
പത്തനംതിട്ട : കോഴഞ്ചേരിയിലുള്ള റിസോർട്ടില്‍ 20 കാരിയെ സുഹൃത്ത് കുത്തിക്കൊന്നു.കോഴഞ്ചേരി മരാമണില്‍ പ്രവർത്തിക്കുന്ന റിസോർട്ടിലെ റിസപ്‌ഷനിസ്റ്റ് കുളത്തൂപ്പുഴ സ്വദേശി ദിൻഷ (20) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ദിൻഷയുടെ സുഹൃത്തായ കീഴൂകര സ്വദേശി ജിത്തു പൊലീസ് പിടിയിലായി. മാരാമണ്‍ റിസോർട്ടില്‍ ഇന്ന് ഉച്ചയ്ക്കാണ് കൊലപാതകം നടന്നത്. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ദിൻഷ പ്രണയത്തില്‍ നിന്ന് പിന്മാറിയത് പകയ്ക്ക് കാരണമായെന്ന് പൊലീസ് പറയുന്നു. ദിഷയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കത്തിയുമായാണ് പ്രതി റിസോർട്ടിൽ എത്തിയത്. റിസോർട്ടിൽ എത്തിയ പ്രതി റിസപ്ഷനിൽ എത്തി ദിൻഷയെ വെളിയിലേക്ക് വിളിച്ച് കൊണ്ടു പോയി.തുടർന്ന് കുറച്ചു മിനുട്ടുകൾ പുറത്ത് നിന്ന് സംസാരിച്ചു. ഇതിനു ശേഷം പ്രതി ദിൻഷയുടെ കഴുത്തില്‍ പലതവണ കുത്തി. ആറ് തവണയോളം പ്രതി ദിൻഷയെ കുത്തി. ബഹളം കേട്ട് ഓടിക്കൂടിയവർ ദിൻഷയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും ദിൻഷക്ക് ജീവൻ ഉണ്ടായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.