Image

മൊറോക്കൻ ചരിത്രത്തിലാദ്യം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ അൽ-മൻസൂരി

Published on 30 September, 2026
മൊറോക്കൻ ചരിത്രത്തിലാദ്യം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ അൽ-മൻസൂരി

റബാത്ത്: മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി പ്രഥമ വനിതാ പ്രധാനമന്ത്രിയായി മറാക്കഷ് മേയറും ഓതെന്റിസിറ്റി ആൻഡ് മോഡേണിറ്റി പാർട്ടി (PAM) നേതാവുമായ ഫാത്തിമ എസ്ലാഹ് അൽ മൻസൂരിയെ നിയമിച്ചു. സെപ്റ്റംബർ 23-ന് നടന്ന പൊതു തെരഞ്ഞെടുപ്പിൽ അൽ-മൻസൂരിയുടെ പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വിജയം കൈവരിച്ചതിനെ തുടർന്നാണ് മൊറോക്കൻ രാജാവ് മുഹമ്മദ് ആറാമൻ ഇവരെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്. 

റോയൽ പാലസിൽ നടന്ന ഔദ്യോഗിക ചടങ്ങിലാണ് പുതിയ മന്ത്രിസഭ രൂപീകരിക്കാനുള്ള ചുമതല രാജാവ് കൈമാറിയത്.ഭരണഘടന അനുസരിച്ച് തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടുന്ന കക്ഷിയുടെ നേതാവിനെയാണ് സർക്കാർ രൂപീകരിക്കാൻ രാജാവ് ക്ഷണിക്കുന്നത്. 50- കാരിയായ ഫാത്തിമ അൽ മൻസൂരി പദവിയിലെത്തുന്നതോടെ മൊറോക്കോയുടെ ചരിത്രത്തിൽ ആദ്യമായും, അറബ് ലോകത്ത് ഒരു സർക്കാരിന്റെ തലപ്പത്തെത്തുന്ന രണ്ടാമത്തെ വനിതയായും മാറും. തന്റെ നിയമനം രാജ്യത്തെമ്പാടുമുള്ള സ്ത്രീകൾക്ക് ലഭിച്ച വലിയൊരു അംഗീകാരവും അഭിമാനകരമായ നിമിഷവുമാണെന്നും ഇത് വലിയൊരു ഉത്തരവാദിത്തമാണെന്നും നിയമനത്തിനു ശേഷം അൽ മൻസൂരി പ്രതികരിച്ചു

ഫ്രാൻസിലെ മോണ്ട് പെല്ലിയർ സർവകലാശാലയിലും ന്യൂയോർക്കിലെ പേസ് സർവകലാശാലയിലുമായി നിയമപഠനം പൂർത്തിയാക്കിയ അൽ മൻസൂരി പ്രമുഖയായ ഒരു അഭിഭാഷക കൂടിയാണ്. 2009-ൽ മറാക്കെഷ് നഗരത്തിന്റെ ചരിത്രത്തിലെ ആദ്യ വനിതാ മേയറായി തിരഞ്ഞെടുക്കപ്പെട്ട അവർ 2021-ൽ വീണ്ടും ആ പദവിയിലെത്തി. കഴിഞ്ഞ അസീസ് അഖഷ് സർക്കാരിൽ ദേശീയ ഭൂപട നിർമാണം. നഗരാസൂത്രണം, ഭവന നിർമാണം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായും അവർ മികച്ച പ്രവർത്തനം കാഴ്ചവെച്ചിരുന്നു. രാജ്യത്തെ ഉയർന്ന
തൊഴിലില്ലായ്മ പരിഹരിക്കുക, സാമ്പത്തിക വളർച്ച ഉറപ്പാക്കുക, യുവജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുക എന്നിവയാണ് പുതിയ പ്രധാനമന്ത്രിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളികൾ,

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സാമൂഹിക ക്ഷേമ പദ്ധതികൾ വ്യാപിപ്പിക്കുമെന്നും പ്രചാരണ വേളയിൽ പാർട്ടി വാഗ്ദാനം ചെയ്തിരുന്നു. ഭരണസഖ്യം രൂപീകരിക്കുന്നതിനായി മറ്റ് പ്രധാന രാഷ്ട്രീയ പാർട്ടികളുമായുള്ള ചർച്ചകൾ ഉടൻ ആരംഭിക്കുമെന്ന് അവർ അറിയിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക