Image

മായാവതിയുടെ പ്രതിമ നിര്‍മ്മാണത്തില്‍ 1400 കോടിയുടെ അഴിമതി

Published on 20 May, 2013
മായാവതിയുടെ പ്രതിമ നിര്‍മ്മാണത്തില്‍ 1400 കോടിയുടെ അഴിമതി
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മുന്‍ മുഖ്യമന്ത്രി മായാവതിയുടെ കാലത്ത് നടന്ന പ്രതിമ നിര്‍മ്മാണത്തില്‍ 1400 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് ലോകായുക്ത കണ്ടെത്തി. മായാവതിയുടെ വിശ്വസ്തനും മുന്‍ മന്ത്രിയുമായ നസിമുദ്ദീന്‍ സിദ്ദിഖിയും, ബാബു സിങ് കുശവുമാണ് കോടികളുടെ അഴിമതിക്ക് ചുക്കാന്‍പിടിച്ചതെന്നും ലോകായുക്ത റിപ്പോര്‍ട്ടില്‍ പറയുന്നു. 

പ്രതിമനിര്‍മ്മാണത്തിന് മൊത്തം വകയിരുത്തിയ തുകയുടെ 30 ശതമാനവും വെട്ടിപ്പ് നടത്തിയതിനാല്‍ കുറ്റക്കാരായവരില്‍ നിന്ന് ഈ തുക തിരിച്ചുപിടിക്കാന്‍ നടപടിയെടുക്കണമെന്നും ലോകായുക്ത ജഡ്ജി എന്‍.കെ മെഹറോത്ര റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു

നസിമുദീന്‍ സിദ്ദിഖിക്കും ബാബു സിങ് കുശവയ്ക്കുമെതിരെ പ്രധാന പ്രതികളാക്കി എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാനും നിര്‍ദേശമുണ്ട്. ഈ രണ്ട് നേതാക്കളുമാണ് അഴിമതിയുടെ പ്രധാനകേന്ദ്രങ്ങളെന്നതിനാല്‍ ഇവരില്‍ നിന്ന് 1400 കോടി രൂപ തിരിച്ചുപിടിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

4188 കോടി രൂപ ചിലവിട്ടാണ് മായാവതി സര്‍ക്കാര്‍ പ്രതിമനിര്‍മ്മാണം നടത്തിയത്. ഇതില്‍ 35 ശതമാനവും രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥവൃന്ദവും, എഞ്ചിനീയര്‍മാരും, കരാറുകാരും ചേര്‍ന്ന് കൊള്ളയടിച്ചതായി ലോകായുക്ത കണ്ടെത്തിയത് യു.പിയില്‍ വരും ദിവസങ്ങളില്‍ ഏറെ രാഷ്ട്രീയവിവാദത്തിന് തുടക്കമിടുമെന്ന് ഉറപ്പാണ്. 

199 പേരുടെ പേരുകളാണ് റിപ്പോര്‍ട്ടില്‍ കുറ്റക്കാരായി രേഖപ്പെടുത്തിയിട്ടുള്ളത്. ബി.എസ്.പിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ പൊതുമരാമത്ത് മന്ത്രിയുമാണ് നസിമുദീന്‍ സിദ്ദിഖി. ബി.എസ്.പിയുടെ മറ്റൊരു പ്രമുഖ നേതാവായ കുശവ കഴിഞ്ഞ സര്‍ക്കാരില്‍ ഖനി വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക