
ഹ്യൂസ്റ്റൺ: അമേരിക്കയിലെ മലയാളികളെ കൂട്ടിയോജിപ്പിക്കാന്‍ ഫോമ ചെയ്യുന്ന സേവനങ്ങള്‍ മഹത്തരമാണെന്നു തൃത്താല എംഎല്‍എ വി.ടി ബല്‍റാം. ഫോമ കണ്‍വെന്‍ഷനില്‍ മുഖ്യാതിഥി ആയി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഫോമ കേരളത്തില്‍ നടത്തിവരുന്നു. ഇവ ഏറെ പ്രശംസനീയമാണ്, ഫോമയുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ അഭിമാനിക്കുന്നതായി ബല്‍റാം കൂട്ടിച്ചേര്‍ത്തു. ഫോമയ്ക്കുള്ളത് മാതൃകാപരമായ പാരമ്പര്യമാണ് . ഇതിന്റെ തുടക്കക്കാര്‍ കാട്ടിത്തന്ന പാതയിലൂടെ അമേരിക്ക എന്ന മഹാരാജ്യത്ത് മലയാളി മനസുകളെ കൂട്ടിയോജിപ്പിക്കുക എന്ന സാംസ്‌കാരിക ദൗത്യമാണ് ഫോമ നിറവേറ്റുന്നത്.
ഫോമാ തെരഞ്ഞെടുപ്പ് വീറും വാശിയോടെയുമാണ് നടക്കുന്നതിന്നു മനസിലായി . അപ്പോഴും അടിസ്ഥാനപരമായി ജനാധിപത്യത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടു പോകാന്‍ സാധിക്കണമെന്നും അദ്ദേഹം കൂട്ടി്‌ച്ചേര്‍ത്തു.

നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയുടെ ഈ പരിപാടിയില്‍ ഒരു അതിഥിയായി പങ്കെടുക്കാന്‍ കഴിയുന്നു എന്നുള്ളത് ഒരു പൊതുപ്രവര്‍ത്തകനെ സംബന്ധിച്ച് ഏറ്റവും അഭിമാനകരമായിട്ടുള്ള കാര്യമാണ്. എന്നെ ക്ഷണിച്ചതിനും പരിപാടിയുടെ ഭാഗമാക്കിയതിനും നിങ്ങളോടുള്ള നന്ദി ഞാന്‍ ആദ്യമായി തന്നെ അറിയിക്കുകയാണ്. ഞാന്‍ മുന്‍പും ഫോമയുടെ വേദികളില്‍ പങ്കെടുത്തിട്ടുണ്ട്. ഇവിടെയും നാട്ടിലും നിങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് ഒരല്പം മാറി നിന്ന് വീക്ഷിച്ചിട്ടുണ്ട്. അതുകൊണ്ട് കൂടിയാണ് പറയുന്നത്, ഏറ്റവും മാതൃകാപരമായിട്ടുള്ള അഭിമാനകരമായിട്ടുള്ള ആ പ്രവര്‍ത്തന പാരമ്പര്യത്തിന്റെ, ആ നൈരന്തര്യത്തിന്റെ ഒരു തുടര്‍ച്ച ഇനിയുള്ള നാളുകളിലും ഉണ്ടാകും എന്നുള്ള ശുഭപ്രതീക്ഷയാണ് ഈ കണ്‍വെന്‍ഷന്‍ നമുക്ക് മുമ്പില്‍ വയ്ക്കുന്നത്.
