EMALAYALEE SPECIAL

പറന്നു പറന്നു പറന്ന് ....(അമേരിക്കൻ കുടിയേറ്റകുറിപ്പുകൾ-8: ഷാജു ജോൺ)

Published

on

"റാകിപ്പറക്കുന്ന ചെമ്പരുന്തേ ! ....നീയുണ്ടോ മാമാങ്കവേല കണ്ടു..............?"

 ചെറുപ്പത്തിന്റെ ഇടവഴികളിലെപ്പോഴോ  ചെവിയിൽ പതിഞ്ഞ  ഈ നാടൻ ശീലുകളാണ് പറക്കുവാനുള്ള മോഹത്തിന്റെ വിത്തുകൾ മനസ്സിൽ  പാകി മുളപ്പിച്ചു വളർത്തികൊണ്ടുവന്നത്, അനന്തമായ  ആകാശത്തു  അലസമായി പറക്കുവാൻ മോഹിച്ചിരുന്ന  ആ ബാല്യത്തിൽ, മലയാളം എഞ്ചുവടിയിലെ 'വി -വിമാനം' എന്ന് വായിക്കുമ്പോൾ, നിലത്ത് വീണുകിടക്കുന്ന വാതിൽ കൊളുത്ത് പോലെയുള്ള  അക്ഷരത്തെക്കാൾ എന്റെ കണ്ണുകളിൽ പതിഞ്ഞിരുന്നത് ഒപ്പം  കൊടുത്തിരുന്ന വിമാനത്തിന്റെ ചിത്രമായിരുന്നു. മിഴിവ് വറ്റാത്ത പ്രൈമറി സ്‌കൂൾ ഓർമകളിൽ  ഇപ്പോഴും നിലനിൽക്കുന്നത് പോലും കൊച്ചി നേവൽബേസിന് സമീപമുള്ള കൊച്ചി  വിമാനത്താവളത്തിലേക്കുള്ള ഒരു സ്‌കൂൾ  വിനോദയാത്രയാണ്.  ചുറ്റുപാടുകളെ വിറപ്പിച്ചു കൊണ്ട്  ഇടിമുഴക്കത്തോടെ ഉള്ള വിമാനങ്ങളുടെ വരവും പോക്കും  കൺകുളിർക്കെ കണ്ട അന്ന് മനസിൽ കുറിച്ചിട്ടു,  ഇന്നല്ലെങ്കിൽ നാളെ, ഞാനിതിൽ  കയറും ...........അനന്തമായ  ആകാശത്തിലൂടെ  ഊളിയിട്ടു പറക്കും .......

ഹൈസ്‌കൂളിൽ-കോളേജ് കാലങ്ങളിൽ വിമാനയാത്രക്ക് വേണ്ടി മാത്രം  കുറച്ചു സമ്പാദ്യം ഞാൻ മാറ്റി വച്ചിരുന്നു. കൊച്ചി മുതൽ തിരുവനന്തപുരം വരെയെങ്കിലും പറക്കുവാൻ....... ഞങ്ങൾ കുട്ടുകാർ ഒന്നിച്ചു ശ്രമിച്ചതുമാണ്, പക്ഷെ ആ ശ്രമം എവിടയോ പരാജയപെട്ടു   അതിനിടയിൽ കൊച്ചി എയർപോർട്ട്   നെടുമ്പാശ്ശേരിയിലേക്ക് മാറിയിരുന്നു. അന്ന് മുതൽ  ധാരാളം വിമാനങ്ങൾ എന്റെ വീടിനു മുകളിലൂടെ പോകുവാൻ തുടങ്ങി. പകൽ, റാകിപ്പറക്കുന്ന ചെമ്പരുന്തിനെപ്പോലെയും രാത്രിയിൽ ചുവന്ന കണ്ണുകളുള്ള രാക്ഷസഭീമന്മാരെപ്പോലെയും  പോകുന്ന വിമാനങ്ങളെ , ബാല്യത്തിലെ കണ്ണുകൾകൊണ്ട് തന്നെയാണ് വളർന്നപ്പോൾ  പോലും കണ്ടിരുന്നത്. ഒടുവിൽ  ആ ആഗ്രഹത്തിന് പൂർണ്ണത കൈവന്നത് അമേരിക്കക്കു പറക്കുവാനുള്ള   ആ ദിവസ്സത്തിലായിരുന്നു,  ഒന്നിലല്ല, നാലു വിമാനങ്ങളിൽ.......കൊച്ചിയിൽ നിന്നും ദോഹ ,ദോഹയിൽ നിന്നും ലണ്ടൻ ,ലണ്ടനിൽ നിന്നും ഹ്യൂസ്റ്റൺ ,അവിടെ നിന്നും കൊളംബിയ .... അമേരിക്കയിലേക്കുള്ള ആദ്യയാത്ര..... ഒരു  പൂവ്  ചോദിച്ചപ്പോൾ,  പൂന്തോട്ടം കിട്ടിയ സന്തോഷം.......  സ്വപ്നം കണ്ടതിനും  നാലിരട്ടി............

