
എറണാകുളം: രണ്ട് പതിറ്റാണ്ടിൻ്റെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കേരളത്തിൻ്റെ മെട്രോ നഗരമായ കൊച്ചി വേദിയാകുന്നു. ജനുവരി നാല് മുതൽ എട്ട് വരെ നടക്കുന്ന അറുപത്തി അഞ്ചാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ മുഖ്യവേദി മറൈൻ ഡ്രൈവാണ്. കലോത്സവത്തിൻ്റെ ആഗമനം വിളിച്ചോതിക്കൊണ്ട് കൊച്ചി നഗരത്തിൽ വിദ്യാർഥികൾ അണിനിരന്ന വർണാഭമായ വിളംബര ജാഥയും സംഘാടക സമിതി രൂപീകരണവും നടന്നു.
മുന്‍പ് മെട്രോ നിർമാണ പ്രവർത്തനങ്ങളും നഗരത്തിലെ ഗതാഗതക്കുരുക്കും കാരണം കൊച്ചിയിൽ നിശ്ചയിച്ചിരുന്ന കലോത്സവം മാറ്റിവെയ്ക്കേണ്ടി വന്നിരുന്നു. എന്നാൽ ഇരുപത് വർഷത്തിന് ശേഷം വീണ്ടുമെത്തുന്ന ഈ കലോത്സവത്തെ ചരിത്രസംഭവമാക്കി മാറ്റാനുള്ള ഊർജ്ജസ്വലമായ തയ്യാറെടുപ്പുകളിലേക്ക് കടക്കുയാണ് പൊതുവിദ്യാഭ്യാസ വകുപ്പും ജനപ്രതിനിധികളും അധ്യാപകരും.
നഗരത്തിലെ ടൗൺഹാളിൽ നടന്ന വിപുലമായ സംഘാടക സമിതി രൂപീകരണ യോഗം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്‌തു. പുതിയ സർക്കാർ നിലവിൽ വന്ന ശേഷം ആദ്യമായി നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിനാണ് കൊച്ചി സാക്ഷ്യം വഹിക്കുന്നത്. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിൽ നടക്കുന്ന ഈ കലാമാമാങ്കം എക്കാലവും ഓർമിക്കപ്പെടുന്ന രീതിയിൽ അവിസ്‌മരണീയമാക്കണമെന്ന് യോഗത്തിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആറായിരത്തോളം വരുന്ന കുട്ടി കലാപ്രതിഭകളാണ് അഞ്ചു ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്. മറൈൻ ഡ്രൈവിലെ പ്രധാന വേദിക്ക് പുറമെ ചെറുതും വലുതുമായ 27 മറ്റ് വേദികളും മത്സരങ്ങൾക്കായി നഗരത്തിലും പരിസരത്തുമായി ഒരുക്കും.