
ഒഹായോ ഗവർണർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഇന്ത്യൻ അമേരിക്കൻ വിവേക് രാമസ്വാമിക്കെതിരെ ഡെമോക്രാറ്റ് ഡോക്ടർ ആമി ആക്ടൻ നിർണായക ലീഡ് നേടിയെന്നു സഫോക് യൂണിവേഴ്സിറ്റി/ യുഎസ്എ ടുഡേ പോളിംഗ്. ആക്ടൻ 41.4നെതിരെ 50.4% ലീഡ് നേടിയെന്നാണ് സർവേ ഫലം.
ഇതാദ്യമായി അവർ 9% ലീഡിൽ പിഴവ് മാർജിൻ മറികടന്നിട്ടുണ്ട്. പ്ലസ് ഓർ മൈനസ് 4.4 ആണ് പിഴവ് സാധ്യത.
ഡെമോക്രാറ്റുകളിൽ 96% ആക്ടനു പിൻതുണ നൽകുന്നു. 64% സ്വതന്ത്ര വോട്ടർമാരും. രാമസ്വാമിക്ക് റിപ്പബ്ലിക്കൻ പിന്തുണ 85% ആണെങ്കിൽ സ്വതന്ത്രരിൽ 27% മാത്രമേ കൂടെയുള്ളൂ.
രാമസ്വാമി പണം വാരിക്കോരി എറിഞ്ഞ മത്സരത്തിൽ 500 വോട്ടർമാരോട് സംസാരിച്ചാണ് ഏറ്റവും പുതിയ സർവേ സെപ്റ്റംബർ 23-27നു നടത്തിയത്.
പ്രസിഡന്റ് ട്രംപ് 2024ൽ 11% ലീഡിൽ ജയിച്ച സ്റ്റേറ്റിൽ രാമസ്വാമി കനത്ത വെല്ലുവിളി നേരിടുന്നത് ട്രംപിന്റെ നയങ്ങളോടു ജനങ്ങൾക്കു എതിർപ്പു കൂടി വരുന്നതു കൊണ്ടാണെന്നാണ് നിഗമനം. പതിറ്റാണ്ടുകളായി റിപ്പബ്ലിക്കൻ പാർട്ടി കൈയ്യടക്കി വച്ച സംസ്‌ഥാനമാണിത്.
രാമസ്വാമി ആക്ടനു നേരെ വ്യക്തിപരമായ ആക്രമണം നടത്തിയതും വിനയായെന്നാണ് കാണുന്നത്. സ്ത്രീ ആയതു കൊണ്ടുള്ള സംരക്ഷണം അവർക്കുണ്ട്. രാമസ്വാമിയുടെ മതവും വിഷയമാണ്.
അടുത്തിടെ നടന്ന ബൗളിംഗ് ഗ്രീൻ യൂണിവേഴ്സിറ്റി-യുവ്‌ഗോവ് പോളിൽ ആക്ടനു 48-45% ആയിരുന്നു ലീഡ്.
ജീവിതചെലവ് കുറയ്ക്കും എന്ന വാഗ്‌ദാനം ആക്ടനു ഗുണം ചെയുന്നുണ്ട്. ഡെമോക്രാറ്റുകൾക്കു കാലാവസ്ഥ അനുകൂലമാണു താനും. ട്രംപിന്റെ പ്രവർത്തനത്തെ 60% പേരാണ് സർവേയിൽ എതിർത്തത്.
Acton takes impressive lead Vs Ramaswamy