മദിരാശിയിലെ അമേരിക്കൻ കോണ്സുലേറ്റിയിൽ നിന്ന് ലഭിച്ച നിർദേശം പോലെ ഭാര്യ 2005 ഒക്ടോബറിൽ  അമേരിക്കക്കു പറന്നിരുന്നു, വീണ്ടും ഒരു  നാലു മാസത്തിനു ശേഷം പോകാം  എന്നായിരുന്നു ഞങ്ങളുടെ  തീരുമാനം.പക്ഷെ, അമേരിക്കൻ നഴ്സിംഗ് ലൈസെൻസ് ക്യാൻസൽ ആയ ഭാര്യയുടെ സങ്കടങ്ങൾ വീട്ടിലെ ഫോണിലൂടെ  തുടരെ തുടരെ വന്നുകൊണ്ടിരുന്നു. കരയുന്ന  ഭാര്യക്ക് കരുത്തുപകരാനുള്ള കരങ്ങളാകുക  എന്നത് ഉത്തരവാദിത്വമായി മാറിയതോട് കൂടി ജനുവരിയിലെ യാത്ര നവംബറിലേക്ക് മാറ്റി.

2005  നവംബർ 22 , അന്നായിരുന്നു ഈ ഉലകഗോളത്തിന്റെ മറുപകുതിയിലേക്കുള്ള  ഞങ്ങളുടെ യാത്ര .  ഞങ്ങൾ എന്ന് പറഞ്ഞാൽ, ഞാനും, എട്ടു വയസുള്ള  മകളും നാലു വയസുള്ള മകനും. കൂടെ ഇതേ സാഹചര്യത്തിൽ കുടി കടന്നു പോകുന്ന മറ്റു രണ്ടു സുഹൃത്തുക്കളും, അവരുടെ കുട്ടികളും...... പത്ത് പേര് അടങ്ങുന്ന ഒരു സംഘം.
 
 വിമാനയാത്രയുടെ പരിചയക്കുറവു കൊണ്ട്,  എയർപോർട്ടിൽ നിന്ന് തന്നെ പുതിയ  തടസങ്ങളുടെ പരമ്പരകൾ വന്നു തുടങ്ങി.
അതിരാവിലെ ആയിരുന്നു  ഖത്തർ എയർവേയ്‌സിന്റെ കൊച്ചി-ദോഹ വിമാനം. ഞങ്ങൾ  എല്ലാവരും തന്നെ പാതിരാത്രി കഴിഞ്ഞപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി. അകത്തും പുറത്തും നല്ല തിരക്കായിരുന്നു.  ഫ്‌ളൈറ്റുകൾ വന്നും പോയുമിരുന്നു..... .കുടുതലും ഗൾഫിലേക്കുള്ള യാത്രക്കാർ.എവിടെ തുടങ്ങണം ,എങ്ങോട്ടു പോകണം... യാതൊരു ധാരണയും ഇല്ല. ഞാൻ ഒരു ഉപായം കണ്ടെത്തി, മുന്നിൽ നിക്കുന്ന ആളുടെ ചേഷ്ടകൾ  അനുകരിക്കുക  ....എന്റെ മുന്നിൽ ഒരു പഞ്ചാബി ആയിരുന്നു,  അദ്ദേഹം കയ്യിലിരിക്കുന്ന ബാഗ് ആദ്യം പ്രവേശനകവാടത്തിലെ സ്കാനറിൽ വച്ചു, ഞങ്ങളും അത് തന്നെ  ചെയ്തു. സ്കാനറിൽ നിന്ന് പുറത്തുവന്ന ബാഗെടുത്ത് , താടി തടവിക്കൊണ്ട് സർദാർജി ചെക്കിൻ കൗണ്ടറിലേക്ക് പോയി. തടവാൻ താടി ഇല്ലാതിരുന്നതിനാൽ മീശ മിനുക്കിക്കൊണ്ടു ഞാനും അയാളുടെ പുറകെ കൂടി.

