
2005-ലെ സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിലെ 22 പ്രതികളെയും കുറ്റവിമുക്തരാക്കിയ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജി പരിശോധിക്കാൻ സുപ്രീം കോടതി. എന്നാൽ, കേസിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിട്ടയച്ച നടപടി വീണ്ടും പരിശോധിക്കാൻ കോടതി വിസമ്മതിച്ചു.
21 പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 22 പേരെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതിയുടെ 2026 മേയ് 7-ലെ വിധി ചോദ്യം ചെയ്ത് സൊഹ്റാബുദ്ദീൻ ഷെയ്ഖിന്റെ സഹോദരൻ റുബാബുദ്ദീൻ ഷെയ്ഖ് സമർപ്പിച്ച അപ്പീലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിച്ചത്.
2010 മുതൽ താൻ ഈ കേസിനു പിന്നാലെയുണ്ടെന്നും തന്റെ ആവശ്യപ്രകാരമാണ് അന്വേഷണം കൈമാറിയതെന്നും അപ്പീൽ നൽകിയ ആൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡി.എസ്. നായിഡു വ്യക്തമാക്കി. കേസിലെ സാക്ഷികൾ വൻതോതിൽ മൊഴിമാറ്റിയ സംഭവം കോടതി മനസ്സിലാക്കുന്നുവെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി നിരീക്ഷിച്ചു.
"സത്യം വെളിപ്പെടുത്താൻ തക്ക ഫോറൻസിക് തെളിവുകളുണ്ട്. വെടിയുണ്ടകളും കാട്രിഡ്ജുകളും കണ്ടെത്തിയിരുന്നു. എന്റെ സഹോദരീഭർത്താവിന്റെ ഭാര്യയെ കണ്ടെത്തുവാൻ പോലും കഴിഞ്ഞില്ല. ചില സാക്ഷികൾ മൊഴി മാറ്റിയിട്ടുണ്ടാകാം, എന്നാൽ അവ മൂടിവെക്കാൻ കഴിയില്ല," ഡി.എസ്. നായിഡു ചൂണ്ടിക്കാട്ടി.
ഒരു വിചാരണയിൽ 92 സാക്ഷികൾ മൊഴി മാറ്റുക എന്നത് ഗൗരവമുള്ള കാര്യമാണെന്നും കോടതിയ്ക്കും ഇതിൽ ആശങ്കയുണ്ടെന്നും മറുപടിയായി ജസ്റ്റിസ് ബാഗ്ചി പറഞ്ഞു. എന്നാൽ വിധിയിലെ 43-ാം ഖണ്ഡികയിൽ കോടതി നോട്ടീസ് അയക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമിത് ഷായെ വിട്ടയച്ച 2014 ഡിസംബറിലെ വിചാരണക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് മണിയാർ കൽപേഷ് കുമാർ എന്ന ഇടക്കാല ഹർജിക്കാരൻ നൽകിയ അപേക്ഷയെക്കുറിച്ചാണ് വിധിയിലെ 43-ാം ഖണ്ഡിക പരാമർശിക്കുന്നത്.
മന്ത്രിയുടെ രാഷ്ട്രീയ എതിരാളികളുടെ പ്രേരണയാൽ ദുരുദ്ദേശ്യത്തോടെ സമർപ്പിച്ചതാണെന്നും, അമിത് ഷായെ ഒഴിവാക്കിയതിനെതിരെയുള്ള ഹർജികൾ ഹൈക്കോടതിയും സുപ്രീം കോടതിയും മുമ്പ് തള്ളിയിരുന്നു എന്ന കാര്യം മറച്ചുവെച്ചാണ് ഇത് സമർപ്പിച്ചതെന്നും നിരീക്ഷിച്ച് ഹൈക്കോടതി ഈ അപേക്ഷ തള്ളിയിരുന്നു.
പ്രോസിക്യൂഷന്‍ കേസ് പ്രകാരം, 2005-ല്‍ ഹൈദരാബാദില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് ബസില്‍ യാത്ര ചെയ്യുകയായിരുന്ന സൊഹ്റാബുദ്ദീന്‍ ഷെയ്ഖ്, ഭാര്യ കൗസര്‍ ബി, സഹായി തുള്‍സിറാം പ്രജാപതി എന്നിവരെ ഒരു സംഘം പൊലീസുകാര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അഹമ്മദാബാദിന് സമീപം നടന്ന ഏറ്റുമുട്ടലില്‍ സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. മൂന്ന് ദിവസത്തിന് ശേഷം ഭാര്യ കൗസര്‍ബിയും കൊല്ലപ്പെട്ടു. സൊഹാരാബുദ്ദീന്റെ സഹായിയായ പ്രജാപതി 2006-ല്‍ ഗുജറാത്ത്-രാജസ്ഥാന്‍ അതിര്‍ത്തിയില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.
കേസില്‍ 2018 ഡിസംബറില്‍, 22 പ്രതികളെയും സിബിഐ പ്രത്യേക കോടതി വെറുതെവിട്ടിരുന്നു. ഇതിനെതിരെ സൊഹ്റാബുദ്ദീന്റെ സഹോദരങ്ങള്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ബോംബെ ഹൈക്കോടതി 2026 മെയില്‍ കീഴ്‌ക്കോടതി വിധി ശരിവെച്ചത് .