Image

ഫ്ലൈദുബായ് വിമാനത്തിൽ കുത്തേറ്റത് ഇന്ത്യൻ പൈലറ്റിന്; കോ-പൈലറ്റ് അറസ്റ്റിൽ

Published on 30 September, 2026
ഫ്ലൈദുബായ് വിമാനത്തിൽ കുത്തേറ്റത് ഇന്ത്യൻ പൈലറ്റിന്; കോ-പൈലറ്റ് അറസ്റ്റിൽ

സൗദി അറേബ്യയിൽ ഫ്ലൈദുബായ് (FZ1073) വിമാനം അടിയന്തരമായി ഇറക്കുന്നതിലേക്ക് നയിച്ച കോക്പിറ്റിലെ അക്രമത്തിൽ കുത്തേറ്റത് ഇന്ത്യൻ പൗരനായ പൈലറ്റിനാണെന്ന് ഇസ്രായേലി വാർത്താ വെബ്‌സൈറ്റായ 'വൈനെറ്റിനെ' ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. കോ-പൈലറ്റ് ഒമാൻ പൗരനാണെന്നും വിമാനം തകർക്കാൻ ശ്രമിച്ചതായി സംശയിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

വിമാനം തകരുന്നത് തടയാൻ ക്യാപ്റ്റൻ പൊരുതിയെന്നും, പിന്നീട് ഇസ്രായേലി യാത്രക്കാർ കോ-പൈലറ്റിനെ കീഴ്പ്പെടുത്താൻ സഹായിച്ചെന്നുമാണ് റിപ്പോർട്ട്. പൈലറ്റിനെ കുത്തിയ സഹപൈലറ്റിനെ അറസ്റ്റ് ചെയ്തതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. സൗദി അറേബ്യൻ ഉ​ദ്യോ​ഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും ചോദ്യം ചെയ്യൽ പുരോ​ഗമിക്കുകയാണെന്നും നെതന്യാഹു കൂട്ടിച്ചേ‌ർത്തു. വിമാനത്തിലുണ്ടായിരുന്ന ചില യാത്രക്കാരുമായി അദ്ദേഹം സംസാരിക്കുകയും ചെയ്തു. 

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനത്തിൽ പൈലറ്റുമാർക്കിടയിൽ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന അക്രമസംഭവത്തിന് ഭീകരവാദ ബന്ധമുണ്ടെന്നാണ് ഇസ്രായേൽ സംശയിക്കുന്നത്. ഫ്ലൈദുബായ് വിമാനം വഴിതിരിച്ചുവിട്ട സംഭവം ‘ഭീകരാക്രമണ ശ്രമം’ ആയേക്കാമെന്ന് മൂന്ന് ഇസ്രായേലി ഉദ്യോഗസ്ഥർ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചതായാണ് സൂചന. 

വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരി ഇസ്രയേലിലെ ചാനൽ 12-നോട് ടെക്സ്റ്റ് സന്ദേശത്തിലൂടെ നൽകിയ വിവരങ്ങളാണ് സംഭവത്തിന്റെ ഭീതിജനകമായ ചിത്രം പുറത്തുകൊണ്ടുവന്നത്. വിമാനത്തിനുള്ളിൽ നിലവിളി കേട്ടതായും തുടർന്ന് കോക്പിറ്റ് തുറന്നപ്പോൾ രക്തം കണ്ടതായും യാത്രക്കാരി പറഞ്ഞു. പോക്കറ്റ് കത്തി ഉപയോഗിച്ച് ഒരാൾ പൈലറ്റിനെ കുത്തിയതായി കണ്ടെന്നും അവർ അവകാശപ്പെട്ടു.

സംഭവത്തിനിടെ ഇസ്രായേലി യാത്രക്കാരും വിമാനത്തിലെ ജീവനക്കാരും ചേർന്ന് അക്രമിയെ നിയന്ത്രണത്തിലാക്കിയതായും യാത്രക്കാരി പറഞ്ഞു. പ്രാർത്ഥിക്കുക മാത്രമായിരുന്നുവെന്നും രക്ഷപ്പെടാൻ കഴിയില്ലെന്ന് കരുതിയ നിമിഷങ്ങളുമുണ്ടായിരുന്നു എന്നുമാണ് യാത്രക്കാരി പറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക