Image

എം.കെ. മുനീർ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ; നിയമനം കാബിനറ്റ് റാങ്കോടെ

Published on 30 September, 2026
എം.കെ. മുനീർ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ; നിയമനം കാബിനറ്റ് റാങ്കോടെ

തിരുവനന്തപുരം: മുൻ മന്ത്രിയും മുതിർന്ന മുസ്ലിം ലീഗ് നേതാവുമായ എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനായി നിയമിക്കാൻ തീരുമാനിച്ചു. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ വഹിച്ചിരുന്ന പദവിയാണിത്.

ക്യാബിനറ്റ് റാങ്കോടെയാണ് മുനീറിന്‍റെ നിയമനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുനീർ മത്സരിച്ചിരുന്നില്ല. മുനീറിന് ഈ പദവി നൽകുമെന്ന് അന്നുതന്നെ യുഡിഎഫ് വാഗ്ദാനം ചെയ്തിരുന്നു. ലീഗുമായി നടത്തിയ പ്രാഥമിക ചർച്ചയ്ക്ക് ശേഷമാണ് മുനീറിന് പദവി നൽകാൻ അന്തിമ തീരുമാനമെടുത്തത്.

അച്യുതാനന്ദന്‍റെ പിന്തുടർച്ചക്കാരനായാണ് മുനീർ ഈ പദവിയിലേക്ക് എത്തുന്നത്. 2021ൽ അച്യുതാനന്ദൻ പദവി ഒഴിഞ്ഞ ശേഷം രണ്ടാം പിണറായി സർക്കാരിൽ ഈ സ്ഥാനത്തേക്ക് ആരെയും നിയമിച്ചിരുന്നില്ല. ഭരണനിർവഹണം, ചട്ടങ്ങളുടെ ഭേദഗതി തുടങ്ങിയ കാര്യങ്ങൾ പഠിച്ച് ശുപാർശകൾ നൽകുകയാണ് കമ്മിഷന്‍റെ ചുമതല.

വിവിധ യുഡിഎഫ് സർക്കാരുകളിൽ പൊതുമരാമത്ത്, സാമൂഹിക ക്ഷേമ-പഞ്ചായത്ത് വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു മുനീർ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക