ്റുകൾ കൊടുത്തു തൃപ്തിപ്പെടുത്തി  ..... മുന്തിയ തരം മദ്യവും വൈനും, നിറമില്ലാത്ത വോഡ്കയുമെല്ലാം യാത്രക്കാർക്കിടയിലൂടെ അനസ്യുതം  സഞ്ചരിച്ചുകൊണ്ടിരുന്നു....  നീട്ടിയ കൈകൾക്കു അവ ലഭ്യമായി.  ആൽക്കഹോൾ അലർജി ഉള്ളവർക്ക്, മായം ചേർക്കാതെ  പിഴിഞ്ഞെടുത്ത പലതരം പഴച്ചാറുകളും......ഇതൊക്കെ കഴിച്ചിട്ടും സമയം അങ്ങനെ നീണ്ടു നീണ്ടു കിടക്കുകയായിരുന്നു.

ഇടയ്ക്കിടെ ഞാൻ വിമാനത്തിന്റെ ഓവൽ ആകൃതിയിലുള്ള ജാലകം തുറന്നു പുറത്തേക്കു നോക്കും , ആ  കിളിവാതിലിനപ്പുറം  ഇരുണ്ട  ആകാശം മാത്രമായിരുന്നു......  ദുരെ, ആരോ വിതറിയിട്ടത് പോലെ നക്ഷത്രങ്ങൾ ചിതറിക്കിടക്കുന്നു. സമയം കളയുവാൻ വേണ്ടി മാത്രമായി  ഞാൻ അവയെ കൂടുതൽ നിരീക്ഷിച്ചു ... ഒറ്റക്കും, കൂട്ടവുമായി മിന്നാമിനുങ്ങുകൾ പോലെ അവ  കൺചിമ്മിക്കൊണ്ടിരിക്കുന്നു  .... നമ്മളുൾപ്പെടുന്ന "മിൽക്കിവെയ്"   എന്ന ഗാലക്സിയിൽ പെട്ടവരായിരിക്കും എന്ന് ഊഹിച്ചു. ഇടയ്ക്കിടെ  വാലിളക്കി മിന്നിമറയുന്ന വാൽനക്ഷത്രങ്ങൾ, ബൈബിളിലെ രാജാക്കന്മാർക്കുള്ള വഴികാട്ടികളെപ്പോലെയാണ് തോന്നിച്ചത്.

വഴിയിലെവിടെയോ വച്ച് സപ്തർഷികളെ പോലെ ഒരു കൂട്ടം നക്ഷത്രങ്ങളെ  കണ്ടു .....എഴുനക്ഷത്രങ്ങളുടെ കൂട്ടം. യവന കഥകളിലെ  ടൈറ്റാൻ ദേവന്റെയും സമുദ്രകന്യക പ്ളേയോണിന്റെയും ഏഴു പെണ്മക്കൾ.....മെയ്യ്യ്, ഇലക്ട്ര, അല്കലിയോൺ, ടെയ്ഗെറ്റ്, ആസ്റ്റെറോപ്, സെലേനോ, മെറോപ് ....അവരായിരിക്കുമോ അകലെ പ്രകാശം പരത്തി നിൽക്കുന്ന  ഏഴു നക്ഷത്ര കന്യകകൾ ..... ..

"പെരുമീനുദിച്ചു ...... എഴുന്നേൽക്കണില്ലേ  ?" പെട്ടെന്നാണ് പഴമയുടെ പൊരുളുകളുള്ള  ഈ വാക്കുകൾ എന്റെ  ചെവിയിൽ മുഴങ്ങിയത് . സ്‌കൂൾ വേനലവധികളിൽ അമ്മവീട്ടിലെ താമസത്തിനിടയിൽ കേൾക്കാറുള്ള അമ്മമ്മയുടെ വാക്കുകൾ. കൊച്ചുവെളുപ്പാൻകാലത്ത്  അപ്പാപ്പന് എഴുന്നേൽക്കാനുള്ള  അലാറമാണത്. നെൽ പാടത്തേക്കു വെള്ളം തിരിച്ചു വിടുവാനുള്ള സമയം,

" പെരുമീൻ കാണുമ്പോ പോയാലേ, വെള്ളി കീറുമ്പോഴേക്കും മാരി കണ്ടം നിറയു ...!" അപ്പാപ്പൻ എഴുന്നേൽക്കാൻ വൈകിയാൽ അമ്മാമ്മയുടെ ഇതേപോലെയുള്ള  അലാറത്തിന് നീളം കൂടും.  

അവരുടെ ഭാഷയിൽ  വെളുപ്പിന് മൂന്നുമണിക്കാണ് 'പെരുമീൻ' എന്ന് അവർ പേരിട്ടിരിക്കുന്ന നക്ഷത്രം വടക്കേ കോണിൽ ഉദിക്കുന്നത്. അപ്പോൾ എഴുന്നേറ്റു  കൃഷിയിടങ്ങളിലേക്ക് വെള്ളം കയറ്റി വിടണം. മോട്ടോറും ,പമ്പുകളും ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ മലനിരകളിൽ എവിടെ നിന്നോ ഒഴുകിവരുന്ന ചെറിയ അരുവിയിൽ  നിന്നായിരുന്നു കൃഷിക്കാവശ്യമായിരുന്ന വെള്ളം കിട്ടിയിരുന്നത്. അവ തിരിച്ചു വിടാൻ കൃഷിക്കാർ തമ്മിൽ മത്സരം ആയിരുന്നു. പെരുമീൻ ഉദിക്കുമ്പോൾ മുതൽ തുടങ്ങുന്ന  മത്സരം.......... ഒരു കട്ടൻചായയുടെ ഉന്മേഷത്തിൽ , "ആകാശഗംഗയുടെ കരയിൽ ......" എന്ന പാട്ടും പാടിക്കൊണ്ട്  തലയിൽ തോർത്തു വലിച്ചു വട്ടക്കെട്ട് കെട്ടി അപ്പാപ്പൻ ഇറങ്ങും ആ മത്സരത്തിനായി ......

വിമാനത്തിനകത്തുനിന്ന് ഉണ്ടായ ഒരു തരം വല്ലാത്ത ശബ്ദം, വഴിമാറിപ്പോയ  എന്റെ ചിന്തകളെ തിരികെ കൊണ്ടുവന്നു. അപ്പാപ്പന്റെ പാട്ടുകൾ എവിടെയോ അലിഞ്ഞില്ലാതായി. വായുവിലൂടെ ആണ്  ഞങ്ങൾ സഞ്ചരിക്കുന്നതെങ്കിലും, ഇടയ്ക്കിടെ വായു ഇല്ലാത്ത ഒഴിവുസ്ഥലങ്ങളും ആകാശവിതാനങ്ങളിൽ  ഉണ്ട് , എയർപോക്കറ്റ് എന്നറിയപ്പെടുന്ന ഇത്തരം  ശുന്യതയിലൂടെ കടന്നു  പോകുമ്പോഴാണ്, കെ സ് ആർ ടി സി ബസ് ഗട്ടറിൽ വീഴുമ്പോൾ ഉണ്ടാകുന്നതു പോലെയുള്ള ശബ്ദവും ,കുടുക്കവും  അനുഭവപ്പെടുന്നത്.  " ഒട്ടും പേടിക്കേണ്ട .......  സീറ്റ് ബെൽറ്റ് ഇട്ടു ധൈര്യമായി ഇരിക്കുക"  എന്ന സന്ദേശം ഇത്തരം സന്ദർഭങ്ങളിൽ  പൈലറ്റ് നൽകും..
 
പാതി മയക്കവും ഇടയ്ക്കിടെ ഉള്ള സിനിമയുമായി സമയം കൊല്ലുന്നതിനിടയിലാണ്  "നമ്മൾ ഒരു മണിക്കൂറിനകം ഹ്യൂസ്റ്റൺ ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങും എന്ന പൈലറ്റിന്റെ പ്രഖ്യാപനം വന്നത്. പതിവ് പോലെ  ഞാൻ കിളിവാതിൽ തുറന്ന് പുറത്തേക്കു നോക്കി. പുറത്ത് പകൽവെളിച്ചം കത്തിനിൽക്കുന്നു. നക്ഷത്രങ്ങളെ ആരോ പെറുക്കിക്കൂട്ടി എവിടെയോ ഒളിപ്പിച്ചിരിക്കുന്നു. വെളുത്ത മേഘങ്ങൾ വിമാനത്തിന്റെ ചിറകുകളെ ചുംബിക്കാൻ പാടുപെടുന്നു.

ഇറങ്ങുവാനുള്ള പ്രഖ്യാപനം കേട്ടതോടു കൂടി  യാത്രക്കാരെല്ലാം ഉഷാറായി  ടോയ്‌ലെറ്റുകളിലേക്കുള്ള വഴിയിൽ  തിരക്ക് കുടി ...എയർ ഹോസ്റ്റസുമാർ യാത്രക്കാർക്കുള്ള അവസാന വട്ട ഭക്ഷണവുമായി എത്തി ...ഭക്ഷണം കഴിച്ചു , അവശിഷ്ടങ്ങളെല്ലാം വൃത്തിയാക്കി  കഴിഞ്ഞപ്പോഴേക്കും,  ടി വി മോണിറ്ററിൽ ഹ്യൂസ്റ്റൺ എന്ന് എഴുതിയ പോയന്റിന് ചുറ്റും ഞങ്ങൾ  കറങ്ങുന്നതായി കണ്ടു.....ചുറ്റലിനിടയിൽ പൈലറ്റിന്റെ പ്രഖ്യാപനങ്ങൾ വരുന്നുണ്ടായിരുന്നു " നമ്മൾ ഹ്യൂസ്റ്റണിന് മുകളിൽ കറങ്ങുന്നു .....ഗ്രൗണ്ട്  കൺട്രോൾ റൂമിൽ  നിന്നുള്ള അനുവാദം കിട്ടിയാൽ ഉടനെ ഇറങ്ങുന്നതായിരിക്കും  ..."

ഉള്ളിലെ വികാരം പറഞ്ഞറിയിക്കാൻ വയ്യാത്തതായിരുന്നു. സുരലോകജലധാരയൊഴുകുന്ന മണ്ണിൽ  ഇറങ്ങുവാൻ  ഇനി അഞ്ചോ ആരോ നിമിഷങ്ങൾ മാത്രം. ഞാൻ താഴേക്ക് നോക്കി, ഹ്യൂസ്റ്റൺ നഗരം  വലിയ വലിയ കണ്ടയ്‌നർ  പെട്ടികൾ അടുക്കി വച്ചിരിക്കുന്നത് പോലെ ഇരിക്കുന്നു. അവക്കിടയിലൂടെ ഉറുമ്പുകൾ ചലിക്കും പോലെ വാഹനങ്ങൾ നിരനിരയായി പോകുന്നു  .വളഞ്ഞു പുളഞ്ഞു കണ്ണെത്താദൂരത്തോളം ഒഴുകുന്ന  ഏതോ ഒരു നദി.....  

അല്പസമയം കൂടി കറങ്ങിയപ്പോൾ, പൈലറ്റിന്റെ കാത്തിരുന്ന  ആ പ്രഖ്യാപനം വന്നു "നമ്മളിറങ്ങുവാൻ  പോകുന്നു ....."  വിമാനം  നാല്പത്തിഅഞ്ചു ഡിഗ്രി താഴേക്ക് ചരിഞ്ഞു.  ചെവികളിൽ സമ്മർദ്ദം കൂടി. വിമാനത്തിന്റെ അടിഭാഗത്തുനിന്നും  'ടക്'  എന്നൊരു ശബ്ദം കേട്ടു ....ഭൂമിയിൽ   ഓടുവാനുള്ള ചക്രങ്ങൾ പുറത്തു വന്നതാണെന്ന് ഊഹിച്ചു.   എനിക്ക് വിമാനത്തിന്റെ ചിറകുകൾ കാണാമായിരുന്നു.  ... ചിറകുകളുടെ മുകളിൽ  അടപ്പ് പോലെയുള്ള ഒരു ഭാഗം ഉയർന്നു വന്നു ..കാറ്റിനെ നിയന്ത്രിക്കുന്നതായിരിക്കും ...ഗ്രൗണ്ടിനടുക്കുംതോറും ശബ്ദം കുടികുടി  വന്നു ..അവസാനം "ട്ടും" എന്ന ശബ്ദത്തോടെ വിമാനടയറുകൾ നിലം തൊട്ടു, ഉരയുന്ന ശബ്ദത്തോടെ കുറച്ചു  മുന്നോട്ട് പോയി........ പിന്നീട് വേഗത കുറഞ്ഞു,  ഉറുമ്പ് പോകും പോലെ സാവധാനം  റൺവേയിലുടെ ഒഴുകി നീങ്ങി. എന്റെ ചെവികളിലെ സമ്മർദ്ദം ചെറിയ ശബ്ദത്തോടെ പൊട്ടി ഇല്ലാതായി.  പുറത്തേക്ക് കണ്ണുകൾ പാഞ്ഞു  , എല്ലാ എയർപോർട്ടിലെ ഉള്ളത് പോലെ തന്നെ ഗ്രൗണ്ട് സ്റ്റാഫ് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു ..അല്ല ഓടുന്നു.

വിമാനം ടെർമിനലിൽ നിന്നതും ,യാത്രക്കാർ നിവർന്ന് എഴുന്നേറ്റു. പതിനൊന്നു  മണിക്കൂർ  യാത്രയായിരുന്നില്ലേ.......! ശരീരത്തിലെ അവയവങ്ങൾ മെഴുക് വച്ച് ഉറപ്പിച്ചത്  പോലെ ആയിരുന്നു. അവ വിടർത്തി, യാത്രക്കാർ ഇറങ്ങുവാൻ തയ്യാറായി.  കോക്ക്പിറ്റിനു  സമീപം  എക്സിറ്റ് എന്നെഴുതിയ  വാതിലിലുടെ ആളുകൾ ഇറങ്ങുമ്പോൾ പൈലറ്റ് അടക്കമുള്ളവർ ഞങ്ങൾക്കു "നന്ദി....വീണ്ടും കാണാം"  എന്ന് പറയുന്നുണ്ടായിരുന്നു.   

എല്ലാവരും തന്നെ  വളരെ ലാഘവത്തോടെ  ഇറങ്ങി പോയി, പക്ഷെ, എന്റെ ഉള്ളം ചന്ദ്രനിൽ എത്തിയ ആംസ്റ്ററിങ്ങിന്റെ മനസ്സിന്‌  തുല്യമായിരുന്നു. പുതുമണ്ണിൽ കാല് കുത്തുമ്പോഴുള്ള ഒരു തരം പറഞ്ഞറിയിക്കനാവാത്ത വികാരം ...ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ഭാരതസന്ദർശനം ആണ് ഉള്ളിൽ നിന്നും ഉയർന്നു  വന്നത് . നീളെ  വിരിച്ച  ചുവന്ന പരവതാനിയിലേക്ക് കാലെടുത്ത് വയ്ക്കുമ്പോൾ  അദ്ദേഹം കമഴ്ന്നു കിടന്ന്  ഭാരതഭൂമിയോട് നന്ദി പറഞ്ഞ ചിത്രങ്ങൾ മനസ്സിൽ ഓടിയെത്തി.  

അരങ്ങേറ്റത്തിന്  കയറുമ്പോൾ,  കളിത്തട്ട്  തൊട്ടു നമസ്കരിക്കുന്ന കലാകാരന്മാരെ  പോലെ അമേരിക്കൻ മണ്ണിൽ തൊട്ടു നമസ്കരിക്കാൻ തോന്നിയെങ്കിലും സാഹചര്യം അതിനനുവദിച്ചില്ല. ബാഗേജ് ക്ലെയിം എന്നെഴുതിയ വഴിയേ ഞങ്ങൾ മുന്നോട്ടു  പോയി .പിന്നീട്  ബാഗുകൾ എല്ലാം എടുത്ത്  ഇമിഗ്രേഷൻ കൗണ്ടറിലേക്ക് നീങ്ങി.

"ഇവിടെയും  ഒന്നും സംഭവിക്കരുതേ .."എന്ന പ്രാർത്ഥന മനസ്സിൽ ഉണ്ടായിരുന്നെങ്കിലും ഏതു പ്രതിസന്ധിയെയും തരണം ചെയ്തു മുന്നോട്ട് പോകാൻ മനസ്സു പാകപ്പെട്ടിരുന്നു. ....ഇമിഗ്രേഷൻ ഓഫിസർ ഞങ്ങളെ എല്ലാവരെയും  ഒരു മുറിയിൽ കൊണ്ടുപോയി  ഇരുത്തി ....ആ ഫ്ലൈറ്റിൽ വന്ന എല്ലാവരും തന്നെ ക്‌ളീയറൻസ് കഴിഞ്ഞു പുറത്തിറങ്ങി ...ഞങ്ങൾ മുറിയിൽ തന്നെ ഇരുന്നു  മണിക്കുറുകൾ  കഴിഞ്ഞെങ്കിലും  ഞങ്ങളുടെ അടുക്കൽ മാത്രം ആരും വരുന്നില്ല. അനാവശ്യമായ ഒരു  ഭയം ഉള്ളിൽ  രൂപപ്പെട്ടു. ഞങ്ങൾക്ക് ഇനിയും ഒരു വിമാനം കൂടി കയറേണ്ടിയിരിക്കുന്നു, സൗത്ത് കരോലിന യുടെ തലസ്ഥാനമായ കൊളംബിയയിലേക്ക്  ..അവിടേക്കുള്ള  ഫ്ലൈറ്റിന്റെ സമയം ടി വി മോണിറ്ററിൽ ഞാൻ ശ്രദ്ധിച്ചു .....ഇനി രണ്ടു മണിക്കൂർ മാത്രം.

എനിക്ക് വീണ്ടും ടെൻഷൻ ആയി, ഇമിഗ്രേഷൻ ഓഫീസർമാർ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതല്ലാതെ ഞങ്ങളുടെ നേരെ  നോക്കുന്നത് പോലുമില്ല ........എന്തെങ്കിലും പ്രശ്നം ? മനസ്സിൽ കറുത്ത  കാർമേഘങ്ങൾ  ഉരുണ്ടു കൂടി ... പെയ്യുവാൻ കഴിയാതെ അവയുടെ ജലഭാരം കൂടി .....ആ  ഭാരം താങ്ങുവാൻ കഴിയാതെ  ഞാൻ ഒരു ഓഫിസറെ സമീപിച്ചു പറഞ്ഞു, " സർ ഞങ്ങളുടെ അടുത്ത ഫ്ലൈറ്റ് രണ്ടു മണിക്കൂറിനുള്ളിൽ  ആണ് ...!"

അദ്ദേഹം ഒരു ചെറു പുഞ്ചിരി യോടെ തന്നെ ഞങ്ങളോട്  പറഞ്ഞു .."നിങ്ങളെ സമയത്തിന് തന്നെ പറഞ്ഞു വിടും പേടിക്കേണ്ട ....."

കാർമേഘങ്ങൾ കുളിർമഴയായി ഉള്ളിൽ പെയ്തിറങ്ങി. ആ നീർതുള്ളികൾ സ്വപ്നങ്ങളുടെ പുതിയ നാമ്പുകളെ പൊട്ടിമുളപ്പിച്ചു.    ഒരല്പസമയത്തിനു ശേഷം, ആ ഓഫീസർ  ഞങ്ങളെ ഓരോരുത്തരെയും വിളിച്ചു ഫിംഗർപ്രിന്റ് ..റെറ്റിന പ്രിന്റ് തുടങ്ങിയ ഔദ്യോഗിക ചടങ്ങുകൾ പൂർത്തിയാക്കി. ചിറകു വിരിച്ചു നിൽക്കുന്ന  കഴുകന്റെ ചിത്രത്തിന് താഴെ എഴുതി വച്ചിരിക്കുന്ന സത്യവാങ്‌മൂലങ്ങൾ ഞങ്ങൾ ഒപ്പിട്ടു, കൂടാതെ മറ്റു ചില പേപ്പറുകളിലും. ഒപ്പിടുന്നതിനു മുൻപ് അവ ഏത് പേപ്പർ ആണെന്നും,  എന്തിന് ഒപ്പിടുന്നു എന്നും ചരുങ്ങിയ വാക്കുകൾ കൊണ്ട് അദ്ദേഹം വിശദീകരിക്കുന്നുണ്ടായിരുന്നു. എല്ലാ പേപ്പറുകളിലും  ഒപ്പിട്ടു എന്നുറപ്പുവരുത്തിയ ഓഫീസർ, വിടർന്ന ചിരിയുമായി ഹസ്തദാനം ചെയ്തു കൊണ്ട്  ഞങ്ങളോട്  പറഞ്ഞു
 
"യുണൈറ്റഡ്  സ്റ്റേറ്റ്സ്  ഓഫ്  അമേരിക്കയിലേക്ക് സ്വാഗതം ...."

(തുടരും)

മുൻഭാഗങ്ങൾ വായിക്കുവാൻ, താഴെ ലിങ്കിൽ ക്ലിക് ചെയ്താൽ മതി


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മേഘങ്ങളിലെ വെള്ളിരേഖ (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 14)

മുല്ലപ്പെരിയാറിൽ ഒഴുകി നിറയുന്നു ആശങ്കകൾ: (ലേഖനം, സിൽജി ജെ ടോം)

ഇന്‍ഡ്യന്‍ ക്‌ളാസിക്കല്‍ ഡാന്‍സും യൂറോപ്യന്‍ ബാലെയും (ലേഖനം:സാം നിലമ്പള്ളില്‍)

MULLAPERIYAR DAM- A CONSTANT THREAT ON KERALA ( Dr. Mathew Joys, Las Vegas)

നാദവിസ്മയങ്ങളില്ല.... വാദ്യ മേളങ്ങളില്ല... മഹാമാരി വിതച്ച മഹാമൗനത്തിലാണ് മഹാനഗരത്തിലെ വാദ്യകലാകാരന്മാർ....(ഗിരിജ ഉദയൻ മുന്നൂർകോഡ് )

കോട്ടയം പുഷ്പനാഥും ഞാനും (ജിജോ സാമുവൽ അനിയൻ)

സോഷ്യല്‍ മീഡിയയുടെ അനിയന്ത്രിതമായ കടന്നു കയറ്റം (പി.പി.ചെറിയാന്‍)

മരുമകൾ (ഇള പറഞ്ഞ കഥകൾ -11:ജിഷ യു.സി)

എണ്ണൂറു ഭാഷ സംസാരിക്കുന്ന ഇരുളർ; വെളിച്ചം വീശാൻ ഒരേ ഒരു മലയാളി മെത്രാൻ (കുര്യൻ പാമ്പാടി)

ചലച്ചിത്ര അവാർഡ്; മാറുന്ന സിനിമാസംസ്കൃതിയുടെ അംഗീകാരം : ആൻസി സാജൻ

Drug free Kerala: The mission of political parties (Prof. Sreedevi Krishnan)

ജീവനതാളത്തിന്റെ നിശബ്ദമാത്രകൾ (മായ കൃഷ്ണൻ)

മയക്കുന്ന മരുന്നുകള്‍ (എഴുതാപ്പുറങ്ങള്‍ -89: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ )

മഴമേഘങ്ങൾക്കൊപ്പം വിഷം ചീറ്റുന്ന മന്ത്രവാദികൾ (ജോസ് കാടാപുറം)

ഡിബേറ്റിൽ ഡോ. ദേവിയുടെ തകർപ്പൻ പ്രകടനം; നിലപാടുകളിൽ വ്യക്തത

ഡോ. ദേവിയെ പിന്തുണക്കുക (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 13)

കേരള പ്രളയം ഒരു തുടര്‍കഥ (ലേഖനം: സാം നിലമ്പള്ളില്‍)

കേരളം ഇക്കാലത്ത് വാസ യോഗ്യമോ? പ്രകൃതിയെ പഴിച്ചിട്ടു കാര്യമുണ്ടോ?(ബി ജോണ്‍ കുന്തറ)

ഡാമുകൾ തുറന്നുവിട്ട് ഇനിയും പ്രളയങ്ങൾ സൃഷ്ടിക്കണമോ: പദ്മകുമാരി

മലയാളത്തിലെ ആദ്യ അച്ചടിക്ക് 200 വയസ്സ് (വാൽക്കണ്ണാടി - കോരസൺ)

ചില പ്രളയ ചിന്തകൾ (നടപ്പാതയിൽ ഇന്ന്- 12: ബാബു പാറയ്ക്കൽ)

പുരുഷധനവും ഒരു റോബോട്ടും (മേരി മാത്യു മുട്ടത്ത്)

എവിടെയാണ് ഇനി കേരളം തിരുത്തേണ്ടത് (അനിൽ പെണ്ണുക്കര)

ഇത്രയും നീണ്ട ഇടവേള, വേദനിപ്പിക്കുന്ന അനീതി (ഷിജോ മാനുവേൽ)

പ്രകൃതി വർണങ്ങളിൽ മുങ്ങുമ്പോൾ (സാക്ക്, ന്യു യോർക്ക്)

ക്രോധം പരിത്യജിക്കേണം ബുധജനം (മൃദുല രാമചന്ദ്രൻ-മൃദുമൊഴി- 29)

സാലുങ്കേ ജീവിത കഥ പറയുന്നു, ഒരു മലയാളിയുടെ സ്‌നേഹക്കൈപിടിച്ചു നടന്ന തന്റെ ജീവിതം (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

ഇടിത്തീ (ഇള പറഞ്ഞ കഥകൾ- 10 - ജിഷ.യു.സി)

'വെള്ളം:' മദ്യവിരുദ്ധർ പോലും കാണേണ്ട ചിത്രം (എസ്. അനിലാൽ)

വരകളിലെ യേശുദാസന്‍, ഓര്‍മ്മകളിലെയും (ദല്‍ഹികത്ത് : പി.വി. തോമസ്)

View More