
തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം. 38 വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 18 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചപ്പോൾ സ്വതന്ത്രർ ഉൾപ്പെടെ 19 സീറ്റുകളിൽ യുഡിഎഫും വിജയിച്ചു. ഒരിടത്ത് എൻഡിഎ മുന്നണിയിലെ ട്വന്റി 20 വിജയം നേടി.
നിലവിലെ സിറ്റിങ് സീറ്റുകളുടെ കണക്കെടുക്കുമ്പോഴാണ് എൽഡിഎഫ് നേട്ടമുണ്ടാക്കിയിരിക്കുന്നത്. വോട്ടെടുപ്പിന് മുമ്പ് യുഡിഎഫിന്റെ കൈവശം 22 സീറ്റുകളും എൽഡിഎഫിന് 15 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. എറണാകുളം ജില്ലയിലെ പൂതൃക്ക ഗ്രാമപഞ്ചായത്ത് കോലഞ്ചേരി ഈസ്റ്റ് വാർഡ് ട്വന്റി 20 നിലനിർത്തുകയായിരുന്നു. എൽഡിഎഫ് യുഡിഎഫിന്റെ 7 സീറ്റുകൾ പിടിച്ചെടുത്തപ്പോൾ യുഡിഎഫ് എൽഡിഎഫിന്റെ നാലു സീറ്റുകളാണ് പിടിച്ചെടുത്തത്.
ആലപ്പുഴയും കൊല്ലവും ഒഴികെ 12 ജില്ലകളിലും ഉപതിരഞ്ഞെടുപ്പ് നടന്നു. വി ഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പാണിത്. കണ്ണൂർ, കോട്ടയം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ എൽഡിഎഫും ഇടുക്കി, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ യുഡിഎഫും നേട്ടമുണ്ടാക്കി. രമ്യ ഹരിദാസ് എംഎല്‍എ ഉള്‍പ്പെട്ട കയ്യാങ്കളി വിവാദമുണ്ടായ ചിറയിന്‍കീഴില്‍ യുഡിഎഫിനു കനത്ത തിരിച്ചടിയുണ്ടായി. ചിറയിന്‍കീഴ് നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചുതെങ്ങ്, മംഗലപുരം വാർഡുകളിൽ എല്‍ഡിഎഫ് അട്ടിമറി വിജയം നേടി.