ന്യൂഡല്‍ഹി: കോഴക്കേസില്‍ എസ്.ശ്രീശാന്ത് അടക്കമുള്ള നാല് പേരുടെ കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് കൂടി കോടതി നീട്ടി. സാകേത് കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. ശ്രീശാന്ത് അടക്കം നാല് പേരുടെ കസ്റ്റഡി കാലാവധി അഞ്ച് ദിവസസത്തേക്ക് നീട്ടണമെന്ന ഡല്‍ഹി പോലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
ശ്രീശാന്തിനെതിരേ ശക്തമായ തെളിവുകള്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. കോഴപ്പണം ഉപയോഗിച്ച് വില കൂടിയ സമ്മാനങ്ങള്‍ ശ്രീ കാമുകിക്ക് വാങ്ങി നല്‍കിയെന്ന് പോലീസ് വ്യക്തമാക്കി. ശ്രീശാന്തിനെ രഹസ്യമായി ജയ്പൂരിലെത്തിച്ച് ഇവ കണ്‌ടെടുത്തുവെന്നും പോലീസ് കോടതിയെ അറിയിച്ചു.
പോലീസ് കസ്റ്റഡി ഒഴിവാക്കണമെന്നും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്നുമുള്ള ശ്രീശാന്തിന്റെ അഭിഭാഷക റബേക്ക ജോണിന്റെ ആവശ്യം കോടതി തള്ളി. കസ്റ്റഡി കാലാവധി കഴിഞ്ഞിട്ടും ശ്രീശാന്തിന് വേണ്ടി ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല.