
തലസ്ഥാന നഗരിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ സംഘർഷം. പ്രകടനത്തിനുനേരെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽനിന്ന് കല്ലേറുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരികെ തീപ്പന്തം എറിയുകയും സ്ഥലത്ത് വൻ സംഘർഷാവസ്ഥ രൂപപ്പെടുകയുമായിരുന്നു. തുടർന്ന് പോലീസ് ലാത്തിച്ചാർജും ഗ്രനേഡ്, കണ്ണീർവാതക പ്രയോഗവും നടത്തി.
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. എസ്എഫ്ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.
മാർച്ച് തുടങ്ങുന്നതിന് മുന്നോടിയായി കേരള യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് സമീപം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടിച്ചുകൂടിനിൽക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. കോൺഗ്രസ് പ്രവർത്തകർക്കുനേരെ കോളേജ് ഹോസ്റ്റൽ കോമ്പൗണ്ടിൽനിന്ന് കല്ലും ബിയർ കുപ്പികളും ഉൾപ്പെടെയുള്ളവ എറിഞ്ഞു. കല്ലേറുണ്ടായതോടെ മാർച്ചിനായി കരുതിയിരുന്ന പന്തം ഹോസ്റ്റലിനുള്ളിലേക്ക് എറിഞ്ഞ് യൂത്ത് കോൺഗ്രസും പ്രത്യാക്രമണം നടത്തി. സംഘർഷം രൂക്ഷമായതോടെ പോലീസ് ലാത്തിച്ചാർജും ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചു.