EMALAYALEE SPECIAL

മണൽത്തരികൾക്കു മുകളിലൂടെ... (അമേരിക്കൻ കുടിയേറ്റ കുറിപ്പുകൾ -9: ഷാജു ജോൺ)

Published

on

" സ്വപ്നങ്ങളെ മുറുകെ പിടിക്കുക, അവയില്ലെങ്കിൽ 
 നീ ചിറകൊടിഞ്ഞ പക്ഷിയെപ്പോലെ ആകും........" 
 
എപ്പോഴോ വായിച്ച  ലാങ്സ്റ്റൻ ഹ്യൂഗിന്റെ ഈ വരികൾ  ആണ്, അറബിക്കടലിനു മുകളിലെ  ആകാശത്തിലൂടെ പറക്കുമ്പോൾ  മനസ്സിൽ ഓടിയെത്തിയത്. എന്നെങ്കിലും സാക്ഷാൽക്കരിക്കും എന്നുള്ള സ്വപ്‌നങ്ങളുടെ പൂർത്തീകരണം ആയിരുന്നില്ലേ, എന്റെ അമേരിക്കൻ യാത്രയും, ആ  മധുരമുള്ള ഓർമ്മകളും.........  
 
 പ്രൈമറി -മിഡിൽ സ്‌കൂളിലെ സോഷ്യൽ സ്റ്റഡീസ് ക്‌ളാസുകളിൽ ഇന്ത്യയുടെ ഭൂപടം വരക്കുവാൻ ആവശ്യപ്പെടുമ്പോൾ ഏറ്റവും എളുപ്പത്തിൽ  ഞാൻ വരച്ചിരുന്നത് കേരളത്തിന്റ ഭാഗമാണ്.  ടീച്ചറുടെ കയ്യിലെ, നടുവിന് അല്പം വളവുള്ള ചൂരലിന്റെ  ആകൃതി...... നടുഭാഗമായ കൊച്ചിയിൽ വരുമ്പോൾ മാത്രം അല്പം  അകത്തേക്കു വളച്ചു വരയ്ക്കണം...........  
 
ഖത്തർ എയർവെയ്‌സ് വിമാനത്തിന്റെ ചെറിയ കിളിവാതിലിലൂടെ ,   വളഞ്ഞ ചൂരൽ വടി പോലുള്ള മലയാള നാടിൻറെ  പടിഞ്ഞാറൻ അതിര് ഞാൻ കണ്ടു.   ..... പതഞ്ഞു കയറുന്ന അറബിക്കടലിലെ തിരമാലകൾ അവയെ  നീളമുള്ള വളഞ്ഞ വെളുത്ത  വരകളായി വരച്ചിടുന്നു, വിമാനം മുന്നോട്ടു പറക്കുന്തോറും ആ വരകളും അപ്രത്യക്ഷമായികൊണ്ടിരുന്നു ,  കൊച്ചുകേരളത്തിന്റെ പച്ചപ്പ്‌ ക്രമേണ അകന്നകന്നു പോയി, താഴെ അറബിക്കടലിന്റെ നീലിമയും  മങ്ങി മങ്ങി ഇല്ലാതായി.  വിമാനം അതിനനുവദിക്കപ്പെട്ട ഉയരങ്ങളിൽ ഇതിനകം എത്തിയിരുന്നു എന്ന് മുന്നിലെ ടീവിസ്‌ക്രീനിൽ  തെളിഞ്ഞു വന്നു,  എന്നിട്ടും  ആ കിളിവാതിലിൽ നിന്ന് കണ്ണെടുക്കുവാൻ തോന്നിയില്ല........  ചുറ്റും അപ്പുപ്പൻ താടികൾ പോലെ വെളുത്ത  മേഘപടലങ്ങൾ, അവക്കിടയിലൂടെ ഞങ്ങളുടെ ആകാശയാനം  റാകിപ്പറക്കുന്ന  ചെമ്പരുത്തിനെപ്പോലെ  ഊളിയിട്ടു.   
 
 വിമാനം അതിന്റെ യാത്രാപാതയിൽ  എത്തിയതോടു കുടി, സീറ്റ് ബെൽറ്റ് ഊരുവാൻ അനുവാദം തന്നു.  അറബിക്കഥകളിൽ വായിച്ചിട്ടുള്ള  ഹൂറികളെപ്പോലെ സുന്ദരികളായ  എയർ ഹോസ്റ്റസുമാർ  രുചികരമായ ഭക്ഷണ വിഭവങ്ങളുമായി ഞങ്ങൾക്കരികിലെത്തി. തണുത്ത പഴച്ചാറുകളും സ്വാദിഷ്ടമായ ആഹാരവും  എന്നെ വേറൊരു ലോകത്തിലെത്തിച്ചു. തുടക്കത്തിലുണ്ടായിരുന്ന ആശങ്കകൾ അകന്നു, മനസ്സ് ശാന്തമായി. ഭക്ഷണം കഴിഞ്ഞതോടു കൂടി തലേദിവസത്തത്തെ ഉറക്കം കണ്ണുകളിൽ മുത്തമിടാൻ തുടങ്ങി .. അനന്തമായ ആകാശസ്വച്ഛതയിൽ സുഖകരമായമായ ഒരുറക്കം ....
 
 
പൈലറ്റിന്റെ പ്രഖ്യാപനം  കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്, " നമ്മൾ അരമണിക്കൂറിനുള്ളിൽ  ദോഹ ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങുവാൻ പോകുന്നു......". വിമാനത്തിനുള്ളിൽ അറബി സുന്ദരികൾ എല്ലാവരെയും പറഞ്ഞുവിടുവാനുള്ള ഒരുക്കങ്ങൾ ചെയ്തുകൊണ്ടിരുന്നു. ഇറങ്ങുന്നതിനു മുൻപ് ആർക്കെങ്കിലും എന്തെങ്കിലും ആവശ്യമുണ്ടോ എന്ന്  ഇടയ്ക്കിടെ ചോദിക്കുന്നതിനിടയിൽ പലരും അവസാന പെഗ്ഗ് മദ്യത്തിനായി കൈ നീട്ടുന്നുണ്ടായിരുന്നു.  അവരെയെല്ലാം തൃപ്തിപ്പെടുത്തി  ഏറ്റവും ഒടുവിലായി വിലകൂടിയ അത്തർ സ്പ്രേ ചുറ്റിലും വീശിയടിച്ച്  ഞങ്ങളെ മുല്ലപ്പൂവിന്റെ  നറുമണമുള്ള  മനുഷ്യരാക്കി അവർ മാറ്റി.  
 
ഉറക്കം തൂങ്ങിയ കണ്ണുകളുമായി  ഞാൻ വീണ്ടും കിളിവാതിലിലൂടെ പുറത്തേക്കു  നോക്കിയിരുന്നു  ...താഴെ അറബിക്കടലിന്റെ നീലിമ വീണ്ടും തെളിഞ്ഞു വന്നു  തുടങ്ങി, സൂര്യൻ ഞങ്ങൾക്കു മുൻപേ അവിടെ എത്തിയിരുന്നു. പച്ചപ്പ്‌ നിറഞ്ഞ തെങ്ങിൻ തലപ്പുകൾ തിരഞ്ഞ എന്റെ കണ്ണുകളിൽ, പകരമായി എത്തിയത്  നിവർന്നു നിൽക്കുന്ന  കെട്ടിടങ്ങളുടെ മിനാരങ്ങൾ ആയിരുന്നു. തിരയടിച്ചു കയറുന്ന തീരങ്ങൾക്കു മഞ്ഞനിറമായിരുന്നു ...... വിമാനം റൺവെയിലുടെ ഓടുമ്പോഴും  എന്റെ കണ്ണുകൾ പച്ചപ്പിനു വേണ്ടി പരതിയെങ്കിലും അവിടവിടെ കാണുന്ന ഈന്തപ്പനകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു..വരണ്ട മണലിന്റെ മഞ്ഞ നിറം മാത്രമായിരുന്നു  ചുറ്റും. 
 
വളരെ കുറച്ചു സമയം കൊണ്ട് തന്നെ വിമാനം നിലം തൊട്ടു നിന്നു. അന്ന് ദോഹ എയർപോർട്ട് വളരെ ചെറുതായിരുന്നു, നേവൽ ബേസിനടുത്തുള്ള കൊച്ചി എയർപോർട്ട് പോലെ തന്നെ. ഇപ്പോഴുള്ള ഹമദ് ഇന്റർനാഷണൽ  എയർപോർട്ടിന്റെ ഗ്രൗണ്ടിങ് ജോലികൾ നടക്കുകയായിരുന്നു .അതുകൊണ്ടു വിമാനമിറങ്ങി, ബസ്സിൽ കുറെ ദൂരം സഞ്ചരിച്ചതിനു ശേഷമാണ് ടെർമിനലിനുള്ളിൽ എത്തിയത്. ഏതാണ്ട് ഉച്ചസമയം  ആയിരുന്നു. ദോഹയിൽ നിന്നും ലണ്ടനിലേക്കുള്ള അടുത്ത   വിമാനം രാത്രി വളരെ വൈകിയാണ്  പന്ത്രണ്ടു മണിക്ക്  ശേഷം, ഖത്തർ എയർവേയ്‌സ് ഉദ്യോഗസ്ഥർ  ഞങ്ങളെ ഒരു വലിയ ഹോട്ടലിലേക്ക് കൊണ്ടുപോയി  ...മിന്നിത്തിളങ്ങുന്ന ഒരു പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് .... ഒരു ദിവസത്തെ പഞ്ചനക്ഷത്ര ഹോട്ടലിലെ  താമസവും  എന്റെ ബക്കറ്റ് ലിസ്റ്റിലെ മറ്റൊരു ഇനമായിരുന്നു . കൊച്ചി വില്ലിങ്ടൺ ഐലൻഡിലെ താജ് ഹോട്ടൽ കാണുമ്പോൾ മാത്രം ഉയർത്തെഴുന്നേറ്റു വരുന്ന ഒരു തരം  പൂതി..... .. ..പഞ്ച നക്ഷത്ര ഹോട്ടലിന്റെ ശാന്തതയിലും തണുപ്പിലും അസ്വസ്ഥത തോന്നിയെങ്കിലും, സ്റ്റാർ ഹോട്ടലിലാണ് താമസം  എന്നുള്ള സ്റ്റാറ്റസ് അതിനെ ഇല്ലായ്മ ചെയ്യുവാൻ ശ്രമിച്ചു കൊണ്ടിരുന്നു.
 
 ഹോട്ടൽ മുറിയിലെ ശീതളിമയിൽ അൽപനേരം ഉറങ്ങാമെന്ന്  കരുതിയെങ്കിലും,  ആ  ശ്രമം വിഫലമായിരുന്നു. പത്താം നിലയിലെ ആ മുറിയിൽ നിന്ന് നോക്കിയാൽ അറേബ്യൻ  മരുഭൂമിയുടെ കണ്ണെത്താത്ത  അതിരുകൾ വരെ കാണാമായിരുന്നു.  പുറത്തെ കത്തുന്ന ചൂടിൽ അകലെ മണൽകാറ്റുകൾ  ഉയർന്നു താഴ്ന്നു ചുഴറ്റിയടിക്കുന്നു. ഹോട്ടലിനു മുന്നിലെ ഹൈവേയിൽ  മുന്തിയ ഇനം കാറുകളും മറ്റു വാഹനങ്ങളും ഒഴുകിയൊഴുകി പോകുന്നു. ഹോട്ടലിനകത്തെ മടുപ്പിക്കുന്ന ശാന്തത, എന്നെ പുറത്തിറങ്ങാൻ പ്രേരിപ്പിച്ചു. മുൻവശത്തെ വാതിൽ കടന്നപ്പോൾ തന്നെ എന്നെ സ്വീകരിച്ചത് പൊള്ളുന്ന തീക്കാറ്റ് ആണ് , അതേപോലെ തന്നെ തിരിച്ചു കയറി, ലോബിയിലെ  വിശാലമായ ചില്ലുജാലകങ്ങളിലൂടെ പുറംകാഴ്ചകൾ കണ്ടുകൊണ്ടിരുന്നു  .
 
ആഗ്രഹം, പക്ഷെ അടങ്ങുന്നില്ല.....  "അറബിനാട്ടിലെ പഞ്ചരമണലിൽ കാൽ  കുത്തേണ്ടേ .... ..? " മനസ്സു വെറുതെ മോഹിപ്പിച്ചുകൊണ്ടിരുന്നു.
 
അവസാനം വെയിലിന് അല്പം കാഠിന്യം കുറഞ്ഞപ്പോൾ  ഞാൻ വീണ്ടും  വെളിയിലേക്കിറങ്ങി.....നഗ്നമായ കാലുകൾ  മണലിലേക്കു പൂഴ്ത്തി ..... ചുട്ടുപൊള്ളുന്ന മണൽത്തരികൾ കാൽപാദങ്ങളിൽ നീറുന്ന തരിപ്പുകൾ  സൃഷ്ടിച്ചു. ജീവിതത്തിലാദ്യമായി മറ്റൊരു രാജ്യത്തിൻറെ സ്പന്ദനങ്ങൾ  ആ തരിപ്പുകളിലൂടെ ശരീരത്തിലേക്ക് ഇരച്ചുകയറി. .....  മുന്നോട്ടു കുറെ നടക്കണം എന്നാഗ്രഹിച്ചുവെങ്കിലും  അധികം നടക്കുവാൻ ചൂട് അനുവദിച്ചില്ല. സൂര്യൻ  മറയാൻ തുടങ്ങിയെങ്കിലും താപമാപിനിയിലെ രസസൂചിക ഉയർന്നു തന്നെ നിന്നിരുന്നു   ...... തണുത്തത്  എന്തെങ്കിലും ആകാം എന്ന ചിന്തയിലാണ് അടുത്തുകണ്ട  കടയിലേക്ക് കയറിയത്..... 
 
അറബിയിൽ എങ്ങനെ സംസാരിക്കും  എന്ന് ആശങ്ക ഉണ്ടായിരുന്നു .പെട്ടെന്നാണ്  കടയിലെ സാധനങ്ങൾക്കിടയിൽ നിന്നൊരു ചോദ്യം "സാർ എന്ത് വേണം ........?" 
 
ഒരു നിമിഷം ഞാൻ ശങ്കിച്ചു, എറണാകുളത്തെ ഏതെങ്കിലും കടയിലാണോ ഞാനെന്ന്......? ചന്ദ്രനിൽ ഇറങ്ങിയ നീൽ  ആംസ്‌ട്രോങിന്, കടുപ്പത്തിൽ ഒരു ചായ  എടുക്കട്ടേ എന്ന് ചോദിച്ച മലയാളി നായരെ കുറിച്ചുള്ള തമാശ  ഓർത്തുപോയി. 
 
 കടയിൽ പുറം തിരിഞ്ഞു നിന്ന് സാധനങ്ങൾ അടുക്കി വയ്ക്കുന്നയാളോട് ഞാൻ  ചോദിച്ചു "മലയാളിയാണ്..... അല്ലെ ?"
 
"ഉം , മലപ്പൊറത്ത്ന്ന് ...." അയാൾ എനിക്ക് മുഖം തന്നു പറഞ്ഞു 
 
"എങ്ങ്ട്ടാ ..... യൂറോപ്പിനോ ,അമേരിക്കക്കോ ?"   അയാളുടെ ചോദ്യം  കേട്ട് ഞാൻ അമ്പരന്നു 
 
"എങ്ങനെ മനസ്സിലായി..... ?" ഞാൻ ചോദിച്ചു 
 
"അങ്ങ്ട്ടുള്ള യാത്രക്കാരേ, ഈ ഹോട്ടലിൽ വരാറുള്ളൂ....."   എന്താണ് വേണ്ടത് എന്ന ചോദ്യം കണ്ണുകളിൽ ഒളിപ്പിച്ച് അയാൾ പറഞ്ഞു 
 .
ഹോട്ടലിൽ നിന്നിറങ്ങി നടക്കുന്ന എന്നെ മറ്റുള്ളവർ ശ്രദ്ധിക്കുന്നുണ്ട്  എന്നെനിക്കു മനസ്സിലായി ...ഹോട്ടലിൽ നിന്ന് പുറത്ത് പോകരുത് എന്ന്  നേരത്തെ ഖത്തറിന്റെ ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു. ഖത്തർ വിസ ഇല്ലാത്തതിനാൽ പോലീസിന്റെ പിടിയിൽ പെട്ടാൽ പിന്നെ ഊരിപ്പോരുക ചെറിയ കാര്യമായിരുന്നില്ല. ഫ്രൂട്ടി എന്ന്  അറബിയിൽ പേരെഴുതിയ ഒരു ശീതളപാനീയ പാക്കറ്റ് മാത്രം വാങ്ങിച്ച്   ഹോട്ടലിലേക്ക് തന്നെ തിരിച്ചു  നടന്നു.
 
