
കൊച്ചി; കാന്‍സര്‍ മരുന്നുകള്‍ ഉള്‍പ്പെടെ ജീവന്‍രക്ഷാ പേറ്റന്റ് മരുന്നുകള്‍ക്ക് അമിതവില ഈടാക്കുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രധാന നിര്‍ദേശങ്ങള്‍ നല്‍കി ഹൈക്കോടതി. പേറ്റന്റുള്ള ക്യാന്‍സര്‍ പ്രതിരോധ മരുന്നുകള്‍ ഉള്‍പ്പെടെ കുറഞ്ഞ ചെലവിലോ വാണിജ്യേതര അടിസ്ഥാനത്തിലോ ഉത്പാദിപ്പിച്ച് രോഗികള്‍ക്ക് ലഭ്യമാക്കാന്‍ പേറ്റന്റ് നിയമത്തിലെ 100-ാം വകുപ്പ് പ്രകാരം കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.
പേറ്റന്റ് ഉള്ള മരുന്നുകള്‍ അമിതവില കാരണം സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുന്ന സാഹചര്യങ്ങളില്‍, പേറ്റന്റ് നിയമം 100-ാം വകുപ്പ് പ്രകാരം മരുന്ന് ഉത്പാദിപ്പിക്കാനും അര്‍ഹരായ രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ വില്‍ക്കാനും കേന്ദ്ര സര്‍ക്കാരിന് അര്‍ഹതയുണ്ട്. ഭരണഘടനയുടെ 21, 47 വകുപ്പുകള്‍ പ്രകാരം പൗരന്മാരുടെ ജീവന്‍ സംരക്ഷിക്കാനും പൊതുജനാരോഗ്യം മെച്ചപ്പെടുത്താനുമുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.
ജീവന്‍രക്ഷാ മരുന്നുകളുടെ അമിതവില ഈ അവകാശങ്ങളുടെ ലംഘനത്തിന് കാരണമാകുന്നു. ഏതൊക്കെ മരുന്നുകളാണ് അമിതവില കാരണം രോഗികള്‍ക്ക് വാങ്ങാന്‍ കഴിയാത്തതെന്ന് സംബന്ധിച്ച് രാജ്യവ്യാപകമായികൃത്യമായ കണക്കുകളും വിവരങ്ങളും കേന്ദ്ര സര്‍ക്കാര്‍ ശേഖരിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ പേറ്റന്റ് നിയമത്തിലെ 100-ാം വകുപ്പ് ഉപയോഗിക്കണമോ എന്നതില്‍ ഉചിതവും നയപരവുമായ തീരുമാനമെടുക്കാം.
റൈബോസിക്ലിബ് പോലെയുള്ള മരുന്നുകള്‍ക്ക് പകരം വില കുറഞ്ഞ മറ്റ് മരുന്നുകള്‍ ഉപയാഗിക്കാമെന്ന വാദം കേസ് പഠിച്ച വിദഗ്ധ സമിതികളുടെയും ക്യാന്‍സര്‍ സെന്ററുകളുടെയും റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി തള്ളി. ഹരജിയിലെ എതിര്‍കക്ഷികളായ എലി ലില്ലി, ഒമ്പതാം എതിര്‍കക്ഷിയായ നോവാര്‍ട്ടിസ് എന്നീ മരുന്ന് കമ്പനികള്‍ പേറ്റന്റ് നിയമപ്രകാരം തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാണ് ഹൈക്കോടതിയില്‍ ഉയര്‍ത്തിയ വാദം.