ഇടിച്ചുകയറി പോകുന്ന എന്നെ വഴിയിൽ  സെക്യൂരിറ്റി  തടഞ്ഞു ..."അയാളുടെ ചെക്കിൻ  കഴിയട്ടെ......വെയിറ്റ് ചെയ്യ് ! "

സർദാർജിയെ സാകൂതം വീക്ഷിക്കുവാൻ വേണ്ടിയായിരുന്നു എന്റെ ശ്രമം. സെക്യൂരിറ്റിക്ക് എന്റെ ചലനങ്ങളെ അല്ലെ തടയാൻ പറ്റു ..... കണ്ണുകളെ തടയാൻ കഴിയില്ലല്ലോ ....!   മനസ്സിൽ ഇങ്ങനെ പറഞ്ഞ് പഞ്ചാബിയുടെ ചലനങ്ങൾ മാത്രം  ശ്രദ്ധിച്ചുകൊണ്ടിരുന്നു. അദ്ദേഹം പാസ്സ്പോർട്ടും, ടിക്കറ്റും അവിടിരുന്ന പൈങ്കിളിയുടെ കയ്യിൽ കൊടുക്കുന്നതും ,പൈങ്കിളി കമ്പ്യൂട്ടർ സ്‌ക്രീനിലും യാത്രാരേഖകളിലും, സർദാർജിയുടെ നേരെയും  മാറി മാറി  നോക്കി ബോർഡിങ്‌പാസ്സ്‌ കൊടുക്കുന്നതുമെല്ലാം ശ്രദ്ധിച്ചു മനസിലാക്കി.

പഞ്ചാബി കൗണ്ടറിൽ നിന്ന് മാറിയപ്പോൾ എന്റെ ഊഴമായി ..ഞാനും എന്റെയും മക്കളുടെയും പാസ്‌പ്പോർട്ട്, ടിക്കറ്റ് തുടങ്ങിയ രേഖകൾ  കൗണ്ടറിൽ ഏല്പിച്ചു. എന്റെ കണ്ണുകൾ പിന്നെയും പഞ്ചാബിയുടെ പുറകെ ആയിരുന്നു.അയാളുടെ അടുത്ത ചലനങ്ങൾ അറിയുവാൻ. പക്ഷെ ,നാലുവശത്തേക്കും കണ്ണുകൾ ഓടിച്ചിട്ടും സർദാർജിയെ അവിടെയെങ്ങും കാണാനുണ്ടായിരുന്നില്ല. അന്തരീക്ഷത്തിൽ ആവിയായ പോലെ  ഒരു നിമിഷം കൊണ്ട് അദ്ദേഹം എവിടെയോ മറഞ്ഞിരുന്നു ....

ഇനി, ആരുടെ കാലടികൾ പിന്തുടരും എന്ന് ചിന്തിച്ചു നിൽക്കുമ്പോളാണ് കൗണ്ടറിലെ പൈങ്കിളിയുടെ കിളിമൊഴി  വന്നത്

"പെട്ടിയെടുത്ത് ബാലൻസിൽ വയ്ക്ക് ..........." എനിക്ക് മനസിലാകാത്തതുകൊണ്ടു ഞാൻ പൈങ്കിളിയെ  തന്നെ നോക്കി നിന്നു.

 " ബാലൻസിൽ വയ്ക്കു ......." പൈങ്കിളിയുടെ ശബ്ദത്തിൽ  അസഹ്യതയുടെ ഭാവം നിഴലിച്ചു. ഞാനാണേൽ  'ബാലൻസ് '  എന്നത് കൊണ്ട്  എന്താണെന്നു ഉദ്ദേശിക്കുന്നത്  ആലോചിച്ചു നിൽക്കെ അവിടെ നിന്നിരുന്ന സെക്യൂരിറ്റി ചെക്കൻ എന്റെ പെട്ടികൾ ഓരോന്നായി പൈങ്കിളിയുടെ വശത്തുണ്ടായിരുന്ന ഒരു  തുലാസിൽ എടുത്തു വച്ചു.

