
ദുബൈയിൽ നിന്നു 180 ഇസ്രയേലി യാത്രക്കാരുമായി ടെൽ അവീവിലേക്കു പറന്ന ഫ്‌ളൈദുബൈ വിമാനം തട്ടിക്കൊണ്ടു പോയി തകർക്കാൻ ഒമാൻ സ്വദേശിയായ കോ-പൈലറ്റ് ശ്രമിച്ചെന്നും ഇന്ത്യക്കാരനായ ക്യാപ്റ്റൻ ചെറുത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ ഏറ്റുമുട്ടലും കത്തിക്കുത്തും ഉണ്ടായെന്നും വെളിപ്പെടുത്തൽ.
ദുബൈ മൗനം പാലിക്കുമ്പോൾ ഇസ്രയേലി മാധ്യമങ്ങൾ യാത്രക്കാരെ ഉദ്ധരിച്ചു ഒട്ടേറെ വിവരങ്ങൾ നൽകുന്നുണ്ട്. കോ-പൈലറ്റിനു ഭീകര ബന്ധം ആരോപിക്കുന്ന ഇസ്രയേലിന്റെ ഗതാഗത മന്ത്രി യു എ ഇയുമായുള്ള ഗതാഗത കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇസ്രയേലും യു എ ഇയും ഏബ്രഹാം കരാർ ഒപ്പുവച്ചു നല്ല ബന്ധങ്ങൾ സ്ഥാപിച്ച ശേഷം ഇസ്രയേലികൾ പതിവായി കൂട്ടത്തോടെ ദുബൈയിലേക്ക് യാത്ര ചെയ്യാറുണ്ട്.
യാത്രക്കാർ കോ-പൈലറ്റിനെ കീഴടക്കി. അദ്ദേഹത്തെയും ക്യാപ്റ്റനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബോയിങ് മാക്സ് 737 പറന്നു കൊണ്ടിരിക്കെ 34,000 അടിയിൽ നിന്നു പെട്ടെന്നു 17,000 അടിയിലേക്കു താഴ്ന്നത് യാത്രക്കാരിൽ വലിയ ഭീതിയുണർത്തി. വിമാനത്തിൽ ആദ്യത്തെ എമർജൻസി സിഗ്നൽ വന്നു രണ്ടു മിനിട്ടിനകമാണ് പെട്ടെന്നുള്ള വീഴ്ചയുണ്ടായത്.
കോ-പൈലറ്റ് ക്യാപ്റ്റനെ ആവർത്തിച്ചു കുത്തിയെന്നു ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്നു ഇസ്രയേലികളാണ് അക്രമിയെ കീഴ്പെടുത്തിയത്.
ഒക്ടോബർ 27നു തിരഞ്ഞെടുപ്പ് നടക്കുന്ന ഇസ്രയേലിൽ ഇതൊരു രാഷ്‌ടീയ ആയുധമായിക്കഴിഞ്ഞു.
Indian Captain prevented Flydubai hijack bid