
പെൻസിൽവേനിയ (കലഹാരി റിസോർട്ട്): മാധ്യമലോകത്ത് അതിവേഗം സംഭവിക്കുന്ന സാങ്കേതിക മാറ്റങ്ങളും, സോഷ്യൽ മീഡിയയുടെ വളർച്ചയും, വാർത്തകളുടെ വിശ്വാസ്യതയും, പ്രവാസി മലയാളികളുടെ മാധ്യമ ഉത്തരവാദിത്തവും ചർച്ച ചെയ്ത് ഫൊക്കാന അന്താരാഷ്ട്ര കൺവെൻഷനോടനുബന്ധിച്ച് സംഘടിപ്പിച്ച മീഡിയ സെമിനാർ ശ്രദ്ധേയമായി. പ്രിന്റ് മാധ്യമങ്ങളിൽ നിന്ന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്കും സോഷ്യൽ മീഡിയയിലേക്കുമുള്ള മാറ്റം വാർത്തകളുടെ അവതരണത്തെയും ഉപഭോഗത്തെയും മാത്രമല്ല, സമൂഹത്തിന്റെ ചിന്താഗതിയെയും ജനകീയ മുന്നേറ്റങ്ങളെയും സ്വാധീനിക്കുന്നുവെന്ന വിലയിരുത്തലാണ് സെമിനാറിൽ ഉയർന്നത്.

ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോൻ ആന്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ എന്നിവർ ചേർന്ന് അമേരിക്കൻ മലയാളി സമൂഹത്തിനും മാധ്യമരംഗത്തിനും നൽകിയ സംഭാവനകളെ മാനിച്ച് പ്രമുഖ മാധ്യമപ്രവർത്തകരെ ആദരിച്ചു. ജോർജ് ജോസഫ്, പി.പി. ജെയിംസ് (24 ന്യൂസ്), ജോൺ മുണ്ടക്കയം (മലയാള മനോരമ മുൻ എഡിറ്റർ), ഡോ. ലിസി ഫെർണാണ്ടസ്, മധു കൊട്ടാരക്കര (24 ന്യൂസ് യു.എസ്.), സുനിൽ ട്രൈസ്റ്റാർ, സുനിൽ പുറക്കാട്ട് (കൈരളി ന്യൂസ്), വിൻസെന്റ് ഇമ്മാനുവൽ, ഷിജോ പൗലോസ് എന്നിവരാണ് ആദരവ് ഏറ്റുവാങ്ങിയത്.
സെമിനാറിന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഇ-മലയാളി ചീഫ് എഡിറ്റർ ജോർജ് ജോസഫ് മാധ്യമരംഗം ഇന്ന് അഭൂതപൂർവമായ പരിവർത്തനത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പറഞ്ഞു. ഒരുകാലത്ത് വാർത്തകൾ അച്ചടിയിലൂടെയോ ടെലിവിഷനിലൂടെയോ ജനങ്ങളിലെത്താൻ മണിക്കൂറുകളും ദിവസങ്ങളും എടുത്തിരുന്നെങ്കിൽ ഇന്ന് ഒരു മൊബൈൽ ഫോണും ഇന്റർനെറ്റ് കണക്ഷനും മതി ലോകത്തിന്റെ ഏത് കോണിലെയും സംഭവം തത്സമയം സംപ്രേഷണം ചെയ്യാൻ. മാധ്യമപ്രവർത്തകൻ എന്ന നിർവചനവും മാറിക്കൊണ്ടിരിക്കുകയാണെന്നും, ലൈവ് സ്ട്രീമിംഗ് നടത്തുന്നവരാണോ, യൂട്യൂബർമാരാണോ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരാണോ, അതോ പരമ്പരാഗത പത്രപ്രവർത്തകരാണോ യഥാർഥ മാധ്യമപ്രവർത്തകർ എന്ന ചോദ്യം ഉയരുന്ന കാലമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .

ഗൗരവത്തോടെ തയ്യാറാക്കുന്ന ദൈർഘ്യമേറിയ റിപ്പോർട്ടുകളേക്കാൾ ലളിതമായ വീഡിയോ അവതരണങ്ങൾക്കും എഡിറ്റ് ചെയ്യാത്ത ലൈവ് റിപ്പോർട്ടുകൾക്കുമാണ് ഇന്ന് കൂടുതൽ സ്വീകാര്യത ലഭിക്കുന്നത്. എന്നിരുന്നാലും മാധ്യമത്തിന്റെ രൂപമല്ല, ഉള്ളടക്കമാണ് പ്രധാനം. "Content is King" എന്ന സത്യം ഒരിക്കലും മാറില്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിൽ വളരുന്ന പുതിയ തലമുറ മലയാള ഭാഷയിൽ നിന്നും സംസ്കാരത്തിൽ നിന്നും അകലുന്ന പ്രവണത ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പോലുള്ള സംഘടനകൾ പ്രവാസി മാധ്യമപ്രവർത്തകരെ ഒരുമിച്ച് നിർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ടെങ്കിലും ഭാഷയും സംസ്കാരവും പുതിയ തലമുറയിലേക്ക് കൈമാറാൻ കൂടുതൽ കൂട്ടായ ശ്രമങ്ങൾ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
24 ന്യൂസ് എഡിറ്റർ ഇൻ ചാർജ് പി.പി. ജെയിംസ് ആഗോള സംഭവവികാസങ്ങൾ ഇന്ന് മലയാളിയുടെ നിത്യജീവിതത്തെ നേരിട്ട് ബാധിക്കുന്ന കാലമാണിതെന്ന് പറഞ്ഞു. യുക്രൈൻ യുദ്ധം ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികളുടെ ജീവിതത്തെ ബാധിച്ചപ്പോൾ പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും പ്രവാസി ജീവിതത്തെയും സ്വാധീനിച്ചു. ഹോർമൂസ് കടലിടുക്കിലെ പ്രശ്നങ്ങൾ ഇന്ധനവിലയിലൂടെ ഓരോ വീട്ടിലെയും അടുക്കളയെ ബാധിക്കുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് അന്താരാഷ്ട്ര വാർത്തകൾ ഇനി വിദേശ വാർത്തകളല്ല, ഓരോ സാധാരണക്കാരന്റെയും ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളാണെന്ന് അദ്ദേഹം വിലയിരുത്തി .

വിവരസാങ്കേതിക വിദ്യയുടെ വളർച്ച വിവരങ്ങളുടെ ജനാധിപത്യവൽക്കരണത്തിന് വഴിയൊരുക്കിയെന്നും, മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ച പല ജനകീയ വിഷയങ്ങളും സോഷ്യൽ മീഡിയയിലൂടെയാണ് ലോകശ്രദ്ധ നേടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫൊക്കാന കൺവെൻഷനിൽ സംഘടിപ്പിച്ച മോഹിനിയാട്ടവും ചെണ്ടമേളവും ഉൾപ്പെടെയുള്ള ഗിന്നസ് റെക്കോർഡ് ശ്രമങ്ങൾ മലയാളി കലകളെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാള മനോരമ മുൻ എഡിറ്റർ ജോൺ മുണ്ടക്കയം 45 വർഷത്തിലേറെ നീണ്ട മാധ്യമജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് സാങ്കേതികവിദ്യയാണ് മാധ്യമരംഗത്തെ ഏറ്റവും വലിയ മാറ്റത്തിന് കാരണമായതെന്ന് പറഞ്ഞു. പോസ്റ്റൽ സംവിധാനത്തിലൂടെയും ബസ് സർവീസുകളിലൂടെയും വാർത്തകൾ അയച്ചിരുന്ന കാലത്തുനിന്ന് ഇന്ന് നിമിഷങ്ങൾക്കകം ലോകമെമ്പാടും വാർത്ത എത്തുന്ന ഡിജിറ്റൽ യുഗത്തിലേക്കാണ് മാധ്യമരംഗം എത്തിയത്.
