
ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികള്‍ക്ക് നിയന്ത്രണം വേണമെന്ന് സുപ്രീം കോടതി. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 'ജസ്റ്റ് റൈറ്റ്സ് ഫോര്‍ ചില്‍ഡ്രന്‍ അലയന്‍സ്' നല്‍കിയ പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യാ കാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം.
കുട്ടികള്‍ സോഷ്യല്‍ മീഡിയയും മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും ഉപയോഗിക്കുന്നതില്‍ സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. വാദത്തിനിടെ, പ്രഥമദൃഷ്ട്യാ ഈ വിഷയം ഡിജിറ്റല്‍ വ്യക്തിവിവര സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. എന്നാല്‍, ഡിപിഡിപി ആക്ട് ഇതുവരെ നിലവില്‍ വന്നിട്ടില്ലെന്നും 2027 മുതലേ അത് ബാധകമാകൂ എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
12 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ അക്കൗണ്ട് തുടങ്ങാന്‍ അനുമതി നല്‍കുന്നത് ഖേദകരമാണെന്ന് ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി നിരീക്ഷിച്ചു. 15 വയസ്സുള്ള ഒരു കുട്ടിക്ക് ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കാന്‍ കഴിയും. അക്കൗണ്ട് തുടങ്ങാന്‍ കുറഞ്ഞത് 18 വയസ്സ് എന്ന രീതിയിലേക്ക് മാറേണ്ടതുണ്ടെന്നും ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി നിര്‍ദേശിച്ചു. രാജ്യത്തെ നിയമത്തിന് അനുസൃതമായി സോഷ്യല്‍ മീഡിയ ഇന്റര്‍മീഡിയറി റൂള്‍സ് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ചില നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയപ്പോള്‍ സര്‍ക്കാര്‍ അതിന് തയ്യാറാണെന്ന് തുഷാര്‍മേത്ത അറിയിച്ചു.