
ന്യൂഡല്‍ഹി : ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് മുന്‍ ഗുസ്തിതാരം ധാരാസിങിന്റെ മകനും നടനുമായ വിന്ദു ധാരാസിങിനെ മുംബൈ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റുചെയ്തു. ഐപിഎല്‍ വാതുവയ്പ്പുകാരായ ജുപ്പിറ്റര്‍, രമേശ് വ്യാസ് എന്നിവരുമായി അടുത്തബന്ധമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
വിന്ദു സിങിന് രമേശ് വ്യാസുമായി ബന്ധമുണ്ടെന്നതിനുള്ള ശക്തമായ തെളിവുകള്‍ മുബൈ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് ഇന്നലെ അറസ്റ്റിലായ വിന്ദുസിങിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ബിഗ് ബോസ് മൂന്നാം സീസണിലെ വിജയിയായിരുന്നു വിന്ദു ധാരാസിങ് ബോളിവുഡ് സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
ഇതിനിടെ, വാതുവയ്പ് വിവാദത്തെ തുടര്‍ന്ന് ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. വാതുവയ്പില്‍ ബിസിസിഏയെ വിമര്‍ശിച്ച കോടതി മത്സരങ്ങളിലെ ഒത്തുകളി തടയാന്‍ ബിസിസിഐ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഒത്തുകളിയെ കുറിച്ച് ബിസിസിഐ നടത്തുന്ന അന്വേഷണം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ജസ്റ്റീസ് ബി.എസ് ചൗഹാനും ജസ്റ്റീസ്ദീപക് മിശ്രയും ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. ലക്നൗ സ്വദേശിയായ സുദര്‍ശ് അശ്വതിയാണ് ഐപിഎല്‍ ഫ്രാഞ്ചൈസികളെയും ബിസിസിഐയെയും കേന്ദ്രസര്‍ക്കാരിനെയും എതിര്‍കക്ഷികളാക്കി ഹര്‍ജി സമര്‍പ്പിച്ചത്. ഐപിഎല്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട നിരവധി ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നും കളിക്കാരുടെ ലേലം മുതല്‍ ഇത് ആരംഭിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. കള്ളപ്പണവും തെറ്റായ മാര്‍ഗത്തില്‍ കൂടിയുള്ള പണവും ഇതിന് ഉപയോഗിക്കുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.