
പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ സഹോദരങ്ങളായ രണ്ട് കുട്ടികളെ വീട്ടിലെ ടാങ്കിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. അഞ്ച് വയസ്സുകാരി ജനിഫര്‍ ജൂലിയറ്റും മൂന്ന് വയസ്സുകാരന്‍ റോബിന്‍ ക്രിസ്റ്റഫറും കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെള്ളം നിറച്ച ടാങ്കില്‍ വീണ് മരിച്ചതാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കുട്ടികളുടെ മരണം കൊലപാതകം ആണെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
മേനോന്‍പാറയിലെ ജോണ്‍ കുമാറിന്റെയും നിവേദ്യയുടേയും മക്കളാണ് മരണപ്പെട്ട ജെനിഫറും റോബിനും. അമ്മ നിവേദ്യയാണ് രണ്ട് മക്കളേയും കൊലപ്പെടുത്തിയത് എന്നും നിവേദ്യ ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയെന്നും പോലീസ് പറയുന്നു.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. വീട്ടില്‍ ആ സമയത്ത് നിവേദ്യയും കുട്ടികളുടെ മുത്തശ്ശിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവരുടെ ശ്രദ്ധ മാറിയപ്പോള്‍ കുട്ടികള്‍ വെള്ളത്തില്‍ വീണ് മുങ്ങി മരിച്ചു എന്നായിരുന്നു ആദ്യത്തെ വിവരങ്ങള്‍. കുട്ടികളെ കാണാതെ കുളിമുറിയില്‍ പോയി നോക്കിയപ്പോള്‍ വെള്ളത്തില്‍ വീണ് കിടക്കുന്നതായി കണ്ടുവെന്നും തുടര്‍ന്ന് ആശുപത്രിയിലേക്ക് അയല്‍വാസികളെത്തി കൊണ്ട് പോയി എന്നുമായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന വാര്‍ത്തകള്‍.
എന്നാല്‍ സംഭവം നടക്കുമ്പോള്‍ നിവേദ്യയും കുഞ്ഞുങ്ങളും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. വിറകുവെട്ട് തൊഴിലാളിയായ ജോണ്‍ കുമാര്‍ പുറത്ത് ജോലിക്ക് പോയിരിക്കുകയായിരുന്നു. നിവേദ്യ എന്തിനാണ് കുട്ടികളെ കൊലപ്പെടുത്തിയത് എന്ന കാര്യം വ്യക്തമായിട്ടില്ല. എങ്ങനെയാണ് കൊലപ്പെടുത്തിയത് എന്നുളള കാര്യവും പോലീസ് അന്വേഷിച്ച് വരികയാണ്