
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ചാങ്‌ലാങ് ജില്ലയിൽ ഇന്ത്യ-മ്യാൻമർ അതിർത്തിക്ക് സമീപം പട്രോളിംഗ് നടത്തുകയായിരുന്ന അസം റൈഫിൾസ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം. സംഭവത്തിൽ ഒരു ജവാൻ വീരമൃത്യു വരിക്കുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് ആക്രമണം നടന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു.
അതിർത്തി വേലി നിർമ്മാണം പുരോഗമിക്കുന്ന നമ്പോങ് നല്ലയ്ക്ക് സമീപം 21-ാം അസം റൈഫിൾസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടെ രാവിലെ 6.30 ഓടെയാണ് സംഭവം. പതിയിരുന്ന സായുധസംഘം ജവാന്മാർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ജൻഖോഖായ് കുക്കി (42) എന്ന ഹവിൽദാർ കൊല്ലപ്പെടുകയും മറ്റു നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
പരിക്കേറ്റ സൈനികരെ ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തെത്തുടർന്ന് പ്രദേശത്ത് സുരക്ഷാ സേന വിപുലമായ തിരച്ചിൽ ആരംഭിച്ചു. ആക്രമണത്തിന് പിന്നിൽ നിരോധിത സംഘടനയായ എൻ.എസ്.സി.എൻ (കെ-വൈ.എ) ആണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ആക്രമികളെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഇന്ത്യ-മ്യാൻമർ അതിർത്തി മേഖലയിൽ ആക്രമണം നടന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് വിശദമായ വിവരങ്ങൾ ശേഖരിക്കാൻ ചാങ്‌ലാങ് പൊലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും ചാങ്‌ലാങ് ജില്ലാ പൊലീസ് മേധാവി കിർലി പദു വ്യക്തമാക്കി