 ഹോട്ടൽ മുറിയിൽ എത്തി.... നടന്ന ക്ഷീണമുണ്ട്, എ സി യുടെ നല്ല തണുപ്പും  ഉണ്ട്,  അല്പനേരമെങ്കിലും മയങ്ങുവാനുള്ള  ശ്രമം നടത്തി. പക്ഷെ  പല വിചാരങ്ങളുടെ തള്ളിക്കയറ്റത്തിൽ  ആ ശ്രമം പരാജയപ്പെട്ടു  ...എങ്കിലും  എപ്പോഴോ ലഭിച്ച പാതി മയക്കം  വാതിലിലെ  ശക്തമായ മുട്ട് കേട്ടപ്പോൾ പെട്ടെന്ന്  തടസ്സപ്പെട്ടു ...... വാതിൽ തുറന്നതും മുന്നിൽ നിൽക്കുന്നു ഒന്നിച്ചു യാത്ര ചെയ്യുന്ന സുഹൃത്ത്,
 
"എന്ത് പറ്റി .." പാതിമയക്കത്തിൽ ഞാൻ ചോദിച്ചു 
 
"മോളുടെ പാസ്പോര്ട്ട് കാണുന്നില്ല .."  വിങ്ങിപൊട്ടുന്ന ശബ്ദത്തിൽ അയാൾ പറഞ്ഞു.
 
 അയാൾ പറഞ്ഞത് അങ്ങനെ  തന്നെയാണ്  എന്നുറപ്പിക്കുവാൻ വേണ്ടി ഞാൻ വീണ്ടും അയാളുടെ മുഖത്തേക്ക് ഒന്നുകൂടി ഉറപ്പിച്ചു  നോക്കി.
 
"എല്ലാം ഞാൻ ഒന്നിച്ചു പൊതിഞ്ഞു വച്ചതാണ് ......ബാക്കി എല്ലാവരുടെയും ഉണ്ട് ..മോളുടെ മാത്രം ഇല്ല ......" ഗദ്ഗദകണ്ഠനായി അയാൾ വിതുമ്പി. 
 
അപ്പോഴേക്കും മൂന്നാമത്തെ സുഹൃത്തും എത്തിയിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങൾ തരിച്ചു നിന്നു. ആരോട് ചോദിക്കും ? എന്ത് ചെയ്യും ..? അറബിക്കടലിന്റെ പടിഞ്ഞാറേ അതിർത്തിയിൽ നിന്നും കിഴക്കേ അതിർത്തി വരെ പാസ്‌പോർട്ടിന് വേണ്ടി  ഇനി എങ്ങനെ തിരയും...  ? നിരവധി ചോദ്യങ്ങൾ ഉത്തരമില്ലാതെ ഞങ്ങൾക്ക് ചുറ്റും കറങ്ങി.  നടുക്കടലിൽ കൈ കൊണ്ട് തുഴഞ്ഞു ജീവൻ നില നിർത്തുന്ന പത്തു പേരുടെ ഒരു സംഘം.......
 
പാസ്പോർട്ട് കണ്ടെടുത്തില്ലെങ്കിൽ ഞങ്ങളുടെ യാത്ര മുടങ്ങുകില്ലെങ്കിലും, സുഹൃത്ത് തിരിച്ചു പോകേണ്ടിവരും എന്നുറപ്പാണ്, മാത്രമല്ല കൂടെ മറ്റു പ്രശ്നങ്ങളും. എല്ലാവരും വിഷണ്ണരായി. ഞങ്ങൾ സുഹൃത്തിന്റെ മുറിയിൽ വീണ്ടും  കയറി പരിശോധന ആരംഭിച്ചു. അരിച്ചുപെറുക്കി നോക്കിയിട്ടും  പാസ്പോര്ട്ട് മാത്രം എങ്ങും ഇല്ല. ഞങ്ങൾ പരസ്പരം എന്ത് പറയണമെന്നറിയാതെ നിന്നു.  എവിടെ ആയിരിക്കും നഷ്ടപെട്ടത് ? ഷെർലക് ഹോംസ് കഥകളിലെ ഇൻസ്‌പെക്ടർ ലെസ്റ്ററെ പോലെ ഞാൻ  പുറകിലേക്ക് ഒരു യാത്ര നടത്തി...... ഓരോ പോയിന്റുകളും മനസ്സിൽ കൊണ്ടുവന്നു.  കൊച്ചിയിലെ ടെർമിനലിൽ പാസ്പോർട്ട് കാണിച്ചതോർമയുണ്ട്, പിന്നീട് പാസ്പോർട്ട് എടുക്കേണ്ട ആവശ്യം വന്നിട്ടില്ല ... അപ്പോൾ ഖത്തർ എയർവെയ്‌സ് വിമാനത്തിൽ.......... ,  ദോഹ എയർപോർട്ടിൽ.......... ,  അല്ലെങ്കിൽ എയർപോർട്ടിൽ നിന്ന് ഹോട്ടലിലേക്ക് വന്ന വാനിൽ .....  ഇവിടെ എവിടെയെങ്കിലും ആയിരിക്കും നഷ്ടപെട്ടത് എന്ന്  ഇൻസ്പെക്ടർ ലെസ്റ്റർ .മനസ്സു എനിക്ക്  പറഞ്ഞു തന്നു .
 