ഈ സംഘടനയ്ക്ക് രൂപം നല്‍കിയ ആളുകള്‍, ഇതിന്റെ തുടക്കക്കാര്‍ ഇപ്പോഴും നമ്മുടെ കൂടെ ഉണ്ട് . ശ്രീ ശശിധരന്‍ നായരെ കുറിച്ചും, ജോണ്‍ ടൈറ്റസിനെ കുറിച്ചും, അനിയന്‍ ജോര്‍ജിനെ കുറിച്ചും ഒക്കെ ഇവിടെ പരാമര്‍ശങ്ങള്‍ ഉണ്ടായി. കാതങ്ങള്‍ക്ക് ഇപ്പുറമാണെങ്കിലും കടലുകള്‍ക്ക് ഇപ്പുറം ആണെങ്കിലും ഈ അമേരിക്ക എന്ന് പറയുന്ന മഹാരാജ്യത്ത്, ഈ ഭൂഖണ്ഡത്തില്‍ മലയാളി മനസ്സുകളുമായി കൂട്ടിയോജിപ്പിക്കുക എന്നുള്ള വലിയ സാംസ്‌കാരിക ദൗത്യം കൂടിയാണ് ഫോമ എപ്പോഴും നിര്‍വഹിച്ചിട്ടുള്ളത്. അതിന്റെ പടിപടിയായിട്ടുള്ള വളര്‍ച്ച അതുകൊണ്ട് തന്നെ നമുക്കൊക്കെ സന്തോഷവും പ്രത്യാശയും നല്‍കുന്ന ഒരു കാര്യമാണ്.

മിക്കവാറും ആളുകള്‍ ഇന്ന് ഫസ്റ്റ് ജനറേഷന്‍ അല്ല. ഇവിടേക്ക് കുടിയേറിയ പ്രവാസി മലയാളികളുടെ രണ്ടാം തലമുറയും മൂന്നാം തലമുറയുമാണ്. പക്ഷെ അവരിലേക്കും മലയാളിത്തം പകര്‍ന്നു നല്‍കാന്‍, മലയാളത്തിന്റെ സാംസ്‌കാരിക ശീലങ്ങളെ അവര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കാന്‍, ആ സാംസ്‌കാരിക ധാരയുമായി അവരെ കണ്ണി ചേര്‍ക്കാന്‍ നിങ്ങള്‍ കാണിക്കുന്ന പ്രത്യേകമായിട്ടുള്ള ശ്രദ്ധയാണ് ഇതുപോലെയുള്ള പരിപാടികളെ വര്‍ണ്ണാഭമാക്കുന്നത്. അതുകൊണ്ടുതന്നെ ഈ നാട്ടില്‍ മലയാളികളുടെയും ഇന്ത്യക്കാരുടെയും തനത് സംസ്‌കാരത്തെയും നമ്മുടെ പ്രിയപ്പെട്ട മൂല്യങ്ങളുടെയും സംരക്ഷകരായി കൂടി നിങ്ങള്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
ഇവിടെ വന്നപ്പോള്‍ ഏറ്റവും കൗതുകകരമായി തോന്നിയ മറ്റൊരു കാര്യം ഇന്നലെ തൊട്ട് ഇവിടെ നിലനില്‍ക്കുന്ന ഒരു ഇലക്ഷന്‍ ചൂടാണ്. സത്യത്തില്‍ വീറും വാശിയുമുള്ള ഒരു തെരഞ്ഞെടുപ്പിലേക്കാണ് കാര്യങ്ങള്‍ പോകുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതങ്ങനെ തന്നെ ആവട്ടെ. പക്ഷെ എത്ര വീറും വാശിയും പുലര്‍ത്തുമ്പോഴും അടിസ്ഥാനപരമായി നമ്മളൊക്കെ യോജിക്കുന്ന ചില പൊതുനിലപാടുകളുണ്ട്. അത് ജനാധിപത്യത്തിന്റെ നിലപാടുകളാണ്. പരസ്പരം ഉള്‍ക്കൊള്ളുന്നതിന്റെ നിലപാടുകളാണ്. ഒരുമിച്ച് ചേര്‍ന്ന് നിന്നാലാണ് നമുക്ക് കൂടുതല്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുക എന്നുള്ള തിരിച്ചറിവാണ്. ആ തിരിച്ചറിവിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ട് നാളുകളിലെ പ്രവര്‍ത്തനങ്ങളെ മുന്നോട്ടു കൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ എന്ന് മാത്രമാണ് ഈ അവസരത്തില്‍ എനിക്ക് ആശംസിക്കാനുള്ളത്.

ഇന്ത്യയും അമേരിക്കയും ലോകത്തിലെ തന്നെ രണ്ട് വലിയ രാജ്യങ്ങളാണ്. പല പൊതുമൂല്യങ്ങളും നമുക്ക് ലോകത്തിന് മുന്‍പില്‍ വയ്ക്കാനുണ്ട്. ജനാധിപത്യത്തിന്റെ, ഉള്‍ക്കൊള്ളലിന്റെ ബഹുസ്വരതകളെ ചേര്‍ത്തുപിടിക്കലിന്റെ അത്തരം ആശയങ്ങള്‍ ഇന്ന് ലോകത്തിന് തന്നെ വഴിവെളിച്ചമാവേണ്ടതാണ്. കൗതുകകരമായി നമുക്ക് കാണാന്‍ സാധിക്കുന്നത് ഇന്ത്യയുടെയും യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെയും ഭരണഘടനയുടെ തുടക്കം വി ദ പീപ്പിള്‍ എന്ന മൂന്ന് വാക്കുകളിലാണ്. ജനങ്ങളാണ് പരമാധികാരികള്‍. അവര്‍ക്ക് വേണ്ടിയാണ് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകേണ്ടത്.
ഭരണ സംവിധാനങ്ങളുടെ ശരിതെറ്റുകളും അതിന്റെ ഫലപ്രാപ്തിയും അളക്കപ്പെടുന്നത് അത് എത്രത്തോളം ജനങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. ഇത് രാജ്യം ഭരിക്കുന്ന ഭരണകൂടങ്ങളെ സംബന്ധിച്ച് മാത്രമല്ല, ഏതൊരു ചെറിയ സംഘടനയെയും സംബന്ധിച്ച് പ്രസക്തമായിട്ടുള്ള ആശയമാണെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് ഞാന്‍ നേരത്തെ പറഞ്ഞതുപോലെ എത്ര വീറും വാശിയുമുള്ള തെരഞ്ഞെടുപ്പാണ് ഇവിടെ നടക്കുന്നത് എങ്കിലും അതിനുശേഷം നിങ്ങളുടെ കൂട്ടായ ജനാധിപത്യ വിവേകത്തിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ടു കടന്നുവരുന്ന ആളുകള്‍ അവര്‍ എല്ലാവരുടെയും പ്രതിനിധികളായി എല്ലാവരെയും ചേര്‍ത്തു പിടിച്ചുകൊണ്ട് ഈ സംഘടനയുടെയും ഈ നാടിന്റെയും നമ്മുടെ നാടിന്റെയും പൊതുതാല്‍പര്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകും എന്നുള്ളതാണ് എന്റെ ശുഭപ്രതീക്ഷ, അങ്ങനെ പോകണം എന്നുള്ളതാണ് എനിക്ക് നല്‍കാനുള്ള അഭ്യര്‍ത്ഥന.
ഒരുപാട് നല്ല കാര്യങ്ങള്‍ നിങ്ങള്‍ നാട്ടില്‍ ചെയ്യുന്നുണ്ട്. അതിന്റെ ഒരു എനിക്കൊരു ചെറിയ നിര്‍ദ്ദേശം മാത്രമല്ല ഒരു ചെറിയ അഭ്യര്‍ത്ഥന, എനിക്ക് തോന്നുന്നു ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ അല്ലെങ്കില്‍ പൊതുവെ അമേരിക്കന്‍ മലയാളികളുടെ പ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ ഇത്തരം ചാരിറ്റി പ്രവര്‍ത്തനങ്ങളുടെയൊക്കെ രൂപത്തില്‍ വരുമ്പോള്‍ അത് കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഒരുപോലെ വ്യാപിപ്പിക്കാന്‍ കഴിയേണ്ടതായിട്ടുണ്ട്. ഞാന്‍ വരുന്നത് പാലക്കാട് ജില്ലയില്‍ നിന്നാണെന്ന് നിങ്ങള്‍ക്കറിയാം ഒരുപക്ഷെ. പാലക്കാട് മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ കുറച്ചുകൂടി നല്ല രീതിയിലുള്ള സാന്നിധ്യം നിങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഉണ്ടാകണം. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഒക്കെ ചെയ്യുമ്പോള്‍ അവിടേക്ക് കൂടി ശ്രദ്ധിക്കണം എന്നൊരു അഭ്യര്‍ത്ഥന കൂടി ഞാന്‍ മുന്നോട്ടു വയ്ക്കുകയാണ്.
മലയാളികളെ ഏറ്റവും കൂടുതല്‍ കേരളത്തിന്റെ വികസനത്തിന് വേണ്ടി ഉപയോഗപ്പെടുത്താന്‍ വേണ്ടി ആഗ്രഹിക്കുന്ന ഒരു ഭരണകൂടമാണ് ഇന്ന് കേരളത്തില്‍ അധികാരത്തില്‍ വന്നിട്ടുള്ളത്. കേരളത്തിന്റെ ഇതുവരെയുള്ള നിലനില്‍പ്പും മുന്നോട്ടുപോക്കും പ്രവാസി മലയാളികളായിട്ടുള്ള നിങ്ങളുടെ റെമിറ്റന്‍സിന്റെ അടിത്തറയിലാണ്. പക്ഷേ വരും നാളുകളില്‍ നമ്മള്‍ ആഗ്രഹിക്കുന്നത് അങ്ങനെ കേവലം റെമിറ്റന്‍സ് പോരാ നിങ്ങളുടെ ശരിയായ രീതിയിലുള്ള ഇന്‍വെസ്റ്റ്‌മെന്റ് കേരളത്തില്‍ വരണം. ഒരു ഇന്‍വെസ്റ്റ്‌മെന്റ് ഇക്കോണമിയായി കേരളത്തെ പരിവര്‍ത്തിപ്പിക്കുക എന്നുള്ളതാണ് പുതിയ ഗവണ്‍മെന്റ് ലക്ഷ്യം വെക്കുന്നത്.
നമ്മുടേതായിട്ടുള്ള തനത് കരുത്തുകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് വലിയ രീതിയിലുള്ള ഒരു സാമ്പത്തിക വളര്‍ച്ച, ഒരു വ്യാവസായിക വളര്‍ച്ച കേരളത്തില്‍ ഉണ്ടാവണം. കേരളത്തിന്റെ 600 കിലോമീറ്ററോളം നീണ്ട തീരപ്രദേശത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് അതിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വലിയൊരു പോര്‍ട്ട് സിറ്റിയായി കേരളത്തെ വിഭാവനം ചെയ്യുകയും ആ നിലയിലുള്ള വലിയ വികസന സ്വപ്നങ്ങള്‍ നമ്മള്‍ കാണുകയും ചെയ്യുമ്പോള്‍ അമേരിക്കന്‍ മലയാളികളുടെ പ്രത്യേകിച്ചും ഫോമയിലെ അംഗങ്ങളുടെ മുഴുവന്‍ ഇടപെടലും ഓരോ ഘട്ടത്തിലും ഉണ്ടാവണം. അത് ഗവണ്‍മെന്റുമായിട്ട് കോര്‍ഡിനേറ്റ് ചെയ്യാന്‍ ഞാന്‍ അടക്കമുള്ള ജനപ്രതിനിധികള്‍ നിങ്ങളോടൊപ്പം ഉണ്ടാകും.
see also
ഫോമയുടെ സേവനം വടക്കൻ ജില്ലകളിലും വ്യാപിപ്പിക്കണം: വി.ടി. ബൽറാം എം.എൽ.എ
വർണാഭമായ ഘോഷയാത്രയോടെ ഫോമാ കൺവൻഷനു ഹ്യൂസ്റ്റനിൽ ഉജ്വല തുടക്കം