
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് അഞ്ചാം സ്വർണം. വനിതകളുടെ വ്യക്തിഗത ട്രാപ്പ് ഇനത്തിൽ ഹരിയാന സ്വദേശിനി നീരു ധണ്ട ഒന്നാം സ്ഥാനത്തെത്തി ചരിത്രം കുറിച്ചു. എട്ട് താരങ്ങൾ മാറ്റുരച്ച ഫൈനലിൽ 28 പോയിന്റ് നേടിയാണ് നീരു ധണ്ട സ്വർണം സ്വന്തമാക്കിയത്. 24 പോയിന്റെന്ന മുൻ ഏഷ്യൻ റെക്കോർഡും നീരു മറികടന്നു
വനിതകളുടെ വ്യക്തിഗത ട്രാപ്പ് ഇനത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് നീരു ധണ്ട. ഇതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് മനീഷ കീർ, ആശിമ അഹ്‌ലാവത് എന്നിവർക്കൊപ്പം ടീം ഇനത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ സംഘത്തിലും 26കാരിയായ നീരു അംഗമായിരുന്നു.
1978-ലായിരുന്നു ട്രാപ്പ് ഇനത്തിൽ ഇന്ത്യയ്ക്ക് അവസാന വ്യക്തിഗത സ്വർണം ലഭിച്ചത്. ഈ വർഷം അന്തരിച്ച മുൻ ഏഷ്യൻ ഒളിമ്പിക് കൗൺസിൽ പ്രസിഡന്റ് രൺധീർ സിംഗ് ബാങ്കോക്കിൽ നടന്ന മത്സരത്തിൽ പുരുഷന്മാരുടെ ട്രാപ്പിൽ സ്വർണം നേടിയിരുന്നു.
ഹരിയാനയിലെ ജിന്ദ് ജില്ലയിൽ നിന്നുള്ള നീരു നിലവിലെ ദേശീയ ചാമ്പ്യനാണ്.