"ഇവൻ ഏത് കോത്താഴത്തുകാരനാടാ ..." എന്ന അർത്ഥത്തിൽ സെക്യൂരിറ്റി എന്നെ നോക്കി തിരിഞ്ഞു നടക്കുന്നതിനിടയിൽ ഞാൻ ആലോചിച്ചു ,

സർദാർജി അങ്ങനെ ചെയ്തില്ലല്ലോ ....... സർദാർജിക്കു പെട്ടിയുണ്ടായിരുന്നില്ലേ ? ഇത്തരം ആലോചനകളുമായി  നിൽക്കുമ്പോൾ പൈങ്കിളിയുടെ അടുത്ത കിളിനാദം വന്നു , " ചേട്ടാ, സമയം കളയാതെ  മറ്റു പെട്ടികൾ കുടി എടുത്ത് വയ്ക്കു ..." എനിക്ക് പുറകിൽ ധരാളം യാത്രക്കാർ കാത്തു നിൽക്കുന്നുണ്ട് എന്ന് പറയാതെ അറിയിക്കുകയായിരുന്നു പൈങ്കിളി.

 ഞങ്ങളുടെ വക ആറു പെട്ടികൾ, ട്രെയിനിങ് കിട്ടിയവനെപ്പോലെ ഞാൻ തുലാസിൽ  എടുത്ത് വയ്ക്കുന്നതിനിടയിൽ  മനസ്സിൽ പറഞ്ഞു "ഇതാണ് വിമാനത്തിൽ കയറുവാനുള്ള ഒന്നാം പാഠം" . അടുത്തത് എന്ത് എന്നാലോചിച്ചു നിൽക്കുമ്പോൾ , ഏതാണ്ട്  ഒരു  മീറ്ററോളം നീളമുള്ള  ടാഗുകൾ  പെട്ടിയുടെ പിടികളിൽ ഒട്ടിച്ചു ബാക്കി വന്ന കഷണങ്ങളും  ബോർഡിങ് പാസും കൂടി  കയ്യിൽ തന്നിട്ട്, പൈങ്കിളി കൈ വലതുവശത്തേക്കു  ചൂണ്ടി 'അങ്ങോട്ടേക്ക് പൊയ്ക്കോ' എന്ന് മുഖം കൊണ്ട് ആംഗ്യം കാണിച്ചു. സംശയം തീർക്കാനെന്നവണ്ണം പൈങ്കിളിയുടെ നേരെ നോക്കിയെങ്കിലും, അവൾ അടുത്ത യാത്രക്കാരനോട് "ബാലൻസിൽ വയ്ക്കു ചേട്ടാ എന്ന് പറഞ്ഞു തുടങ്ങിയിരുന്നു.

 ഞാൻ പഞാബിയെ വീണ്ടും ഒന്നുകൂടി അവിടെ തിരക്കിയെങ്കിലും, ഇഷ്ടന്റെ പൊടി പോലും  അവിടെങ്ങും  ഉണ്ടായിരുന്നില്ല.. അടുത്തു കണ്ട സീറ്റിൽ പോയിരുന്ന് പാസ്‌പോർട്ടും, ബാഗേജിന്റെ കുറിപ്പടിയും ഒന്നിച്ചു വച്ചു .ബോർഡിങ് പാസ്സെടുത്ത് പരിശോധിച്ചു. കൊച്ചി മുതൽ ലണ്ടൻ വരെയുള്ള  ബോർഡിങ് പാസ്  ഉണ്ട്, തുടർന്നുള്ള യാത്രയുടേത് ലണ്ടനിൽ നിന്ന് കിട്ടുമെന്ന് പൈങ്കിളി  ഇടക്കെപ്പോഴോ  പറഞ്ഞിരുന്നു . അപ്പോഴേക്കും സുഹൃത്തുക്കളും ഇതേ  ചടങ്ങുകൾ കഴിഞ്ഞ് അടുത്തുള്ള സീറ്റുകളിൽ  വന്നിരുന്നു .

"ഇത്രയേ ഉള്ളോ ....... ഇതിനാണോ ഇങ്ങനെ ടെൻഷനടിച്ചേ ....? " ഞാൻ സീറ്റിൽ നിവർന്നിരുന്നുകൊണ്ടു  അവരോടു പറഞ്ഞു

"ആന്നെ ....വെറുതെ അനാവശ്യമായ ടെൻഷൻ " സുഹൃത്തുക്കൾ രണ്ടുപേരും അത് ശരിവച്ചു കൊണ്ട്  പറഞ്ഞു

