തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ആന്റി പൈറസി സെല്ലിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ഇരുപതിനായിരത്തില്‍പ്പരം വ്യാജ സി.ഡി.കള്‍ പിടിച്ചെടുത്തു. നാലു പേരെ അറസ്റ്റ് ചെയ്തു. ആറ് പേര്‍ക്കെതിരെ കേസ്സെടുത്തു.
കൊട്ടാരക്കരയില്‍ ബസ് സ്റ്റാന്‍ഡിന് സമീപം കട നടത്തിവന്ന പള്ളിക്കല്‍ നവാസ് നിവാസില്‍ സെയ്ദലിയെ അറുന്നൂറോളം വ്യാജ സി.ഡികളുമായി അറസ്റ്റ് ചെയ്തു. പത്തനംതിട്ട ആങ്ങാമൂഴിയില്‍ നിന്ന് അറസ്റ്റ് ചെയ്ത കാരിക്കാട് വീട്ടില്‍ ഷിബുവില്‍ നിന്ന് നാന്നൂറിലധികം വ്യാജ സി.ഡികള്‍ പിടിച്ചെടുത്തു. ഇടുക്കി മൂന്നാറില്‍ നിന്നും 2800 സി.ഡികളുമായി നാഗര്‍മുടി സ്വദേശി രഞ്ജിത് കുമാറിനേയും അരുവിക്കാട് നിന്ന് 2300 വ്യാജ സി.ഡി.കളുമായി ഗുണശേഖരന്‍ എന്നയാളേയും ആന്റി പൈറസി സെല്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.
മൂന്നാര്‍ പെട്രോള്‍ പമ്പിന് സമീപം പ്രവര്‍ത്തിച്ചിരുന്ന സി.ഡി.കടയില്‍ നിന്നും ആറായിരത്തോളം വ്യാജ സി.ഡി.കള്‍ പിടിച്ചെടുത്തു. കടയുടമസ്ഥനായ വിജയകുമാറിന്റെ പേരില്‍ കേസ്സെടുത്തു. മൂന്നാര്‍ മാര്‍ക്കറ്റ് ജങ്ഷനില്‍ സണ്‍ വീഡിയോസ് എന്ന കടയില്‍ നിന്ന് ഒമ്പതിനായിരത്തോളം വ്യാജ സി.ഡി.കള്‍ പിടിച്ചെടുത്തു. കടയുടമസ്ഥനായ തങ്കരാജിന്റെ പേരില്‍ കേസ്സെടുത്തു.
ഡി.വി.ഡി റിലീസ് ചെയ്തിട്ടില്ലാത്ത ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍, കമ്മത്ത് ആന്റ് കമ്മത്ത്, മൈ ബോസ്, ലോക്പാല്‍, കര്‍മയോദ്ധ, ഡാ തടിയാ, ബാവൂട്ടിയുടെ നാമത്തില്‍, ഉസ്താദ് ഹോട്ടല്‍, അന്നയും റസൂലും തുടങ്ങിയ മലയാള സിനിമകളുടേയും തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, തെലുങ്ക് സിനിമകളുടേയും വ്യാജ സി.ഡി.കളാണ് റെയ്ഡില്‍ പിടിച്ചെടുത്തത്.
ആന്റി പൈറസി സെല്‍ എസ്.പി എന്‍.സുധീഷിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ഡിവൈ.എസ്.പി എസ്.റഫീഖ്, ഇന്‍സ്‌പെക്ടര്‍ എന്‍.ജീജി, എസ്.ഐ മാരായ ഷിബു, അനൂപ്, ബാബു, എ.എസ്.ഐ മാരായ തുളസീധരന്‍, വിഷ്ണുപ്രസാദ്, കോണ്‍സ്റ്റബിള്‍മാരായ അസീം, ഭുവനചന്ദ്രന്‍, ഹാത്തിം, ഷാന്‍, അനീഷ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.