പെരുമൺ ദുരന്തകാലത്ത് ദൂരദർശൻ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തതോടെ ടെലിവിഷൻ മാധ്യമത്തിന്റെ ശക്തി ജനങ്ങൾ തിരിച്ചറിഞ്ഞെങ്കിലും അതേ സമയം കൂടുതൽ വിശകലന വാർത്തകൾ നൽകി പ്രിന്റ് മാധ്യമങ്ങൾ നിലനിന്നു. എന്നാൽ സ്മാർട്ട്ഫോണുകളുടെ വ്യാപനത്തോടെ അച്ചടി മാധ്യമങ്ങൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായതെന്നും, ഇന്നത്തെ സാഹചര്യത്തിൽ ഒരു ദിവസത്തെ പഴക്കമുള്ള വാർത്തയുടെ പ്രസക്തി കുറഞ്ഞുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ടെലിവിഷൻ ചാനലുകളുടെ കാലവും അധികം വൈകാതെ അവസാനിക്കുമെന്നും, ഓരോ പൗരനും സ്വന്തം മാധ്യമമായി മാറുന്ന സോഷ്യൽ മീഡിയയുടെ യുഗമാണ് വരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എഡിറ്റോറിയൽ നിയന്ത്രണങ്ങളില്ലാത്ത സോഷ്യൽ മീഡിയ പല ജനകീയ പ്രക്ഷോഭങ്ങൾക്കും ശക്തി പകർന്നിട്ടുണ്ടെങ്കിലും, ഈ മാറ്റം മാധ്യമങ്ങൾക്ക് പുതിയ ഉത്തരവാദിത്തങ്ങളും സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രമുഖ മാധ്യമപ്രവർത്തകയും ചലച്ചിത്ര സംവിധായികയുമായ ഡോ. ലിസി ഫെർണാണ്ടസ്, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ വളർച്ച സിനിമയെയും മാധ്യമങ്ങളെയും ഒരുപോലെ മാറ്റിമറിച്ചുവെന്ന് പറഞ്ഞു. ലോകമെമ്പാടുമുള്ള പ്രവാസികൾക്കായി ആരംഭിച്ച 'സി ന്യൂസ് ലൈവ്' ഇന്ന് മലയാളത്തിലും ഇംഗ്ലീഷിലുമായി കോടിക്കണക്കിന് ആളുകളിലേക്ക് എത്തുന്ന മാധ്യമശൃംഖലയായി വളർന്നിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി.

കുട്ടികളുടെയും യുവാക്കളുടെയും ജീവിതത്തിൽ മൊബൈൽ ഫോണും സോഷ്യൽ മീഡിയയും ചെലുത്തുന്ന സ്വാധീനം ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും, പുതിയ തലമുറയ്ക്ക് മൂല്യബോധമുള്ള സിനിമകളും ഗാനങ്ങളും മാധ്യമ ഉള്ളടക്കങ്ങളും സൃഷ്ടിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അവർ പറഞ്ഞു. ലഹരിക്കെതിരായ സന്ദേശവുമായി ഒരുക്കിയ 'ആഘോഷം' എന്ന സിനിമ ഉടൻ ഒ.ടി.ടി. പ്ലാറ്റ്ഫോമിലൂടെ പ്രദർശനത്തിനെത്തുമെന്നും അവർ അറിയിച്ചു.
24 ന്യൂസ് യു.എസ്. പ്രതിനിധി മധു കൊട്ടാരക്കര മാധ്യമരംഗത്തെ സാങ്കേതിക പരിണാമം സ്വന്തം അനുഭവങ്ങളിലൂടെ വിശദീകരിച്ചു. ഒരുകാലത്ത് ബസ് ഡ്രൈവർമാരുടെ കൈവശം വാർത്തകളും ഫോട്ടോകളും അയച്ചിരുന്ന സാഹചര്യത്തിൽ നിന്ന് ഇന്ന് നിമിഷങ്ങൾക്കകം തത്സമയ വാർത്തകൾ ലോകമെമ്പാടും എത്തിക്കുന്ന സംവിധാനത്തിലേക്കാണ് മാധ്യമരംഗം മാറിയതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് ഭൂരിഭാഗം ആളുകളും മൊബൈൽ ഫോൺ താഴെ വെച്ച് വാർത്ത കേൾക്കുന്ന സാഹചര്യമാണുള്ളത്. അതിനാൽ ദൃശ്യങ്ങൾ കാണാതെ കേൾക്കുന്നവർക്കും മനസ്സിലാകുന്ന രീതിയിലാണ് വാർത്തകൾ തയ്യാറാക്കേണ്ടത്. ഒന്നോ ഒന്നര മിനിറ്റിനുള്ളിൽ പ്രേക്ഷകന്റെ ശ്രദ്ധ പിടിച്ചുപറ്റേണ്ടത് ദൃശ്യമാധ്യമങ്ങളുടെ വലിയ വെല്ലുവിളിയാണെന്നും, പ്രേക്ഷകർ പലപ്പോഴും അവതാരകരേക്കാൾ കൂടുതൽ വിവരമുള്ളവരായതിനാൽ കൃത്യതയും വിശ്വാസ്യതയും മാധ്യമങ്ങൾക്ക് അനിവാര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.
പതിനഞ്ച് വർഷത്തെ മാധ്യമപ്രവർത്തന അനുഭവം പങ്കുവെച്ച ഷിജോ പൗലോസ്, ഇന്ന് ഒരു സ്മാർട്ട്ഫോൺ ഉപയോഗിച്ച് ലോകത്തിന്റെ ഏത് കോണിൽ നിന്നും നിമിഷങ്ങൾക്കകം വാർത്ത കൈമാറാൻ കഴിയുന്ന സാഹചര്യമാണുള്ളതെന്ന് പറഞ്ഞു. എന്നാൽ മാധ്യമങ്ങൾ തമ്മിലുള്ള കടുത്ത മത്സരത്തിനിടെ വാർത്തകളുടെ നിലവാരത്തിൽ വിട്ടുവീഴ്ച ഉണ്ടാകുന്നുണ്ടോ എന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. അമേരിക്കയിൽ നിന്നുള്ള അനേകം നല്ല വാർത്തകൾ കേരളത്തിൽ വേണ്ടത്ര പ്രാധാന്യം നേടുന്നില്ലെന്നും, പലപ്പോഴും നെഗറ്റീവ് വാർത്തകൾക്കാണ് കൂടുതൽ പ്രചാരം ലഭിക്കുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു.
ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോൻ ആന്റണി മാധ്യമങ്ങളുടെ സുതാര്യതയും വിശ്വാസ്യതയും കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പറഞ്ഞു. ഭരണകൂടങ്ങളെ അന്ധമായി പിന്തുണയ്ക്കുന്ന മാധ്യമങ്ങളെ ജനങ്ങൾ തള്ളിക്കളയുന്ന സാഹചര്യമാണുള്ളതെന്നും, ജനകീയ വിഷയങ്ങളിൽ പലപ്പോഴും സോഷ്യൽ മീഡിയയാണ് മുഖ്യധാരാ മാധ്യമങ്ങളെക്കാൾ മുന്നിലെത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകർ വലിയ സാമ്പത്തിക നേട്ടങ്ങൾക്കുവേണ്ടിയല്ല, മാധ്യമപ്രവർത്തനത്തോടുള്ള അഭിനിവേശം കൊണ്ടാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം അഭിനന്ദിച്ചു. ചടങ്ങിൽ ഫൊക്കാനയുടെ നിർണായക തീരുമാനവും അദ്ദേഹം പ്രഖ്യാപിച്ചു. ജനറൽ ബോഡി യോഗത്തിന്റെ തീരുമാനപ്രകാരം ഗൾഫ്, യൂറോപ്പ്, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിലേക്കും ഫൊക്കാനയുടെ സേവന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്നും, മെഡിക്കൽ കാർഡ്, പ്രിവിലേജ് കാർഡ്, ഹെൽത്ത് ക്ലിനിക്ക് തുടങ്ങിയ പദ്ധതികൾ കൂടുതൽ പ്രവാസി സമൂഹങ്ങളിലെത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയുടെ സമാപനത്തിൽ മീഡിയ സെമിനാറിന്റെ വിജയത്തിന് പിന്തുണ നൽകിയ സ്പോൺസർമാർക്കും സംഘാടകർക്കും ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോൻ ആന്റണിയും ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും നന്ദി രേഖപ്പെടുത്തി. ലക്ഷ്മി സിൽക്‌സ് കോട്ടയം, മാജിക് ബട്ടർ, എബെൽസ് ഗാർഡൻസ് റിട്ടയർമെന്റ് ഹോം, റിലയൻസ് ഗ്രാനൈറ്റ്സ്, ഗ്ലോബൽ കൊളീഷൻസ്, സ്പെക്ട്രം ഓട്ടോ എന്നിവയുടെ സഹകരണം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
പ്രവാസി മലയാള സാഹിത്യത്തിന് ഫൊക്കാനയുടെ ആദരം; അവാർഡുകൾ വിതരണം ചെയ്തു
ഫൊക്കാന ഭരണഘടന ഭേദഗതികൾക്ക് ജനറൽ ബോഡിയുടെ അംഗീകാരം
നാല് മുതിർന്ന മാധ്യമപ്രവർത്തകരെ ഫൊക്കാന പുരസ്കാരങ്ങൾ നൽകി ആദരിച്ചു
ഫൊക്കാന കലഹാരി കണ്‍വന്‍ഷന്‍ - ചിത്രങ്ങളിലൂടെ....
ഫൊക്കാന: ഫിലിപ്പോസ് ഫിലിപ്പിനും പാനലിനും തകർപ്പൻ വിജയം
ഫൊക്കാന: ഫിലിപ്പോസ് ഫിലിപ്പിനും പാനലിനും തകർപ്പൻ വിജയം
മാതൃനാടിന്റെ വികസനത്തിന് പ്രവാസികൾ ഊർജ്ജം പകരണം: ഫൊക്കാന കൺവൻഷനിൽ ആവേശമായി ചീഫ് വിപ്പിന്റെ വാക്കുകൾ
ഫൊക്കാന കണ്‍വന്‍ഷനെ ഇളക്കിമറിച്ച് ഘോഷയാത്ര (ചിത്രങ്ങള്‍)
അശ്രാന്ത പരിശ്രമങ്ങളുടെ സാഫല്യമെന്ന് കൽഹാരി കൺവൻഷനെ വിശേഷിപ്പിച്ച് ആൽബർട്ട് ആന്റണി
പ്രവാസി സാംസ്കാരിക പൈതൃകത്തിന്റെ അമരക്കാർക്ക് പ്രണാമം: അനുസ്മരണ സമ്മേളനവുമായി ഫൊക്കാന
സ്നേഹത്തിന്റെയും ആത്മീയതയുടെയും മംഗളാരംഭം: കൽഹാരി സമ്മേളനത്തെ ആശീർവദിച്ച് ബിഷപ്പ് ജോയ് ആലപ്പാട്ട്
കൽഹാരിയിൽ പെയ്തിറങ്ങിയ സേവനത്തിന്റെ അമൃതവർഷം: പുതിയ ഉയരങ്ങളിലേക്ക് ഫൊക്കാന