ഞങ്ങൾ പത്തംഗ സംഘം മുന്ന് കസേരക്ക് ചുറ്റുമായി വട്ടം കറങ്ങി നടന്നു.  ആളുകൾ വന്നും പോയും ഇരുന്നു. വിമാനം പുറപ്പെടാൻ ഇനിയും  ഒരു മണിക്കൂർ കുടി ഉണ്ട്. എയർപോർട്ടിലെ ചുമരുകളിൽ ധാരാളം മ്യൂറൽ പെയിന്റുങ്ങുകൾ ഉണ്ടായിരുന്നു, ഞാൻ വെറുതെ ആ ചിത്രങ്ങളിൽ കണ്ണോടിച്ചു അലസമായി  നടന്നു. അതിരാവിലെ  ആയിരുന്നുവെങ്കിലും ,മക്കളുടെ കണ്ണുകളിൽ ഉറക്കമില്ലായിരുന്നു ,ചെറിയ പ്രായവ്യത്യാസത്തിലുള്ള ഏഴു കുട്ടികൾ ഒന്നിച്ചു കൂടിയാൽ പിന്നെ അവർക്കു ഉറങ്ങേണ്ടല്ലോ ....അവർ കളിച്ചു ചിരിച്ചും ഞങ്ങൾ സുഹൃത്തുക്കൾ വർത്തമാനം പറഞ്ഞും സമയം പോക്കി. ഇടയ്ക്കിടെ സമയം കളയുവാൻ  ഞാൻ  മ്യൂറൽ ചിത്രങ്ങളെ ആശ്രയിച്ചു.  

ഞങ്ങൾ ഇരുന്നിരുന്ന മുറിയിൽ  ഇടയ്ക്കിടെ ചില പ്രഖ്യാപനങ്ങൾ വരുന്നുണ്ടായിരുന്നെങ്കിലും ഞാൻ  കാര്യമായി ശ്രദ്ധിക്കുവാൻ പോയില്ല. വിമാനം പോകാനുള്ള അറിയിപ്പ് ടീവി സ്‌ക്രീനിൽ കണ്ടതോട് കുടിയാണ് അങ്കലാപ്പ് തുടങ്ങിയത്.എന്താണ് ചെയ്യേണ്ടത്, എങ്ങനെയാണ് വിമാനത്തിൽ കയറുക തുടങ്ങിയ ചിന്തകൾ  ഒരു വഴിക്ക് കൂടി തലയിൽ കയറിപറ്റി. പെട്ടെന്ന് ഞങ്ങളുടെ പേരുകൾ വിളിച്ചുപറയുന്നത്  കേട്ടപ്പപ്പോൾ  ആണ് പ്രശനത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലായത്. വിമാനം പോകാൻ തയ്യാറായി എല്ലാ യാത്രക്കാരും കയറി, പക്ഷെ,  ചെക്കിൻ ചെയ്ത  പത്തോളം യാത്രക്കാരെ കാണുവാനില്ല. അത് ഞങ്ങളായിരുന്നു. ഞങ്ങളുടെ പേരുകൾ പിന്നീട് നിരന്തരം മൈക്കിലൂടെ വന്നുകൊണ്ടിരുന്നു. ഖത്തർ എയർ വെയ്‌സ് ജീവനക്കാർ ഞങ്ങളെ നോക്കി  നാല് പാടും ഓടുന്നു. ആ തിരക്കിൽ ഒരു വിധം അവർ ഞങ്ങളെ തേടി പിടിച്ചു. ഞങ്ങളുടെ ഇരുപ്പും ഭാവവും കണ്ടതോട് കുടി ആ ഖത്തറുദ്യോഗസ്ഥന്റെ  മുഖം നവരസങ്ങളാൽ നിറഞ്ഞു.

"നിങ്ങൾ ഇവിടെ ഇരികുകയാണോ .... ഇമിഗ്രേഷൻ ചെയ്തില്ലേ ?" ഖത്തറുദ്യോഗസ്ഥന്റെ ചോദ്യം എന്റെ ചെവിയിലൂടെ തുളഞ്ഞ് തലച്ചോറിൽ എത്തി.
"ഇമിഗ്രേഷൻ...... എന്താത് ?"   ഞാനും എന്റെ തലച്ചോറിനോട് ചോദിച്ചു,

ഉത്തരമില്ലാതായപ്പോൾ ഖത്തറുദ്യോഗസ്ഥൻ തന്നെ ഇമിഗ്രെഷൻ  കൗണ്ടർ ചൂണ്ടികാണിച്ചു തന്നു. അവിടെ നീണ്ട ക്യു ആയിരുന്നു  ദുബായ്‌ക്കോ മറ്റോ പോകാനുള്ള യാത്രക്കാരുടെ നീണ്ട നിര. ഞങ്ങൾ അവരുടെ പുറകിൽ നിന്നാൽ ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും വേണം  ഇമിഗ്രെഷൻ ഓഫീസറുടെ മുൻപിൽ എത്തുവാൻ.  ഖത്തറുദ്യോഗസ്ഥൻ ഇതിനിടയിൽ തിരക്കിട്ട്  ആരോടോ സംസാരിച്ചു, ഉടനെ ഞങ്ങൾക്ക് വേണ്ടി അടഞ്ഞു കിടന്ന ഒരു കൗണ്ടർ തുറന്നു. വളഞ്ഞ  വഴിയിലൂടെ ഞങ്ങൾ കടന്ന് പോകുന്നത് നീരസത്തോടെ മറ്റു യാത്രക്കർ നോക്കിനിന്നു. പൊട്ടിമുളച്ചപോലെ എത്തിയ  ഇമിഗ്രേഷൻ ഓഫീസറുടെ മുൻപിൽ  ഞങ്ങൾ എല്ലാവരും എത്തി . പാസ്സ്പോർട്ടിലെ ചിറകടിക്കുന്ന കഴുകന്റെ ചിത്രമുള്ള അമേരിക്കൻ  വിസ കണ്ടതോട് കുടി അദ്ദേഹത്തിന്റെ  മുഖഭാവം അപ്പാടെ മാറി....... .കാരണം, അതിൽ  'ഷുൾഡ് ബി അക്കമ്പനിഡ് ബൈ സ്പൗസ് (ഭാര്യക്ക് ഒപ്പം പോകണമായിരുന്നു  എന്ന് സാരം )  എന്ന് എഴുതിയിരുന്നു.

"ഭാര്യ എവിടെ .....?" അദ്ദേഹം ചോദിച്ചു

"ഒരു മാസം മുൻപേ പോയി ..." വിനീതനായി ഞാൻ പറഞ്ഞു

" ഇതിൽ പറഞ്ഞിരിക്കുന്നത് ഭാര്യക്കൊപ്പം പോകണമെന്നാണ് .........ഞങ്ങൾക്ക് അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചേ പറ്റു .." ഖത്തറുദ്യോഗസ്ഥന്റെയും  എന്റെയും മുഖത്തേക്ക്  മാറി മാറി നോക്കുന്നതിനിടയിൽ ഇമിഗ്രെഷൻ ഓഫീസർ പറഞ്ഞു.  

ക്ളീയറൻസ്  സ്റ്റാമ്പാടിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങൾ മുന്ന് കുടുംബങ്ങൾ........... ,  'സാർ ....'  എന്ന ദയനീയവിളിയോടെ ഖത്തറുദ്യോഗസ്ഥൻ ................ ടേക് ഓഫിന് അവസാന വാക്കു പറയാൻ വിമാനത്തിന്റെ പയലറ്റ് ......

ഇതിനിടയിൽ  ഇമിഗ്രേഷൻ ഓഫീസർ  എവിടെയൊക്കെയോ വിളിച്ചു...എന്തൊക്കെയോ ചെയ്തു ... ഏതാണ്ട് പതിനഞ്ചു മിനിറ്റ് സമയം  മനസിലാകാത്ത ഭാഷയിൽ അദ്ദേഹം ആരോടൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. അവസാനം ഒരു ധാന്യമുഹൂർത്തത്തിൽ അദ്ദേഹം   ഇമിഗ്രേഷൻ ക്ളീയർ ചെയ്തുകൊണ്ടുള്ള സ്റ്റാമ്പ് പതിപ്പിക്കുവാൻ തയ്യാറായി. ഞങ്ങളുടെ മാത്രമല്ല, ഖത്തർ ഉദ്യോഗസ്ഥനെയും  മുഖത്ത് സന്തോഷത്തിന്റെ അലകൾ തിരയടിച്ചു. അയാൾ തന്റെ വാക്കി -ടോക്കി യിലൂടെ വിവരങ്ങൾ ഓരോ നിമിഷവും പൈലറ്റിന്  കൈമാറുന്നത് എനിക്ക് കേൾക്കാമായിരുന്നു.  
 
പിന്നെ സെക്യൂരിറ്റി ചെക്കിലേക്ക് ഒരു കൂട്ടയോട്ടം തന്നെ ആയിരുന്നു  അവിടെ അതിലും വലിയ പ്രശ്നം മകന്റെ ബാഗ് ക്‌ളീയർ ചെയ്യുന്നില്ല .... സ്‌ക്രീനിങ്ങിൽ കണ്ട  ഒരു ചെറിയ കത്രിക ആയിരുന്നു പ്രശ്നം. പേപ്പർ വെട്ടിക്കളിക്കുന്ന  അവന്റെ ഇഷ്ട  ഹോബിക്ക് വേണ്ടി ബാഗിൽ എടുത്തിട്ടതായിരുന്നു. ..... കത്രികയും വെടിക്കോപ്പു പോലെ  ഒരു മരകായുധമാണെന്നും, ഒരു കത്രികപ്പുറത്ത് വേണമെങ്കിൽ വിമാനം കാണ്ഡഹാറിലേക്കു തട്ടിക്കൊണ്ടു പോകാമെന്നും,  കുട്ടികൾ കളിക്കുന്ന ചെറുതരത്തിലുള്ളതായതുകൊണ്ടു ക്ഷമിക്കുന്നു എന്നും സെക്യൂരിറ്റി ഓഫീസർ പറയുന്നുണ്ടായിരുന്നുവെങ്കിലും, അത് ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞങ്ങൾ. ഒരു  വിധത്തിൽ അതെല്ലാം ക്‌ളീയർ ചെയ്തു. പിന്നീടുള്ള കൂട്ടയോട്ടം വിമാനത്തിലേക്കായിരുന്നു. മുന്നിൽ പെരിയസ്വാമിയെപ്പോലെ ഖത്തറുദ്യോഗസ്ഥൻ  പുറകെ ഞങ്ങൾ കന്നിസ്വാമിമാരും  ....

ഒരു വിധം ഓടി  വിമാനത്തിനുള്ളിൽ കയറി.... .ശ്വാസം നിലച്ച പോലെ ആയിരുന്നു.  കയറിയതും വിമാനം റൺവേയിലുടെ  ഓടുവാൻ തുടങ്ങി. ഞങ്ങൾ വിമാനത്തിനുള്ളിലൂടെയും..... .എയർ ഹോസ്‌റ്റസുമാർ കുട്ടികളുടെ പെട്ടികൾ വാങ്ങി വച്ചു അവരെ സീറ്റിൽ കൊണ്ടുപോയി ഇരുത്തി സീറ്റ് ബെൽറ്റിടിച്ചു , ഞാനാണേൽ പെട്ടി എല്ലാം കാബിനിൽ വെച്ച് സീറ്റിൽ ഇരുന്നപ്പോഴേക്കും വിമാനം ആകാശത്തെത്തി.  സീറ്റ്‌ ബെൽറ്റ് ഇടാൻ പോലും സമയം കിട്ടിയില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ?  

വിമാനം അര-മുക്കാൽ  മണിക്കൂറോളം ഞങ്ങൾ മൂലം വൈകിയിരുന്നു. യാത്രക്കാർ മുഴുവനും അസ്വസ്ഥനായിരുന്നു. പത്ത് പതിനഞ്ചു   മിനിട്ടു നേരത്തേക്ക് എന്താ സംഭവിച്ചത് എന്ന് ഒരോർമയുമില്ല.......  .സ്വബോധം വന്നു ഞാൻ  വിമാനത്തിന്റെ കിളിവാതിലിലൂടെ  പുറത്തേക്ക്  നോക്കി..... അവിടെ  വെളുത്ത കുറേ മേഘങ്ങൾ ..... .താഴേ അറബിക്കടലിന്റെ നീലിമ ......  വിമാനം അല്പം ചരിഞ്ഞപ്പോൾ ഞാനൊന്ന് തിരിഞ്ഞുനോക്കി. ദുരെ ഉദിച്ചുയരുന്ന സൂര്യകിരണങ്ങളുടെ പ്രഭയിൽ  നെടുമ്പാശ്ശേരിയിലെ തെങ്ങിൻ തലപ്പുകൾ ഞങ്ങളോട് 'ബൈ.. ബൈ' പറയുന്നു .......

(തുടരും )

Facebook Comments

Comments

  1. George Mukkadakal

    2021-08-22 19:10:29

    Excellent.... Carry on....

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഈ മനോഹര തീരത്തുവരുമോ ഇനിയൊരു ജൻമം കൂടി (നൈന മണ്ണഞ്ചേരി)

ഉറ്റ ബന്ധു ആര്? നമിതാ ജേക്കബിന്റെ പോസ്റ്റ് വരുത്തിയത് നയം മാറ്റം

കപടസദാചാരത്തിന്റെ തടവറയിൽ ജീവിതം ഹോമിക്കുന്ന മലയാളികൾ - സർഗ്ഗവേദിയിൽ സംവാദം

മേഘങ്ങളിലെ വെള്ളിരേഖ (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 14)

മുല്ലപ്പെരിയാറിൽ ഒഴുകി നിറയുന്നു ആശങ്കകൾ: (ലേഖനം, സിൽജി ജെ ടോം)

ഇന്‍ഡ്യന്‍ ക്‌ളാസിക്കല്‍ ഡാന്‍സും യൂറോപ്യന്‍ ബാലെയും (ലേഖനം:സാം നിലമ്പള്ളില്‍)

MULLAPERIYAR DAM- A CONSTANT THREAT ON KERALA ( Dr. Mathew Joys, Las Vegas)

നാദവിസ്മയങ്ങളില്ല.... വാദ്യ മേളങ്ങളില്ല... മഹാമാരി വിതച്ച മഹാമൗനത്തിലാണ് മഹാനഗരത്തിലെ വാദ്യകലാകാരന്മാർ....(ഗിരിജ ഉദയൻ മുന്നൂർകോഡ് )

കോട്ടയം പുഷ്പനാഥും ഞാനും (ജിജോ സാമുവൽ അനിയൻ)

സോഷ്യല്‍ മീഡിയയുടെ അനിയന്ത്രിതമായ കടന്നു കയറ്റം (പി.പി.ചെറിയാന്‍)

മരുമകൾ (ഇള പറഞ്ഞ കഥകൾ -11:ജിഷ യു.സി)

എണ്ണൂറു ഭാഷ സംസാരിക്കുന്ന ഇരുളർ; വെളിച്ചം വീശാൻ ഒരേ ഒരു മലയാളി മെത്രാൻ (കുര്യൻ പാമ്പാടി)

ചലച്ചിത്ര അവാർഡ്; മാറുന്ന സിനിമാസംസ്കൃതിയുടെ അംഗീകാരം : ആൻസി സാജൻ

Drug free Kerala: The mission of political parties (Prof. Sreedevi Krishnan)

ജീവനതാളത്തിന്റെ നിശബ്ദമാത്രകൾ (മായ കൃഷ്ണൻ)

മയക്കുന്ന മരുന്നുകള്‍ (എഴുതാപ്പുറങ്ങള്‍ -89: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ )

മഴമേഘങ്ങൾക്കൊപ്പം വിഷം ചീറ്റുന്ന മന്ത്രവാദികൾ (ജോസ് കാടാപുറം)

ഡിബേറ്റിൽ ഡോ. ദേവിയുടെ തകർപ്പൻ പ്രകടനം; നിലപാടുകളിൽ വ്യക്തത

ഡോ. ദേവിയെ പിന്തുണക്കുക (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 13)

കേരള പ്രളയം ഒരു തുടര്‍കഥ (ലേഖനം: സാം നിലമ്പള്ളില്‍)

കേരളം ഇക്കാലത്ത് വാസ യോഗ്യമോ? പ്രകൃതിയെ പഴിച്ചിട്ടു കാര്യമുണ്ടോ?(ബി ജോണ്‍ കുന്തറ)

ഡാമുകൾ തുറന്നുവിട്ട് ഇനിയും പ്രളയങ്ങൾ സൃഷ്ടിക്കണമോ: പദ്മകുമാരി

മലയാളത്തിലെ ആദ്യ അച്ചടിക്ക് 200 വയസ്സ് (വാൽക്കണ്ണാടി - കോരസൺ)

ചില പ്രളയ ചിന്തകൾ (നടപ്പാതയിൽ ഇന്ന്- 12: ബാബു പാറയ്ക്കൽ)

പുരുഷധനവും ഒരു റോബോട്ടും (മേരി മാത്യു മുട്ടത്ത്)

എവിടെയാണ് ഇനി കേരളം തിരുത്തേണ്ടത് (അനിൽ പെണ്ണുക്കര)

ഇത്രയും നീണ്ട ഇടവേള, വേദനിപ്പിക്കുന്ന അനീതി (ഷിജോ മാനുവേൽ)

പ്രകൃതി വർണങ്ങളിൽ മുങ്ങുമ്പോൾ (സാക്ക്, ന്യു യോർക്ക്)

ക്രോധം പരിത്യജിക്കേണം ബുധജനം (മൃദുല രാമചന്ദ്രൻ-മൃദുമൊഴി- 29)

സാലുങ്കേ ജീവിത കഥ പറയുന്നു, ഒരു മലയാളിയുടെ സ്‌നേഹക്കൈപിടിച്ചു നടന്ന തന്റെ ജീവിതം (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

View More