
ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മ മരിച്ചു. എറണാകുളം മണീട് ഏഴക്കരനാട് കുഴിക്കാട്ടിൽ ശാന്ത കുമാരൻ (60) ആണ് മരിച്ചത്. രാമമംഗലം കിഴുമുറി ഉള്ളലിക്കുന്ന് ഭാഗത്തുവച്ചാണ് ശാന്തയ്ക്ക് കടന്നൽക്കുത്തേറ്റത്. ശനിയാഴ്ച ഉച്ചയോടെ ഉള്ളേലിക്കുന്നിൽ വീട്ടുപണി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കൂട്ടത്തോടെയെത്തിയ കടന്നലുകൾ ശാന്തയെ ആക്രമിക്കുകയായിരുന്നു.
കടന്നൽക്കുത്തേറ്റ് ഗുരുതരാവസ്ഥയിലായ ശാന്തയെ ഉടൻ തന്നെ ആദ്യം രാമമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. തുടർന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്കും, അവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. എന്നാൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
ഭർത്താവ്: കുമാരൻകുട്ടി. മക്കൾ: ശ്യാം (ഡ്രൈവർ, മണീട് ഗ്രാമപഞ്ചായത്ത്), ശ്യാമ. മരുമക്കൾ: നീതു, അരുൺ.