
കൊച്ചി: ഫോർട്ട് കൊച്ചിയുടെ ജൂത പൈതൃകത്തിന്‍റെ ഭാഗമായി, കൊച്ചി ടവർ റോഡിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ കോഡർ ഹൗസ് ഹോട്ടലിൽ വൻ തീപിടിത്തം. കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് നിന്നാണ് ആദ്യം പുക ഉയർന്നത്. നിമിഷങ്ങൾക്കകം തീ മറ്റ് ഭാഗങ്ങളിലേക്ക് ആളിപ്പടരുകയായിരുന്നു എന്നാണ് വിവരം. സംഭവത്തിൽ ആളപായം ഇല്ലെന്നാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞ ഉടൻ തന്നെ അഗ്നിരക്ഷാ സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് തീയണയ്ക്കാനുള്ള ശ്രമം തുടരുന്നത്. കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന് തീ ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃക മന്ദിരമായതിനാൽ തടികൊണ്ടുള്ള മേൽക്കൂരയും തറയുമാണ് നിർമ്മാണത്തിന് വ്യാപകമായി ഉപയോഗിച്ചിരുന്നതെന്നാണ് സൂചന. ഇത് തീ അതിവേഗം പടരാൻ കാരണമായെന്നാണ് നിഗമനം.
1808 നിർമിച്ച ഈ പൈതൃക കെട്ടിടം കൊച്ചിയിലെ ജൂതപാരമ്പര്യത്തിന്‍റെ ശേഷിപ്പ് കൂടിയാണ്. കൊച്ചിയിലെ പ്രമുഖ ജൂത കുടുംബമായിരുന്ന കോഡർ കുടുംബത്തിന്‍റെ വസതിയായിരുന്നു ഇവിടം. നിലവിൽ പൈതൃക ഹോട്ടലായി പ്രവർത്തിക്കുകയാണ് കോഡർ ഹൗസ്. കെട്ടിടത്തിന്‍റെ ചരിത്രപ്രാധാന്യം കണക്കിലെടുക്കുമ്പോൾ നഷ്ടം പണത്തിന്‍റെ മൂല്യത്തിൽ മാത്രം കണക്കാക്കാനാകില്ലെന്ന് മുൻ കൊച്ചി മേയർ കെ. ജെ. സോഹൻ പറഞ്ഞു.
19-ാം നൂറ്റാണ്ടിലാണ് കോഡർ ഹൗസിന്‍റെ ചരിത്രം ആരംഭിക്കുന്നത്. പോർച്ചുഗീസ് മാൻഷനായാണ് കെട്ടിടം ആദ്യം നിർമിച്ചത്. പ്രമുഖ കൊച്ചി യഹൂദ കുടുംബാംഗമായ സാമുവൽ എസ്. കോഡർ 1905ൽ കെട്ടിടം വാങ്ങി നവീകരിച്ചു. ഇതോടെയാണ് കെട്ടിടത്തിന് വ്യത്യസ്തമായ ഇൻഡോ-യൂറോപ്യൻ വാസ്തുശൈലി ലഭിച്ചത്.
കൊച്ചിൻ ഇലക്ട്രിക് കമ്പനിയുടെ നടത്തിപ്പുകാരനായിരുന്ന സാമുവൽ കോഡർ നെതർലൻഡ്സിന്‍റെ ഓണററി കോൺസലായും പ്രവർത്തിച്ചിരുന്നു. കൊച്ചിയിലെ ഫ്രീമേസൺസ് സംഘടനയുടെ ശാഖ സ്ഥാപിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. സാമുവൽ കോഡറിന്‍റെ പേരക്കുട്ടികളിലൊരാൾ വിൽക്കുന്നതുവരെ കെട്ടിടം കോഡർ കുടുംബത്തിന്‍റെ ഉടമസ്ഥതയിലായിരുന്നു.