
വാഷിങ്ടൺ: ബോയിങ്ങിന്റെ ‘സ്റ്റാർലൈനർ’ ബഹിരാകാശ പേടകത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പുതിയ പദ്ധതികൾ നാസയും ബോയിങ്ങും പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള അഞ്ചാമത്തെയും ആറാമത്തെയും സ്റ്റാർലൈനർ ദൗത്യങ്ങൾക്ക് സാധ്യതയൊരുക്കുന്നതിനൊപ്പം, മനുഷ്യരെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് എത്തിക്കുന്നതിനായി പുതിയ റോക്കറ്റ് സർട്ടിഫൈ ചെയ്യാനും നാസ പദ്ധതിയിടുന്നു.
2024ലെ ആദ്യ മനുഷ്യസഹിത സ്റ്റാർലൈനർ ദൗത്യത്തിൽ കണ്ടെത്തിയ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് നാസ അറിയിച്ചു. നിലവിലെ പദ്ധതിപ്രകാരം ആദ്യം ആളില്ലാത്ത ‘സ്റ്റാർലൈനർ-1’ ദൗത്യം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നടത്തും. ഈ ദൗത്യം പേടകത്തിൽ വരുത്തിയ മാറ്റങ്ങൾ പരിശോധിക്കുന്നതിനും ആവശ്യമായ ഫ്ലൈറ്റ് ഡാറ്റ ശേഖരിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. തുടർന്ന് ‘സ്റ്റാർലൈനർ-2’ ദൗത്യത്തിലൂടെ 2028ൽ ബഹിരാകാശയാത്രികരെ വീണ്ടും അയക്കാനാണ് നാസയുടെ പദ്ധതി.
അറ്റ്ലസ് V റോക്കറ്റിന്റെ അവസാന വിക്ഷേപണത്തിന് ശേഷം, സ്റ്റാർലൈനർ ദൗത്യങ്ങൾക്കായി യുണൈറ്റഡ് ലോഞ്ച് അലയൻസിന്റെ ‘വൾക്കൻ’ റോക്കറ്റ് സർട്ടിഫൈ ചെയ്യാനും നാസയും ബോയിങ്ങും ചേർന്ന് പ്രവർത്തിക്കും. യുഎസ് ബഹിരാകാശയാത്രികർക്ക് ബഹിരാകാശത്തേക്കുള്ള സ്ഥിരമായ പ്രവേശനം ഉറപ്പാക്കുന്നതിനും ഭാവിയിൽ വാണിജ്യ ബഹിരാകാശ നിലയങ്ങളിലേക്കുള്ള മനുഷ്യ ദൗത്യങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള നാസയുടെ പദ്ധതിയുടെ ഭാഗമാണിത്.
2024ലെ ആദ്യ മനുഷ്യസഹിത പരീക്ഷണ ദൗത്യത്തിൽ സ്റ്റാർലൈനറിന്റെ സർവീസ് മോഡ്യൂളിലെ റിയാക്ഷൻ കൺട്രോൾ ത്രസ്റ്ററുകൾ സംബന്ധിച്ച് ഗുരുതരമായ സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. നാസയുടെ പ്രോഗ്രാം ഇൻവെസ്റ്റിഗേഷൻ ടീം നടത്തിയ പരിശോധനയിൽ 61 ശുപാർശകളാണ് മുന്നോട്ടുവച്ചത്. താപനിലയുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും പേടകത്തിന്റെ രൂപകൽപ്പനയിലെ ചില ഘടകങ്ങളും ത്രസ്റ്റർ പ്രകടനത്തെ ബാധിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ ബോയിങ് സർവീസ് മോഡ്യൂളിൽ താപനിയന്ത്രണവുമായി ബന്ധപ്പെട്ട മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ത്രസ്റ്റർ വാൽവ് രൂപകൽപ്പനയിലും മാറ്റം വരുത്തും. കൂടാതെ പുതിയ ക്രൂ മോഡ്യൂൾ ത്രസ്റ്ററുകൾ, ബാറ്ററികൾ എന്നിവ സ്ഥാപിക്കുന്നതും പാരച്യൂട്ട് സംവിധാനത്തിൽ ചെറിയ പരിഷ്കാരങ്ങൾ വരുത്തുന്നതും ഉൾപ്പെടെയുള്ള മെച്ചപ്പെടുത്തലുകൾ നടപ്പാക്കും.
ആളില്ലാത്ത സ്റ്റാർലൈനർ-1 ദൗത്യം ഈ വർഷം ഡിസംബറിലോ 2027 ജനുവരിയിലോ നടത്താൻ സാധ്യതയുണ്ടെന്ന് നാസ അറിയിച്ചു. പേടകത്തിന്റെ മെച്ചപ്പെടുത്തിയ താപനിയന്ത്രണ സംവിധാനം, പ്രൊപ്പൽഷൻ സംവിധാനത്തിന്റെ പ്രകടനം എന്നിവ പരിശോധിക്കുകയും മനുഷ്യസഹിത ദൗത്യത്തിന് മുമ്പുള്ള അവശേഷിക്കുന്ന അപകടസാധ്യതകൾ വിലയിരുത്തുകയുമാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
‘അപ്പോളോ’ കാലഘട്ടത്തിനുശേഷമുള്ള ഏറ്റവും ആവേശകരമായ ബഹിരാകാശ പര്യവേക്ഷണ കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ജാരഡ് ഐസക്മാൻ പറഞ്ഞു. മുൻ സ്റ്റാർലൈനർ ദൗത്യങ്ങളിൽ കണ്ടെത്തിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ബോയിങ്ങുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണെന്നും, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കും ഭാവിയിലെ വാണിജ്യ ബഹിരാകാശ കേന്ദ്രങ്ങളിലേക്കുമുള്ള ദൗത്യങ്ങൾക്കായി സ്റ്റാർലൈനറിനെ വീണ്ടും സജ്ജമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.