എയർപോർട്ടിൽ പോയി അന്വേഷിക്കാം എന്ന് വിചാരിച്ചെങ്കിലും ,  എങ്ങനെ പോകും? ..പരിചയമില്ലാത്ത സ്ഥലം...! സാഹചര്യം....! ,ആളുകൾ ..!  അവസാനം ഹോട്ടൽ ലോബിയിലെ മാനേജരെ വിവരം അറിയിച്ചു.അദ്ദേഹം ഒരു അറബി ആയിരുന്നു.
അയാളുടെ കണ്ണുകളിൽ അത്ഭുതവും, അങ്കലാപ്പും ഒന്നിച്ചു വിരിഞ്ഞു. ഏറ്റവും പ്രധാനപ്പെട്ട യാത്രാരേഖ നഷ്ടപെട്ടിയിരിക്കുന്നു , പക്ഷെ അല്പം സമചിത്തതയോടെ അയാൾ പറഞ്ഞു നമുക്കന്വേഷിക്കാം ...അയാൾ ഞങ്ങൾ വന്ന വാൻ ഡ്രൈവറെ വിളിച്ചു ചോദിച്ചു  ഡ്രൈവർ വാൻ മുഴുവൻ പരിശോധിച്ചെങ്കിലും അവിടെ ഉണ്ടായിരുന്നില്ല. ഒരു റൂം ബോയി വന്നു  മുറി മുഴുവൻ പരിശോധിച്ചുവെങ്കിലും  പാസ്പോര്ട്ട് മാത്രം കണ്ടുകിട്ടിയില്ല. ടെൻഷൻ കയറി സുഹൃത്ത് മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുവാൻ തുടങ്ങി 
 
ഞങ്ങൾക്ക് എയർപോർട്ടിൽ ചെക് ഇൻ ചെയ്യേണ്ടത്  രാത്രി പതിനൊന്നു മണിക്ക് ആയിരുന്നു ,ഹോട്ടലിൽ നിന്നു ഷട്ടിൽ  പത്തുമണിക്കും. മാനേജർ ഇടപെട്ട് ഞങ്ങൾക്കു നേരത്തെ എയർപോർട്ടിൽ പോയി അന്വേഷിക്കുവാനുള്ള അവസരം ഉണ്ടാക്കി തന്നു .അങ്ങനെ ഒരു മണിക്കൂർ മുൻപേ ഞങ്ങൾ  എയർപോർട്ടിൽ എത്തി ....
 
ഹോട്ടൽ മാനേജരുടെ നിർദ്ദേശം പ്രകാരം , നേരെ പോയത്  ലോസ്റ്റ് ആൻഡ് ഫൗണ്ട്  കൗണ്ടറിലേക്കാണ്, കരഞ്ഞു കലങ്ങിയ കണ്ണുകളും , വിതുമ്പുന്ന മനസ്സുകളുമായി ഞങ്ങൾ വിഷയം അവതരിപ്പിച്ചു .....അവിടിരുന്ന ഉദ്യോഗസ്ഥരുടെ കണ്ണുകളിലും അവിശ്വസനീയത നിഴലിച്ചിരുന്നു ...അവിടെല്ലാം അവർ പരിശോധിച്ചെങ്കിലും ആ പാസ്സ്‌പോർട്ട് മാത്രം കണ്ടെത്താൻ കഴിഞ്ഞില്ല.    
 
ഞങ്ങൾ ആകെ തളർന്നുപോയി . ..ഇനി എന്ത് ചെയ്യും ? വേറൊരു രാജ്യം ,സഹായിക്കാൻ ആരുമില്ല ,എങ്ങോട്ടു പോകണമെന്നറിയില്ല ...സുഹൃത്ത് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി  അടുത്ത് കണ്ട ഒരു കസേരയിൽ ഇരുന്ന് കൊന്ത മണികൾ ഉരുട്ടുവാൻ തുടങ്ങി ,കുട്ടികൾ ഇതൊന്നും അറിയാതെ തുള്ളികളിച്ചു ഞങ്ങൾക്ക് ചുറ്റും നടക്കുന്നു .ഞങ്ങൾക്ക് പോകുവാനുള്ള  ലണ്ടൻ ഫ്ലൈറ്റ് റെഡിയാകുന്നു എന്ന സന്ദേശം എയർപോർട്ടിൽ നിന്ന് വന്നു കൊണ്ടിരുന്നു ...എന്ത് ചെയ്യണം എന്നറിയാതെ ഞങ്ങളും ...
 
