
മുഖ്യമന്ത്രി വി ഡി സതീശനെ അധിക്ഷേപിച്ച കേസിൽ ഒന്നാം പ്രതിയും റിപ്പോർട്ടർ ടിവി ഉടമയുമായ ആന്റോ അഗസ്റ്റിൻ ചോദ്യം ചെയ്യലിന് ഹാജരായില്ല. ചോദ്യം ചെയ്യലിനായി കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് പൊലീസ് നിർദേശം നൽകിയിരുന്നു. ആന്റോ അഗസ്റ്റിൻ സ്ഥലത്തിലെന്നാണ് അഭിഭാഷകന്റെ പ്രതികരണം.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിക്കാനിരിക്കെയാണ് ആന്റോ അഗസ്റ്റിൻ ചോദ്യം ചെയ്യലിന് ഹാജരാകാത്തത്.
രണ്ടാഴ്ച മുമ്പ് നടന്ന ഒരു പൊതുചടങ്ങിൽ പ്രസംഗിക്കുന്നതിനിടെയാണ് ആന്റോ അഗസ്റ്റിൻ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയത്. മുഖ്യമന്ത്രിയെ പൊതുസമൂഹത്തിന് മുന്നിൽ അപമാനിച്ചെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ആന്റോ അഗസ്റ്റിൻ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്.
കെപിസിസി വക്താവ് രാജു പി. നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ ഡിജിപിയാണ് പൊലീസിന് നിർദേശം നൽകി. വിവാഹരേഖകളുമായി രണ്ട് യുവാക്കൾ തന്നെ സമീപിച്ചിരുന്നതായും ഇതുമായി ബന്ധപ്പെട്ട് ബൈന്തൂർ സബ് രജിസ്ട്രാർ ഓഫീസിൽ അന്വേഷണം നടത്തിയതായും റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിൻ ഒരു ചടങ്ങിനിടെ വെളിപ്പെടുത്തിയിരുന്നു. ഈ പരാമർശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തുടർനടപടികൾ.