
ബ്രിട്ടനിലെ ഫെയർഫോർഡിൽ യുഎസ് സേന ഉപയോഗിക്കുന്ന റോയൽ എയർ ഫോഴ്സ് വ്യോമ താവളത്തിനടുത്തു സംശയകരമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് അറസ്റ്റ് ചെയ്ത അഞ്ചു യുവാക്കളെ ജാമ്യത്തിൽ വിട്ടു. അവർ ലണ്ടനിൽ താമസിക്കുന്ന ബ്രിട്ടീഷ് പൗരന്മാരാണെന്നു പോലീസ് സ്ഥിരീകരിക്കയും ചെയ്തു.
എന്നാൽ ജാമ്യം നൽകിയതിനെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിമർശിച്ചു. അവർക്കു വിദേശബന്ധമുണ്ടെന്നു സെക്രട്ടറി ഓഫ് സ്റേറ് മാർക്കോ റുബിയോ ആരോപിക്കയും ചെയ്തു.
വിദേശബന്ധമെന്ന ആരോപണം ബ്രിട്ടീഷ് പോലീസ് സ്ഥിരീകരിക്കയോ തള്ളുകയോ ചെയ്തിട്ടില്ല. ഫെയർഫോർഡിൽ കനത്ത പോലീസ് കാവൽ തുടരുന്നു. വാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധിക്കുന്നുമുണ്ട്.
ട്രംപിന്റെ പ്രസ്താവനയിൽ ശ്രദ്ധേയമായ ഭാഗം അറസ്റ്റ് ചെയ്യപ്പെട്ടവരെ ദീർഘകാലമായി നിരീക്ഷിച്ചു വരികയായിരുന്നു എന്നതാണ്. ബ്രിട്ടൻ അതിൽ സഹകരിച്ചെന്നും അദ്ദേഹം പറയുമ്പോൾ അങ്ങിനെയെങ്കിൽ എന്തിനു ജാമ്യം നൽകിയെന്ന ചോദ്യം ഉയരുന്നു.
യുവാക്കൾ ഫെയർഫോർഡിൽ വമ്പിച്ച ആക്രമണത്തിനാണ് എത്തിയതെന്നും ട്രംപ് ആരോപിക്കുന്നു. "അവരെപ്പറ്റി നമുക്ക് എല്ലാം അറിയാം."
എന്നിട്ടും അവരെ എന്തേ ജാമ്യത്തിൽ വിട്ടു? "അതെന്നെ അത്ഭുതപ്പെടുത്തി," ട്രംപ് പറഞ്ഞു. "ഞാൻ ആയിരുന്നെങ്കിൽ അവരെ വിട്ടയക്കുമായിരുന്നില്ല."
അവർക്കു പിന്നിൽ വിദേശ കൈ ഉണ്ടെന്നു ആരോപിച്ച റുബിയോ കൂടുതൽ വിവരങ്ങൾ വരാനുണ്ടെന്നു അവകാശപ്പെട്ടു. "അവർക്കു ജാമ്യം നൽകിയതിൽ ഒട്ടേറെപ്പേർക്കു വലിയ അസ്വസ്ഥതയുണ്ട്."
ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി വെസ് സ്ട്രീറ്റിങ് പറയുന്നത് കർശനമായ വ്യവസ്ഥകളിലാണ് ജാമ്യം നൽകിയതെന്നാണ്. കസ്റ്റഡി ഓഫിസർക്ക് ജാമ്യം നൽകാൻ അധികാരമുണ്ട്.
ഇറാനെ ഈ സംഭവവുമായി ബന്ധപ്പെടുത്താനുള്ള ശ്രമങ്ങളെ ലണ്ടനിലെ ഇറാൻ എംബസി അപലപിച്ചു.
Trump slams release of Fairford Five