Image

മദ്യപിച്ച് വാഹനമോടിച്ച് അപകടം; യൂട്യൂബർ അശ്വന്ത് കോക്കിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

Published on 29 September, 2026
മദ്യപിച്ച് വാഹനമോടിച്ച് അപകടം; യൂട്യൂബർ അശ്വന്ത് കോക്കിനെ  അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

മദ്യപിച്ച് അപകടകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന കേസിൽ യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ കേസെടുത്ത് നടക്കാവ് പൊലീസ്. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതിനുമാണ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം അരയടത്തുപാലത്തുനിന്ന് എരഞ്ഞിപ്പാലം ഭാഗത്തേക്ക് അശ്വന്ത് ഓടിച്ചുവന്ന ഥാർ ജീപ്പ് റോഡിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു.

അപകടമുണ്ടാക്കിയ ശേഷം വാഹനം നിർത്താതെ പോകാൻ ശ്രമിച്ച അശ്വന്തിനെ നാട്ടുകാർ തടഞ്ഞുനിർത്തുകയായിരുന്നു. ആദ്യം വാഹനത്തിൽനിന്ന് പുറത്തിറങ്ങാൻ ഇയാൾ തയ്യാറായില്ല. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് അശ്വന്തിനെ കസ്റ്റഡിയിലെടുത്ത് നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് ബീച്ച് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

അപകടത്തെക്കുറിച്ചും മദ്യപിച്ചിരുന്നോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും വ്യക്തമായ മറുപടി നൽകാൻ അശ്വന്ത് തയ്യാറായില്ല. മദ്യപിച്ചിരുന്നോ എന്ന ചോദ്യത്തിന് ‘അതിപ്പോൾ പറയാൻ ആകില്ല’ എന്നായിരുന്നു പ്രതികരണം. മാധ്യമങ്ങളുടെ മറ്റ് ചോദ്യങ്ങൾക്ക് ‘ദാറ്റ്സ് കേരള പൊലീസ്’ എന്നും മറുപടി നൽകി. ഇതിനിടെ അശ്വന്തിന്റെ വാഹനത്തിൽനിന്ന് മദ്യക്കുപ്പി കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. പൊലീസ് ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ‘എന്റെ വീഡിയോ എടുക്കുവാണോ സാറേ’ എന്നും അശ്വന്ത് ചോദിച്ചു. നാട്ടുകാരാണ് ഇയാൾ യൂട്യൂബറാണെന്ന് പൊലീസിനെ പരിചയപ്പെടുത്തിയത്.

കോഴിക്കോട് ഉള്ളിയേരി സ്വദേശിയായ അശ്വന്ത് കോക്ക് മലയാളത്തിലെ അറിയപ്പെടുന്ന ഓൺലൈൻ സിനിമാ നിരൂപകരിൽ ഒരാളാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക