
ഭക്ഷണവും വെള്ളവുമില്ലാതെ കുഞ്ഞിനൊപ്പം 10 മണിക്കൂർ വിമാനത്തിൽ കുടുങ്ങിയ യുവതിയ്ക്ക് നഷ്ടപരിഹാരം നൽകാൻ നിർദേശം. ലോസ് ഏയ്ഞ്ചലസിൽ നിന്ന് പുറപ്പെടേണ്ട വിമാനം വൈകുകയും പിന്നീട് റദ്ദാക്കുകയും ചെയ്തതിനെ തുടർന്നാണ് യുവതി വിമാനത്തിൽ അകപ്പെട്ടത്. സംഭവത്തിൽ എയർലൈനിന് വീഴ്ചയുണ്ടായതായും ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഡൽഹി ഉപഭോക്തൃ കമ്മീഷൻ അറിയിച്ചു. ഉത്തരവ് ലഭിച്ച് നാല് ആഴ്ചയ്ക്കുള്ളിൽ തുക നൽകണമെന്നും നിർദേശിച്ചു.
യാത്രക്കാരിക്ക് 1 ലക്ഷം രൂപ നഷ്ടപരിഹാരവും നിയമനടപടിക്കുള്ള ചെലവിനായി 50,000 രൂപയും ഉൾപ്പെടെ ആകെ ഒന്നര ലക്ഷം രൂപ നൽകാൻ എയർലൈനിനോട് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. യാത്രക്കാരിയും കുഞ്ഞും വിമാനത്തിനുള്ളിൽ 10 മണിക്കൂറോളം കുടുങ്ങിയിരുന്നു. ആവശ്യമായ ഭക്ഷണം, കുടിവെള്ളം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലഭിച്ചില്ലെന്നാണ് പരാതി. കുഞ്ഞിന് പാൽ തയ്യാറാക്കാൻ ആവശ്യമായ ചൂടുവെള്ളം പോലും ജീവനക്കാർ നൽകിയില്ലെന്നും യുവതി ആരോപിച്ചു.
2017-ലായിരുന്നു സംഭവം. ട്രാവൽ ഏജൻസി മുഖേന ലോസ് ഏയ്ഞ്ചലസിൽ നിന്ന് ബീജിംഗ് വഴി മുംബൈയിലേക്കുള്ള ബിസിനസ് ക്ലാസ് ടിക്കറ്റ് യുവതി ബുക്ക് ചെയ്തിരുന്നു. ജൂലൈ 19-ന് ലോസ് ഏയ്ഞ്ചലസിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം മുംബൈയിലെത്തേണ്ടതായിരുന്നു വിമാനം.