ഒരല്പസമയം കഴിഞ്ഞപ്പോൾ ലോസ്റ്റ് ആൻഡ് ഫൗണ്ടിൽ ഒരാൾ ഒരു പാക്കറ്റ്  ഏല്പിക്കുന്നു ....അത് തുറന്ന ഉദ്യോഗസ്ഥൻ കണ്ണ് മിഴിച്ചു 
 
"ഹേയ് ..." അയാൾ നീട്ടി വിളിച്ചു. ഞങ്ങൾ മുന്ന് പേരും ഒരുമിച്ചു നോക്കി 
 
"ഇതാ നിങ്ങളുടെ പാസ്പോര്ട്ട്  ......"  പാക്കറ്റിനുള്ളതിൽ നിന്ന് , അശോകചക്രം നിറഞ്ഞുനിൽക്കുന്ന  നീല പുറംചട്ടയുള്ള ആ ചെറിയ ബുക്ക് കയ്യിലുയർത്തിക്കൊണ്ട്  അയാൾ പറഞ്ഞു  
 
കുറച്ചു മുൻപ് കൊണ്ടുവന്ന പാക്കറ്റിൽ, യാത്രക്കാരിൽ നിന്ന് നഷ്ടപെട്ട ചില സാധനങ്ങൾക്കൊപ്പം  കാണാതായ  പാസ്പോര്ട്ടും ഉണ്ടായിരുന്നു.  ജീവിതത്തിൽ ഇതേ പോലെ ഒരു നിമിഷം വേറെ  ഉണ്ടായിട്ടില്ല, കരയണോ ,ചിരിക്കണോ എന്നറിയാതെ ഞങ്ങൾ നിന്നു.  ഉന്മാദം പിടിപെട്ടവനെപ്പോലെ സുഹൃത്ത് ആ കൗണ്ടറിലേക്ക് ഓടി ..... .. വിറയ്ക്കുന്ന കൈകളുമായി പാസ്പോര്ട്ട്  വാങ്ങുന്നതിനിടയിൽ  അയാൾ  കൊന്തയിൽ മുത്തമിട്ടുകൊണ്ടേയിരുന്നു. അല്പസമയം അയാൾ ആ പാസ്പോർട്ടിലേക്കു നോക്കി കുനിഞ്ഞിരുന്നു ..... മുഖമുയർത്തുമ്പോൾ  അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.  
 
"ഇതൊക്കെ സൂക്ഷിക്കണ്ടേ  ....." എന്ന് പറയാൻ മനസ്സ് പ്രേരിപ്പിച്ചെങ്കിലും,സുഹൃത്തിന്റെ മുഖത്തെ ആ സന്തോഷം കണ്ടതോടുകൂടി ഞങ്ങളുടെ മറ്റെല്ലാ വിഷമങ്ങളും മാഞ്ഞുപോയി........  ചരിത്രത്തിൽ പറയുന്ന,  പഴയ സൂര്യനസ്തമിക്കാത്ത രാജ്യത്തേക്കുള്ള യാത്രയ്ക് വേണ്ടി ഞങ്ങൾ അടുത്ത  ടെർമിനലിലേക്കു നടക്കുവാൻ  തുടങ്ങി. 
(തുടരും ..) 
 
മുൻഭാഗങ്ങൾ വായിക്കുവാൻ, താഴെ ലിങ്കിൽ ക്ലിക് ചെയ്താൽ മതി 
 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഈ മനോഹര തീരത്തുവരുമോ ഇനിയൊരു ജൻമം കൂടി (നൈന മണ്ണഞ്ചേരി)

ഉറ്റ ബന്ധു ആര്? നമിതാ ജേക്കബിന്റെ പോസ്റ്റ് വരുത്തിയത് നയം മാറ്റം

കപടസദാചാരത്തിന്റെ തടവറയിൽ ജീവിതം ഹോമിക്കുന്ന മലയാളികൾ - സർഗ്ഗവേദിയിൽ സംവാദം

മേഘങ്ങളിലെ വെള്ളിരേഖ (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 14)

മുല്ലപ്പെരിയാറിൽ ഒഴുകി നിറയുന്നു ആശങ്കകൾ: (ലേഖനം, സിൽജി ജെ ടോം)

ഇന്‍ഡ്യന്‍ ക്‌ളാസിക്കല്‍ ഡാന്‍സും യൂറോപ്യന്‍ ബാലെയും (ലേഖനം:സാം നിലമ്പള്ളില്‍)

MULLAPERIYAR DAM- A CONSTANT THREAT ON KERALA ( Dr. Mathew Joys, Las Vegas)

നാദവിസ്മയങ്ങളില്ല.... വാദ്യ മേളങ്ങളില്ല... മഹാമാരി വിതച്ച മഹാമൗനത്തിലാണ് മഹാനഗരത്തിലെ വാദ്യകലാകാരന്മാർ....(ഗിരിജ ഉദയൻ മുന്നൂർകോഡ് )

കോട്ടയം പുഷ്പനാഥും ഞാനും (ജിജോ സാമുവൽ അനിയൻ)

സോഷ്യല്‍ മീഡിയയുടെ അനിയന്ത്രിതമായ കടന്നു കയറ്റം (പി.പി.ചെറിയാന്‍)

മരുമകൾ (ഇള പറഞ്ഞ കഥകൾ -11:ജിഷ യു.സി)

എണ്ണൂറു ഭാഷ സംസാരിക്കുന്ന ഇരുളർ; വെളിച്ചം വീശാൻ ഒരേ ഒരു മലയാളി മെത്രാൻ (കുര്യൻ പാമ്പാടി)

ചലച്ചിത്ര അവാർഡ്; മാറുന്ന സിനിമാസംസ്കൃതിയുടെ അംഗീകാരം : ആൻസി സാജൻ

Drug free Kerala: The mission of political parties (Prof. Sreedevi Krishnan)

ജീവനതാളത്തിന്റെ നിശബ്ദമാത്രകൾ (മായ കൃഷ്ണൻ)

മയക്കുന്ന മരുന്നുകള്‍ (എഴുതാപ്പുറങ്ങള്‍ -89: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ )

മഴമേഘങ്ങൾക്കൊപ്പം വിഷം ചീറ്റുന്ന മന്ത്രവാദികൾ (ജോസ് കാടാപുറം)

ഡിബേറ്റിൽ ഡോ. ദേവിയുടെ തകർപ്പൻ പ്രകടനം; നിലപാടുകളിൽ വ്യക്തത

ഡോ. ദേവിയെ പിന്തുണക്കുക (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 13)

കേരള പ്രളയം ഒരു തുടര്‍കഥ (ലേഖനം: സാം നിലമ്പള്ളില്‍)

കേരളം ഇക്കാലത്ത് വാസ യോഗ്യമോ? പ്രകൃതിയെ പഴിച്ചിട്ടു കാര്യമുണ്ടോ?(ബി ജോണ്‍ കുന്തറ)

ഡാമുകൾ തുറന്നുവിട്ട് ഇനിയും പ്രളയങ്ങൾ സൃഷ്ടിക്കണമോ: പദ്മകുമാരി

മലയാളത്തിലെ ആദ്യ അച്ചടിക്ക് 200 വയസ്സ് (വാൽക്കണ്ണാടി - കോരസൺ)

ചില പ്രളയ ചിന്തകൾ (നടപ്പാതയിൽ ഇന്ന്- 12: ബാബു പാറയ്ക്കൽ)

പുരുഷധനവും ഒരു റോബോട്ടും (മേരി മാത്യു മുട്ടത്ത്)

എവിടെയാണ് ഇനി കേരളം തിരുത്തേണ്ടത് (അനിൽ പെണ്ണുക്കര)

ഇത്രയും നീണ്ട ഇടവേള, വേദനിപ്പിക്കുന്ന അനീതി (ഷിജോ മാനുവേൽ)

പ്രകൃതി വർണങ്ങളിൽ മുങ്ങുമ്പോൾ (സാക്ക്, ന്യു യോർക്ക്)

ക്രോധം പരിത്യജിക്കേണം ബുധജനം (മൃദുല രാമചന്ദ്രൻ-മൃദുമൊഴി- 29)

സാലുങ്കേ ജീവിത കഥ പറയുന്നു, ഒരു മലയാളിയുടെ സ്‌നേഹക്കൈപിടിച്ചു നടന്ന തന്റെ ജീവിതം (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

View More