
വാഷിംഗ്ടൺ: ഇപ്പോൾ യു എസിൽ 2006 ലെ ഇടക്കാല തിരഞ്ഞെടുപിന് സമാനമായ രാഷ്ട്രീയ കാലാവസ്ഥയാണ് ഉള്ളതെന്ന് ഡെമോക്രറ്റിക് പാർട്ടിയുടെ അനുയായികൾ പറയുന്നു. അന്നും മദ്ധ്യ പൂർവ ഏഷ്യ ശാന്തമായിരുന്നില്ല. പ്രസിഡന്റ് ജോർജ് ഡബ്ലിയു. ബുഷ് തന്റെ രണ്ടാമത്തെ ഇടക്കാല തിരഞ്ഞെടുപ്പിനെ നേരിടുക ആയിരുന്നു. പ്രസിഡന്റിന്റെ ജനസമ്മിതി വല്ലാതെ ഇടിഞ്ഞു നിൽക്കുന്ന സാഹചര്യം. ഇറാക്ക് യുദ്ധം, സാമ്പത്തിക ആശങ്കകൾ, കോൺഗ്രസ് അംഗങ്ങൾ നേരിടുന്ന വിവാദങ്ങൾ എന്നിവയ്ക്കിടയിലാണ് ബുഷ് ഇടക്കാല തിരഞ്ഞെടുപ്പിനെ നേരിട്ടത്.
പ്രസിഡന്റിനും പാർട്ടിക്കും വലിയ തിരിച്ചടികൾ ഉണ്ടായി. റിപ്പബ്ലിക്കൻ പാർട്ടിക്ക് ജനപ്രതിനിധി സഭയും സെനറ്റും നഷ്ടമായി.
ഇരുപതു വർഷങ്ങൾക്കു ശേഷം റിപ്പബ്ലിക്കൻ പാർട്ടി ചരിത്രം വീണ്ടും അനുഭവിക്കുവാൻ വിധിക്കപ്പെട്ടിരിക്കുകയാണെന്നു ഡെമോക്രറ്റിക് നേതാക്കൾ പറയുന്നു. അന്നത്തെ രാഷ്ട്രീയ സമ്മർദ്ദങ്ങൾ ഇന്നത്തെ പ്രസിഡന്റ് നേരിടുന്നു. ഒരു പ്രസിഡന്റിന്റെ പ്രശ്നങ്ങളും രാഷ്ട്രീയ സമ്മർദ്ദങ്ങളും പാർട്ടി സ്ഥാനാർത്ഥികളെ പ്രതികൂലമായി ബാധിക്കുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ഏറ്റവും വലിയ ചോദ്യം.
സമ്മർദ്ദങ്ങൾ റിപ്പബ്ലിക്കൻ പാർട്ടിയെ പ്രതികൂലമായി ബാധിക്കും എന്ന് തന്നെ ആണ് ഡെമോക്രറ്റുകൾ പറയുന്നത്.
ഈ യുദ്ധം ഏറ്റവും കൂടുതൽ പ്രകടമാവുന്ന ഒരു മത്സരം ടെക്സസിൽ നിന്നു സെനറ്റിലേക്കുള്ളതാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ധന ശേഖരവുമായി ഡെമോക്രറ്റിക് സ്ഥാനാർഥി ജെയിംസ് തലറിക്കൊ റിപ്പബ്ലിക്കൻ സ്ഥാനാർഥി അറ്റേർണി ജനറൽ കെൻ പാകസ്റ്റണെ നേരിടുന്നു.
2006 ൽ ആദ്യമായി ജനപ്രതിനിധി സഭയിലേക്കു ഡെമോക്രറ്റിക് സ്ഥാനാർത്ഥിയായി അപ്‌സ്റ്റേറ്റ് ന്യൂ യോർക്കിൽ മത്സരിക്കുകയും റിപ്പബ്ലിക്കൻ സീറ്റ് പിടിച്ചെടുക്കുകയും ചെയ്ത കിഴ്സ്റ്റൻ ഗില്ലിബ്രാൻഡ് ഇപ്പോൾ ഡെമോക്രറ്റിക് സെനറ്റോറിയൽ ക്യാമ്പയിൻ കമ്മിറ്റിയുടെ ചെയർ ആണ്. അവർ പറയുന്നത് "2006ൽ ജനങ്ങൾ ഇറാക്ക് യുദ്ധം തുടരുന്നതിലും രാജ്യം തെറ്റായ ദിശയിൽ നീങ്ങുന്നതിലും നിരാശരായിരുന്നു. ഇതേ വികാര പ്രകടനമാണ് ഞാൻ ഇപ്പോൾ ജനങ്ങളുമായി സംസാരിക്കുമ്പോൾ കാണുന്നത്. 2006 ൽ ഡെമോക്രറ്റുകൾ 30 പ്രതിനിധി സഭ സീറ്റുകളിലും 6 സെനറ്റ് സീറ്റുകളിലും വിജയിച് രണ്ടു സഭകളിലും ഭൂരിപക്ഷം നേടി. അതേ അവസ്ഥയാണ് ഇപ്പോഴും ഉള്ളത്."
ഇത് പഴമയിൽ അഭിരമിക്കലാണെന്നും ഡെമോക്രറ്റുകൾ ദിവാസ്വപ്നത്തിലാണെന്നും റിപ്പബ്ലിക്കൻ നേതാക്കൾ പ്രതികരിച്ചു. റിപ്പബ്ലിക്കൻ നാഷണൽ സെനടോറിയൽ കമ്മിറ്റിയുടെ റീജിയണൽ പ്രസ് സെക്രട്ടറി സാമന്ത ക്യാൻട്രൽ പറഞ്ഞു: "റിപ്പബ്ലിക്കനുകൾ ഭാവിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, പക്ഷെ ആ ഭാവിയിൽ ജെയിംസ് തലറിക്കോയെ സെനറ്ററായി കാണുന്നില്ല."
റിപ്പബ്ലിക്കൻ സെനറ്റ് ടെക്സസ് പ്രൈമറിയിൽ പാക്സ്റ്റനോട് പരാജയപ്പെട്ട ജോൺ കോർണിൻ പറഞ്ഞത് ഇങ്ങിനെ: "ട്രംപിന്റെ റേറ്റിങ് നല്ലതല്ല, ജനങ്ങൾ ഗ്യാസിന്റെയും ഡീസലിന്റെയും ഉയർന്ന വിലകളിൽ സന്തോഷിക്കുന്നില്ല."
ടെക്സസിലെ മത്സരങ്ങളിൽ ഏറ്റവുമധികം കടുത്തതു സെനറ്റ് മത്സരമാണ്. എല്ലാ പ്രധാന പ്രശ്നങ്ങളിലും നികുതി നിർദേശങ്ങളിലും പാക്സ്റ്റണും തലറിക്കോയും രണ്ടു ധ്രുവങ്ങളിലാണ്. വളരെ കടുത്ത മത്സരം നടന്ന 2018 ൽ പാക്സ്റ്റൺ ഡെമോക്രറ്റിക് സ്ഥാനാർത്ഥി ബീറ്റോ ഓ റൗർകെയെ 2.6 % വോട്ടുകൾ കൂടുതൽ നേടി പരാജയപ്പെടുത്തിയിരുന്നു. 8 വർഷം മുൻപ് വളരെ നേരിയ മാർജിനിലായിരുന്നു വിജയം. ഓസ്റ്റിനിൽ നിന്ന് ജന പ്രതിനിധി ആയ തലറിക്കോക്കു വലിയ നെറ്റ്‌വർക്ക് ഉണ്ടെന്നും അതിലൂടെ നിഷ്പ്രയാസം ധനശേഖരണം നടത്തുവാൻ കഴിയുന്നുണ്ടെന്നും പ്രചാരണം ആരംഭിച്ചത് മുതൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
യു എസ് സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്കു വളരെ നേരിയ ഭൂരിപക്ഷം മാത്രമാണുള്ളത്. ഒരു സീറ്റ് നഷ്ടപ്പെട്ടാൽ പോലും വളരെ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാകും, പ്രത്യേകിച്ചു ചില റിപ്പബ്ലിക്കൻ അംഗങ്ങൾ കൂറ് മാറി പല തവണ വോട്ടു ചെയ്തിട്ടുള്ള ചരിത്രം ഉള്ളപ്പോൾ. നാലു സീറ്റ് പോയാൽ ഭൂരിപക്ഷം നഷ്ടമാവുകയും ചെയ്യും.
Midterms could be a repeat of 2006