Image

പട്ടയപ്രശ്‌നം-ഉറപ്പുപാലിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ സ്വയം അപമാനിക്കപ്പെടും: സീറോ മലബാര്‍ സഭ അല് മായ കമ്മീഷന്‍

Published on 20 May, 2013
പട്ടയപ്രശ്‌നം-ഉറപ്പുപാലിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ സ്വയം അപമാനിക്കപ്പെടും: സീറോ മലബാര്‍ സഭ അല് മായ കമ്മീഷന്‍
തൊടുപുഴ: ഹൈറേഞ്ചിലെ പട്ടയപ്രശ്‌നപരിഹാരത്തിന് ഒരു മാസത്തെ സാവകാശം സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചതിന്‍പ്രകാരം മെയ് 18ന് ഇടുക്കി കളക്‌ട്രേറ്റ് പടിക്കല്‍ ആരംഭിക്കാനിരുന്ന അനിശ്ചിതകാല നിരാഹാര സമരങ്ങളുള്‍പ്പെടെ പ്രക്ഷോഭണ പരിപാടികള്‍ ജൂണ്‍ 18വരെ മാറ്റിവയ്‌ക്കേണ്ടി വന്നിരിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരും ജനപ്രതിനിധികളും വാക്കുപാലിച്ചില്ലെങ്കില്‍ സ്വയം അപമാനം ഏറ്റുവാങ്ങേണ്ടിവരുമെന്ന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍.

സര്‍ക്കാര്‍ നടപടികളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും അറിവും പഠനവുമില്ലാതെ ആത്മാര്‍ത്ഥമായി കാര്‍ഷികവൃത്തിയില്‍ മാത്രം വ്യാപരിച്ച് ഭരണ രാഷ്ട്രീയ നേതൃത്വങ്ങള്‍ പറയുന്നത് കണ്ണടച്ച് വിശ്വസിച്ചിരുന്ന കര്‍ഷകരുടെ കാലം കഴിഞ്ഞിരിക്കുന്നു. ഇന്നത്തെ തലമുറയ്ക്ക് അടിച്ചേല്‍പ്പിക്കുന്ന കരിനിയമങ്ങളെക്കുറിച്ച് പഠിക്കുവാനും ഗ്രഹിക്കുവാനുമുള്ള വിവരവും വിജ്ഞാനവുമുണ്ടെന്നുള്ളത് ജനപ്രതിനിധികളും സര്‍ക്കാരും തിരിച്ചറിയണം. നിയമസഭയില്‍ കര്‍ഷകവിരുദ്ധ നിയമങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ രാഷ്ട്രീയ അന്ധത ബാധിച്ച് നിശബ്ദരായിട്ടിരിക്കുന്ന ജനപ്രതിനിധികളുടെ ജനവഞ്ചന ഹൈറേഞ്ച് ജനതയ്ക്ക് ഇതിനോടകം വ്യക്തമായിട്ടുണ്ട്. 27.05.2005ല്‍ 1964ലെ ഭൂപതിവുചട്ടങ്ങളിലെ 5-ാം വകുപ്പിന് ഭേദഗതിയുണ്ടാക്കി 4 ഏക്കര്‍ വരെ ഭൂമിക്ക് പട്ടയം കിട്ടാമായിരുന്നത് ഒരേക്കറായി ചുരുക്കിയതും 08.06.2005ല്‍ പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങള്‍ ഏറ്റെടുക്കലും നടത്തിപ്പും പ്രകാരം കര്‍ഷകരുടെ ഭൂമി പ്രതിഫലമേതുമില്ലാതെ അപഹരിക്കുന്ന നിയമം നിര്‍മ്മിച്ചതും യുഡിഎഫ് സര്‍ക്കാരാണ്. ഇതിന്റെ തെളിവുകള്‍ സര്‍ക്കാര്‍ രേഖകളായി ജനങ്ങളുടെ മുമ്പിലുള്ളപ്പോള്‍ ന്യായീകരിക്കുവാനും തെറ്റിദ്ധരിപ്പിക്കുവാനും ആര്‍ക്കും കഴിയില്ലെന്ന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

01.01.1977നു മുമ്പ് ഹൈറേഞ്ചിലേയ്ക്ക് കുടിയേറിയ കര്‍ഷകര്‍ക്ക് തങ്ങള്‍ കൈവശംവച്ചനുഭവിക്കുന്ന ഭൂമിക്ക് ഉപാധിരഹിത പട്ടയം നല്‍കി സംരക്ഷിക്കുവാന്‍ സര്‍ക്കാരിന് കടമയും ബാധ്യതയുമുണ്ട്. 2012 ഓഗസ്റ്റ് 15നു മുമ്പ് ഇടുക്കിയിലെ ഒരു ലക്ഷത്തില്‍പരം കര്‍ഷകര്‍ക്ക് പട്ടയം നല്‍കി ചരിത്രം തിരുത്തിക്കുറിക്കുമെന്ന് 2012 മെയ് മാസം തൊടുപുഴയില്‍ പത്രസമ്മേളനം നടത്തി പ്രസ്താവിച്ച ജനപ്രതിനിധികളുടെ വാഗ്ദാനവും നടപ്പിലായിട്ടില്ല. ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ട് പുത്തന്‍ വാഗ്ദാനങ്ങളും ഉറപ്പുകളും നല്‍കി ജനങ്ങളെ അപമാനിക്കുവാനും വിഡികളാക്കുവാനും സര്‍ക്കാരും ജനപ്രതിനിധികളും ശ്രമിക്കരുതെന്നും ജൂണ്‍ 18 മുതല്‍ ഉപാധിരഹിത പട്ടയവിതരണം ആരംഭിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.



ഷൈജു ചാക്കോ
ഓഫീസ് സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക