Image

ദുബായ് വിമാനത്തിൽ പൈലറ്റിനെ സഹപൈലറ്റ് കുത്തിയ സംഭവം ഭീകരാക്രമണമോ?

Published on 30 September, 2026
ദുബായ് വിമാനത്തിൽ പൈലറ്റിനെ സഹപൈലറ്റ് കുത്തിയ സംഭവം ഭീകരാക്രമണമോ?


ടെൽ അവീവ്: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റ് പൈലറ്റിനെ കുത്തിയ സംഭവത്തിൽ ഭീകരാക്രമണ സാധ്യത തള്ളിക്കളയാതെ അധികൃതർ. സംഭവത്തിൽ ഭീകരാക്രമണ സാധ്യത ഉൾപ്പെടെ അന്വേഷിക്കുന്നതായി ഇസ്രയേലി അധികൃതർ അറിയിച്ചു.
ഫ്ലൈ ദുബായ് FZ1073 വിമാനത്തിലായിരുന്നു സംഭവം. വിമാനത്തിൽ നിരവധി ഇസ്രയേലി യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഫ്ലൈ ദുബായ് അറിയിച്ചു.

സംഭവത്തിനിടെ വിമാനത്തിൽ നിന്ന് ജനറൽ എമർജൻസി', 'അൺലോഫുൾ ഇന്റർഫിയറൻസ് എന്നീ അടിയന്തര സിഗ്നലുകൾ ലഭിച്ചതിനെ തുടർന്ന് ആദ്യം ഹൈജാക്ക് സാധ്യതയുണ്ടെന്ന് ഇസ്രയേലി അധികൃതർ സംശയിച്ചിരുന്നു. പിന്നീട് പൈലറ്റുമാർ തമ്മിലുള്ള സംഘർഷമാണ് സംഭവത്തിന് കാരണമെന്ന് പ്രാഥമിക വിവരങ്ങൾ പുറത്തുവന്നു

സംഭവം ഭീകരാക്രമണ ശ്രമമായിരുന്നോ എന്നതും ഇസ്രയേൽ സുരക്ഷാ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. പൈലറ്റിൽ ഒരാൾ വിമാനം തകർക്കാൻ ശ്രമിച്ചെന്നും മറ്റേ പൈലറ്റും യാത്രക്കാരും ചേർന്ന് അത് തടഞ്ഞെന്നുമുള്ള റിപ്പോർട്ടുകൾ ഇസ്രയേലി മാധ്യമങ്ങളിൽ വന്നിട്ടുണ്ടെങ്കിലും, ഈ വിശദാംശങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

വിമാനം പറക്കുന്നതിനിടെ കുത്തനെ താഴ്ന്നതായും തുടർന്ന് തബൂക്കിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ഇരുപൈലറ്റുകൾക്കും പരുക്കേറ്റതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് സംഭവത്തിൽ അടിയന്തര കൂടിയാലോചനകൾ നടത്തിയതായി അറിയിച്ചു. സാഹചര്യം നിയന്ത്രണവിധേയമാണെന്നും ഇസ്രയേലി യാത്രക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക