
ടെല്‍ അവീവ്: 174 യാത്രക്കാരുമായി ദുബായില്‍ നിന്ന് ഇസ്രയേലിലേക്ക് പറന്ന ഫ്‌ലൈദുബായ് വിമാനത്തില്‍ സഹപൈലറ്റിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന ആരോപണത്തെ തുടര്‍ന്ന് കോ-പൈലറ്റിനെ അറസ്റ്റ് ചെയ്തതായി ഇസ്രയേല്‍ അധികൃതര്‍ അറിയിച്ചു.
ഒമാന്‍ വംശജനാണെന്ന് റിപ്പോര്‍ട്ടുകളുള്ള പ്രതി, ബുധനാഴ്ച വിമാനത്തിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന പൈലറ്റിനെ കുത്തിയശേഷം ബോയിങ് 737 മാക്‌സ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചതായാണ് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കിയത്. ''ഞങ്ങളുടെ കൈവശമുള്ള പ്രാഥമിക വിവരങ്ങള്‍ പ്രകാരം, എല്ലാ യാത്രക്കാരുമൊത്ത് വിമാനം തകര്‍ക്കുക എന്നതായിരുന്നു ഭീകരന്റെ ഏക ലക്ഷ്യം...'' കാറ്റ്‌സ് പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന ധീരരായ യാത്രക്കാര്‍ ഇടപെട്ടാണ് ആക്രമിയെ കീഴടക്കുകയും യാത്രക്കാരുടെ ജീവന്‍ രക്ഷിക്കുകയും ചെയ്തതെന്ന് കാറ്റ്‌സ് വ്യക്തമാക്കി. വിമാനത്തിലുണ്ടായിരുന്ന 174 പേരില്‍ 27 പേര്‍ കുട്ടികളായിരുന്നു.
''ഫ്‌ളൈദുബായ് വിമാനത്തിലുണ്ടായ ഗുരുതരമായ സംഭവം ഒരു ജിഹാദിസ്റ്റ് ഭീകരാക്രമണ ശ്രമമായിരുന്നു. നിരവധി ഇസ്രയേലി യാത്രക്കാരുടെ ധീരമായ ഇടപെടലിലൂടെയാണ് അത് പരാജയപ്പെട്ടത്. അവര്‍ കോക്പിറ്റിലേക്ക് കടന്ന് ആക്രമിയെ കീഴടക്കുകയും വിമാനത്തിന്റെ നിയന്ത്രണം മറ്റൊരു ഫ്‌ലൈറ്റ് ക്രൂവിന് തിരിച്ചുപിടിക്കാനാവശ്യമായ സാഹചര്യം ഒരുക്കുകയും ചെയ്തു...'' കാറ്റ്‌സ് പറഞ്ഞു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സംഭവത്തെക്കുറിച്ച് പ്രതികരിച്ചു. പൈലറ്റ് അറസ്റ്റിലായെന്നും നിലവില്‍ ചോദ്യം ചെയ്തുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
''വിമാനം ഇസ്രയേലിനോട് അടുത്തുകൊണ്ടിരിക്കുമ്പോഴാണ് പൈലറ്റുമാരില്‍ ഒരാള്‍ മറ്റൊരാളെ കുത്തിയത്. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുമായി വിമാനം തകര്‍ക്കാന്‍ ശ്രമിച്ചതായാണ് പ്രാഥമിക വിവരം...'' നെതന്യാഹു പറഞ്ഞു. തുടര്‍ന്ന് വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് ചുഴിയിലേക്ക് പോയെന്നും ഒരു ധീരനായ യാത്രക്കാരന്‍ ഒരു ജീവനക്കാരനൊപ്പം കോക്പിറ്റിലേക്ക് കടന്നെന്നും നെതന്യാഹു പറഞ്ഞു. ''വിമാനത്തിന്റെ സംവിധാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന പൈലറ്റിനെ അവര്‍ ചേര്‍ന്ന് കീഴടക്കി. വിമാനത്തിലുണ്ടായിരുന്ന മറ്റൊരു ഫ്‌ലൈറ്റ് ക്രൂ അംഗം കോക്പിറ്റിലെത്തി വിമാനം വീണ്ടും നിയന്ത്രണത്തിലാക്കുകയായിരുന്നു. അസാധാരണമായ ബുദ്ധിശക്തിയും ധൈര്യവും പ്രകടിപ്പിച്ച ഈ വീരന്മാരെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. അവര്‍ നിരവധി ജീവനുകള്‍ രക്ഷിക്കുകയും വലിയൊരു ദുരന്തം ഒഴിവാക്കുകയും ചെയ്തു...'' ..'' നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
ദുബായില്‍ നിന്ന് പ്രാദേശിക സമയം രാവിലെ ഏഴ് മണിക്ക് തൊട്ടുമുമ്പ് പുറപ്പെട്ട വിമാനത്തില്‍ യാത്ര തുടങ്ങി ഏകദേശം രണ്ടര മണിക്കൂറിന് ശേഷമാണ് സംഭവം നടന്നത്. 33,000 അടി ഉയരത്തില്‍ പറന്നുകൊണ്ടിരിക്കെയാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഫ്‌ളൈറ്റ് ട്രാക്കിങ് വിവരങ്ങള്‍ പ്രകാരം, സംഭവത്തിന് പിന്നാലെ രണ്ട് മിനിറ്റിനുള്ളില്‍ വിമാനം 33,000 അടി ഉയരത്തില്‍ നിന്ന് ഏകദേശം 15,400 അടിയിലേക്ക് താഴ്ന്നു. തുടര്‍ന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കില്‍ സുരക്ഷിതമായി ഇറക്കി. സിവിലിയന്‍, സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പ്രധാന കേന്ദ്രമാണ് തബൂക്ക്.
ആക്രമിയെ കീഴടക്കുന്നതില്‍ പങ്കെടുത്തതായി അവകാശപ്പെട്ട ചില യാത്രക്കാര്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. രക്തം പുരണ്ട മുഖവുമായി സഹായത്തിനായി ഒരാള്‍ നടത്തിയ അടിയന്തര അഭ്യര്‍ഥനയും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. മറ്റൊരു ദൃശ്യത്തില്‍, രക്തത്തില്‍ കുളിച്ച നിലയില്‍ ഗുരുതരമായി പരിക്കേറ്റ പൈലറ്റിനെയും കീഴടക്കപ്പെട്ട കോ-പൈലറ്റിനെയും വിമാനത്തിന്റെ ഗാലിയില്‍ കാണാം. നിരവധി ജീവനക്കാര്‍ ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വെള്ള യൂണിഫോം ധരിച്ച കോ-പൈലറ്റ് അബോധാവസ്ഥയിലായിരുന്നുവെന്നും കൈകാലുകള്‍ കെട്ടിയ നിലയില്‍ നിലത്ത് കിടത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
അന്ന് പിന്നീട് മറ്റൊരു വിമാനത്തിന്റെ ക്യാപ്റ്റനായി ചുമതലയേല്‍ക്കേണ്ടിയിരുന്ന രണ്ട് ഓഫ്-ഡ്യൂട്ടി പൈലറ്റുമാര്‍ വിമാനത്തിന്റെ പിന്‍ഭാഗത്തുനിന്ന് കോക്പിറ്റിലേക്ക് ഓടിയെത്തി വിമാനം നിയന്ത്രണത്തിലാക്കിയതായി ഒരു യാത്രക്കാരന്‍ ബിബിസിയോട് പറഞ്ഞു. സംഭവത്തില്‍ ഇസ്രയേല്‍ അധികൃതര്‍ ഭീകരവാദവുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പേരുവെളിപ്പെടുത്തരുതെന്ന വ്യവസ്ഥയില്‍ റോയിട്ടേഴ്‌സിനോട് സംസാരിച്ച രണ്ട് ഇസ്രയേലി ഉദ്യോഗസ്ഥര്‍, നിലവിലെ വിലയിരുത്തല്‍ പ്രകാരം ഇത് ഒരു ''ഭീകരാക്രമണ ശ്രമം'' ആണെന്നും പൈലറ്റുമാരില്‍ ആരുടെയെങ്കിലും മാനസികാരോഗ്യ പ്രശ്‌നവുമായി ബന്ധപ്പെട്ട സംഭവമല്ലെന്നുമാണ് വ്യക്തമാക്കിയത്. ഒരു പൈലറ്റ് മറ്റേ പൈലറ്റിനെ കുത്തുകയും 9/11 ആവര്‍ത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് മറ്റൊരു ഇസ്രയേലി ഉദ്യോഗസ്ഥന്‍ പറഞ്ഞു.