കോഴിക്കോട്:കേരളത്തിന്റെ അതിര്‍ത്തി വനമേഖലയില്‍ ഇപ്പോഴും മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കേരളാ പോലീസിന്റെ തണ്ടര്‍ബോള്‍ട്ട് സേന വീണ്ടും പരിശോധനയ്ക്ക് ഒരുങ്ങുന്നു. കണ്ണൂര്‍, കാസര്‍കോട്, വയനാട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലെ വനമേഖലയില്‍ പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം.
കഴിഞ്ഞയാഴ്ച കര്‍ണാടകയിലെ ചിക്മംഗലൂരില്‍ മാവോവാദികളും കര്‍ണാടക നക്‌സല്‍വിരുദ്ധ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. എന്നാല്‍, ഇവരെ പിടികൂടാന്‍ സേനയ്ക്ക് കഴിഞ്ഞില്ല. ഇവര്‍ കേരള അതിര്‍ത്തിയിലേക്ക് മാറിയെന്നാണ് കര്‍ണാടക ആഭ്യന്തരവിഭാഗം കേരളാ പോലീസിനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പരിശോധന നടത്താന്‍ തീരുമാനിച്ചത്.
കണ്ണൂര്‍ ജില്ലയിലെ വനാതിര്‍ത്തിയില്‍നിന്ന് 200 കിലോമീറ്ററില്‍ താഴെമാത്രമേ ചിക്മംഗലൂരിലേക്ക് ദൂരമുള്ളൂ. ഇതുകൊണ്ട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് മേഖലയിലെവിടെയോ മാവോവാദികള്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് കര്‍ണാടക പോലീസിന്റെ വിലയിരുത്തല്‍. കേരളത്തിന്റെ ഭാഗത്തുനിന്ന് ഇത് തടയിടാനുള്ള പിന്തുണ കിട്ടുന്നില്ലെന്ന പരാതി കര്‍ണാടകത്തിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരമേഖല എ.ഡി.ജി.പി. ശങ്കര്‍ റഡ്ഢിയുടെയും കണ്ണൂര്‍ റേഞ്ച് ഐ.ജി. ജോസ് ജോര്‍ജിന്റെയും തേതൃത്വത്തില്‍ വയനാട്ടില്‍ യോഗം ചേര്‍ന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പോലീസ് മേധാവികളും തണ്ടര്‍ബോള്‍ട്ട് കമാന്‍ഡന്റും യോഗത്തില്‍ പങ്കെടുത്തു.
പാലക്കാട്, മലപ്പുറം ജില്ലകളില്‍ അടുത്ത ദിവസം തന്നെ പരിശോധന തുടങ്ങും. ലോക്കല്‍ പോലീസിന്റെ സഹായത്തോടെയാകും പരിശോധന. കണ്ണൂര്‍, വയനാട് ജില്ലകളിലാകും തണ്ടര്‍ബോള്‍ട്ട് സേന കൂടുതല്‍ കേന്ദ്രീകരിക്കുക. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള കോളനികളില്‍ നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.